കൂടുവിട്ടു കൂടുമാറി ജോമോന്‍ ഒരു നീണ്ട യാത്രയിലാണ്.ജോമോനില്‍നിന്ന് അവന്തികയിലേക്കുള്ള യാത്ര. ആണ്‍ജന്മത്തിന്റെ സ്വാതന്ത്ര്യങ്ങളെ വലിച്ചെറിഞ്ഞ് സ്ത്രീജന്‍മത്തിന്റെ വിഹ്വലതകളിലേക്കുള്ള പരകായ പ്രവേശം.10 വര്‍ഷങ്ങളായി ജോമോന്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങള്‍ സമൂഹം അറിയണം.

കോട്ടയം  പാലായിലാണ് ജോമോന്റെ ജനനം.അപ്പനും അമ്മയും ഇളയ സഹോദരിയും അടങ്ങിയ വീട്.മൂത്ത മകനിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷയത്രയും.ആ വീട്ടിലേക്കാണ് ഇടിത്തീ  പോലെ അന്നൊരിക്കല്‍ ആ വാര്‍ത്തയെത്തിയത്,ഒരു ഫോട്ടോയുടെ രൂപത്തില്‍...

പ്‌ളസ്സ് ടു 85 ശതമാനം മാര്‍ക്കോടെ പാസ്സായ കുട്ടിയാണ് ജോമോന്‍.പക്ഷേ ജീവിത പരീക്ഷയില്‍ അവന്‍ കടുത്ത പോരാട്ടത്തിലായിരുന്നു. ചെറുപ്പത്തിലേ അവന് പെണ്‍കുട്ടികളോട്  കൂട്ടുകൂടാനായിരുന്നു ഇഷ്ടം. ആണ്‍കുട്ടികളുമായി  മനസ്സുകൊണ്ട് വല്ലാത്ത അകലം. പത്താം ക്‌ളാസ്സ് കഴിഞ്ഞതോടെ പെണ്‍കുട്ടികളോടു കൂട്ടുകൂടാനും ഒപ്പം നടക്കാനും താല്‍പ്പര്യമേറി. ആണ്‍കുട്ടികളെ കാണുമ്പോള്‍ നാണം തോന്നിത്തുടങ്ങി.

''ഞങ്ങളെപ്പോലുള്ളവരുടെ മാനസ്സിക സംഘര്‍ഷം ആര്‍ക്കും മനസ്സിലാവുന്നില്ല. പ്‌ളസ്സ് ടുവിന് പഠിക്കുമ്പോള്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ പോവാറില്ല. മറ്റ് ആണ്‍കുട്ടികള്‍ക്കൊപ്പം ടോയ്‌ലറ്റില്‍ കയറാനുള്ള നാണം തന്നെ കാരണം. വയര്‍ വേദനയെടുത്തിട്ടും മൂത്രപ്പുരയില്‍ പോകാന്‍ മടിച്ച് കാത്തുനിന്നിട്ടുണ്ട്. ഒടുവിലത്തെ ആണ്‍കുട്ടിയും ഇറങ്ങിക്കഴിഞ്ഞേ അകത്തേക്കു കയറാന്‍ മനസ്സു വരൂ, ഞാനൊരാണ്‍കുട്ടിയായിട്ടും എനിക്കെന്തേ ഇങ്ങനത്തെ തോന്നലുകള്‍ എന്നാലോചിച്ചിട്ടുണ്ട്. ആരോടും തുറന്നുപറയാനാവാതെ തളര്‍ന്നു പോയ ദിവസങ്ങള്‍. ''അവന്തിക പറയുന്നു.

