മുതിര്‍ന്നവരുടെ അനാസ്ഥ കാരണം പൊലിഞ്ഞുപോയ കുഞ്ഞുജീവന്റെ പട്ടികയിലേക്ക് ഷഹ്‌ലയും. അവസാനദിവസം അവളിരുന്ന് പഠിച്ച ക്ലാസ്സ് മുറിയുടെ ചിത്രം, അതിലെ പാമ്പിന്‍ മാളം മനസ്സിനെ  ഉലയ്ക്കുന്നു. പാമ്പു കടിച്ചെന്നു പറഞ്ഞിട്ടും ശരീരം നീലിച്ചിട്ടും ആസ്പത്രിയിലാക്കാന്‍ രക്ഷിതാവുവരാന്‍ കാത്തിരുന്ന അദ്ധ്യാപകരെ 'മാഷേ' എന്ന് നമ്മള്‍ക്കു വിളിക്കാന്‍ കഴിയുമോ? മരണഭയത്തോടെ നിമിഷങ്ങളെണ്ണി സഹപാഠികളുടെ മുന്നില്‍ അവള്‍.. ഒടുവില്‍ മരണത്തിലേക്ക്.. ആസ്പത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ അധ്യാപികയെ ചീത്തവിളിച്ച് മാഷ് ഓടിച്ചുവിട്ടെന്ന് സഹപാഠികള്‍ പറയുന്നത് കേട്ടിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ശരിക്കും കൊലപാതകമല്ലേ ആ അധ്യാപകന്‍  ചെയ്തത്.   

വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ ഇത്തരം അധ്യാപകരെ സ്‌നേഹിക്കും, ബഹുമാനിക്കും. കുഞ്ഞു മനസ്സുകളില്‍നിന്നുയര്‍ന്ന പൊട്ടിത്തെറികള്‍ നാം തത്സമയം കണ്ടതാണല്ലോ. പണ്ട് നാലാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ ഉച്ചയൂണിന് വീട്ടിലേക്ക് ഓടിയ എന്നെ പിടിച്ചുനിര്‍ത്തി അമ്മയുടെ സുഹൃത്തുകൂടിയായ ടീച്ചര്‍ പറഞ്ഞു, ഇന്നു എന്റെയൊപ്പം ഊണു കഴിക്കാം. അമ്മയും അച്ഛനും കാത്തിരിക്കുമെന്നു പറഞ്ഞപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്ന, വീടിനടുത്തുള്ള കുട്ടികളോട് വീട്ടിലറിയിക്കാന്‍ ടീച്ചര്‍ പറഞ്ഞുവിട്ടു. സ്‌കൂളിനടുത്തുള്ള ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിരുന്നു ടീച്ചര്‍. ഊണുമുറിയില്‍ ഞാനൊരു രാജകുമാരിയുടെ ഗമയിലിരുന്നു, കാരണം ടീച്ചര്‍ക്കൊപ്പം ഉണ്ണാന്‍ അവസരം മറ്റാര്‍ക്കും കിട്ടിയില്ലല്ലോ.അന്ന് ടീച്ചര്‍ ചോറിനൊപ്പം വിളമ്പിയത് കടല ഉലര്‍ത്തിയതും അച്ചിങ്ങത്തോരനും  മോരു കാച്ചിയതും.വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ കടല ഉലര്‍ത്തിന്റെ സ്വാദ് നാവിലുണ്ട്,ടീച്ചറിന്റെ മുഖവും.

ടീച്ചര്‍ മരിച്ചതറിഞ്ഞപ്പോഴും അടുത്തിരുന്ന് വിളമ്പി ഊട്ടിയ ആ ഉച്ചനേരം ഓര്‍ത്ത് എന്തിനെന്നറിയാതെ സങ്കടപ്പെട്ടു. നമ്മുടെയൊക്കെ പഴയ ഓര്‍മകളില്‍ ഇടയ്ക്കിടെ കയറി വരുന്ന ഇത്തരം എത്രയെത്ര ചങ്ക് അധ്യാപകരുണ്ട്.പുതിയ കാലത്തും ഇതിനെക്കാള്‍ വിദ്യാര്‍ത്ഥികളെ  സ്‌നേഹിക്കുന്ന അടുത്തിടപഴകുന്ന അദ്ധ്യാപകരുണ്ട്.പക്ഷേ ഒന്നോ രണ്ടോ പേര്‍ മതിയല്ലോ അവരുടെയെല്ലാം പേരു കളയാന്‍. സര്‍ക്കാര്‍ സ്‌കൂളിലെ എത്ര അധ്യാപകര്‍ അവരുടെ മക്കളെ ഷഹ്‌ലയുടെ പോലുള്ള  സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. മുന്തിയ സ്വകാര്യ സ്‌കൂളുകളിലാണ് അവരെല്ലാം കുട്ടികളെ പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ ടീച്ചറായ രക്ഷിതാവിന്റെ  കൈയ്യില്‍ തൂങ്ങി അതേ സ്‌കൂളിലേക്ക് പഠിക്കാന്‍ പോകുന്ന മക്കള്‍ അപൂര്‍വ്വ കാഴ്ചയാണിപ്പോള്‍.  

