''ശ്ശോ ശ്ശോ, ഒരു പശു ആണെന്നതുകൊണ്ട് എപ്പോഴും അയവിറക്കി മിഴിച്ചുനോക്കി അങ്ങനെ നിന്നുകൊള്ളണം എന്നുണ്ടോ?''

സ്ത്രീ-പുരുഷ സമത്വത്തേയും ലിംഗനീതിയേയും കുറിച്ചുള്ള ആശയങ്ങള്‍ പ്രചരണ സാഹിത്യത്തിന്റെ രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നാണ് പൊതുവേയുള്ള ധാരണ. സ്ത്രീകള്‍ക്ക് സ്വതന്ത്രമായും ഭയംകൂടാതെയും ജീവിക്കാനും അതിരുകളില്ലാതെ സ്വപ്‌നം കാണാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും കഴിയുമെന്ന സന്ദേശം കുട്ടികള്‍ക്കുള്ള സാഹിത്യത്തില്‍ ഉള്‍പ്പെടുത്തുക വിഷമമാണെന്നാണ് പലരും വിചാരിക്കുന്നത്. സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് ആശയങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന തോന്നല്‍ ഒരു വശത്തും ആണ്‍-പെണ്‍ വിവേചനത്തിന്റെ ധ്വനികള്‍ ഒഴിവാക്കി എങ്ങനെയെഴുതും എന്ന വെല്ലുവിളി മറുവശത്തും നിന്ന് എഴുത്തുകാരെയും പ്രസാധകരെയും ബുദ്ധിമുട്ടിക്കുന്നു.

മനുഷ്യരും പ്രകൃതിയും അചേതനവസ്തുക്കളും സജീവസാന്നിധ്യങ്ങളായി ജീവിക്കുന്ന കുട്ടികളുടെ ലോകത്ത് മുതിര്‍ന്നവരുടെ ലോകത്തേതുപോലെ രൂക്ഷമായ തോതില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ വ്യത്യാസങ്ങളുടെ പാഠങ്ങള്‍ പഠിച്ചുകൊണ്ട് അധികാരിയായ ആണിന്റെയും അടിമയായ പെണ്ണിന്റെയും റോളിലേക്ക് കുട്ടികള്‍ വളര്‍ന്നുവലുതാകുകയാണ് ചെയ്യുന്നത്. ലിംഗ നീതിയുടെ ആശയങ്ങള്‍ കുട്ടികള്‍ എങ്ങനെ പരിചയപ്പെടുത്തും എന്ന ആശയക്കുഴപ്പത്തിന് സുന്ദരമായ മറുപടിയാണ് 'അമ്മപ്പശുവിന്റെ കഥകള്‍'

അസാധാരണ കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു അമ്മപ്പശുവിന്റെയും അവളുടെ കൂട്ടുകാരന്‍ കാക്കയുടെയും കഥകളാണിവ. സമൂഹം അംഗീകരിച്ചു പിന്തുടരുന്ന റോളുകളില്‍ നിന്നു ധൈര്യപൂര്‍വ്വം മാറിനടന്നുകൊണ്ട്, ആത്മവിശ്വാസത്തോടെ സ്വന്തം സന്തോഷം കണ്ടെത്തുന്ന അമ്മപ്പശുവിന്റെ (സ്ത്രീയുടെ) കഥകളെന്നും ഇവയെ വിശേഷിപ്പിക്കാം.

