യേശുവിനെ ഉദരത്തില്‍ വഹിച്ച മറിയം നിറവയറുമായി ഓടിരക്ഷപെടുകയായിരുന്നു ബെത്ലഹേമിലേക്ക്. അവിടെ നിന്ന് ഉണ്ണിയേശുവിനെ മാറോടടുക്കിപ്പിടിച്ച് ഈജിപ്തിലേക്ക്. ഹെറോദോസിന്റെ മരണശേഷം വീണ്ടും ഇസ്രായേലിലേക്ക്, പിന്നെ അവിടെ നിന്ന് നസ്രത്തിലേക്ക്... അവസാനം കാല്‍വരിക്കുന്നിലെ ആ കുരിശിന്‍ ചുവട്ടിലേക്ക്. ജീവിതമത്രയും മറിയം ഓടിയത് നൊന്തുപെറ്റ മകനുവേണ്ടിയായിരുന്നു. അവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു...

ബൈബിളിലും ഖുറാനിലും കണ്ട മറിയത്തെ ഇന്ന് സിറിയയില്‍ കാണാം. ഒരാളായല്ല, ഒരായിരം ആളുകളായി. സ്വന്തം കുഞ്ഞിനെ രാസായുധങ്ങളില്‍ നിന്ന്, ബോംബുകളില്‍ നിന്ന് രക്ഷിക്കാനായി പലായനം ചെയ്യുന്ന അമ്മമാര്‍. അത്തരം പലായനങ്ങള്‍ക്കിടെ ഒരമ്മയ്ക്ക് കൈവിട്ടുപോയ കുരുന്നായിരുന്നു, രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തിന്റെ നോവായി മാറിയ ഐലന്‍ കുര്‍ദിയെന്ന് നാം മറന്നുപോവരുത്.

കുഞ്ഞുങ്ങള്‍ക്ക്  ഒരുനേരത്തെ ആഹാരം നല്കാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന മുഖംമൂടി അണിഞ്ഞവരുടെ മുന്നില്‍ മാനം പോലും പണയം വെക്കേണ്ടിവരുന്ന ഗതികേട് പോലും അനുഭവിക്കുന്ന അമ്മമാര്‍ സിറിയയിലുണ്ടെന്ന് റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസമാണ്.

മുലപ്പാല്‍ നുകരുന്നതിനിടെ അകന്നുപോയ ചെഞ്ചോരിവായകളെയോര്‍ത്ത്, കൈവിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു പോയ കുഞ്ഞുവിരലുകളെയോര്‍ത്ത് നെഞ്ചുപിടയുന്ന കണ്ണീര്‍ വറ്റിയ അമ്മമാര്‍ വേറെയുമെത്രയോ ഇരട്ടി.

syria

ആരൊക്കെയോ എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ നടത്തുന്ന യുദ്ധങ്ങള്‍ക്കിടെ ആ പിഞ്ചുകുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു? എന്തിനാണ് അവരെയിങ്ങനെ കൊന്നൊടുക്കുന്നത്? ചോദ്യങ്ങളെ നമുക്കുള്ളൂ, ഉത്തരങ്ങള്‍ ആരും തരില്ല...

സിറിയയിലെ ഡമാസ്‌കസിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗൗട്ടയില്‍ നിന്നുള്ള നൊമ്പരക്കാഴ്ച്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ കരയിക്കുകയാണ്. അവിടെനിന്ന് പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിറയുന്ന നിഷ്‌കളങ്കരായ കുരുന്നുകള്‍, ജീവനറ്റ നൂറുകണക്കിന് കുരുന്നു ശരീരങ്ങള്‍, പൊന്നോമനമക്കളുടെ ശവശരീരങ്ങളുമായി നെഞ്ച്പൊട്ടിക്കരയുന്ന മാതാപിതാക്കള്‍...

കഴിഞ്ഞ ദിവസങ്ങല്‍ അങ്ങനെ ഫെയ്സ്ബുക്ക് ന്യൂസ് ഫീഡിലൂടെ വന്ന് കണ്ണ് നനയിച്ച, നെഞ്ച് പിടപ്പിച്ച ചിത്രങ്ങള്‍ അനേകമാണ്. വളരെ വേഗം സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ ഒരുവട്ടം കൂടി അവയിലേക്ക് നോക്കാന്‍ ധൈര്യം തോന്നാറില്ല. എവിടെ നിന്നോ ഒരു കുഞ്ഞ്കരച്ചിൽ കാതിലേക്ക് വരും, കരയുന്ന മുഖം ദൈന്യതയായി മനസ്സിലേക്കും... വീട്ടില്‍ അപ്പൂപ്പന്റെയും അമ്മമ്മയുടെയും അടുത്ത് സുരക്ഷിതയായിരിക്കുന്ന എന്റെ കുഞ്ഞിന്റെ മുഖം.

