"If you are lucky enough to have lived in Paris as a young man, then where ever you go for the rest of your life it stays with you, for Paris is a movable feast." 

ലരും പലതാണ് യാത്രകളില്‍ തേടുന്നത്. വ്യത്യസ്തമായ ഭൂപ്രകൃതികളും, ജീവിതങ്ങളും കാണുക, അവരുടെ ഭാഷയും സംസ്‌കാരവും പരിചയപ്പെടുക, വിവിധ രുചിഭേദങ്ങളാസ്വദിക്കുക, അങ്ങനെ പലതാവാം ഉദ്ദേശം. ഒരു സ്ഥലത്തു പോകുമ്പോള്‍ അവരുടെ കല, സാഹിത്യം, വാസ്തുകല, വിശ്വാസങ്ങള്‍, ഇവയൊക്കെ അടുത്തറിഞ്ഞില്ലെങ്കില്‍ യാത്ര പൂര്‍ണമാവില്ല.

പ്ലാനൊന്നുമില്ലാതെയാണ് പാരീസിലേക്ക് പോയത്. നഗരത്തിലൂടെ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ അങ്ങനെ നടക്കണം എന്നായിരുന്നു മോഹം. എത്ര പ്ലാനില്ലെന്നു പറഞ്ഞാലും ചില സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹമുണ്ടാവുമല്ലോ. അതിലൊന്നായിരുന്നു മൊണാലിസ സൂക്ഷിച്ചിട്ടുള്ള 'ലൂവ്ര് മ്യൂസിയം'.

ഒരു ദിവസം മാത്രമേ പാരീസില്‍ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ചയായിരുന്നു അത്. അവിടെയെത്തി അന്വേഷിച്ചപ്പോഴാണറിഞ്ഞത് ചൊവ്വാഴ്ച ലൂവ്ര് മ്യൂസിയം അടഞ്ഞു കിടക്കുമെന്ന്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു നഷ്ടം ! 

Clueless Compass
ഷേക്‌സ്പിയര്‍ ആന്‍ഡ് കോ
ബുക്ക് ഷോപ്പിലേക്കുള്ള പാത

 എങ്കിലും പാരീസ് നിരാശപ്പെടുത്തിയില്ല. തിരക്കേറിയ ഒരു നഗരം പ്രതീക്ഷിച്ചു ചെന്ന ഞങ്ങളെ കാത്തിരുന്നത് ശാന്തമായ തെരുവുകളായിരുന്നു. നടപ്പാതയുടെ രണ്ടു വശത്തും ഭക്ഷണശാലകളും സുവനീര്‍ വില്‍ക്കുന്ന കടകളും. സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള വില്പനാ കേന്ദ്രങ്ങളാണധികവും. ഈഫല്‍ ടവര്‍ മാതൃകകളും, മൊണാലിസയുടെ പോസ്റ്റ് കാര്‍ഡുകളും, പാരീസിലെ പ്രധാന കാബറെ നൃത്തകേന്ദ്രങ്ങളായിരുന്ന മുലാന്‍ റൂഷിന്റെയും, ലെ ചാറ്റ് നോയറിന്റെയും പോസ്റ്ററുകളുമെല്ലാം പലതരം സുവനീറുകളുടെ രൂപത്തില്‍ തെരുവുകളിലുടനീളം കാണാം.

പ്രണയത്തിന്റെയും ഫാഷന്റെയും നഗരം മാത്രമല്ല പാരീസ്, ഒരുപാട് സാഹിത്യകാരന്മാര്‍ക്ക് ജന്മം നല്‍കിയിട്ടുള്ള നാടു കൂടിയാണ്. കവികള്‍, കഥാകാരന്‍മാര്‍ നാടകകൃത്തുക്കള്‍ തുടങ്ങി എഴുത്തിന്റെ പല മേഖലകളിലുമുള്ളവരുടെ പ്രിയപ്പെട്ട നഗരം; ആശയങ്ങളുടെയും ഫിലോസഫിയുടെയും ആസ്ഥാനം. ഈ നഗരം തന്നെ കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വലിയൊരു സര്‍വകലാശാലയാണ്.

