ന്നെനിക്ക്  പേരെഴുതി കൈയൊപ്പിട്ട ഒരു പുസ്തകം കിട്ടി. ആ കൈയക്ഷരത്തിലൂടെ, ഏറേ നേരം വിരലോടിച്ചു നിന്നു. ആ അക്ഷരങ്ങള്‍ക്ക് ഒരാളുടെ സാന്നിധ്യമുണ്ടെന്ന് തോന്നി. ജീവിതം കൂടുതലും സഞ്ചരിക്കുന്നത് തോന്നലുകളിലൂടെയും ഓര്‍മകളിലൂടെയുമാണ്..

ഇലമുളച്ചികള്‍ പോലെയാണ് ഓര്‍മകളും..ഒരിലയില്‍ വേരാഴ്ത്തിയാണ് അടുത്തത് മുളയ്ക്കുക..ഒന്നില്‍ നിന്നൊന്നിലേയ്ക്ക് പതുക്കെ അവ വളരും. അങ്ങനെ കെട്ടുപിണഞ്ഞും അഴിഞ്ഞും ഓര്‍മകള്‍ വരും. കൈയക്ഷരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍, മനസ്സില്‍ വരുന്നത് തെളിഞ്ഞ വെയിലും പൂച്ചെടികളും ഉള്ള ഒരു സ്‌കൂളും രണ്ടായ് മുടി പിന്നി കോപ്പിയെഴുതിയത് കാണിക്കാന്‍ മേശയ്ക്കരികെ നില്‍ക്കുന്ന പെണ്‍കുട്ടികളെയുമാണ്. നല്ല ചിരിച്ച  മുഖത്തോടെ, സിസ്റ്റര്‍ ആഗ്‌നസ് തെറ്റ് തിരുത്തുകയും മാര്‍ക്കിടുകയും ചെയ്തിരുന്നു. എത്ര ശ്രദ്ധിച്ചാലും രണ്ടുവരയിലൊതുങ്ങാതെ എന്റെ അക്ഷരങ്ങള്‍ തുളുമ്പിയിരുന്നു. ആരും അത്രവേഗം ശ്രദ്ധിക്കാറില്ലെങ്കിലും എനിക്കറിയാമല്ലോ എന്റെ വളവും തിരിവും. പ്രിയാമാത്യു എന്ന കൂട്ടുകാരിയുടെ കൈയക്ഷരം എനിക്കെന്നും കണ്ട് അസൂയപ്പെടാനുള്ളതായിരുന്നു. എത്ര ശ്രദ്ധിച്ചും തെളിച്ചും എഴുതിയാലും എനിക്ക് അഞ്ചില്‍ അഞ്ച് ഒരിക്കലും സിസ്റ്റര്‍ തരാറില്ല. എനിക്കും സിസ്റ്ററിനും മാത്രം അറിയാവുന്ന തുളുമ്പലുകള്‍ എന്നെ പറ്റിച്ചു..

പേന ഉപയോഗിക്കും മുമ്പ് അടയാളങ്ങള്‍ അവശേഷിപ്പിക്കാത്ത, കല്ലുപെന്‍സില്‍ കാലത്ത്, കൈയക്ഷരം ആരുടെയും സുന്ദരമായി തോന്നിയില്ല. മഷിത്തണ്ടുകള്‍ എല്ലാ വൃത്തികെട്ട അക്ഷരങ്ങളെയും മായ്ച്ച് തന്നിരുന്നുവല്ലോ. പെണ്‍പള്ളിക്കൂടങ്ങള്‍ക്ക് ശേഷം  അതെന്നെ തീരെ സ്പര്‍ശിച്ചില്ല. എങ്കിലും ഒരുപാട് എഴുതിയതിനാലാവാം ''നിന്റെ കൈയക്ഷരം കുട്ട്യോള്‍ടെ പോലെ''എന്ന് കേള്‍ക്കാത്ത ഒരിടവും ഉണ്ടായിട്ടില്ല. വരകള്‍ക്കും നിരകള്‍ക്കുമിടയില്‍, ആരും അറിയാതെയോ അറിഞ്ഞോ ചാഞ്ചാടി നടന്ന എന്റെ അക്ഷരങ്ങള്‍..

