ല്ലാം അവസാനിച്ചു,തനിക്കൊപ്പം ആരുമില്ലല്ലോ, ഒറ്റപ്പെട്ടല്ലോ എന്നൊക്കെയുള്ള  തോന്നലില്‍ ജീവിതത്തില്‍  തളര്‍ന്നു പോകാത്തവര്‍ കുറവാണ്. പക്ഷേ അവിടെല്ലാം അദൃശ്യകരമായ ഒരു കൈ സഹായവുമായെത്തുന്നത്  അത്ഭുതപ്പെടുത്താറുണ്ട്. ആലപ്പുഴക്കാരി മിനി വര്‍ഗീസിന്റെ   ജീവിതം ഒരിക്കല്‍ പാടെ തകര്‍ന്നു പോയതാണ്. നിറവയറോടെ ,ആരും ചേര്‍ത്തുപിടിക്കാനില്ലാത്ത നിസ്സഹായതയോടെ  ജീവിതത്തിന്റെ പെരുവഴിയില്‍ നിന്നവള്‍. നാളെ എന്തെന്ന ആകുലത. തലചായ്ക്കാനിടല്ലാതെ വലഞ്ഞുപോയ അവസ്ഥ.അവിടെ നിന്നുമാണ് മിനിയുടെ  ഉയിര്‍ത്തെഴുനേല്‍പ്പ്. 13 വര്‍ഷം സ്ത്രീസംരക്ഷണകേന്ദ്രത്തിന്റെ തണലില്‍ ജീവിച്ച അമ്മയും മകനും ആഹ്ലാദത്തിന്റെ നെറുകയിലാണിപ്പോള്‍. ഇന്ന് മിനിയുടെ പുത്തന്‍വീടിന്റെ പാലു കാച്ചുന്ന ദിവസമാണ്.

മിനിയെ ബുധനാഴ്ച കാണുമ്പോള്‍ അവള്‍ ആകെ തിരക്കിലായിരുന്നു. പുതിയ വീടിന്റെ ഇത്തിരി മുറ്റം വൃത്തിയാക്കുന്ന തിരക്ക്. മുറികളെല്ലാം വലിയ  ആഹ്ലാദത്തോടെ കൊണ്ടു നടന്നു കാണിച്ചു തന്നു. രണ്ടു ബെഡ്റൂം, അറ്റാച്ച്ഡ് ബാത്റൂം, ഹാള്‍, കിച്ചണ്‍, സിറ്റൗട്ട്. ഇതുവരെ മിനിക്കു സ്വന്തമെന്നു പറയാന്‍ ഉണ്ടായിരുന്നത് മകന്‍ ഇമ്മാനുവേല്‍ മാത്രമായിരുന്നു. ഇനി മൂന്നു സെന്റിലെ ഈ കുഞ്ഞ് വീടുകൂടിയുണ്ട് മിനിക്ക്.

14 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു.അതോടെ ജീവിതം മുന്നോട്ടില്ലെന്ന് കണക്കു കൂട്ടിയവളാണ് ഈ 47 കാരി. കരഞ്ഞും കണ്ണീരുകുടിച്ചും ഒമ്പതു മാസം പിന്നിട്ടു. അതിനിടെ കോട്ടയത്തെ  ഒരു സ്ത്രീ സംരക്ഷണകേന്ദ്രത്തിലേക്ക് ആരോ അവളെ എത്തിച്ചു. ജീവിതത്തിലേക്ക് പുത്തന്‍ വെളിച്ചം  പകര്‍ന്ന ദിവസങ്ങളായിരുന്നു അത്. സമാധാനിപ്പിക്കലുകള്‍, ആശ്വാസവാക്കുകള്‍.

women
മിനിയുടെ പുതിയ വീട്‌

''2007-ലാണ് ഞാനിവിടെ എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭകാലപരിശോധനകള്‍ക്ക് എത്തിയതാണ്. ആരും സഹായത്തിനില്ലാത്ത അവസ്ഥ. ഒപ്പം നില്‍ക്കാനുള്ളവര്‍ ഉപേക്ഷിച്ചു. പോകാനൊരിടമില്ല. എന്തിനു ജീവിക്കണമെന്ന തോന്നലായിരുന്നു അന്ന്. അവിടെവച്ചാണ് സാന്ത്വനത്തെപ്പറ്റി കേട്ടറിഞ്ഞത്. ഞാനവിടേക്ക് ചെന്നു. പ്രസവിച്ചതും എന്റെ  മോന്‍ വളര്‍ന്നതും സാന്ത്വനത്തിലാണ്.''മിനി പറഞ്ഞു.

മെല്ലെ മിനിയുടെ നിരാശകള്‍ മാറിത്തുടങ്ങി. മകനു വേണ്ടി ജീവിക്കണമെന്ന തോന്നലുണ്ടായി. തന്നെനോക്കി ചിരിക്കുന്ന, കരയുന്ന, തേടിവരുന്ന ഒരു പിഞ്ചു മുഖം സങ്കടങ്ങള്‍ക്കിടയില്‍ പ്രതീക്ഷപകര്‍ന്നു.