ചാള്‍സ് ഡിക്കന്‍സ് പാരിസിനെക്കുറിച്ച് പറഞ്ഞത് ലോകത്തിലെ ഏറ്റവും എക്‌സ്ട്രാ ഓര്‍ഡിനറിയായ നഗരം എന്നാണ്. യാത്രയെക്കുറിച്ചു പറഞ്ഞപ്പോള്‍ നോത്രധാം കത്തീഡ്രലിനടുത്തുള്ള 'ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി' എന്ന പുസ്തകശാലയില്‍ പോവാന്‍ മറക്കരുതെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

അതും ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഒരു ചെറിയപുസ്തകശാല കണ്ണില്‍പെട്ടത്. 'ആബി ബുക്ക്  ഷോപ്പ്'. കയറി നോക്കിയപ്പോള്‍ ഒതുങ്ങിയ സ്ഥലത്തു മേല്‍ക്കൂര വരെ ഉയരമുള്ള ഷെല്‍ഫുകളില്‍ നിറയെ പുസ്തകങ്ങള്‍; ഫിക്ഷനാണധികവും. കടയില്‍ ഒരു ചെറിയ പെണ്‍കുട്ടി മാത്രമാണ് നടത്തിപ്പിന്. പാരീസിനെ കുറിച്ചുള്ള ഏതെങ്കിലും പുസ്തകം നിര്‍ദ്ദേശിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടി ആകെ പരിഭ്രമിച്ചു. അവിടെ സമ്മര്‍ ഇന്റേണ്‍ഷിപ്പിനു വന്നതാണെന്നും ജോയിന്‍ ചെയ്തിട്ട് അധികം ആവാത്തതിനാല്‍ പരിചയമായി വരുന്നതേയുള്ളൂ എന്നും പറഞ്ഞു. നോണ്‍ ഫിക്ഷന്‍ ഇല്ലേ എന്ന ചോദ്യത്തിനു താഴേക്കു കൈ ചൂണ്ടിക്കാണിച്ചു. 

Clueless Compass
'ആബി ബുക്ക്  ഷോപ്പ്

 

കോണിപ്പടികള്‍ ഇറങ്ങിച്ചെന്നത് വിദേശ ഹൊറര്‍ സിനിമകളിലെ പ്രേതങ്ങള്‍ ഒളിച്ചിരിക്കുന്ന നിലവറകളെ ഓര്‍മിപ്പിക്കുന്ന ഒരിടുങ്ങിയ മുറിയിലേക്കാണ്. പല രാജ്യങ്ങളിലെ പല വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങള്‍; ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം മുതല്‍ എസ് രാധാകൃഷ്ണന്റെ ഇന്ത്യന്‍ ഫിലോസഫി വരെ അവിടെയുണ്ട്; ഫെമിനിസം, തിയോളജി, തുടങ്ങിയ സൂര്യന് കീഴെയുള്ള എല്ലാ വിഷയങ്ങളും !

കുഞ്ഞു മാല ബള്‍ബുകളിട്ട് ഉയരം കുറഞ്ഞ സ്റ്റൂളുകളും, ടേബിള്‍ ഫാനും ഒക്കെയായി ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കടയുടെ പുറത്ത്, നിരത്തിലായി കുറെയധികം പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു. അതിനിടയില്‍ ഒരു ചെറിയ സ്റ്റൂളും റ്റീപ്പോയി മേല്‍ ഒരു ജഗ്ഗില്‍ പാലും ചായ-കാപ്പി ഉണ്ടാക്കാനുള്ള സാധനങ്ങളും. വേണ്ടവര്‍ക്ക് തനിയെ മിക്‌സ് ചെയ്തു കുടിക്കാം. അവിടുത്തെ ഓര്‍മയ്ക്കായി ഡാന്റെയുടെ ഒരു കുഞ്ഞു പുസ്തകവും, ഉടമയുടെ സുഹൃത്ത് വരച്ച ആബി ബുക്ഷോപ്പിന്റെ ചിത്രമുള്ള ഒരു പോസ്റ്റ് കാര്‍ഡും വാങ്ങി അവിടെ നിന്നിറങ്ങി.

Clueless Compass
ആബി ബുക്ക് ഷോപ്പ്  

 

സീന്‍ നദിയുടെ ഇരുകരകളിലുമായി പച്ച നിറമുള്ള പെട്ടികള്‍ അടുക്കി വെച്ച വഴിയോര വില്‍പനശാലകളുടെ ഒരു നീണ്ട നിര കാണാം. സെക്കന്റ് ഹാന്റ് പുസ്തകങ്ങള്‍ വില്‍ക്കുന്നയിടമാണിത്. പുസ്തകങ്ങള്‍ മാത്രമല്ല ആര്‍ട്ട് വര്‍ക്കുകളും സുവനീറുകളും ഇവിടെ ലഭിക്കും. പാരീസിന്റെ സാഹിത്യ സംസ്‌കാരത്തിന്റെ ഒരേടാണിത്. കട തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയം മുതല്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന പച്ച നിറമുള്ള പെട്ടികളുടെ വലിപ്പം സംബന്ധിച്ച് വരെ ഇവിടുത്തെ വില്‍പനക്കാര്‍ക്ക് പ്രത്യേക നിയമാവലിയുണ്ട്. അതു തന്നെയാണ് നമ്മുടെ നാട്ടിലെ വഴിയോര പുസ്തകശാലകളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്.