ഓരോരുത്തരുടെയും കൈയക്ഷരം കാണുമ്പോള്‍ ഞാന്‍ ആ ഉടമയെക്കൂടി കണ്ടു. അങ്ങനെയൊരു കാലത്താണ് എനിക്ക് എഴുത്തുകാരന്റെ കൈയൊപ്പോടെ ഒരു പുസ്തകം കിട്ടുന്നത്. മലയാളം അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യാനാണ് കേരളവര്‍മ്മയിലേയ്ക്ക്  സി.വി.ശ്രീരാമന്‍വന്നത്. അദ്ദേഹത്തിന്റെ കഥകളില്‍ ദേശാതിര്‍ത്തികള്‍ ഉണ്ടായിരുന്നില്ലല്ലോ. അതിനാല്‍ എവിടെയൊക്കെയോ തമിഴ് മണക്കുന്ന, വേരുകള്‍ ഉള്ള എന്നെപ്പോലൊരുവള്‍ക്ക് ആ കഥകള്‍ പ്രിയതരമാവാതെയെങ്ങനെ? അദ്ദേഹത്തിന്റെ 'ചിദംബരം'' കഥാസമാഹാരം ഞങ്ങള്‍ക്ക് പഠിക്കാനും ഉണ്ടായിരുന്നു. എന്നെക്കൂടി അടയാളപ്പെടുത്തുന്ന ചില ചിഹ്നങ്ങളില്‍ ഞാന്‍ വേരിറങ്ങി ആ പ്രസംഗം കേട്ടിരുന്നു.

ക്ലാസിന് പുറത്ത് അദ്ദേഹം  ഇറങ്ങിയപ്പോഴാണ് തോന്നിയത്. ഒരൊപ്പ് വാങ്ങായിരുന്നൂന്ന്..ഏതോ ഉള്‍പ്രേരണയാല്‍ ഞാന്‍ അവിടെയെത്തി. അദ്ദേഹത്തിന്  നേരേ ചിദംബരം ടെക്സ്റ്റ്  നീട്ടി.. ഇതിലെഴുതിത്തര്വോ? എന്ന് ചോദിച്ചു. കനംവെച്ച കണ്ണടയ്ക്കുള്ളിലൂടെ എന്നെ നോക്കി നനുത്ത ചിരിയോടെ ചോദിച്ചു..ഏത് ഇയര്‍ ആണെന്ന്? രണ്ടാംവര്‍ഷം എന്ന് പറയുന്നതിനിടയില്‍ അദ്ദേഹം പുസ്തകം വാങ്ങി എഴുതി..''നല്ലവണ്ണം പഠിക്കണം  എന്ന് ആശംസിക്കുന്നു ''എന്ന് സി.വി.ശ്രീരാമന്‍. കൈയില്‍ പിടിച്ചെഴുതിയതിനാല്‍ ഉറയ്ക്കാത്ത കൈവെപ്പുകളായിരുന്നു. 

എനിക്കാദ്യം ഒപ്പിട്ട് കിട്ടിയ പുസ്തകം. വര്‍ഷങ്ങളുടെ നിറങ്ങള്‍ പുസ്തകങ്ങള്‍ വഹിക്കും പോലെ ഒന്നും വഹിക്കില്ല. ഓരോ പുസ്തകങ്ങള്‍ക്കും ജീവനുണ്ടല്ലോ. ഈ പുസ്തകം ചിരഞ്ജീവിയും. അധികം കൈയൊപ്പുകള്‍ തേടിയില്ല. എന്തുകൊണ്ടോ മാറിനിന്നിരുന്നു. അത്രമേല്‍ പ്രിയപ്പെട്ടവരുടെ കൈയക്ഷരങ്ങള്‍ നിധി പോലെ കാത്തു. സ്‌കൂളില്‍ വിശിഷ്ടാതിഥികളായി ആര് വന്നാലും കൈയൊപ്പിനായി പൊതിയുന്ന കുട്ടികളെ കാണാം. അവരതൊക്കെ സൂക്ഷിക്കുമോ? അറിയില്ല. എനിക്ക് ഓരോ കൈയെഴുത്തും കൈയൊപ്പും വ്യക്തികളാണ്.

