കേരളം കടന്നുപോകുന്നത് ഒരു പാട് പെണ്‍കുട്ടികളും/കുഞ്ഞുങ്ങളും ലൈംഗികചൂഷണത്തിന് ഇരയാവുന്ന വാര്‍ത്തകളിലൂടെയാണ്. പതിവുപോലെ പ്രലോഭനമടക്കമുളള കുറ്റാരോപണം ഇരയിലേക്കു മാറ്റാനും അവളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ലൈംഗിക ആക്രമണത്തെ ന്യായീകരിക്കാനും കുറേപ്പേര്‍ ഉണ്ടായി.  പീഡോഫിലിയയെ പല കാരണങ്ങള്‍ നിരത്തി സാമാന്യവത്കരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. 

പള്ളിമേടയില്‍വെച്ചു പെണ്‍കുട്ടിയെ ആക്രമിച്ച വ്യക്തിയെ ന്യായീകരിക്കാന്‍, സംരക്ഷിക്കാന്‍ വിശ്വാസത്തിന്റെ മറപിടിച്ച ഒരു വലിയ സമൂഹമുണ്ടായി. ആരോപിതനെ ന്യായീകരിച്ചും കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും പുരോഹിതനു സംരക്ഷണത്തിന്റെ വലയം സൃഷ്ടിക്കാന്‍ ശ്രമിച്ചതും നമ്മള്‍ കണ്ടു.

പുരോഹിതവര്‍ഗം കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന വാര്‍ത്ത ആദ്യമായല്ല പുറത്തുവരുന്നത്. ആ പാപത്തിന്റെ കറ വത്തിക്കാന്‍ മുതല്‍ പ്രാദേശിക വിശ്വാസകേന്ദ്രങ്ങള്‍ വരെ നീളുന്നുണ്ട്. ഇരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. ഏതാണ്ടെല്ലാ മതവിശ്വാസ/ വ്യാപാരകേന്ദ്രങ്ങളുടേയും ഇരുണ്ട ഇടനാഴികള്‍ക്കു ലൈംഗികപീഡനത്തിന്റെ, ഇരകളുടെ കഥകള്‍ കൂടി പറയാനുണ്ട്. 

എന്നാല്‍, ലോകവ്യാപകമായി നടക്കുന്ന ഇത്തരം അതിക്രമ വാര്‍ത്തകളില്‍ പുറംലോകം അറിയുന്നതിന്റെ തോത് പേടിപ്പിക്കുന്ന തരത്തില്‍ ചെറുതാണ്. എന്തുകൊണ്ടെന്നോ? ഈ ആക്രമികള്‍ക്കു ഒരു വലിയ സുരക്ഷാ കവചമുണ്ട്. മതം എന്ന പ്രസ്ഥാനം നല്‍കുന്ന വിശ്വാസതിന്റെ കവചം(faith' armor). അത് ചൂഷണം ചെയ്യുന്നതോ മനുഷ്യന്റെ 'പേടി' എന്ന ഏറ്റവും വലിയ ബലഹീനതയെ. എത്ര കൂടുതല്‍ ഇരയെ പേടിപ്പിക്കാന്‍ കഴിയുന്നുവോ ആനുപാതികമായി അവരെ ആക്രമിക്കാനും നിശബ്ദരാക്കാനും കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഭയത്തിന്റെ തോത് കൂടുംതോറും അക്രമി കൂടുതല്‍ സുരക്ഷിതനാവുകയും ഇര കൂടുതല്‍ എളുപ്പത്തില്‍ ആക്രമിക്കപ്പെടാന്‍ പാകത്തിലുളള സാഹചര്യത്തിലേക്ക് വീഴുകയും ചെയ്യുന്നു.

പള്ളിമേടകളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നതിനു കാരണം അവരെ ലൈംഗിക പീഡനത്തിന് സജ്ജരാക്കിയെടുക്കാന്‍ അവിടങ്ങളില്‍ എളുപ്പമാണെന്നതു തന്നെയാണ്. പ്രലോഭനം, വിധേയത്വം, വിശ്വാസം എന്നിവയാണ് ലൈംഗികപീഡനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്ന മൂന്നു പ്രധാന കാരണങ്ങള്‍. മതവും (അന്ധ)വിശ്വാസവും മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് പലപ്പോഴും മാതാപിതാക്കള്‍ പോലും സ്വാഭാവികമായ സാമൂഹികവിധേയത്വത്തിന് വഴങ്ങുന്നു. 

