ഞായറാഴ്ച ഒഴിവു ദിവസമായിക്കിട്ടി. ന്നാപ്പിന്നെ മുഖപുസ്തകത്തിലൊന്നു മുഖം കാണിച്ചേക്കാമെന്നു വച്ച് ഫോണെടുത്ത് മാന്തിത്തുടങ്ങി. എല്ലാരേമൊന്നു മുഖം കാണിച്ചു. സഹപാഠിയായിരുന്ന കവി സുരേഷും ദേവിയും  പ്രേമയും ഷൈമയും ജോയിചേട്ടനും സുജാത വക്കീലും പതിവുപോലെ സജീവം. പെട്ടെന്നൊരു മുഖം മുന്നിലെത്തി.
 ഹമ്പോ,ന്റെ  ശാന്തേച്ചി..
കോയിക്കോട്ടെ മ്മടെ ശാന്തേച്ചിയേ...
കണ്ട പാടേ റിക്വസ്റ്റുവിട്ടു. റോക്കറ്റ്  വേഗതയില്‍ അതങ്ങു പാഞ്ഞു.കണ്ടതും ശാന്തേച്ചി ഏറ്റെടുത്തു.
മെസഞ്ചറില്‍ ഇങ്ങോട്ട് ചറുപറ, അന്വേഷണങ്ങളായി, ഫോണ്‍നമ്പര്‍ പറന്നു വീണു  .ഒറ്റനിമിഷം വൈകാതെ വിളിയെത്തി... 16 വര്‍ഷത്തിന്റെ മതില് ദാ, തകര്‍ന്നു പൊടിഞ്ഞു താഴെ കിടക്കുന്നു...
ഫ്‌ലാഷ്ബാക്ക്...
ഗൃഹലക്ഷ്മി മാസികയില്‍ സബ് എഡിറ്ററായി കോഴിക്കോട്ടായിരുന്ന കാലം.2004 ലാണ്  ശാന്തേച്ചിയുടെ   രുചി ഭേദങ്ങള്‍ തേടി ചെന്നത്  . മലയാള മനോരമയില്‍ ഫോട്ടോഗ്രാഫറായിരുന്നു അരവിന്ദേട്ടന്‍.
ഈ കൈപ്പുണ്യം കൈപ്പുണ്യം എന്നു പറഞ്ഞാല്‍ അരവിന്ദേട്ടന്റെ പുണ്യമാണ്. എന്നും സ്വാദുനിറഞ്ഞ ഭക്ഷണം വയര്‍ നിറയെ കഴിക്കാനുള്ള യോഗം പുണ്യം തന്നെയല്ലേ? ശാന്തേച്ചിക്കാണേല്‍ പാചക പരീക്ഷണ നിരീക്ഷണങ്ങള്‍ വല്ലാത്ത ഹരവും.
വൈവിധ്യമുള്ള റെസിപ്പികളുമായി ഓരോ മാസവും ശാന്തേച്ചി വായനക്കാരെ ഞെട്ടിച്ചുകളയും. അത് വച്ചുവിളമ്പിയത് പല ആംഗിളുകളില്‍  പകര്‍ത്തിയെടുത്ത്  ഞങ്ങടെ ഫോട്ടോഗ്രാഫര്‍ S. L.ആനന്ദ് വായനക്കാരുടെ  വായില്‍ കപ്പലോടിച്ചു. ശാന്തേച്ചി ഒരു പാട് ക്ഷണിച്ചിട്ടും പൊറ്റമ്മലെ വീട്ടില്‍ പോയി എന്റെ നാവിനെയും വയറിനെയും സന്തോഷിപ്പിക്കാനായില്ല. അതൊരു തീരാനഷ്ടമായി ശേഷിക്കുന്നു.