എല്ലാ പശുക്കളും ഇളവെയിലുകൊണ്ട് പുല്ലുമേഞ്ഞും അയവിറക്കിയും സമയാസമയത്ത് കറവയ്ക്കായി തൊഴുത്തില്‍ ചെന്ന് അനുസരണയോടെ നില്‍ക്കുകയും ചെയ്ത് സുഖമായി ജീവിക്കുമ്പോള്‍ സൈക്കിളില്‍ കയറി കാട്ടില്‍ സവാരിചെയ്തും ഊഞ്ഞാലാടിയും ഏറുമാടം കെട്ടിയും സ്ലൈഡില്‍ തെന്നിയിറങ്ങി കളിച്ചും ജീവിതത്തെ വൈവിധ്യമുള്ള അനുഭവങ്ങളാല്‍ നിറച്ച് സന്തോഷിക്കുവാനാണ് അമ്മപ്പശു ശ്രമിക്കുന്നത്. അമ്മപ്പശുവും കൂട്ടുകാരനായ കാകനും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്. ആകാശത്തു പറന്നുനടന്ന്, വിശാലതയുടെ ഒട്ടേറെ അനുഭവങ്ങള്‍ നേടി സ്വയം ഒരു വിദഗ്ദ്ധനായാണ് കാകന്‍ അവനെ കരുതുന്നത്. സമൂഹം അംഗീകരിച്ചിട്ടുള്ള അനുസരണയുടെ പാഠങ്ങളും അതിര്‍വരമ്പുകളും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അമ്മപ്പശുവിന്റെ അസാധാരണ ചെയ്തികളെ അവനെപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള ഗാഢമായ സൗഹൃദം കൊണ്ടും അമ്മപ്പശു ഉന്നയിക്കുന്ന യുക്തികളെ തള്ളിക്കളയാന്‍ കഴിയാത്തതുകൊണ്ടും അവന്‍ അവളെ സഹായിക്കുന്നു. വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടംനല്‍കുകയും അതേസമയം അന്യോന്യം മനസ്സിലാക്കി സഹായിക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെ മാതൃകയാണ് ഇവരുടെ ബന്ധം. സ്ത്രീയുടെയും പുരുഷന്റെയും വീക്ഷണങ്ങള്‍ തമ്മിലുള്ള ഇടയലായും അതിനുള്ളില്‍ സാധ്യമായ യോജിപ്പായും നമുക്കിതിനെ കാണാം.

അമ്മപ്പശുവിന്റെ അസാധാരണ ചെയ്തികളൊന്നും വെറും തമാശകളല്ല. കഠിനമായി പരിശ്രമിച്ചിട്ടാണ് അവള്‍ ഓരോ പ്രവൃത്തിയും ചെയ്യുന്നത്. ഊഞ്ഞാല്‍ കെട്ടാനുള്ള കയറും പലകയുമായി പശുകൂട്ടത്തില്‍ നിന്നും ആരുംകാണാതെ മുങ്ങി കാട്ടിലെത്തുന്നു. പശുവിന് മരത്തില്‍ കയറി ഊഞ്ഞാല്‍ കെട്ടണമെങ്കില്‍ കാകന്റെ സഹായം വേണം. 'നീ ഒരു പശുവാണ്, അമ്മപ്പശു.... എന്നാലും ഒരു പശു, പശുക്കല്‍ ഊഞ്ഞാലാടില്ല'- എന്നാണ് കാകന്‍ പറയുന്നത്. എങ്കിലും ഒടുവില്‍ പശുപറയുന്നതിലെ ന്യായങ്ങള്‍ അവഗണിക്കാന്‍ കഴിയാതെ അവന്‍ ഊഞ്ഞാല്‍ കെട്ടികൊടുക്കുന്നു. ഏറുമാടം ഉണ്ടാക്കുമ്പോഴുള്ള പ്രശ്‌നം കുറെക്കൂടി ഗുരുതരമാണ്. മരത്തില്‍ കയറണം, ആണിയടിക്കണം, പലക മുറിക്കണം.... കാകന്‍ സഹായിക്കാന്‍ ഒട്ടും തയ്യാറല്ല. ആ വെല്ലുവിളി ഏറ്റെടുത്ത അമ്മപ്പശു ഇതെല്ലാം ചെയ്യുമ്പോള്‍ അതിന്റെ കുറ്റവും കുറവും ചൂണ്ടിക്കാട്ടി അവന്‍ അസഹ്യത കാണിക്കുന്നു. 'ചില ആണികള്‍ വളഞ്ഞോ എന്നതിലെന്താണിത്ര കാര്യം, ഒടുവില്‍ ഏറുമാടമൊന്നു കിട്ടിയല്ലോ!', എന്നാണ് അമ്മപ്പശുവിന്റെ അഭിപ്രായം.

