രു മാസം മുമ്പാണ് ഞാനദ്ദേഹത്തെ കണ്ടത്. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ പി.യു.തോമസ് നടത്തുന്ന  നവജീവന്‍ എന്ന സ്ഥാപനത്തിലെത്തിയതാണ് ഞാന്‍. നിരയായി വിരിച്ചിട്ടിരിക്കുന്ന കട്ടിലുകളിലൊന്നില്‍ തേച്ചു മടക്കിയ ജുബ്ബയും മുണ്ടും ധരിച്ച് ഒരുങ്ങിയിരിക്കുന്ന കോട്ടയംകാരന്‍ അച്ചായന്‍.എന്നെ കണ്ടതും കൈകള്‍ കൂപ്പി സുപ്രഭാതം ആശംസിച്ചു. നവജീവനിലെ ചാപ്പലില്‍  എല്ലാദിവസവും രാവിലെയും വൈകുന്നേരവും പ്രാര്‍ഥനയുണ്ട്.അന്തേവാസികളാണ് പാട്ടുകള്‍ക്കും ബൈബിള്‍ പാരായണത്തിനും മറ്റും നേതൃത്വം നല്‍കുന്നത്.മനോഹരമായി പാടുന്ന അന്തേവാസികള്‍ മാറിമാറി പാടി ചാപ്പലിലെ ആരാധനയ്ക്ക് ജീവന്‍ നല്‍കുന്നു.അവര്‍ക്കതൊരു വലിയ അംഗീകാരമാണ്. ചാപ്പലിലേക്കു പോകാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്.
'' ഞാന്‍ ജയിംസാണ് , കുറുപ്പുന്തറ സ്വദേശി ''.അദ്ദേഹം സ്വയം പരിചയപ്പെടുത്തി.

നവജീവനിലേറെയും മാനസ്സിക വെല്ലുവിളി നേരിടുന്ന രോഗികളാണുള്ളത്.സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. ഉറ്റവര്‍ വഴിയിലുപേക്ഷിക്കുന്ന മാതാപിതാക്കളും ആരോരുമില്ലാത്തവരും പൊലീസ് എത്തിക്കുന്നവരും കോട്ടയം മെഡിക്കല്‍ കോളേജിനെത്തുന്ന അജ്ഞാതരോഗികളുമൊക്കെ അവരിലുണ്ട്. കൃത്യമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് അവരില്‍ പലരും മടങ്ങിയെത്തിയെങ്കിലും  അവരെ ആര്‍ക്കും വേണ്ട. അതിന്റെ സങ്കടം അവരില്‍ മിക്കവരുടെയും നെഞ്ചകം പൊള്ളിക്കുന്നുമുണ്ട്. പക്ഷേ  സാധാരണ ജീവിതത്തിലേക്കു മടങ്ങിക്കഴിഞ്ഞ ജയിംസിന് ഇപ്പോള്‍ ഇവിടം വിട്ടുപോകാന്‍ ഇഷ്ടമില്ലത്രേ. കാരണം സ്വന്തമെന്നു പറയാനുള്ളവര്‍ അദ്ദേഹത്തെ എന്നോ ഉപേക്ഷിച്ചിരുന്നു.

65 വയസ്സാണ് ജയിംസിന്. ഏഴുവര്‍ഷം നാഗ്പൂരിലെ സെമിനാരിയില്‍ പുരോഹിതനാകാന്‍ പഠിച്ചു. പക്ഷേ പൗരോഹിത്യശുശ്രൂഷയില്‍  പ്രവേശിക്കാനായില്ല. അതിനുശേഷം മുബൈയില്‍ ജോലിക്കുചേര്‍ന്നു. 25-ാം വയസ്സില്‍ വിവാഹിതനായി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായിരുന്നു വധു. ജയിംസ് തുടര്‍ന്ന് സൗദിയില്‍ ജോലി നേടി. ശമ്പളം മുഴുവന്‍ നാട്ടില്‍ ഭാര്യയുടെ പേര്‍ക്കയച്ചുകൊടുത്തു.  ആ പണംകൊണ്ട് ഭാര്യയുടെ വീടിനടുത്തെ സ്ഥലം വാങ്ങി അവിടെ വീടു വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു ജയിംസ്. സ്വന്തം പേരിലുണ്ടായിരുന്ന മറ്റൊരു സ്ഥലവും ജയിംസ് ഭാര്യയുടെ പേരിലെഴുതിക്കൊടുത്തു. അതിനോടകം അവര്‍ക്കൊരു മകളുണ്ടായി. ജയിംസ് വീണ്ടും സൗദി അറേബ്യയിലേക്കു പോയി. പിന്നീടാണ് കാര്യങ്ങളൊക്കെ കുഴഞ്ഞു മറിഞ്ഞത് .
     