പ്‌ളസ്സ് ടു ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍   മാനസ്സിക അനുഭവങ്ങള്‍ വ്യത്യസ്തമായ തോന്നിത്തുടങ്ങി. പെണ്‍കുട്ടികളോടു ചേര്‍ന്നു നടക്കുമ്പോള്‍ അവര്‍ ഓടിച്ചുവിടും. ആണ്‍കുട്ടികളെ കാണുമ്പോള്‍ പരിഭ്രമം. അവര്‍ കൂടെ കളിക്കാന്‍ വിളിക്കുമ്പോഴും തോളില്‍ കൈയ്യിടുമ്പോഴും  ഭയങ്കര നാണം തോന്നും. ഇടയ്ക്ക് മുതിര്‍ന്ന ഒരാണ്‍കുട്ടിയോട് കടുത്ത പ്രണയവും തോന്നി. പക്ഷേ തുറന്നു പറയാനാവാതെ കുഴഞ്ഞു. അയാള്‍ക്ക് മറ്റൊരാളോട് പ്രണയമുള്ളതറിഞ്ഞ് ആകെ തകര്‍ന്നുപോയി. ചുറ്റുമുള്ളവര്‍ ചാന്തുപൊട്ടെന്നൊക്കെ പരിഹസിച്ചുതുടങ്ങി.സാധാരണ ആണ്‍കുട്ടിയായി ജീവിക്കാനാവില്ലെന്ന് തോന്നിത്തുടങ്ങി. ശരീരം കൊണ്ട് ആണ്‍കുട്ടി. മനസ്സുകൊണ്ട് പെണ്ണും. സ്വയം ശപിച്ചു,ആരുമറിയാതെ കരഞ്ഞു,എന്തിനിങ്ങനെ സംഘര്‍ഷം പേറി ജീവിക്കണമെന്നുള്ള തോന്നലായി.അച്ഛനെയും അമ്മയെയും അനിയത്തിയെയും ഓര്‍ക്കുമ്പോള്‍ ജീവിതം ഒടുക്കണമെന്നുള്ള തോന്നലില്‍ നിന്നു പിന്തിരിയും. പ്ലസ്സ് ടു കഴിഞ്ഞ് വീട്ടുകാര്‍ സെമിനാരിയിലും വിട്ടു.പക്ഷേ, മൂന്നാഴ്ചയാകുംമുമ്പ് അവിടെനിന്നു തിരിച്ചു പോന്നു.

ആയിടയ്ക്കാണ് കൗതുകത്തിന് ഒരു സാരിയുടുത്ത് എടുത്ത  ഫോട്ടോ ഫേസ് ബുക്കില്‍  തമാശയ്ക്ക് പോസ്റ്റ് ചെയ്തത്. നാട്ടിലെ പിള്ളാര് ആ ഫോട്ടോ ജോമോന്റെ പപ്പായെ കാണിച്ചു. അദ്ദേഹത്തിന് വലിയ വിഷമമായി. പള്ളിയിലെ ചില വികൃതിപ്പിള്ളാര്‍ അത് വികാരിയച്ചനെ കാണിച്ചു. അച്ചന്‍ കുര്‍ബ്ബാനമദ്ധ്യേ ആ ഫോട്ടോ ഉയര്‍ത്തിക്കാണിച്ച് പള്ളിയില്‍ പ്രസംഗിച്ചതോടെ മറ്റുള്ളവരും കാര്യങ്ങളറിഞ്ഞു. ജോമോന്റെ മാത്രമല്ല  വീട്ടുകാരുടെയും മനസ്സ് തകര്‍ന്നുപോയി. ജോമോന്‍ രൂപതാകോടതിയില്‍ അച്ചനെതിരെ പരാതി നല്‍കി.അദ്ദേഹത്തിനെതിരെ നടപടിയുമുണ്ടായി.

''എന്റച്ഛന്റെ കണക്കുകൂട്ടലും പ്രതീക്ഷയും തെറ്റി.ഞാന്‍ കുടുംബം നോക്കാറായിട്ട്  വിശ്രമിക്കാം എന്നൊക്കെയാവണം എല്ലാ അച്ഛന്‍മാരെയും പോലെ പപ്പയും ചിന്തിച്ചത്. വീട്ടുകാരെന്നെ ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചു. ചെറുപ്പത്തിലുണ്ടായ പീഡനമോ മറ്റോ ആണോ കാര്യമെന്നറിയാന്‍് ഡോക്ടര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചു. എന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കിയ അവര്‍ മാതാപിതാക്കളോട് കാര്യം തുറന്നു പറഞ്ഞു.അവര്‍ക്കതൊരു ഷോക്കായിരുന്നു.''അവന്തിക പറഞ്ഞു.