Clueless Compass
ഷേക്സ്പിയർ ആൻഡ് കോ  മുൻവശം

 

തെരുവ് മുറിച്ചു കടന്നാല്‍ ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനിയിലെത്താം. 1951ല്‍ അമേരിക്കക്കാരനായ ജോര്‍ജജ് വിറ്റ്മാന്‍ ആരംഭിച്ച പുസ്തകശാലയാണിത്. പേര് കേട്ടാല്‍ ഷെയിക്‌സ്പിയറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയം തോന്നുക സ്വാഭാവികം. എന്നാല്‍ അങ്ങനെയൊന്നുമില്ല. വിറ്റ്മാന്റെ വാക്കുകള്‍ കടയുടെ മുന്‍പിലെ ചുവരില്‍ എഴുതി വെച്ചിട്ടുണ്ട്. ഇവിടുത്തെ ഓരോ മുറിയും ഒരു നോവലിലെ ഓരോ അധ്യായങ്ങളാണെന്ന്. ദസ്‌തേവ്‌സ്‌കിയും ടോള്‍സ്റ്റോയിയുമെല്ലാം വിറ്റ്മാന് അയല്‍ക്കാരെക്കാളും യാഥാര്‍ത്ഥ്യമായിരുന്നു.

തന്റെ അവസാനകാലത്ത് കമ്പനിയുടെ നടത്തിപ്പ് മകള്‍ക്ക് കൈമാറിക്കൊണ്ടുള്ള കുറിപ്പാണത്. ഒരു വായനശാല കൂടിയാണ് ഈ കമ്പനി. എഴുത്തുകാര്‍ക്ക് സമാധാനമായി വന്നിരുന്ന് വായിക്കാനും എഴുതാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു സ്ഥലമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. അന്നത്തെ പ്രസിദ്ധരായ പല എഴുത്തുകാരും രാവും പകലും ചിലവഴിച്ച സ്ഥലമാണിത്.

ബുക്ക് ഷെല്‍ഫുകളുടെ ഇടയില്‍ ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഒരുപാടെഴുത്തുകാരും എഴുതാന്‍ ആഗ്രഹിച്ച് സാധിക്കാതെ പോയവരുമെല്ലാം ഇരുന്നിട്ടുണ്ടാകാം. ഇപ്പോള്‍ ഇതിന്റെ നടത്തിപ്പ് വിറ്റ്മാന്റെ മകള്‍ സില്‍വിയയ്ക്കാണ്. പുതിയതും ഉപയോഗിച്ചതുമായ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. അതുമാത്രമല്ല എഴുത്തുകാര്‍ക്ക് ഇവിടെ താമസിച്ചെഴുതാനുള്ള സൗകര്യം ഇപ്പോഴും ഇവിടെയുണ്ട്. 

Clueless Compass
ഡാന്റെയുടെ പുസ്തകവും ബുക്ക് മാർക്കുകളും

 

രണ്ടു ബില്‍ഡിങ്ങുകളിലായാണ് ഈ പുസ്തകശാല സ്ഥിതി ചെയ്യുന്നത്. അതിലൊന്ന് ആന്റിക് പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ലക്ഷങ്ങള്‍ വരെ വിലവരുന്ന ഒറിജിനല്‍ കോപ്പികള്‍ പലതും അവിടെ കണ്ടു. അത് വാങ്ങിക്കാന്‍ ഇന്നും ആളുണ്ടെന്നത് അത്ഭുതം തന്നെ. മുന്‍ ചുവരുകളില്‍ ചില വാചകങ്ങളും പഴയ പത്ര കട്ടിങ്ങുകളും കാണാം. രണ്ടു നിലകളിലായി ആയിരക്കണക്കിന് പുസ്തകങ്ങള്‍. കമ്പനിയുടെ ചരിത്രം പറയുന്ന ഒന്ന് രണ്ടു പുസ്തകങ്ങളും ഉണ്ട്. അതിലൊരെണ്ണം അവിടെയിരുന്നു തന്നെ വായിച്ചു തീര്‍ത്തു. 

