'രോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരുകോടി ഈശ്വര വിലാപം' എന്ന് കവി എഴുതിയ ഈ നാട്ടില്‍ നമുക്ക് മുന്നിലൂടെ മറ്റൊരു ശിശുദിനം കൂടി കടന്നുപോയി.

നമ്മുടെ കുഞ്ഞുങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും അവരെ അങ്ങനെ ഉപദ്രവിക്കുന്നവരില്‍ 70 ശതമാനവും നിയമത്തിന്റെ പിടിയില്‍ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുകയും, മറിച്ച് ഇരകളാകുന്ന കുഞ്ഞുങ്ങള്‍ ജീവിതകാലം മുഴുവന്‍ ഈ പീഡാനുഭവം ഏല്‍പ്പിച്ച മാനസിക ആഘാതത്തില്‍ കഴിയാന്‍ വിധിക്കപ്പെടുകയും ചെയ്യുമ്പോള്‍ എന്താണ് ഇത്തരം ശിശുദിനാഘോഷങ്ങളുടെ പ്രസക്തി?

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളുടെ കഴിഞ്ഞ 4 വര്‍ഷത്തെ കണക്കെടുത്താല്‍ അതില്‍ വെറും 7% കേസ്സുകള്‍ മാത്രമാണ് ഇതുവരെ തീര്‍പ്പായിരിക്കുന്നത്. തീര്‍പ്പായ 7% കേസ്സുകളില്‍ പോലും ഒരുവന്റെ  ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ വ്യക്തിവികാസത്തെയും  മാനസിക വികാസത്തെയും സ്വാധീനിക്കാവുന്ന ബാല്യകാലത്ത്  ഈ കുഞ്ഞുങ്ങള്‍ വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണ പ്രക്രിയയുടെ സങ്കീര്‍ണ്ണതകളിലൂടെ കടന്നു പോകാനാണ് ഇന്നു നിലവിലുള്ള വ്യവസ്ഥിതി ആവശ്യപ്പെടുന്നത്. 

കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3711 കേസുകളില്‍ 3500 കേസുകളും തീര്‍പ്പായിട്ടില്ല, വെറും 53 കേസ്സുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. ബാക്കി 197 കേസുകളിലേയും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള 3500 കേസുകളും സമാന ഫലമാണ് നമുക്കായി കരുതി വെയ്ക്കുന്നതെങ്കില്‍ ആ കുഞ്ഞുങ്ങളോട് നമ്മള്‍ എന്ത് ഉത്തരം പറയും?

അച്ചുവിന്റെ കഥ

അച്ചുവിന്റെ അമ്മ എന്റെ സുഹൃത്താണ്, അഭിഭാഷകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേനലവധിക്കാലത്ത്, മറ്റു ബന്ധുക്കള്‍ എല്ലാം ഒത്തുകൂടുന്ന കുടുംബത്തിലെ ഒരു കല്യാണച്ചടങ്ങിന് പോയതാണ് 10 വയസ്സുകാരായ അച്ചുവും ഇരട്ട സഹോദരി അമ്മുവും. പാട്ടിലും ഡാന്‍സിലും എല്ലാം മിടുക്കരായിരുന്നു രണ്ടാളും. എന്നിട്ടും വീട്ടില്‍ തിരിച്ചെത്തിയ ശേഷം  രണ്ടാള്‍ക്കും വല്ലാത്ത ഒരു മൗനം, കൂടുതല്‍ നിശബ്ദനായത് അച്ചുവായിരുന്നു. 