ഫോണ്‍ വിളിക്കുമ്പോഴുള്ള അവളുടെ ചിണുങ്ങിക്കരച്ചില്‍ കേട്ടാല്‍ പോലും പിടയുന്ന അമ്മമനസ്സോര്‍ക്കും. ഫോണിന്റെ ഇങ്ങേത്തലയ്ക്കലിരുന്ന് കൂടെക്കരയുന്ന എന്റെ നെഞ്ചിലെ പിടച്ചില്‍ പറയാതെ കേള്‍ക്കാതെ അറിഞ്ഞ് എന്നെ സമാധാനിപ്പിക്കുന്ന അമ്മയെ ഓര്‍മ വരും...

അങ്ങനെ എത്രയെത്ര അമ്മമാര്‍ ആ യുദ്ധഭൂമിയിലുണ്ടാവും. സ്വന്തം കുഞ്ഞിന്റെ കരച്ചില്‍ കാണാന്‍ പോലും ശക്തിയില്ലാത്തവരായിട്ടും ആ പൊന്നുമക്കളുടെ ശവശരീരം കാണേണ്ടിവരുന്നവര്‍. അവരെ ഖബറിലേക്കടുക്കുമ്പോള്‍ അലറിക്കരയാനല്ലാതെ മറ്റൊന്നിനും കഴിയാതെ എല്ലാ പ്രതീക്ഷയും നശിച്ച് ജീവഛവമായവര്‍. 

നൊമ്പരങ്ങളായി ബാക്കിയാവുന്നവരില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നുമക്കളാണുണ്ടാവും. തനിക്ക് ചുറ്റും യുദ്ധം നടക്കുകയാണെന്നോ തന്റെ അച്ഛനുമമ്മയും ഇനിയില്ലെന്നോ അറിയാതെ ക്യാമറ നോക്കി പുഞ്ചിരി തൂകുന്ന ഒരു മാലാഖക്കുഞ്ഞ്, അവളുടെ കണ്ണുകളിലെ ആ നിഷ്‌കളങ്കത എത്രപേരെ കരയിച്ചിട്ടുണ്ടാവും.

syria

യുദ്ധങ്ങളുടെ ലോകത്ത് നിന്ന് ചേച്ചി എന്നെന്നേക്കുമായി പോയതറിയാതെ അവളുടെ കൈകളില്‍ സുരക്ഷിതയായിരിക്കുന്ന ആ കുഞ്ഞനുജത്തി. അത്രത്തോളം മനസ്സ് നീറ്റിച്ച കാഴ്ച്ച അടുത്തകാലത്തൊന്നും കണ്ടതായി ഓര്‍മയില്ല. ക്ലോറിന്‍ വാതകം ശ്വസിച്ച് അത്യാസന്നനിലയിലായ ചേച്ചിക്കാണ് ആദ്യം അവരാ ഓക്സിജന്‍ മാസ്‌ക് കൊടുത്തത്. പക്ഷേ, അച്ഛനും അമ്മയും തന്നെയേല്‍പ്പിച്ച അനുജത്തിയെ സുരക്ഷിതയാക്കണമെന്നവള്‍ക്ക് തോന്നിയിരിക്കാം. തന്നോടൊപ്പം വിഷവായു ശ്വസിച്ച കുഞ്ഞനുജത്തിക്ക് ഓക്സിജന്‍ മാസ്‌ക് പിടിച്ചുകൊടുത്ത് അവളിലെ ജീവന്‍ പിടഞ്ഞവസാനിച്ചു. 

syria

ആ കണ്ണുകളിലെ നിസ്സഹായത അവശേഷിപ്പിക്കുന്നത് ഒരുപാട് ചോദ്യങ്ങളാണ്. നോവിനും നീറ്റലിനും കണ്ണീരിനും അപ്പുറത്ത് ലോകം ഉത്തരം കണ്ടെത്തേണ്ട കുറേയേറെ ചോദ്യങ്ങള്‍. ഈ മാലാഖക്കുഞ്ഞുങ്ങളെ കുരുതിക്കൊടുത്ത് ഇവിടെ ആര് എന്താണ് നേടുന്നത്?  ജീവിക്കാനുള്ള അവരുടെ അവകാശം കവര്‍ന്നെടുത്ത് ആരൊക്കെയോ നേടാന്‍ പോവുന്ന വിജയങ്ങള്‍ക്ക് എന്ത് നിലനില്‍പ്പാണുള്ളത് ? 

കാര്യകാരണങ്ങള്‍ മാറിമറിഞ്ഞിട്ടും ഏഴ് വര്‍ഷങ്ങളായി തുടരുന്ന യുദ്ധം എത്രയോ അമ്മമാരുടെ കണ്ണീരാണ്, ചിതറിത്തെറിച്ചും ശ്വാസം കിട്ടാതെ പിടഞ്ഞും മരിച്ച എത്രയോ കുഞ്ഞുങ്ങളുടെ ചോരയാണ്... സിറിയ രക്തം വാര്‍ന്നുണ്ടായ പ്രളയത്തില്‍ മുങ്ങിമരിക്കുകയാണ്, അമ്മമുറിവുകളില്‍ നിന്നൊഴുകിപ്പരക്കുന്ന ആ ചോരക്കറ ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. എന്റെ, നിന്റെ, നാമറിയാത്ത ആരുടെയൊക്കെയോ കണ്ണീരായി...

content highlights: syriaisbleeding, bleedingsyria