നീലീന (പേര് സാങ്കല്പികം) എന്ന സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത്, ഇരുട്ടില്‍ എന്തോ കണ്ടു പേടിച്ച അവളെ  ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഏതോ ഒരു സിദ്ധനെ കാണാന്‍ കുട്ടിക്കാലത്ത് കൊണ്ടുപോയത് സ്വന്തം അച്ഛനും അമ്മയും ആണെന്നാണ്. അവരെ മുറിക്കു പുറത്തു ഇരുത്തി സിദ്ധന്‍ ആ പതിനൊന്നുകാരിയെ അന്ന് ക്രൂരമായ ലൈംഗികപീഡനത്തിനു ഇരയാക്കി. മറ്റൊരവസരത്തില്‍ അമ്മയുടെ മുന്നില്‍വെച്ചാണ് മന്ത്രങ്ങള്‍ ഉറക്കെ ജപിച്ച് അയാള്‍ അവളുടെ സ്വകാര്യഭാഗത്തു കടന്നു പിടിച്ചത്. അമ്മ അപ്പോള്‍ ഭക്തിയുടെ പാരമ്യത്തില്‍ കൈകൂപ്പി നില്‍ക്കുകയും. ലൈംഗിക അക്രമികളുടെ കൈയിലുള്ള രണ്ടു വലിയ ആയുധങ്ങളാണ്  ഭക്തിയും വിധേയത്വവും. രണ്ടും ബോധപൂര്‍വ്വം ചൂഷണം ചെയ്യപ്പെടുകയാണിവിടെ.

ഈ സിദ്ധന്റെ അടുത്ത് പോകാന്‍ നിലീന വിസമ്മതിച്ചപ്പോള്‍, അയാളെ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ അതിനെ മറികടന്നു ബലമായി അവളെ അവിടേക്ക് എത്തിച്ചത് സ്വന്തം അമ്മയാണ്. ഇതൊന്നും ഒറ്റപ്പെട്ട അനുഭവമല്ല. മറിച്ചു ലോകത്തിന്റെ എല്ലാ കോണുകളിലും സമാനമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ സ്താപനവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിത ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത് ഭക്തിയുടെ വിഹാരകേന്ദ്രങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോപ്പ് ഫ്രാന്‍സിസും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും ഇതു തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും അതിനെ ന്യായീകരിക്കുന്ന വിശ്വാസസമൂഹം കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭീതിദമാണ്. 

ഇത്തരം അതിക്രമങ്ങളെ തടയാന്‍ പുരോഹിതവര്‍ഗ്ഗത്തിന് വിവാഹം ഒരു മാര്‍ഗ്ഗനിര്‍ദേശമായി പലരും മുന്നോട്ടു വയ്ക്കാറുണ്ട്. എന്നാല്‍ ലൈംഗിക ആക്രമണത്തിനു മുതിരുന്ന ഒരാള്‍ക്ക് ക്രിമിനല്‍ ഉദ്ദേശ്യമാണുള്ളത്. വൈകൃതക്കാരനായ ഒരു ക്രിമിനലിന്  വിവാഹം എങ്ങനെയൊരു പരിഹാരമാകുമെന്ന മറുവാദം വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്.

യത്തീംഖാനകളിലെ കുട്ടികള്‍ 

യത്തീംഖാനയിലെ കുട്ടികളും ആക്രമിക്കപ്പെടുന്നതിനു  കാരണം പ്രലോഭനീയതയും ഭയവുമാണ്. മിഠായികള്‍ വാങ്ങിക്കൊടുത്തും ഭയപ്പെടുത്തിയും ഇക്കൂട്ടര്‍ തങ്ങളുടെ ലൈംഗികവൈകൃതത്തിനു കീഴ്‌പ്പെടുത്താന്‍ കുട്ടികളെ സജ്ജരാക്കുന്നു. 'മഞ്ച്' വാങ്ങി നല്‍കി താന്‍ ഒരു പെണ്‍കുട്ടിയെ വിധേയത്വമുള്ളവളാക്കി മാറ്റുന്നുണ്ടെന്ന്  ഉറക്കെ പറയുന്ന യുവാവിനെ ന്യായീകരിക്കാന്‍ ഒരു പാട് പേര്‍ രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്. പിഡോഫിലിയയെ ന്യായീകരിക്കുന്ന അവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ നമ്മുടെ കുട്ടികള്‍ എത്ര മാത്രം സുരക്ഷിതരാണ്?