രാവിലെ മക്കളെ ഷൂവും ടൈയ്യും കെട്ടിച്ച് ഒരുക്കി സ്‌കൂള്‍ബസ്സില്‍ കയറ്റിവിട്ടശേഷമാകും ഇടിഞ്ഞുവീഴാറായ  സര്‍ക്കാര്‍ സ്‌കൂളിലേക്ക് അവരിപ്പോള്‍ യാത്ര തിരിക്കുക. ഇതിന് അപവാദമായി രണ്ടോ മൂന്നോ ശതമാനം അധ്യാപകര്‍ മാത്രം കാണും. പാമ്പിന്‍ മാളമില്ലാത്ത, കാറ്റും വെളിച്ചവും ധാരാളം കിട്ടുന്ന,ഷൂസും ചെരിപ്പുമിട്ട് കയറാവുന്ന,മൂന്നും നാലും നിലകളുള്ള,ഫാനും ലൈറ്റുമുള്ള,നിലവാരമുള്ള ക്ലാസ്സ്മുറികള്‍ സ്വകാര്യ സ്‌കൂളുകളില്‍ അവരെ കാത്തിരിക്കുമ്പോള്‍ ഇത്തരം സ്‌കൂളുകളോട് ഉള്ളില്‍ പുച്ഛമാണ്. അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രം ചെരിപ്പിട്ടു കയറാവുന്ന ക്ലാസ്സ് ! ഇത് കേരളത്തില്‍ തന്നെയോ?കുഞ്ഞുങ്ങളോട് ഇത്തരം വിവേചനം നിയമവിരുദ്ധമാണെന്ന് അറിയാത്തവരാണോ? 

ഗാന്ധിജയന്ധിദിനത്തില്‍ സ്‌കൂളുകള്‍ വൃത്തിയാക്കണം

ഗാന്ധിജയന്ധിക്ക് ശുചീകരണവാരത്തില്‍ പ്രഹസനം കാട്ടുന്ന എല്ലാ രാഷ്ട്രീയക്കാരും ഇനി ഗവ. സ്‌കൂളുകള്‍ വൃത്തിയാക്കട്ടെ എന്ന് സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കണം. വിദ്യാലയ പരിസരം വൃത്തിയാകും പാമ്പു വരില്ല,സേവനം ഉദാത്തമാകും. മുദ്രാവാക്യം  മുഴക്കി ആകാശത്തേക്ക് മുഷ്ടി ചുരുട്ടി വെറുതെ ഇടിക്കുന്നതിനേക്കാള്‍ ചൂലെടുത്ത് ശുചീകരണം നടത്തുന്നതു തന്നെ മാതൃകാപരം.                      പലസ്‌കൂളുകളും സര്‍ക്കാര്‍ ഫണ്ടു വന്നിട്ട് ക്ലാസ്സ് മുറികളും പരിസരവും വെടിപ്പാക്കാന്‍ കാത്തിരിക്കയാണ്. ഫണ്ട് അടുത്തൊന്നും കിട്ടാന്‍ പോകുന്നില്ല എന്നറിഞ്ഞുതന്നെ ദിവസങ്ങള്‍ പാഴാക്കുന്നു.

തൊഴിലുറപ്പ് എന്ന പേരില്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ സര്‍ക്കാര്‍ പൊടിച്ചു കളയുന്നുണ്ടല്ലോ. റോഡുവക്കിലെ ഇത്തിരി കാടും പുല്ലും വെട്ടി അരിഞ്ഞ് വാചകമടിച്ച് ഉച്ചവരെ പണി ഉഴപ്പുന്നവര്‍ക്ക്  അക്കൗണ്ടില്‍ പണം ഇട്ടുകൊടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ വര്‍ഷത്തില്‍ രണ്ടു തവണ സര്‍ക്കാര്‍ സ്‌കൂളുകള്‍ വെടിപ്പാക്കുന്ന പണി ചെയ്യിച്ചാല്‍.തൊഴില്‍ ദിനം തികയ്ക്കാം സര്‍ക്കാറിന് ലാഭവുമാകും. 

ഓരോ ദുരന്തം കഴിയുമ്പോഴും കുറെ ഒച്ചപ്പാടുകളും നടപടികളും ചര്‍ച്ചകളും നടക്കും, പിന്നെ എല്ലാം പഴയതുപോലെ. ആദ്യം എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ ഒരു സസ്‌പെന്‍ഷന്‍,എല്ലാം കെട്ടടങ്ങിയെന്നു തോന്നിയാല്‍ പിന്‍വലിക്കും. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നെ പാമ്പുകടിച്ചു എന്ന് വാവിട്ട് കരഞ്ഞ് ഭയന്നിരിക്കുന്ന പത്തുവയസ്സുകാരിയെ ആശ്വസിപ്പിച്ച് ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ടതിനു പകരം അച്ഛന്‍ വരുന്നതു വരെ കാത്തിരുത്തിയ അധ്യാപകനെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്കുതന്നെയാണ് കേസെടുക്കേണ്ടത്.  ക്ലാസ്സ് മുറികളിലെ വിഷപ്പാമ്പുകളെക്കാള്‍ ഇനി പേടിക്കേണ്ടത് ഒളിച്ചിരുന്ന് നമ്മുടെ മക്കളുടെ നേരെ അവഗണനയുടെ വിഷം ചീറ്റുന്ന കരിമൂര്‍ഖന്‍മാരെയാണ്.അവരെ സസ്‌പെന്‍്ഡ് ചെയ്യുകയല്ല സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയാണ് വേണ്ടത്.

Content Highlights: student died of snake bite in wayanad opinion