'ഒരു മരത്തില്‍ വീടുണ്ടാക്കിയിട്ട് പിന്നെ വേറെ മരത്തിലേക്ക് പോയി വേറൊരു വീടുണ്ടാക്കുക, ഒടുവില്‍ കാട്ടിലെ എല്ലാ മരത്തിലും വീടാകുന്ന അവസ്ഥ'- ഈ അരാജകത്വമൊന്നും കാകന് സഹിക്കാന്‍ പറ്റുന്നില്ല. അമ്മപ്പശു ഒരു വീടുണ്ടാക്കിയെങ്കില്‍ അവിടെ തന്നെ ഇരിക്കണം എന്നാണ് കാകന്റെ അഭിപ്രായം. നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ നിയമങ്ങളും യുക്തികളുമാണ് കാകന്റെ വാക്കുകള്‍, പശുക്കള്‍ക്കുമാത്രം പ്രത്യേകം പെരുമാറ്റച്ചട്ടം വിധിക്കുന്ന വ്യവസ്ഥയുടെ നിയന്ത്രണങ്ങളെ തകിടം മറിക്കുകയാണ് അമ്മപ്പശുവിന്റെ ചെയ്തികള്‍. ഇതിനിടയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാകന്‍ 'കഠിനമായ' പരിഹാരങ്ങള്‍ കണ്ടുപിടിക്കുന്നു. വളഞ്ഞുപോയ സ്ലൈഡ് നേരെയാക്കാന്‍ ഹെലികോപ്റ്ററില്‍ നിന്നു ഭാരക്കട്ടിക താഴേക്കിടാന്‍ പ്ലാന്‍ തയ്യാറാക്കുകയും ഏറുമാടം കെട്ടാന്‍ സകലയന്ത്രസാമഗ്രികളും തയ്യല്‍മിഷ്യനും ഫ്ലസ്‌കും ബൈനോക്കുലറുമടക്കമുള്ള സന്നാഹങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് അവന്‍. എന്നാല്‍ ഈ ഘട്ടങ്ങളിലൊക്കെ ലളിതവും പ്രായോഗികവുമായ പരിഹാരങ്ങളിലൂടെ അമ്മപ്പശു പ്രശ്‌നം പരിഹരിക്കുന്നു: അവള്‍ പെര്‍ഫെക്ഷനില്‍ വിശ്വസിക്കുന്നതേയില്ല! 'ശരിക്ക് വയ്ക്കാന്‍ ഒന്നിലേറെ വഴികളുണ്ട്' എന്നാണവളുടെ കാഴ്ചപ്പാട്.