കുട്ടികള്‍ക്ക് ലൈംഗിക ആക്രമണങ്ങളില്‍നിന്ന് രക്ഷ നേടാനും നിയമപരിരക്ഷ ഉറപ്പാക്കാനും പോക്‌സോ( Protection of Children against Sexual Offences ) അടക്കമുള്ള നിയമങ്ങളുണ്ട്. എന്നിട്ടും നമ്മുടെ കുഞ്ഞുങ്ങള്‍ പൊതുസ്ഥലങ്ങളിലും സ്വന്തം വീട്ടിലും ആരാധനാലയങ്ങളിലും ലൈംഗികപീഡനത്തിന് ഇരകളായി കൊണ്ടേയിരിക്കുന്നു. 

ലോകത്ത് ഏറ്റവുമധികം കുട്ടികള്‍ ലൈംഗികകുറ്റകൃത്യങ്ങളുടെ ഇരകളാകുന്ന രാജ്യമാണ് ഇന്ത്യ . മാനവശേഷി വിഭവ മന്ത്രാലായം 2007-ല്‍ 13 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ പറഞ്ഞത് ഏതാണ്ട് 21% കുഞ്ഞുങ്ങള്‍ ലൈംഗികപീഡനത്തിന് ഇരകളാകുന്നു എന്നാണ്. പുതിയ പഠനങ്ങളും പുറത്തു വരുന്ന വാര്‍ത്തകളും തെളിയിക്കുന്നത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുവെന്നാണ്. 

നിയമപരിരക്ഷയില്‍ പാളിച്ചകളോ?

കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം(ICPS ) 2009 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ പഠന റിപ്പോര്‍ട്ടുകളും പറയുന്നത് ഇവയുടെ നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടെന്നാണ്. ശിശുസുരക്ഷ അടക്കമുള്ള പദ്ധതികള്‍ പാളിപ്പോകുന്നുവെന്നാണ്. 

പോക്‌സോ കേസുകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണ് നിയമം. എന്നാല്‍ ഇന്ത്യയിലെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കേരളത്തിലെ മാത്രം കണക്കെടുത്താല്‍ അയ്യായിരത്തോളം കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരകളായത്. പല കാരണങ്ങള്‍കൊണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകള്‍ പതിന്മടങ്ങ് വരും. കാലതാമസവും നടപടിക്രമങ്ങളും പല കേസുകളും പാതിവഴിയില്‍ ഒത്തുതീര്‍പ്പാകുന്നതിനു കാരണമാകുന്നു.കേരളത്തില്‍ കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവന്തപുരത്തെ 800 കേസുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. അതില്‍ത്തന്നെ പകുതി കേസുകള്‍ കാലക്രമത്തില്‍ ഒത്തുതീര്‍പ്പായി. 

കുട്ടികള്‍ക്കായി പ്രത്യേക കോടതികള്‍ വേണമെന്ന നിയമം ഉണ്ടായിട്ടു പോലും ജില്ലാ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സിറ്റിങ്ങുകളല്ലാതെ പ്രത്യേക കോടതി നിലവില്‍ വന്നിട്ടില്ല. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കാനും ഫലപ്രദമായ  നിയമസംവിധാനത്തിന്റെ അഭാവമുണ്ടിവിടെ. 

ഇവിടെ പരാതിക്കാരന്‍/പരാതിക്കാരിയായ കുട്ടി അവന്റെ ജീവിതത്തിലെ ബാല്യ-കൗമാര അവസ്ഥയുടെ മാനസിക സംഘര്‍ഷത്തില്‍ കൂടി കടന്നുപോകുന്ന ഒരാളാണ്.ആക്രമിക്കപ്പെട്ടതിന്റെ മാനസിക മുറിവുകള്‍ വേറെയും. അതുകൊണ്ടുതന്നെ ഇത്തരം പരാതിക്കാര്‍ക്കു ആവശ്യമായ കൗണ്‍സിലിങ്ങും മാനസികവും വൈകാരികവുമായ ധൈര്യവും താങ്ങും നല്‍കാന്‍ പ്രാപ്തമായ സപ്പോര്‍ട്ട് മെക്കാനിസം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു.

