മിനിയുടെ മമ്മി രണ്ടുനാള്‍ മുമ്പു മരിച്ചു.
മിനി ആരെന്നല്ലേ? ബ്രിജിത്ത് ജോസഫ് കണ്ണന്താനം എന്ന അമ്മയുടെ മകള്‍.. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹോദരി!

മിനിയെ ഞാനാദ്യമായി കാണുന്നത് കോഴിക്കോട്ടു വച്ചാണ്, ഒന്നര പതിറ്റാണ്ടിനും അപ്പുറം. കന്യാസ്ത്രീ ഹോസ്റ്റലിലെ എന്റെ മുറിയിലേക്ക് അന്നൊരു പെണ്‍കുട്ടി കയറി വന്നു.. നിഷകളങ്കമായ ചിരിയാണ് ആദ്യം ശ്രദ്ധിച്ചത്. 'ചേച്ചി കോട്ടയംകാരിയാണല്ലേ,' അവള്‍ മുഖവുരയിട്ടു. അതെയെന്നു പറഞ്ഞതും അവള്‍ ആവേശത്തോടെ  പറഞ്ഞു, 'ഞാനും'.

കോഴിക്കോട്ടെ പ്രശസ്തമായ സെന്റ് വിന്‍സന്റ് ഗേള്‍സ് സ്‌കൂളില്‍ അദ്ധ്യാപികയാണ് മിനി. കോട്ടയത്തെ മണിമലക്കാരി.   

എനിക്കത്ഭുതമായി. ഞാന്‍ വര്‍ഷങ്ങളോളം അല്‍ഫോണ്‍ണ്‍സ് കണ്ണന്താനത്തിന്റെ 'ജനശക്തി ' എന്ന സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്നു, 1998ല്‍  പത്രപ്രവര്‍ത്തകയായി മാതൃഭൂമിയില്‍ ചേരുന്നതുവരെ. അക്കാലത്താണ്  കണ്ണന്താനത്തിന്റെ പിതാവ് മരിച്ചത്. അന്ന് മണിമലയിലെ വീട്ടില്‍ വച്ച് കുടുംബാംഗങ്ങളെ പരിചയപ്പെട്ടപ്പോഴും മിനിയെ കണ്ടതായി ഓര്‍മിക്കുന്നില്ല. എന്റെ സംശയം കണ്ടാവണം അവള്‍ അഭിമാനത്തോടെ, സന്തോഷത്തോടെ, അതിലേറെ കരളുറപ്പോടെ പറഞ്ഞു,' ഞാന്‍ അവിടുത്തെ ദത്തു മകളാണ്.' 

12ാം വയസ്സിലാണ് മിനിയുടെ ജീവിതത്തിലേക്ക് ബ്രിജിത്താമ്മയും പ്രശസ്തമായ കണ്ണന്താനം കുടുംബവും എത്തിച്ചേര്‍ന്നത്.  ബ്രിജിത്തിന്റെ സഹോദരിയും കന്യാസ്ത്രീയുമായ സിസ്റ്റര്‍ മേരി  വഴിയാണ് മിനി ദത്തെടുക്കപ്പെടുന്നത്. അവള്‍ കോഴിക്കോട്ടു നിന്ന് സിസ്റ്റര്‍ മേരിയുടെ കൈപിടിച്ച് കണ്ണന്താനം തറവാട്ടിലേക്ക് ചെന്നു കയറി.  അഞ്ചു പെണ്‍മക്കളുള്ള വീട്ടില്‍ ആറാമത്തെ മകളായി പടി കടന്നെത്തിയ അവളെ നിറഞ്ഞ മനസ്സോടെ ബ്രിജിത്ത് എന്ന സ്‌നേഹം  കാത്തു നിന്നിരുന്നു. അമ്മയവളെ ചേര്‍ത്തു പിടിച്ച ആ നിമിഷം മിനിയ്ക്ക് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായി. പപ്പായെയും പത്ത് സഹോദരങ്ങളെയും ദൈവം അവിടെ അവള്‍ക്കായി കാത്തു വച്ചിരുന്നു. പോള്‍, മിനിക്കും മുമ്പ് ആ വീട്ടിലെ അംഗമായിരുന്നു.