ഇമ്മാനുവേല്‍  കമഴ്ന്നു വീണ് നീന്തുന്ന നാളുകളില്‍ സ്ത്രീസംരക്ഷണ കേന്ദ്രത്തിലെ അടുക്കളയുടെ പാചകക്കാരിയായി  മിനി ജോലി ഏറ്റെടുത്തു. നൂറ് അന്തേവാസികള്‍ താമസിക്കുന്ന അടുക്കളയില്‍ മൂന്നുനേരം വച്ചുവിളമ്പി. ജീവിതമങ്ങനെ വര്‍ഷങ്ങളോളം ഒഴുകി. അതൊടൊപ്പം കുഞ്ഞും വളര്‍ന്നു. മറ്റു കുട്ടികള്‍ക്കൊപ്പം അവന്‍ ഓടിക്കളിച്ച് വളര്‍ന്നപ്പോള്‍ അടുത്ത പ്രശ്നം മിനിയെ തേടിവന്നു. പെണ്‍കുഞ്ഞുങ്ങളുടെ മാത്രം പാര്‍പ്പിടമായ സാന്ത്വനത്തില്‍  ആണ്‍കുട്ടിയെ താമസിപ്പിക്കാന്‍ നിയമം അനുവദിക്കില്ലെന്ന നിയമം. അതോടെ 10-ം വയസ്സില്‍ ഇമ്മാനുവേലിനെ മാറ്റി പാര്‍പ്പിക്കണമെന്ന അവസ്ഥയായി.

''അവനെ  ആണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന ഒരു സ്ഥാപനത്തിലേക്കു മാറ്റി. വലിയ സങ്കടത്തോടെയാണ് അങ്ങോട്ട് പോയത്. ഒരു വര്‍ഷം അവനവിടെ നിന്നു പഠിച്ചു. കാണാന്‍ ചെല്ലുമ്പോഴൊക്കെ ഭയങ്കര കരച്ചിലാണ്. സ്‌കൂളവധിക്കാലത്ത് അവനെ താമസിപ്പിക്കാന്‍ എനിക്ക് മറ്റൊരിടമില്ലല്ലോ എന്ന ചിന്ത വലിയ പ്രയാസമുണ്ടാക്കി. എനിക്കാകെയുള്ളത് അവന്‍ മാത്രമല്ലേ. അവനൊപ്പം കഴിയാനായി ഞാനൊരു വാടക വീട്ടിലേക്ക് താമസം മാറ്റി. അവനെയും അവിടേക്കു കൊണ്ടുവന്നു നിര്‍ത്തി '', മിനി പറഞ്ഞു. ഇമ്മാനുവേല്‍ ഇപ്പോള്‍ കോട്ടയം മാന്നാനം കെ.ഇ സ്‌കൂളില്‍ ഏഴാം ക്ലാസ്സിലാണ് .മിനി അടുത്തൊരു വീട്ടില്‍ പാചക സഹായിയായി ജോലി ചെയ്യുന്നു.

സ്ത്രീ സംരക്ഷണകേന്ദ്രത്തിലെ ഡയറക്ടര്‍ ആനിയുടെ നേതൃത്വത്തിലാണ് ഗാന്ധിനഗറില്‍ മൂന്നുസെന്റു സ്ഥലം വാങ്ങിയതും വീടു പണിതതും. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ നിന്നു ലഭിച്ച നാലു ലക്ഷം രൂപയും ചേര്‍ത്ത് ഒമ്പതു ലക്ഷം ചെലവിട്ടാണ് വീടുപണി പൂര്‍ത്തീകരിച്ചത്. ഇന്ന് നാലു മണിയോടെ സ്വന്തമായ കിടപ്പാടമെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അമ്മയും മകനും പ്രവേശിയ്ക്കുകയാണ്.

''ഒരിക്കലും ഇതൊന്നും വിചാരിച്ചതേയല്ല, എല്ലാം അവസാനിച്ചല്ലോ എന്നോര്‍ത്തു ഒത്തിരി കരഞ്ഞവളാണ് ഞാന്‍. പിടിച്ചുനില്‍ക്കാനാണ് പാടുപെട്ടത്. നിരാശകള്‍ക്കിടയില്‍ ദൈവം ഓരോരുത്തരെ നമ്മടെ ജീവിതത്തിലേക്ക് എത്തിച്ചുതരും. ഇത്രയുമൊക്കെയായില്ലേ. വലിയ സന്തോഷത്തിലാണ് ഞാനിപ്പോ...''പുത്തനടുപ്പില്‍ പാലുകാച്ചാനുള്ള പുതിയ പാത്രം എടുത്തു വയ്ക്കുന്നതിനിടെ ചിരിയോടെ മിനി പറഞ്ഞു.

Content Highlights: After 13 years in a women's care center, she returned to her new home with her son