സന്തോഷമായി ജീവിക്കാന്‍ ആണിനും പെണ്ണിനും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പണമുള്ളവര്‍ക്കും പണമില്ലാത്തവര്‍ക്കും വിദ്യാഭ്യാസമുള്ളവര്‍ക്കും നിരക്ഷരര്‍ക്കും എല്ലാം ഒരുപോലെ അവകാശമുണ്ടെന്നുള്ള സന്ദേശം ഈ കഥകളിലുണ്ട്. ഏതുപ്രായത്തിലും കുട്ടികളുടെ മനസ്സ് സൂക്ഷിക്കുവാന്‍ നമുക്കു കഴിയുമെന്നും സ്വാതന്ത്ര്യത്തിന്റെ ഊഞ്ഞാലുകള്‍ ആടാന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ഈ കഥകള്‍ നമ്മളോടു പറയുന്നു. ആണിനും പെണ്ണിനും നിശ്ചിതമായ ജോലികള്‍ നിര്‍ദേശിക്കുകയും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയെ സ്ത്രീവാദം (Feminism) ശക്തമായി എതിര്‍ക്കുന്നു. പെണ്ണുങ്ങളുടേതായി സമൂഹം അംഗീകരിക്കാത്ത എല്ലാ പണികളും അമ്മപ്പശു ചെയ്യുന്നു. എപ്പോഴും സന്തോഷവതിയായി കാണുന്ന അമ്മപ്പശു വിലക്കുകളെക്കുറിച്ച് ആവലാതിപ്പെടാതെ സ്വന്തം തീരുമാനം നടപ്പാക്കാനുള്ള പ്രയോഗിക മാര്‍ഗങ്ങള്‍ തേടുകയാണ് ചെയ്യുന്നത്. അതിലവള്‍ക്ക് വ്യക്തതയും ആത്മവിശ്വാസവുമുണ്ട്. കാരണം അവള്‍ സാമൂഹ്യസമത്വത്തില്‍ വിശ്വസിക്കുന്നു. കൃഷിക്കാരനും കുട്ടികളും കോഴികളും പശുക്കളും കാകനും സന്തോഷമായി കഴിയുന്ന ലോകത്തിലാണ് അവളുടെ വിശ്വാസം.

സ്വീഡിഷ് ഭാഷയില്‍ വളരെയേറെ പ്രചാരം നേടിയ Mamamu എന്ന കഥാപരമ്പരയുടെ മലയാള പരിഭാഷയാണ് അമ്മപ്പശുവിന്റെ കഥകള്‍. സ്വീഡിഷ് എഴുത്തുകാരായ ജുജു വേയ്‌സ്‌ലാന്‍ഡറും അവരുടെ കൂട്ടുകാരന്‍ തോമസ് വേയ്‌സ്‌ലാന്‍ഡറും ചേര്‍ന്നാണ് ഈ കഥകള്‍ എഴുതിയിരിക്കുന്നത്. സ്വീഡനിലെ കുട്ടികളുടെ റേഡിയോയില്‍ വളരെക്കാലം അവതരിപ്പിച്ചിരുന്ന ഈ എഴുത്തുകാരുടെ പ്രക്ഷേപണപരിപാടിയിലൂടെ അമ്മപ്പശുവും കാകനും അവിടുത്തെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളായി. പിന്നീട് ഈ കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. മനോഹരവും ഭാവനാപൂര്‍ണ്ണവുമായ ചിത്രങ്ങള്‍ വരച്ച് പ്രസിദ്ധ ചിത്രകാരനായ സ്വെന്‍ നോര്‍ഡ്ക്വിസ്റ്റ് ഈ പുസ്തകങ്ങളെ ആകര്‍ഷണീയമാക്കി. മലയാളപരിഭാഷ നിര്‍വഹിച്ചത് റൂബിന്‍ ഡിക്രൂസും സെയ്ദ് മുഹമ്മദുമാണ്. പ്രസാധനം കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്.

ധൈര്യവതികളും ആഹ്ലാദവതികളുമായ പെണ്‍കുട്ടികളും സമഭാവനയോടെ ജീവിതത്തെ കാണുന്ന ആണ്‍കുട്ടികളും നിറഞ്ഞ, സാമൂഹ്യസമത്വവും ലിംഗനീതിയുമുള്ള സമൂഹം സ്വപ്‌നം കാണുന്ന എല്ലാവരും അമ്മപ്പശുവിന്റെ കഥകള്‍ ഇഷ്ടപ്പെടും. എല്ലാ കുട്ടികളെയും അവരുടെ അച്ഛനമ്മമാരേയും അമ്മപ്പശുവിന്റെ സന്തോഷമുള്ള ലോകത്തിലേക്ക് ഞാന്‍ ക്ഷണിക്കുന്നു.

minisukumar@hotmail.com