ഒരോണക്കാലത്താണ് ഞാന്‍ ആദ്യമായി മിനിയെ കാണുന്നത്, ഒരു അനാഥശാലയില്‍ വച്ച് ,ആറ് വര്‍ഷം മുമ്പ്. അവിടുത്തെ കുട്ടികള്‍ക്കൊപ്പം ഓണസദ്യ ഉണ്ണാനും കളി മത്സരങ്ങളില്‍ പങ്കുചേരാനും കിട്ടിയ ക്ഷണം ആഹ്ളാദത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്.തൊടിയിലെ കോളാമ്പിപ്പൂക്കളും ബന്തി പൂക്കളും ചെമ്പരത്തിപ്പൂക്കളും ഇലകള്‍ അരിഞ്ഞതും ചേര്‍ത്ത് മുറ്റത്തൊരു അടിപൊളി പൂക്കളം.കുട്ടികള്‍ ഊഞ്ഞാലാടിയും സാറ്റ് കളിച്ചും ഓടിത്തിമര്ത്തും ഉത്സവഭരിതമാക്കിയ അന്തരീക്ഷം. എന്നെക്കൂടാതെ അനാഥാലയത്തിന്റെ മറ്റു ചില അഭ്യുദയകാംക്ഷികളും വന്നു കൊണ്ടേയിരുന്നു.
അപ്പോഴാണ് ഇത്തിരി മാറിതൊടിയിലെ മാങ്കോസ്റ്റിന്‍ മരത്തിന്റെ തണലില്‍ ഒറ്റയ്ക്കിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടത്. ബഹളങ്ങ ളില്‍ നിന്നു ദൂരെ മാറിയിരുന്ന കുട്ടിക്കരികിലേക്ക് ഞാന്‍ നടന്നു.പെയ്തിറങ്ങാന്‍ വെമ്പുന്ന ആ കണ്ണുകളാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പേരു ചോദിച്ചപ്പോള്‍ പറഞ്ഞ ശബ്ദത്തിന് വിങ്ങലിന്റെ സ്പര്‍ശം. സൗമിനി. നമ്മള്‍ക്കവളെ മിനിയെന്നു വിളിക്കാം.നന്നേ മെലിഞ്ഞ്, ഇരുനിറത്തിലൊരു പതിനാറു വയസ്സുകാരി. ഞാനവള്‍ക്കരികില്‍ ഇരുന്ന് കുറേ നേരം സംസാരിച്ചു. അവള് പറഞ്ഞതു മുഴുവന്‍ അവളുടെ തകര്‍ന്നുപോയ കുടുംബത്തെപ്പറ്റി യായിരുന്നു. ചേച്ചിയെപ്പറ്റി, അമ്മയെപ്പറ്റി ,ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെപ്പറ്റി.. അവള് സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കിടെ കണ്ണീര്ത്തുടച്ചു, ചിലപ്പോള്‍ അരിശം കൊണ്ടു.
മിനിക്ക് ഒരു ചേച്ചി മാത്രം. അമ്മയും ചേച്ചിയും അവളും ഒരുമിച്ച് നല്ലൊരു വീട്ടിലാണ് കഴിഞ്ഞിരുന്നത്.... വീട്ടില്‍ സാമാന്യം തരക്കേടില്ലാതെ കഴിയാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ പണം ബാങ്കിലുണ്ടായിരുന്നു. എങ്കിലും അയല്‍ക്കാരുടെ മക്കള്‍ അവരെ കളിക്കാന്‍ കൂട്ടാറില്ല. അവരുടെ അച്ഛനമ്മമാര്‍ ഈ വീട്ടിലേക്ക് നോക്കുക പോലുമില്ലായിരുന്നു.അമ്മ ബന്ധുക്കളുമായി ഏറെ അകന്നാണ് കഴിഞ്ഞത്.അവരാരും അമ്മയെ തിരക്കി വരാറുമില്ലായിരുന്നു. കാരണം അവള്‍ക്കോ ചേച്ചിക്കോ അറിയുമായിരുന്നില്ല.
അമ്മ വീട്ടിലില്ലാതിരുന്ന ഒരു ദിവസം പുറം പണിക്ക് വന്ന സ്ത്രീയാണ് മിനി കുഞ്ഞായിരുന്നപ്പോള്‍ അച്ഛന് ആത്മഹത്യ ചെയ്തതാണെന്നും, മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നതായും പറഞ്ഞത്. അമ്മയുടെ ജീവിതം മോശമായ രീതിയിലാണെന്നും മറ്റും അവര്‍ പറഞ്ഞു. ചേച്ചിയെ കെട്ടിപ്പിടിച്ച് അവള് അന്ന് ഒത്തിരി കരഞ്ഞു.
അവള് ഏഴില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ അപമാനം നേരിട്ടത്. ചേച്ചിയുമായി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അത്. അമ്മയെ പറ്റി മോശം കമന്റുകളുമായി ചിലര്‍ വഴിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്ന് സ്കൂളില്‍ പോയില്ല, കരഞ്ഞുകൊണ്ട് അവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി അമ്മയോട് ഇതേ പറ്റി കരഞ്ഞും ദേഷ്യപ്പെട്ടും പറഞ്ഞതോടെ അമ്മയുടെ മുഖം മാറി. ''എനിക്കിഷ്ടമുള്ളതുപോലെ ഞാന്‍ ജീവിക്കും, നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ നിങ്ങടെ അച്ഛന് ചെയ്ത പോലെ പൊക്കോ''. എന്നായിരുന്നു അമ്മയുടെ മറുപടി.