'ഞായറാഴ്ച അവധിയല്ലേ, കുട്ടി വരൂ, കല്ലുമ്മക്കായ പൊരിച്ചു തരാം, ന്റെ അയക്കൂറ ഫിഷ് ബിരിയാണി കേമമാന്നാ അരവിന്ദേട്ടന്‍ പറയണത്, വരൂന്നേ... ,ചേച്ചി ഇടയ്ക്കിടെ ഇങ്ങനെ മോഹിപ്പിക്കും.കല്ലുമ്മക്കായയും അയക്കൂറയും ചെമ്മീനും മത്സരിച്ച് കൊതിപ്പിച്ചു കൊണ്ടിരുന്നു.
എന്നിട്ടും ഒഴിവു കിട്ടിയാല്‍ കോട്ടയത്തിന് ട്രെയിന്‍ പിടിക്കാന്‍ കാത്തിരുന്ന എന്റെ നാളുകള്‍.. ശാന്തേച്ചിയുടെ കല്ലുമ്മക്കായ പൊരിച്ചത് കേവലമൊരു സ്വപ്നം മാത്രമായി
അങ്ങനിരിക്കെ ഒരു ദിവസം ശാന്തേച്ചി പ്രഖ്യാപിച്ചു,
' കുട്ടീ, ഞാന്‍ ഗോവയ്ക്ക് പോണു.ന്താ,കൊണ്ടുവരേണ്ടത്?.''
ഞാനൊരു തമാശ പറഞ്ഞുപോയി, ഗോവയിലെന്താ ഉള്ളത്, ഫെനി,അത് പോരട്ടെ, '
നാവില്‍ ഗുളികന്‍ നില്‍ക്കുക എന്നു പറഞ്ഞാലിതാണോ ആവോ .
ഒരാഴ്ച കഴിഞ്ഞ് ,ദാ ശാന്തേച്ചി കണിക്കൊന്ന പൂത്ത പോലെ നിറഞ്ഞ ചിരിയോടെ ഗൃഹലക്ഷ്മി ഓഫീസില്‍ എന്റെ ക്യാബിനില്‍ ഹാജര്‍ ! ശാന്തേച്ചിയുടെ ചിരിയോളം മനസ്സില്‍ തൊടുന്നന്ന ചിരി അധികമില്ല. ശുദ്ധമനസ്സാണ്, തനി കോഴിക്കോടുകാരി.
ഹാന്‍ഡ്ബാഗ് തുറന്ന്, നവജാത ശിശുവിനെ എടുക്കുന്ന വാത്സല്യത്തോടെ ,ഒരു പൊതിയെടുത്ത് വളരെ സൂക്ഷിച്ച്
കൈയ്യില്‍ വച്ചു തന്നു.
'കുട്ടി പറഞ്ഞത്, ഇതിലുണ്ട് '
ഞാനാകെ വിളറി.. ഗോവയില്‍ നിന്ന് എന്നെ മാത്രം ഓര്‍ത്ത് വാങ്ങിയ സ്‌നേഹമാണിത്. വേണ്ടെന്നു പറഞ്ഞാല്‍ ശാന്തേച്ചിയെ ഭയങ്കരമായി അപമാനിക്കലാണ്, അതവരെ ആഴത്തില്‍മുറിപ്പെടുത്തും.അതോടെ ഞങ്ങടെ സ്‌നേഹബന്ധവും തീരും.
സ്വീകരിച്ചാല്‍ ഞാനതെന്തു ചെയ്യും.. അന്നുവരെ എനിക്ക് മദ്യം കേട്ടുകേഴ്വി മാത്രമാണ്. എന്റെ  കുടുംബത്തിലും ഭര്‍ത്താവിന്റെ കുടുംബത്തിലും മദ്യം ഹറാമാണ്.
ശാന്തേച്ചി മുന്നില്‍ നിന്ന് എന്നെ നോക്കി നിറഞ്ഞു ചിരിക്കയാണ്. കോട്ടയം അച്ചായന്‍മാരെല്ലാം മദ്യപാനികളാണെന്നന്ന് ആരാണ്ട് സാമദ്രോഹികള്‍  പറഞ്ഞു പരത്തിയിട്ടുണ്ടല്ലോ, അച്ചായത്തികളും മോശമല്ലെന്ന പേരുദോഷം കിടപ്പുണ്ട്. ഇറങ്ങുന്ന സിനിമയിലെല്ലാം അപമാനിക്കല്‍ തുടരുകയാണല്ലോ.