ദേഷ്യവും കോപവും നിയന്ത്രിക്കാനാവാതായ ഒരു ദിവസം മകനുനേരെ വെട്ടുകത്തിയുമായി അച്ഛന്‍ ചാടി വീണു.അന്ന് വീട്ടില്‍നിന്ന് പ്രാണനുംകൊണ്ട്  ഇറങ്ങി ഓടിയ ജോമോന് തൃശൂരുള്ള ഒരു കൂട്ടുകാരന്റെ വീടാണ് അഭയം നല്‍കിയത്.എല്ലാ അവസ്ഥകളും മനസ്സിലാക്കിയ അവര്‍ മാസങ്ങളോളം അവിടെ പാര്‍പ്പിച്ചു,സമാധാനിപ്പിച്ചു. പഠനം മുടങ്ങി,പിന്നെ കമ്പ്യൂട്ടര്‍ പഠനത്തിലേക്കു തിരിഞ്ഞു.

അക്കാലത്തെ കടുത്ത മാനസ്സിക വിഷമത്തിനിടയിലാണ് ഫേസ് ബുക്കിലൂടെ സമാന ജീവിതാനുഭവം ഉള്ളവരെ കണ്ടെത്തിയത്.മാനസ്സികാനുഭവങ്ങളെല്ലാം അവരോട് പങ്കുവച്ചു.തുടര്‍ന്ന് അവരുടെ അടുത്തു പോയി, അവര്‍ക്കിടയില്‍നിന്നു കിട്ടിയ ആത്മധൈര്യം വലുതായിരുന്നെന്ന് അവന്തിക പറയുന്നു..ഇതേ അനുഭവം ആയിരുന്നു അവരും നേരിട്ടിരുന്നത്.ആ ഘട്ടത്തിലാണ് ജോമോന്‍ തന്നിലെ ഹോര്‍മോണ്‍ വിളയാട്ടത്തെപ്പറ്റി ബോധവാനായിത്തുടങ്ങിയത്.

അതിനിടെ പപ്പയുടെ മരണം.വല്ലപ്പോഴുമേ ഇപ്പോള്‍ വീട്ടിലേക്കു പോകാറുള്ളു. കഴിഞ്ഞ വര്‍ഷം കോട്ടയം  സി.എം.എസ് കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നു.പ്രത്യേക ടോയ്‌ലറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. സ്‌കോളര്‍ഷിപ്പുണ്ടായിട്ടും ചിലരുടെ പരിഹാസം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി.കൂട്ടുകാര്‍ക്കൊപ്പം എറണാകുളത്താണ് ഇപ്പോള്‍ താമസം.

അടുത്തിടെ മേജര്‍ ശസ്ത്രക്രിയ നടത്തി.ജോമോനില്‍ നിന്ന് അവന്തികയായി പരിണാമം.ഹോര്‍മോണ്‍ ചികിത്സകള്‍ നടക്കുന്നു.കാഴ്ചയ്ക്ക്  പെണ്‍ 'ലുക്കാ'യിത്തുടങ്ങി.അവന്തികയ്ക്ക് ലക്ഷ്യബോധമുണ്ട്.ഇനിയും പഠിക്കണം.സിവില്‍ സര്‍വ്വീസ് മോഹമുണ്ട്.പക്ഷേ ലക്ഷ്യബോധംകൊണ്ടുമാത്രം കാര്യമില്ലല്ലോ.മുന്നില്‍ കടമ്പകള്‍ ഏറെയാണ്.

ആഹാരം,ഡ്രസ്സ്,തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍..എല്ലാം  ചോദ്യചിഹ്നമായി ശേഷിക്കുന്നു. ജോലിയില്ല,വരുമാനമില്ല.വിശപ്പിനെ നേരിടാനാവാതെ വരുമ്പോള്‍ പലരും വഴിതെറ്റുന്നത് ഇത്തരം സാഹചര്യത്തിലാണ്.

''സമൂഹം ഞങ്ങളെ തെറ്റിധരിക്കാറുണ്ട്.  ഞങ്ങളാരും ഒരു രസത്തിനുവേണ്ടി ഇങ്ങനെ വേഷം മാറുന്നവരല്ല. കഠിനവേദനയുള്ള  മേജര്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നത് വെറും നേരമ്പോക്കിനുമല്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ഈ ജന്‍മം തന്നത് ഈശ്വരനാണ് .അവിടുന്ന് വഴികാണിക്കുമെന്നുതന്നെ ഉറച്ചു വിശ്വസിക്കുന്നു,''അവന്തിക പറയുന്നു.

Content Highlights: life of a trans woman, her transformation of Jomon to Avanthika