ഫോട്ടോസ്റ്റാറ്റ് ഇല്ലാതിരുന്ന കാലത്ത് സാഹിത്യ അക്കാദമിയില്‍ പോയി കാര്‍ബണ്‍ വെച്ചെഴുതി നോട്ടുകള്‍ ഞങ്ങള്‍ പരസ്പരം  കൈമാറിയിരുന്ന കാലം. ഓരോ നോട്ടും ഓരോ കൂട്ടുകാരാണ്. കാലമെത്ര കഴിഞ്ഞാലും അവര്‍ അതേ പ്രായത്തില്‍കൂടെയുണ്ട്. അത്രമേല്‍  കൈപ്പടകള്‍ നമ്മളില്‍ ഉള്ളതുകൊണ്ടാവും അവയില്‍ ആത്മാവുണ്ടെന്ന് തോന്നുന്നത്. ഓരോ വരിയിലും സ്‌നേഹം നിറയുന്നത്. അഷിതേച്ചി എന്ന് ഞാന്‍ വിളിക്കുന്നതിനും എത്രയോ മുമ്പേ വിസ്മയചിഹ്നങ്ങള്‍ ആയിരുന്നു അവര്‍. ഞാന്‍ കാണും എന്ന് ഒരിക്കലും  ചിന്തിക്കാതെയിരുന്ന കാലത്ത് അവരെ കണ്ടു. ആകസ്മികമായ ആ മുഹൂര്‍ത്തത്തില്‍ പുസ്തകത്തില്‍ ഒരു വരി എഴുതി തരാമോ എന്നുചോദിച്ചു. സി.വി.ശ്രീരാമന് മുന്നില്‍ നിന്ന അതേ കൗതുകത്തോടെ വീണ്ടും ചോദിച്ചത് അഷിതേച്ചിയോടാണ്. ചേച്ചി എനിക്കൊരു പൂമരം മുഴുവന്‍  കുലുക്കിവീഴ്ത്തി. ഒരു തുണ്ട് നീലാകാശം നിറയെ നക്ഷത്രങ്ങളെ അയച്ചു. ആ കത്തിലെ കൈയ്യക്ഷരം എത്ര മൃദുവാണ്. അവരുടെ ശബ്ദം പോലെതന്നെ. എനിക്കാ വരികള്‍ തൊടുമ്പോള്‍ അവരെ കാണാം.                  

പിന്നെയുമെത്രയോ യാത്രകള്‍ ,സൗഹൃദങ്ങള്‍. കൈപ്പടയിലെഴുതിയതും വരച്ചതുമായ സമ്മാനപ്പുസ്തകങ്ങള്‍. അത്രമേല്‍  പ്രിയത്തോടെ അവരത് നീട്ടുമ്പോള്‍ അവരെക്കൂടി ആവാഹിക്കയാണവ. ആത്മാവിന്റെ ഒരു തുണ്ട്  കൂടി ചേര്‍ത്താലേ അവയ്ക്ക് കാലങ്ങളെ അതിജീവിക്കാന്‍ കഴിയൂ. മനുഷ്യന്റെ ശീലങ്ങളും കൈയ്യക്ഷരത്തിന്റെ വടിവും തമ്മില്‍ ബന്ധമൊന്നും തോന്നിയിട്ടില്ലെങ്കിലും നാള്‍വഴികണക്കുകളിലും ആധാരത്തിലും ഡോക്ടറുടെ കുറിപ്പടിയിലും കത്തുകളിലും നോട്ടുകളിലും മിഴിവിലും ചിലനേരങ്ങളില്‍  മങ്ങിയും അകം നിറഞ്ഞും കലാഭംഗിയിലും പ്രണയം നിറഞ്ഞും ജീവന്‍ കവിഞ്ഞും വരുന്ന ആത്മാക്ഷരങ്ങളല്ലേ അവ? എത്ര കാലം കഴിഞ്ഞാലും നമുക്ക് ചുറ്റും ഉയിര്‍ത്തെഴുന്നേല്പിന്റെ സംഗീതമായി അവ നില്‍ക്കുന്നത് അവയില്‍ അവരുടെ  ആത്മാവിന്റെ തുണ്ട് ഉള്ളതുകൊണ്ടല്ലേ?