ഞാനാരോടും ശാന്തേച്ചിയുടെ സമ്മാനത്തെപ്പറ്റി ഉരിയാടാന്‍ പോയില്ല.വൈകിട്ട് കന്യാമഠത്തിലെ ഹോസ്റ്റല്‍റൂമില്‍ കുപ്പിയുമായി ഞാനെത്തി. സഹമുറിച്ചി വക്കീലാണ്. രാത്രി 10 മണിയ്ക്ക് ലൈറ്റണച്ചു കഴിഞ്ഞ് ഇരുട്ടിലേക്കുനോക്കി കിടക്കുമ്പോള്‍ ശാന്തേച്ചിയുടെ സമ്മാനം മനസ്സില്‍ പൊങ്ങിവന്നു.വക്കീലിനോട് ശബ്ദം താഴ്തി  ഞാന്‍ കാര്യം പറഞ്ഞു.
മഠത്തിലെ കര്‍ശന നിബന്ധനകളെ വെല്ലുവിളിച്ച് മുറിയിലെ ലൈറ്റ് തല്‍സമയം വീണ്ടും പുഞ്ചിരിച്ചു.
'എവിടെ,കാണട്ടെ, ഫെനി,ഫെനി എന്നു കേട്ടിട്ടേയുള്ളൂ' ,വക്കീല്‍ ഉഷാറായി.
പൂട്ടിയ അലമാര തുറന്ന് ഞാന്‍ കുപ്പിയെടുത്ത് അവളുടെ കൈയ്യില്‍ വച്ചു കൊടുത്തു.
കുപ്പി തിരിച്ചും മറിച്ചും നോക്കി, മേല്‍വിലാസം വായിച്ചു രസിച്ച് തിരിച്ചു തന്നിട്ട് അവളൊരു അമര്‍ത്തിയ ചിരി.എന്തേ ഇങ്ങനെ  ചിരിക്കുന്നുഞാനവളോട് തിരക്കി.
'വച്ചേര്, നമ്മള്‍ക്കും ഒന്ന് മോഡേണാകാം ല്ലേ ? '
പിടി കിട്ടി. പക്ഷേ,കുപ്പി വീണ്ടും എന്റെ അലമാരയിലായി.6 മാസം കാത്തിരുന്നിട്ടും  ശാപമോക്ഷമില്ലാതെ  ,ഫെനി എന്നെ പരിഭവത്തോടെ നോക്കാന്‍ തുടങ്ങി.ഓഫീസിലെ ഏറ്റവും അടുപ്പമുള്ള, കൂട്ടുകാരായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.ഉണ്ണികൃഷ്ണന്‍, എസ് .എല്‍.ആനന്ദ്, ടി. മനോജ് കുമാര്‍, പ്രസിദ്ധ ചിത്രകാരന്‍ മദനന്‍.. ഇവരോട് കാര്യം തുറന്നു പറഞ്ഞു. ഇവരാരും തുള്ളി പോലും തൊട്ടു നോക്കാത്ത ശുദ്ധ പാവങ്ങളാണ്. ഇനി 'സേവ'യില്‍ താല്പര്യമുള്ള
മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ കാര്യം ലീക്കൗട്ടായി എനിക്ക് തന്നെ പണി കിട്ടുമെന്നുറപ്പ്.
വക്കീലും ഞാനും കൂട്ടായി അന്നു രാത്രി  ഒരു തീരുമാനത്തിലെത്തി. കുപ്പി പൊട്ടിക്കുക. ഇനി വച്ചുപൊറിപ്പിക്കരുത്. എത്ര നാളെന്നു വച്ചാ ആ പാവത്തെ അവഗണിക്കുന്നത്.ഈ ഫെനി എന്താണെന്നറിയാലോ.. വെറും കശുമാവില്‍
നീരാണതെന്നറിയാം. സംസ്‌കരിച്ചാല്‍ എന്തു മാറ്റമുണ്ടായെന്ന് നോക്കാലോ..