പിന്നീടൊരു ദിവസം സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഒരു അപരിചിതന് ഉണ്ടായിരുന്നു. അയാള്‍ മിനിയെയും ചേച്ചിയേയും അടുത്തു വിളിച്ച് കുറേ നേരം സംസാരിച്ചു, അമ്മയോട് വഴക്കുകൂടരുതെന്ന് ഉപദേശിച്ചു. അയാള്‍ ഇടയ്ക്കിടെ അവിടെ സന്ദര്‍ശകനായി. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞ് അയാള്‍ വീണ്ടുമെത്തി. രാത്രിയാണ്. നന്നായി മദ്യപിച്ചായിരുന്നു വന്നത്. ചേച്ചിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ മിനി അയാളെ തടയാന്‍ ശ്രമിച്ചു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. അമ്മയ്ക്കൊപ്പം താമസിക്കാന്‍ പേടിയാണെന്ന് മിനിയും ചേച്ചിയും പോലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് അന്ന് പോലീസ് മടങ്ങി.
''അന്നു രാത്രി ഞങ്ങള്‍ ഒന്നും കഴിച്ചില്ല. പാതിരാത്രിയില്‍ അമ്മ വന്ന് കുറെ വഴക്കു പറഞ്ഞു, നാട്ടുകാരുടെ മുമ്പില്‍ അപമാനിച്ചെന്നൊക്കെ പറഞ്ഞ്.. ഞാനും ചേച്ചിയും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞ് നേരം വെളുപ്പിച്ചു. വീട്ടിലെ അവസാന രാത്രിയായിരുന്നു അത്. പിറ്റേന്ന് രാവിലെ പോലീസിനെ കൂട്ടി ആരൊക്കെയോ വീട്ടില്‍ വന്നു. അവരാണ് ഞങ്ങളെ ഇവിടേക്കു കൊണ്ടുവന്നത്', മിനി പറയുമ്പോള്‍ ആ കണ്ണുകള്‍ ' പലവട്ടംനിറഞ്ഞൊഴുകി. പിന്നെ അവള് പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവന്നു.
പിന്നീട് ഞാനവിടെ ചെല്ലുമ്പോഴൊക്കെ മിനി ഓടി വരും. സുഖമാന്നെന്നും നന്നായി പഠിക്കുന്നുണ്ടെന്നുമൊക്കെ പറയും. രണ്ടാളും ഡിഗ്രിവരെ പഠിച്ചു. അനാഥശാല നടത്തിപ്പുകാര്‍ തന്നെ അവരെ വിവാഹം കഴിപ്പിച്ചു വിട്ടു.
ഒടുവില്‍ ഞാന്‍ മിനിയെ കണ്ടെത്തിയത് കോട്ടയം നഗരത്തിലെ ഒരു വസ്ത്രശാലയില്‍ വച്ചാണ്, ഒരു വര്‍ഷംമുമ്പ്. ഷോപ്പിംഗ് കഴിഞ്ഞ് കുഞ്ഞുമായി പുറത്തേക്കു വരുകയായിരുന്നു അവള്. ഒപ്പം മിനിയുടെ ഭര്‍ത്താവുമുണ്ട്.
'എന്നെ ഓര്‍മയുണ്ടോ 'എന്നു ചോദിച്ച് അവള് ഓടി വന്നു. ഒക്കത്തിരുന്ന രണ്ടു വയസ്സുകാരനെ ഉമ്മ വച്ചിട്ടു പറഞ്ഞു, ' അമ്മമാര്‍ മക്കളെ ലാളിക്കുമ്പോള് ഞാനും ചേച്ചിയും കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. അന്ന് ഞങ്ങള്‍ക്കു കിട്ടാത്തതു കൂടി ചേര്‍ത്ത് മക്കള്‍ക്ക് കൊടുക്കുവാണിപ്പോള്.' മിനി പറയുമ്പോള്‍ ഒക്കത്തിരുന്ന കുഞ്ഞ് എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു. കേട്ടു നിന്ന യുവാവും മന്ദഹസിച്ചു. അവള് ഭര്‍ത്താവിനെ എനിക്ക് പരിചയപ്പെടുത്തി. കോട്ടയത്തിനടുത്ത് ബിസിനസ്സ് ചെയ്യുകയാണ് അയാള്‍.
അമ്മയെ പിന്നെന്നെങ്കിലും കണ്ടോ?ഞാന്‍ ജിജ്ഞാസയടക്കാനാവാതെ ചോദിച്ചു.
''ഉവ്വ്, അനാഥാലയത്തില്‍ ഒരിക്കല്‍ ഞങ്ങളെ കാണാനെത്തിയിരുന്നു. ഞങ്ങടെ കല്യാണമൊക്കെ അവരമ്മയെ അറിയിച്ചിരുന്നെങ്കിലും അമ്മ വന്നില്ല.. ' അവളുടെ മുഖത്ത് സങ്കടമോ നിസംഗതയോ എന്ന് എനിക്ക് മനസ്സിലായില്ല.
പിന്നെ അവര്‍ മുന്നോട്ടു നടന്നു. ഒക്കത്തിരുന്ന കുഞ്ഞ് എനിക്കു നേരെ ചിരി പൊഴിച്ച് വെറുതെ കൈവീശിക്കൊണ്ടിരുന്നു.
Content Highlights: A woman share her bad childhood memories and how to survive Jolly Adimathra column