തന്റെ ഒമ്പതു മക്കള്‍ക്കൊപ്പം രണ്ടു കുഞ്ഞുങ്ങളെക്കൂടെ ദത്തെടുത്ത് വച്ചുവിളമ്പി പോറ്റി വലുതാക്കി പ്രാപ്തരാക്കിയ ഒരമ്മ. മിനിയെ കൂടാതെ പോള്‍ എന്ന ഒരാണ്‍കുട്ടിയെക്കൂടി ആ അമ്മയും അപ്പനും  ദത്തെടുത്തു.11 മക്കളെ വളര്‍ത്തുക അത്ര എളുപ്പമല്ലെന്നു നമ്മള്‍ക്കറിയാം. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലെ വീട്ടില്‍ ആ മക്കള്‍ വ്യത്യാസങ്ങളില്ലാതെ ഓടിക്കളിച്ചു വളര്‍ന്നു.അവര്‍ പരസ്പരം കരുതി. അതു കൊണ്ടാണല്ലോ അല്‍ഫോണ്‍സ് കണ്ണന്താനം തിരക്കുകള്‍ക്കവധി നല്‍കി മിനിപ്പെങ്ങളുടെ കല്യാണം നടത്താന്‍ കേരളത്തിലേക്ക് ഓടിയെത്തിയത്. മിനിയുടെ പഠനത്തിലും സ്വന്തം കാലില്‍ നില്‍ക്കുന്നതിലും അവള്‍ക്കേറെ തുണയായത് അവളുടെ ആല്‍ഫിച്ചായനെന്ന അല്‍ഫോണ്‍സ് കണ്ണന്താനവും അദ്ദേഹത്തിന്റെ സഹോദരനും കത്തോലിക്ക സഭയിലെ ക്ലാരിഷ്യന്‍ സഭാംഗവുമായ ഫാദര്‍ ജോര്‍ജും ഷീല കണ്ണന്താനവുമായിരുന്നു.

വളരെ പെട്ടെന്നു തന്നെ മിനി എന്റെ പ്രിയപ്പെട്ടവളായി. തികഞ്ഞ അച്ചടക്കമുള്ള കുട്ടി. ശാന്ത സ്വഭാവം. നാളുകള്‍ കഴിഞ്ഞു. മിനിക്ക് വിവാഹാലോചനകള്‍ സജീവമായി. 

അന്നൊരു തിങ്കളാഴ്ച. പുലര്‍ച്ചെയുള്ള മംഗലാപുരം തീവണ്ടിയില്‍ കോട്ടയത്തുനിന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ഞാന്‍ പുറത്തേക്ക് നടക്കുമ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ഒപ്പമുള്ള ജനക്കൂട്ടവും മുന്നില്‍. ഉറക്കച്ചടവാര്‍ന്ന മുഖം ഒളിപ്പിച്ച് ഞാന്‍ തിരക്കിലൂടെ ഊളിയിട്ടപ്പോള്‍ ഒരു വിളി, 'ഹായ് ജോളീ', ഞാന്‍ ഞെട്ടി. അദ്ദേഹം അരികിലെത്തി ഷേക്ക് ഹാന്‍ഡ് തന്നു ( അന്ന് കൊറോണ ജനിച്ചിട്ടില്ല !).  'എന്റെ പെങ്ങള്‍ മിനിയുടെ വിവാഹം ഉറപ്പിക്കാനെത്തിയതാണ്. ജോളിയുടെ ഹോസ്റ്റലിലാണ്  താമസമെന്ന് അവള്‍ പറഞ്ഞു , വിവാഹനിശ്ചയം ഇവിടെ വച്ചാണ്. വിളിക്കും ,തീര്‍ച്ചയായും വരണം'.വിവാഹനിശ്ചയത്തിന് അദ്ദേഹം  ക്ഷണിച്ചു. ഞാന്‍ പങ്കെടുക്കയും ചെയ്തു.

വിവാഹം കഴിഞ്ഞ് പുതുമണവാട്ടി ഹോസ്റ്റലിലെത്തിയപ്പോള്‍ മിനിയുടെ കഴുത്തിലെ മനോഹരമായ നെക്‌ലേസ് തൊട്ടു നോക്കിയ എന്നോട് അവള്‍ ആഹ്‌ളാദത്തോടെ പറഞ്ഞു, ഷീല ചേച്ചിയുടെ സമ്മാനമാണ്.കണ്ണന്താനത്തിന്റെ പത്‌നിയാണ് ഷീല. 