രക്ഷിതാക്കള്‍ പരാജയപ്പെടുന്നുവോ? 

കുട്ടികളെ ആക്രമിക്കുന്നവര്‍ സമീപസ്ഥരാണെന്ന് റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്്. രണ്ടില്‍ ഒരു കുട്ടി എന്ന തോതില്‍ ലൈംഗികപീഡനത്തിനു ഇരയാകുന്നുവെന്ന്. എന്നിട്ടും നമ്മളെന്തേ അതറിയാതെ പോകുന്നു. അതോ അറിഞ്ഞിട്ടും പേടിയും ഭയവും നാണക്കേടും കാരണം മൂടി വെയ്ക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളും മുറിപ്പെടുത്തുകയാണ് നിങ്ങളുടെ കുഞ്ഞിനെ. സ്വന്തം മാതാപിതാക്കള്‍ അടക്കമുള്ള മറ്റു മനുഷ്യരിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 

കുട്ടികളോട് സംസാരിക്കുക, ആത്മവിശാസം പകരുക

ചെറുപ്പത്തിലെ തങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പേര് പറഞ്ഞു തന്നെ കുട്ടികളെ പഠിപ്പിക്കുക. (ചെറിയ കുട്ടിയാണ് എങ്കില്‍ അവര്‍ക്കു എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു വാക്ക് ഉപയോഗിക്കാം). ഏതൊക്കെ ഭാഗങ്ങള്‍ ആണ് സ്വകാര്യമായത് എന്നും മറ്റുള്ളവരെ സ്പര്‍ശിക്കാന്‍ അനുവദിക്കാതെ ഇരിക്കേണ്ടതെന്നും പറഞ്ഞു പഠിപ്പിക്കണം. അതിക്രമം ഉണ്ടായാല്‍ അതെങ്ങനെയായിരുന്നുവെന്ന് കുട്ടിക്ക് നമ്മോടു പറയാന്‍ ഇതു സഹായകമാകും.

കുട്ടിയോട് ഓരോ ദിവസത്തെ കുറിച്ചുമുള്ള അന്വേഷണം ചോദ്യോത്തര പംക്തിയായി ഒതുക്കരുത്. അവരെയുംകൊണ്ട് പുറത്തു നടക്കാന്‍ പോവുകയോ അവരുടെ ഒപ്പം കളിക്കുകയോ അല്ലെങ്കില്‍ കൊച്ചു ജോലികളില്‍ പങ്കെടുപ്പിക്കുകയോ ചെയ്ത് ദിവസങ്ങളെക്കുറിച്ചു തിരക്കാം. കുഞ്ഞുങ്ങള്‍ നേരിട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിലും കൂടുതല്‍ സത്യസന്ധമായി അവര്‍ മറ്റൊരു പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കുമ്പോള്‍ പറയും.

കുഞ്ഞിന്റെ സുഹൃത്താവുക. അവര്‍ക്ക് ഏറ്റവും വിശ്വാസമുള്ള സുഹൃത്ത്. കുഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുന്ന ഒരാള്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും ഒരു കൈയകലം സൂക്ഷിക്കുക. 

നമുക്കു വേണ്ടത് സ്ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരാകുന്ന ഒരു സമൂഹമാണ്. സ്വന്തം  വീട്ടിലും ആരാധനാലയത്തിലും അനാഥമന്ദിരത്തിലും പൊതുനിരത്തിലും അവര്‍ സുരക്ഷിതരല്ലെന്ന് കേരളം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. ഭയത്തിനടിമപ്പെടാതെ സമൂഹത്തിന്റെ ഭാഗമാകാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവസരമൊരുങ്ങുകയാണ് വേണ്ടത്.

പ്രതീക്ഷയ്ക്കു വകയില്ലാതെയില്ല. കഴിഞ്ഞുപോയ ദിവസങ്ങള്‍ നമുക്ക് ആര്‍ക്കും കീഴ്പ്പെടുത്താന്‍ ആകാത്ത ഒരു പെണ്‍കുട്ടിയെ കൂടി കാണിച്ചു തന്നു. പ്രതീക്ഷയുടെ മുഖം അവളാണ്. ബി ബോള്‍ഡ് ഫോര്‍ ചേഞ്ച് എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നവള്‍.