എപ്പോഴും ചിരിച്ചു കളിച്ചു വഴക്കുണ്ടാക്കുന്ന കുട്ടികള്‍ പലപ്പോഴും പരസ്പരം നോക്കാന്‍ പോലും മടിക്കുന്നത് കണ്ട് അവരുടെ അമ്മ അവരെ രണ്ടാളെയും ഒരു കൗണ്‍സലിംഗിന് കൊണ്ടു പോയി. രണ്ടു മൂന്ന് സെഷനുകള്‍ വേണ്ടിവന്നു സംഭവിച്ചത് എന്താണെന്നറിയാന്‍. അവരുടെ തന്നെ കുടുബത്തിലെ, കുട്ടികളുടെ ചേട്ടന്റെ സ്ഥാനത്തു വരുന്ന ഒരാള്‍ ഈ രണ്ടു കുട്ടികളെയും വളരെ സ്‌നേഹത്തില്‍ അടുത്ത് വിളിച്ച് തന്റെ മൃഗീയമായ ലൈംഗിക തൃഷ്ണകള്‍ക്ക് വിധേയരാക്കാന്‍ ശ്രമിച്ചു.

അതൊരു പീഡനശ്രമം മാത്രമായിരുന്നെങ്കിലും തന്റെ സഹോദരിയെ അങ്ങനെ ഒരവസ്ഥയില്‍ കാണാന്‍ ഇടയായത്, താന്‍ സ്വയം കടന്നു പോയ പീഡനം, പിന്നെ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ ഭീഷണി, ഇതെല്ലാം തകര്‍ത്തെറിഞ്ഞത് ഒരു കുടുംബത്തിന്റെ കെട്ടുറപ്പായിരുന്നു, രണ്ടു സഹോദരങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധമായിരുന്നു, അവരുടെ പരസ്പരവിശ്വാസമായിരുന്നു. ഈ കുട്ടികളുടെ മാതാപിതാക്കള്‍ വിദ്യാസമ്പന്നരായിരുന്നത് കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് തക്ക സമയത്തു വേണ്ട കൗണ്‍സലിംഗ് നല്‍കാന്‍ സാധിച്ചു. എങ്കിലും ആ അമ്മ പറയുന്നത് സംഭവം നടന്നിട്ട് ഏതാണ്ട് 4 വര്‍ഷങ്ങളായി എങ്കിലും ഈ അടുത്തിടെയാണ് കുട്ടികള്‍ പരസ്പരം പഴയതുപോലെ ഒന്ന് ഹൃദയം തുറന്നു സംസാരിച്ചു തുടങ്ങിയതെന്നാണ്.

'നീ നിയമം അറിയാവുന്നവള്‍ അല്ലെ, കേസ് കൊടുക്കാമായിരുന്നില്ലേ?' എന്ന എന്റെ ചോദ്യത്തിന് 'എന്തിന് ആ ട്രോമാ കൂടി കുട്ടികള്‍ക്ക് കൊടുക്കണം, കുടുംബത്തില്‍ നിന്ന് പോലും ഒരു സപ്പോര്‍ട്ട് ഇല്ല, പിന്നെയല്ലേ കോടതിയില്‍ നിന്നും സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു മറു ചോദ്യം. 

കുടുംബത്തിലെ ചില തല മുതിര്‍ന്ന അംഗങ്ങളെ ഈ കുട്ടികളുടെ അമ്മ ഈ വിഷയം അറിയിച്ചിരുന്നു. അവരോട് ഇതില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നു. മറുപടിയോ, കുട്ടികളായാല്‍ അങ്ങനെ തൊട്ടെന്നും പിടിച്ചെന്നുമൊക്കെയിരിക്കും, അതൊന്നും കാര്യമാക്കാനില്ല, കുറച്ചൊക്കെ നമ്മള്‍ കണ്ടില്ലെന്നു വെയ്ക്കണം, ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ഇനിയും പരസ്പരം കാണേണ്ടവരല്ലേ എന്നൊക്കെയായിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ച ഈ പയ്യന്റെ അമ്മ ഒരു ടീച്ചര്‍ കൂടിയാണ്. അവരുടെ അഭിപ്രായത്തില്‍ അവരുടെ മകന്‍ അങ്ങനെ ഒന്നും ചെയ്യുകയേയില്ല. കുഴപ്പം ബാംഗ്ലൂരില്‍ നിന്ന് വന്ന കുട്ടിയുടുപ്പിട്ട 10 വയസ്സുകാരി പെണ്‍കുട്ടിയുടേതാണ്. പിന്നെ ഒരു ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറയുന്നത് കെട്ടിച്ചമച്ച കഥയാണ് എന്നതായിരുന്നു അവരുടെ ഭാഷ്യം. 