സര്‍വ്വാഭരണ വിഭൂഷിതയായി അവള്‍ ജോസ് എന്ന യുവാവിന്റെ മണവാട്ടിയാകുന്നതു  നിറഞ്ഞ മനസ്സോടെ അമ്മ ബ്രിജിത്ത് ,നോക്കിനിന്നു. വിവാഹത്തോടെ മിനി ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ച് വിടെടുത്ത് പുതിയ ജീവിതത്തിനു തുടക്കമിട്ടു. താമസിയാതെ  എട്ടു വര്‍ഷത്തെ ഹോസ്റ്റല്‍ വാഴ്ച മതിയാക്കി ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ച് മിനി സ്‌നേഹം പുതുക്കി. ജോസിനും മിനിയ്ക്കും മൂന്നുമക്കളുണ്ടായി. ഒരു മകനും രണ്ടു പെണ്‍കുട്ടികളും.

women
മിനിയും ഭര്‍ത്താവ് ജോസും മക്കളും അമ്മ ബ്രിജിത്ത് ജോസഫിനൊപ്പം

പ്രസവവേദനകളുടെ പാതി നൊമ്പരം പങ്കിട്ട് മിനിയെ ആശ്വസിപ്പിക്കാന്‍ ജോസിനൊപ്പം  കൂട്ടിരുന്നതും  അമ്മയായിരുന്നു. 'ആദ്യത്തെ പ്രസവ സമയത്ത്  മമ്മി  കോഴിക്കോട്ടെ എന്റെ വീട്ടില്‍ വന്ന് ഒരു മാസം കൂടെ താമസിച്ചു. പ്രസവ ശുശ്രൂഷകള്‍ എല്ലാം ചെയ്തുതന്നതും മോളെ കുളിപ്പിച്ചതും എല്ലാം എന്റെ മമ്മിയായിരുന്നു. ഇനി എനിക്ക്..' തേങ്ങലോടെ മിനി പറഞ്ഞു.

ബ്രിജിത്താമ്മയുടെ 90-ാം പിറന്നാള്‍ മക്കള്‍ ആഘോഷമാക്കിയപ്പോഴാണ് മിനി മമ്മിയെ ഒടുവില്‍ കണ്ടത്. അവസാന മാസങ്ങളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം ഡല്‍ഹിയിലായിരുന്നു അമ്മ.

ഒരുപാടു നിര്‍ധനരായ കുട്ടികളെ പഠിപ്പിക്കാന്‍ തുണയായ  ബ്രിജിത്താമ്മ, തലചായിക്കാനിടമില്ലാത്ത പലര്‍ക്കും വീടുവച്ചും കൊടുത്തിരുന്നു. അതൊന്നും പക്ഷേ അവര്‍ പ്രഘോഷിച്ചില്ല. ആ കനിവുള്ള അമ്മയാണ് കഴിഞ്ഞ ദിവസം യാത്രയായത്. എല്ലാ മക്കളുടെയും നന്മകള്‍ക്ക് സാക്ഷിയായി.

ഒമ്പതു മക്കള്‍ക്ക് ഉദരത്തില്‍ നിന്ന് ജന്മം നല്‍കിയപ്പോള്‍  മിനിയെയും പോളിനെയും ഹൃദയത്തില്‍ നിന്ന് പ്രസവിച്ച അമ്മയാണ് ഓര്‍മയായത്. ഡല്‍ഹിയില്‍ നിന്നും അമ്മയുടെ ശരീരം എത്തുന്നതും കാത്ത് മിനിയും ഭര്‍ത്താവും  മണിമലയിലെ വീട്ടിലുണ്ട്. മിനിയുടെ ദു:ഖം നമ്മള്‍ക്കു  മനസ്സിലാകും. പക്ഷേ അമ്മമാരെപ്പറ്റിയുള്ള നമ്മുടെ  ഓര്‍മകള്‍ക്ക് മരണമില്ലല്ലോ.

Content Highlights: Alphons Kannanthanam’s mother passes away and her adopted daughter share the memories of mother