ഭാര്യ തന്നില്‍ നിന്ന് അകന്നു പോകുന്നതൊന്നും ജയിംസ് അറിഞ്ഞില്ല. തിരിച്ചെത്തി കാര്യങ്ങള്‍ അറിഞ്ഞതോടെ സമനില തെറ്റിയ ജയിംസിനെ സഹോദരങ്ങള്‍  മാനസ്സിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സ മാസങ്ങള്‍ നീണ്ടുപോയി. അതിനോടകം ഭാര്യ വിവാഹബന്ധം ഉപേക്ഷിച്ചു. വൈകാതെ അവര്‍ മറ്റൊരാളെ വിവാഹം കഴിച്ച് രാജ്യം വിട്ടു.

''അവള്‍ പോയത് എന്റെ പോന്നുമോളെയും കൊണ്ടാണ്. എന്റെ കുഞ്ഞിന് ഒരു വയസ്സ് ഉള്ളപ്പോഴാണ് ഞാന്‍ അവസാനം കാണുന്നത്. എന്റെ കൈയ്യില്‍ പിടിച്ച് അവള്‍ പിച്ചവച്ച് നടക്കുന്നതും കൊഞ്ചുന്നതും ശാഠ്യം പിടിക്കുന്നതും ഇന്നെന്ന പോലെ എന്റെ ചങ്കിലുണ്ട്. പിന്നെ ഞാനവളെ കണ്ടിട്ടില്ല. ഇപ്പോഴവള്‍ക്ക് നാല്‍പ്പത് വയസ്സിനടുത്തുണ്ടാവും. എന്റെ കുഞ്ഞിനെ കണ്ണടയുംമുമ്പ് എനിക്കൊന്നു  കാണാന്‍ പറ്റുമോ ?'',ആരോടെന്നില്ലാതെ ജയിംസ് ചോദിച്ചു. ആ നഷ്ടബോധം കാലത്തിന് ഇന്നും നികത്താനായിട്ടില്ല. മകള്‍ വളര്‍ന്നതും ബിഎസ്സ്സി നഴ്സിംഗ് പാസ്സായതും വിവാഹം കഴിഞ്ഞതും ആരൊക്കയോ പറഞ്ഞറിഞ്ഞു. അമ്മയും മകളും ഇടയ്ക്ക് നാട്ടിലെത്തി മടങ്ങാറുണ്ട്. അപ്പോഴൊന്നും മകളൊന്നു വന്നു കാണാത്തതും ജയിംസിനെ വല്ലാതെ ഉലയ്ക്കുന്നു.

''ഇത്തിരി ഭക്ഷണം, മരുന്ന്,വസ്ത്രം... അതിവിടെ കിട്ടുന്നുണ്ട്. എന്റെ അപ്പനാണ് എന്ന ചിന്തയില്‍ ഒരു പ്രാവശ്യം എന്നെ വന്നോന്നു കണ്ടിരുന്നെങ്കില്‍. ഒറ്റത്തവണ മാത്രം മതി. എന്റെ പ്രാണന്‍ പോകുംവരെ ഓര്‍ക്കാനും സന്തോഷിക്കാനും എനിക്കതു മതി.' ജെയിംസ് പറയുന്നു. മകള്‍ മദ്ധ്യവയസ്‌കയായെങ്കിലും തന്റെ വിരല്‍ മുറുകെപ്പിടിച്ച്  പിഞ്ചുകാലുകള്‍ പെറുക്കി പിച്ചവച്ച് കൊഞ്ചുന്ന ഓര്‍മയിലാണ്  ജയിംസ് ഇന്നും ജീവിക്കുന്നത്.

നവജീവന്‍ ചാപ്പലില്‍ പ്രാര്‍ത്ഥനതുടങ്ങുന്ന അറിയിപ്പുയര്‍ന്നു. ജയിംസ് തിരക്കിട്ട് എഴുനേറ്റു. ''ഇന്നു ഞാനാ ആരാധനയ്ക്ക് പാട്ടുപാടുന്നത് ''.ആഹ്ളാദത്തോടെ യാത്ര പറഞ്ഞ് അയാള്‍ ചാപ്പലിലേക്കു കയറി. തെല്ലു കഴിഞ്ഞ് മൈക്കിലൂടെ പ്രസിദ്ധമായ ആ പാട്ടൊഴുകിയെത്തി.

'' യേശുവേ നീയെനിക്കായി ഇത്രയേറെ സ്നേഹമേകാന്‍..
അടിയനു യോഗ്യതയായി എന്തു കണ്ടു നീ..''

ഞാന്‍ ചാപ്പലിലുള്ളിലേക്ക് എത്തി നോക്കി. ജയിംസ് പാടുകയാണ്, കണ്ണുകളടച്ച് , ശാന്തമായി, എല്ലാ ദുഖവും മറന്ന്..

Content Highlights: abandoned father waiting for daughter many years