പെണ്‍കുട്ടികളേക്കാള്‍ ലൈംഗീകാതിക്രമത്തിന് ഇരയാകുന്നത് ആണ്‍കുട്ടികള്‍

ഇന്ത്യയില്‍  പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ലൈംഗികമായി അക്രമിക്കപ്പെടുന്നു എന്ന് കണക്കുകള്‍ വെളിവാക്കുമ്പോഴും, ലഹരിക്ക് വേണ്ടി ശരീരം വില്‍ക്കുന്ന ആണ്‍കുട്ടികളെ കുറിച്ചുള്ള വാര്‍ത്തകള്‍ (ഒരു മാസത്തില്‍ 15 എന്ന തോതില്‍) മലപ്പുറത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും  മുന്‍പറഞ്ഞ പയ്യന്റെ അമ്മയെപ്പോലെ നല്ലൊരു ശതമാനം ജനങ്ങളും ഒരു തരം നിരാകരണ മനോഭാവത്തിലാണ്. (denial mode). ഇത്തരം ബന്ധുക്കളും സമൂഹവും കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നതില്‍ നിന്ന് പലരെയും വിലക്കുന്നു. പല കുട്ടികളും അവരുടെ മാതാപിതാക്കളും സ്വയം സൃഷ്ടിക്കുന്ന ഒരു വലയത്തില്‍ വിധിയെ പഴിച്ച്, കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇരുന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയില്‍ നടന്നു വരുന്ന വിവിധ അവബോധ ശ്രമങ്ങളുടെയും നിയമനിര്‍മ്മാണത്തിന്റെയും ഫലമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ഗണ്യമായ ഒരു മാറ്റം കാണുന്നുണ്ട്. 

2012ല്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് വന്നതിനു ശേഷം, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധന കാണാം. പുതുതായി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ebox കംപ്ലെയിന്റ് സിസ്റ്റവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂട്ടുക തന്നെ ചെയ്യും. നമ്മുടെ കുട്ടികളില്‍ പലരും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. ഒരു പ്രമുഖ നടനെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യം കാട്ടിയ ഒറ്റപ്പാലത്തെ കുട്ടികള്‍ അതിന്റെ ഒരുദാഹരണം മാത്രമാണ്. എന്നാല്‍ അവരുടെയെല്ലാം  മനോധൈര്യത്തെ, നിയമ വ്യവസ്ഥയിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതാണ് ഇങ്ങനെ കുറഞ്ഞ തോതില്‍ മാത്രം ശിക്ഷിക്കപ്പെടുന്നവര്‍. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ നടന്നു വന്ന കേസ്സുകളില്‍ വെറും 23 കേസ്സുകളില്‍ മാത്രമാണ് നഷ്ടപരിഹാരം കിട്ടിയത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ അപര്യാപ്തത നമുക്ക് കൂടുതല്‍ വ്യക്തമാകും

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നിഷ്‌ക്കളങ്കമായി കളിച്ചു രസിച്ച് അവരുടെ കുട്ടിക്കാലം  ഭയരഹിതമായി ജീവിക്കാന്‍ സാധിക്കുന്ന ഒരവസ്ഥ കൊടുക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍, അവരെ ഉപദ്രവിക്കുന്നവര്‍ക്കു നിയമം അനുശാസിക്കുന്ന ശിക്ഷ 'ഉറപ്പു' വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുകയല്ലേ ചെയ്യുന്നത്  നമ്മുടെ കുഞ്ഞുങ്ങളുടെ മുന്നില്‍ ?

കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മുതല്‍ കുറ്റത്തിന് ശിക്ഷ വിധിക്കുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും അതിവേഗത്തില്‍ ഉള്ളതാവണം. Delayed justice is denied justice എന്നാണ്. ഇവിടെ നീതി മാത്രമല്ല, കുഞ്ഞുങ്ങള്‍ക്ക് അവരുടെ ബാല്യം കൂടിയാണ് നിഷേധിക്കപ്പെടുന്നത്.

ബാലാവകാശ കമ്മീഷന്‍ പറയുന്നത് പോലെ കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓരോ ഏജന്‍സിയും (കേസ് റെക്കോര്‍ഡ് ചെയുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി വിധിപറയുന്ന ജഡ്ജി വരെ) ചൈല്‍ഡ് ഫ്രണ്ട്‌ലി ആകുന്നതിനൊപ്പം കുട്ടികളുടെ മന:ശാസ്ത്രം കൂടി മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുന്നവരാകണം. 

ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ടാണ് ഇത്ര വലിയ തോതില്‍ (ഏതാണ്ട് 10ല്‍ 9) കുറ്റാരോപിതര്‍ നിയമത്തിന്റെ പിടിയില്‍ നിന്നും മുക്തരാകുന്നത് എന്ന് അന്വേഷിക്കുന്നുണ്ട്. അതിന്റെ ഉത്തരം വിരല്‍ചൂണ്ടുന്നത്  അന്വേഷണത്തിലും കോടതി നടപടികളിലും സമൂലമായി അടിയന്തിര പ്രാധാന്യത്തില്‍ വരുത്തേണ്ട മാറ്റങ്ങളിലെയ്ക്കാണ് എങ്കില്‍ സര്‍ക്കാരും അനുബന്ധ ഘടകങ്ങളും നിലവിലുള്ള വ്യവസ്ഥ  ചൈല്‍ഡ് ഫ്രണ്ട്‌ലി ആക്കി മാറ്റാന്‍ തയാറാകണം. 

സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടത് :

1. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് ത്വരിത ഗതിയില്‍ ഫലപ്രദമായ കൗണ്‍സലിംഗ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയണം. 

2. കുട്ടികളുടെ ഐഡന്റിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യത്തിനും അതര്‍ഹിക്കുന്ന രഹസ്യ സ്വാഭാവം കൊടുക്കാന്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ സന്നദ്ധരാകണം. ഈ വിഷയത്തിലുള്ള അന്വേഷണം ഒരിക്കലും ഒരു കുഞ്ഞിന്റെ മനോവീര്യത്തെ കെടുത്തുന്നതാവരുത്, മറിച്ച് അവരെ ജീവിതത്തെ കൂടുതല്‍ ധൈര്യത്തോടെ നേരിടാന്‍ പ്രാപ്തരാക്കുന്നതാവണം. ഇതുവരെ ഈ മേഖലയില്‍ പഠനം നടത്തിയ പലരും പലകുറി ചൂണ്ടി കാണിച്ച പോരായ്മകളാണ് ഈ പറഞ്ഞതൊക്കെ. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താന്‍ നമുക്കു കഴിയണം.  അതാവട്ടെ നമ്മുടെ ഇത്തവണത്തെ ശിശുദിന ചിന്ത. 

ഉള്ളില്‍ കരയുന്ന കുഞ്ഞുങ്ങളുള്ള നാട്ടില്‍, അവരെ വെളുത്ത ഉടുപ്പിടുവിച്ച് പുറമെ ചിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഒരു പ്രഹസനമാണ്. നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത്, അവരെ ഉപദ്രവിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കി, അവരെ വിശ്വസിച്ച്, അവരുടെ കൈ പിടിച്ച്, നമുക്ക് നടക്കാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു നല്ല  നാളേയ്ക്ക് വേണ്ടി.