അങ്ങനെ അന്നു രാത്രി പത്തരയ്ക്ക്, എല്ലാരും കിടന്നെന്ന് ഉറപ്പായപ്പോള്‍  മുറിക്കുള്ളില്‍ വക്കീലൊരു മെഴുകുതിരി കത്തിച്ചു വെച്ചു. കന്യാസ്ത്രി മഠത്തിന്റെ പരിശുദ്ധിയെ സാക്ഷിയാക്കി കുപ്പിയുടെ കഴുത്തു പിടിച്ച് ഞാനൊന്നു ഞെരിച്ചു. ശാപമോക്ഷം കിട്ടിയ സന്തോഷത്തില്‍ ഫെനിയൊന്നു ചിരിച്ചുതുള്ളി തൂവി.
രണ്ടു കപ്പില്‍ ഇത്തിരി പകര്‍ന്നു, അളവൊന്നും രണ്ടാള്‍ക്കും അറിയില്ല.പെഗ്, സ്‌മോള്‍, ലാര്‍ജ്  ഇത്യാദി വാക്കുകള്‍ സിനിമയില്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ.
തൊട്ടടുത്ത മുറിയില്‍ ഹോസ്റ്റലിന്റെ മേല്‍നോട്ടം വഹിക്കുന്ന കന്യാസ്ത്രീയാണ് രാപ്പാര്‍ക്കുന്നത്.ഒറ്റ ഭിത്തിയുടെ അകലം.
'നമ്മള്‍ പൂസാകുമോ ചേച്ചീ ,വല്ലതുമൊക്കെ വിളിച്ചു പറഞ്ഞ് ഇറങ്ങിയോടുമോ ?'
കതക് കുറ്റിയിട്ടത് ഒന്നു കൂടി ഉറപ്പാക്കി  വക്കീലിന്റെ ചോദ്യം.ഞാനൊന്നു നടുങ്ങി.
വെള്ളമടിച്ചിട്ട് ' കായലിറമ്പത്ത് വലയെറിഞ്ഞപ്പം വള കിലുക്കിയ സുന്ദരി 'പാടുന്ന എന്റെ അയല്‍ക്കാരന്‍ അപ്പു പിള്ളയുടെ മുഖം പെട്ടെന്ന് എന്റെ മുന്നിലെത്തി .
  'ഏയ് ,കശുമാങ്ങയ്ക്ക് അത്ര അഹങ്കാരമുണ്ടാകുമോ, നോക്കാം '
പറഞ്ഞതും കപ്പെടുത്ത് സിനിമയില്‍ കാണും പോലെ ഒരു പിടി പിടിച്ചു.
ഒരനുഭൂതിയുമില്ല, നല്ല ചവര്‍പ്പ് മാത്രം..
വക്കീലിന്റെ  കപ്പും ശൂന്യം' ചേച്ചീ, കാര്യം ശോകമായല്ലോ.. ' അവള്‍ ചിരിക്കാന്‍ തുടങ്ങി. ഞാനും വിചാരിച്ചത് നല്ല മധുരമോ അറ്റ് ലീസ്റ്റ് സെവന്‍ അപ്പിന്റെയെങ്കിലും നിലവാരമോ ആയിരുന്നു.
കുപ്പി തിരിച്ചുവച്ച്  , കപ്പു കഴുകി, മെഴുകുതിരിയൂതി തലയ്ക്കു മീതെ പുതപ്പു വലിച്ചിട്ട് ഞങ്ങള് ഉറക്കത്തെ  കാത്തു കിടന്നു..
ഇടയ്ക്ക് ഞാനവളെ വിളിച്ചു,
'വക്കീലേ  ഉറങ്ങിയോ '? ഇരുട്ടിലൊരു ചിരിയുയര്‍ന്നു.