പഴമ തുളുമ്പുന്ന അകത്തളങ്ങളാണ് ഇവിടുത്തേത്. മങ്ങിയ ഇളം മഞ്ഞ നിറമുള്ള ചുവരുകളുടെയത്ര തന്നെ ഉയരമുണ്ട് പുസ്തകഷെല്‍ഫുകള്‍ക്ക്. മൂലയിലുള്ള പഴകിയ കണ്ണാടിയില്‍ 'poetry upstairs' എന്നെഴുതി വെച്ചതു കണ്ട് അങ്ങോട്ട് നടന്നു. മുകളിലേക്കുള്ള കോണിപ്പടികളില്‍ പേര്‍ഷ്യന്‍ കവി ഹഫീസിന്റെ പ്രശസ്ത വാചകങ്ങള്‍ എഴുതിയിരിക്കുന്നു. മുകളിലുള്ള ചുവരുകളിലൊന്നില്‍ മുന്‍പ് വന്നവര്‍ എഴുതിയിട്ട വാചകങ്ങള്‍, പലരുടെയും ഇഷ്ടപെട്ട പുസ്തകങ്ങളുടെ പേര്, അവ അവരെ ഓര്‍മപ്പെടുത്തിയത്, പുസ്തകശാലയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍, അങ്ങനെ പലതും കാണാം. സംഗീതം കേട്ട് ഉള്ളിലെ മുറികളിലൊന്നിലേക്കു ചെന്നപ്പോള്‍ ഒരു പെണ്‍കുട്ടി പിയാനോ വായിക്കുന്നു. 

Clueless Compass
ഷേക്സ്പിയർ ആൻഡ് കോ - ആന്റിക് സെക്ഷൻ

 

ചുറ്റും പുസ്തകങ്ങള്‍, ചാരുകസേരയിലും കിടക്കയിലുമായി വായനയുടെ ലോകത്തു മുഴുകിയിരിക്കുന്നവര്‍, വായനയെ മുറിച്ചു കൊണ്ട് ഒഴുകി വരുന്ന സംഗീതത്തില്‍ ലയിച്ചിരിക്കുന്നവര്‍. എത്ര മനോഹരമായ കാഴ്ച! പുസ്തകശാലകള്‍ കൂടാതെ പല എഴുത്തുകാരും താമസിച്ച വീട്, അവര്‍ സ്ഥിരം സന്ദര്‍ശിച്ചിരുന്ന കഫേകള്‍ അങ്ങനെ പലതും പാരീസില്‍ കാണാം. ഓസ്‌കര്‍ വൈല്‍ഡ് തന്റെ അവസാനകാലം ചിലവഴിച്ച ഹോട്ടല്‍, ഹെമിങ്‌വേയുടെ പേരിലുള്ള ബാര്‍, സാമുവല്‍ ബെക്കറ്റ്, ജീന്‍പോള്‍ സാര്‍ത്രേ തുടങ്ങിയവരെ അടക്കം ചെയ്ത സെമിത്തേരികള്‍ തുടങ്ങി പാരീസിന്റെ സാഹിത്യചരിത്രമുറങ്ങുന്ന ഒട്ടനവധി സ്ഥലങ്ങള്‍. അങ്ങനെയൊരു സങ്കേതം യാദൃശ്ചികമായി കാണാന്‍ സാധിച്ചു; കഫേ ലെ ഡ്യൂക്‌സ് മാഗോട്ട്‌സ്. കണ്ടപ്പോള്‍ തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തെ ഹീറോ ഹോട്ടല്‍ ഓര്‍മ്മ വന്നു. പക്ഷേ വിലയില്‍ തീരെ സാമ്യമില്ലെന്നു മാത്രം! 

പുസ്തകപ്രേമിയല്ലാത്തൊരാള്‍ക്കു പോലും പാരിസിലെ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പോയ നൂറ്റാണ്ടില്‍ ഈ നഗരത്തിന്റെ മുഖം എന്തായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും. ഒരു പോസ്റ്റ്കാര്‍ഡും വാങ്ങി ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനിയില്‍ നിന്നിറങ്ങിയപ്പോഴേക്കും സൂര്യന്‍ താഴ്ന്നു തുടങ്ങിയിരുന്നു. സീന്‍ നദിയിലൂടെ ബോട്ടുകള്‍ ഒഴുകിക്കൊണ്ടിരുന്നു; നിരത്തിലൂടെ മനുഷ്യരും


Writer is : Globetrotter & travel blogger and co-creator of Clueless CompassContent

Highlights: Travel Column by Thara Nandikkara, Clueless Compass, Libraries In Paris