' പിന്നേ, വല്ലാതെ തലയ്ക്കു പിടിച്ചിരിക്കുകയല്ലേ, എങ്ങനെ ഒറക്കം വരാന്‍?'
പിറ്റേന്ന് ഓഫീസിലേക്ക് പോയപ്പോള്‍ മുക്കാലും നിറഞ്ഞുതന്നെയിരിക്കുന്ന ഫെനിയെയും ഒപ്പം കൂട്ടി. ഇനി ഇതിനെ  വച്ചുപൊറിപ്പിക്കാനാവില്ല.ചുളുവിന് കിട്ടിയാല്‍  'സേവ'കനാകുന്ന ഒരാളെ ഓഫീസില്‍ അറിയാമായിരുന്നു.
ഇരുചെവിയറിയാതെ പാവം ഫെനിയെ അങ്ങോട്ട് കൈമാറി. പുത്തന്‍പെണ്ണിന്റെ കൈ പിടിക്കും പോലെ അരുമയോടെ, അതിലേറെ അഭിനിവേശത്തോടെ അവന്‍ പൊതിചേര്‍ത്തുപിടിച്ച് എന്നെ നന്ദി നിറഞ്ഞ കണ്ണുയര്‍ത്തി ഒന്നുനോക്കി...
'പുറത്തെങ്ങാനും പറഞ്ഞാല്‍... '  ദാദാ സ്‌റ്റൈലില്‍ ഞാനൊരു ഡയലോഗിട്ടു.
'നിങ്ങളൊന്നും തന്നിട്ടുമില്ല, ഞാനൊന്നും വാങ്ങീട്ടുമില്ല, പോരെ' ,അവന്‍ പൊതി നെഞ്ചോടും ചേര്‍ത്തു പിടിച്ച് തിരിഞ്ഞു നടന്നു.
ഇന്നലെ ശാന്തേച്ചി വിളിച്ചപ്പോള്‍ ഇക്കഥയെല്ലാമോര്‍ത്തു, ഫെനിയെപ്പറ്റി പറഞ്ഞു കുറേ ചിരിച്ചു.
ചേച്ചീ, അപ്പോള്‍,മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും, 'കള്ളി, ഒരു കുപ്പി ഫെനി ഒറ്റയ്ക്ക് അടിച്ച പഹച്ചി' എന്ന്  ..
വക്കീല് സാക്ഷി, ഇതാണ് ശാന്തേച്ചീ സത്യത്തില്‍ സംഭവിച്ചത്.. എന്ന് പറയാനാഞ്ഞപ്പോഴേക്കും ശാന്തേച്ചി എന്നെ വീണ്ടും കൊതിപ്പിച്ചു കളഞ്ഞു,
 'ഇനി കോഴിക്കോടിനു വരുമ്പോള്‍,  എന്റെ വീട്ടില്‍ കൂടാം ട്ടോ, ഞാനിപ്പം എടക്കാടാണ് താമസം.നല്ല ചെമ്മീന്‍ ബിരിയാണി വച്ചു തരാം ട്ടോ,അല്ലെങ്കില്‍ പറയൂ എന്താ വേണ്ടതെന്ന്,ഒക്കെ വച്ചുതരാം  ''
ആ വാഗ്ദാനത്തില്‍ മുഖമടച്ചു വീണ ,എനിക്ക് ബിരിയാണിയുടെ ഫോട്ടോ അയച്ച് ചേച്ചി മോഹിപ്പിച്ചു കളഞ്ഞു കളഞ്ഞു..
ആയിരക്കണക്കിന് പാചകക്കുറിപ്പുകള്‍ കണ്ടുപിടിച്ച 'ലേഡി കൊളംബസാ'ണ് ശാന്തേച്ചി. പാചക പുസ്തകങ്ങളെഴുതി,പാചകക്കുറിപ്പുകള്‍ സ്ഥിരമായി  വാരികകളിലെഴുതുന്നു.

Content Highlights: jolly adimathra column