ഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറേയായി ബ്രിട്ടനും ഞാനുമായുള്ള ഇരുപ്പുവശം മൗനരാഗം സിനിമയിലെ മോഹനെയും രേവതിയെയും പോലെയാണ്.. ഒരേ കാറ്റ് ശ്വസിച്ച്, ഒരേ ഋതുഭേദങ്ങളിലൂടെ കടന്നുപോയി, എന്നാല്‍ ഒന്നാവാതെ ! 

വസന്തത്തിലെ ഡാഫൊഡില്‍ പൂക്കള്‍, ശിശിരത്തിന്റെ  മാന്ത്രികനിറങ്ങള്‍, പൗണ്ടിന്റെ വിനിമയമൂല്യം അങ്ങനെ  പുതുപ്പെണ്ണിന്റെ മനസ്സിലേക്ക് ജെന്റില്‍ മാന്‍ ആയ ബ്രിട്ടന്‍ പല മാര്‍ഗങ്ങളാല്‍ കടന്നു വരേണ്ടതാണ്.. എന്നാല്‍ കേരളത്തെ മാത്രം മനസ്സില്‍ ധ്യാനിച്ച്, അടുപ്പത്തിന്റെ വാതില്‍ കൊട്ടിയടച്ച് അന്യമനസ്‌കയായി എന്നും ജീവിച്ചുകൊണ്ട് രേവതി മാതൃകയായി...

priya kirankumar 2

മനസ്സ് പിടിവിട്ടു പോവുന്ന പല ദുര്‍ബല നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ അതിനിടയില്‍ വന്നു പോയിട്ടുണ്ട്.. പ്രത്യേകിച്ചും, നദികളും പുല്‍മേടുകളും നിറഞ്ഞ പ്രകൃതി നോക്കി രാവിലെ ട്രെയിനില്‍ പോവുമ്പോള്‍.. 

'ഉപബോധ ഗിരികളില്‍  അതിഗൂഢ  ലഹരിയില്‍ 
ഹൃദയമാം പുലര്‍കാല നദി തിളങ്ങി ..' 
എന്നൊക്കെ  മനസ്സ് കുതിക്കും' .. 

'എന്തിനാ ഈ വാശി? എല്ലാം മറന്നു ഒരു പുതിയജീവിതം....?? ഇല്ല ..!  അതിനപ്പുറം ചിന്തിച്ചു കൂടാ... സാംസ്‌കാരിക കേരളത്തിന് ഒരു മുതല്‍ക്കൂട്ടാവേണ്ടവളെയാണ് ഇവിടുത്തെ പളപളപ്പ് കാട്ടി പ്രലോഭിപ്പിക്കാന്‍ നോക്കുന്നത് ! പ്രഭുകുമാരാ, എനിക്കെന്റെ ചട്ടമ്പിനാട് തന്നെ വലുത് !

ബ്രിട്ടീഷ് ഭരണകാലത്ത് മദപ്പാട് കാണിച്ചതിന് വെള്ളക്കാര്‍ വെടിവച്ചു കൊന്ന 'കവളപ്പാറ കൊമ്പന്‍' എന്ന ആനയുടെ കവിത കുട്ടിക്കാലത്തു അമ്മൂമ്മ ചൊല്ലിക്കേട്ടിട്ടുണ്ട് . അതിലെ  ചിലവരികള്‍, തേംസ് നദിയെ നോക്കി ട്രെയിനില്‍ ഇരുന്ന് ഉപാസിച്ചു കൊണ്ട്, രേവതി വീണ്ടും കഠിനഹൃദയയാവും ..

'ബ്രിട്ടീഷുകാരെന്തു കൂട്ടരാണ് 
ബ്രിട്ടീഷ് വിട്ടു ഞാന്‍ പോകയാണ് 
കൊച്ചി ശീമക്കാരെ എത്ര സ്തുതിക്കണം 
വെച്ചീലവര്‍ വെടിയിത്ര നാളും 
ബ്രിട്ടീഷുകാരെന്തു കൂട്ടരാണ്..

( ആദ്യ രണ്ടു വരികള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കണം, ഫലസിദ്ധി കൂടും) 

കഥയില്‍ ട്വിസ്റ്റിനു തുടക്കം കുറിച്ചത് കഴിഞ്ഞ മാസത്തെ നാട്ടില്‍ പോക്കാണ്... തൃശൂര്‍ റൗണ്ടിലെ കറക്കം, ചേനയില തോരന്‍, ചേമ്പിന്‍ താള് , മീന്‍ കറി , സുഹൃത്തുക്കള്‍, ബന്ധുക്കള്‍.. പ്രവാസിയുടെ ക്ലിഷേ ദാഹങ്ങള്‍ക്കു ഇത്തിരി ശമനമായപ്പോള്‍ കുട്ടികളെ പറ്റി ഓര്‍ത്തു.... അവര്‍ക്കു നാടിനോടുള്ള അന്തര്‍ധാര ശക്തമാക്കേണ്ടതുണ്ട്.. !

priya kirankumar 4

എന്നെങ്കിലും ഒരിക്കല്‍, ബന്ധം വലിച്ചെറിഞ്ഞു, 'ബ്രെക്‌സിറ്റ് ' പ്രഖ്യാപിച്ച് എന്റെ സ്വപ്നത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുമ്പോള്‍ പ്രതിപക്ഷ നേതാവായ കുടുംബനാഥന്റെ തുറുപ്പുചീട്ട് കുട്ടികളുടെ ഹിതപരിശോധന ആയിരിക്കും. ' ഉത്തിഷ്ഠത ,  ജാഗ്രത ' ! ഉണര്‍ന്നു പ്രവര്‍ത്തിക്കണം... അങ്ങനെയാണ് ഒരുദിവസം നാട്ടില്‍ അവര്‍ക്കായി മാത്രം നീക്കിവച്ചത് 

പാര്‍ക്ക്, സിനിമ, ബീച്ച്, ഹോട്ടല്‍, ഷോപ്പിങ്. ഒരു കൊല്ലം പിറകെ നടന്നാല്‍ കുട്ടിക്കാലത്തു എനിക്ക് അനുവദിച്ചു കിട്ടാറുള്ള സന്തോഷങ്ങള്‍ എല്ലാം കൂടി കാപ്സ്യൂള്‍ രൂപത്തില്‍ ഒറ്റദിവസം കൊണ്ട് കൊടുത്തു.

priyakirankumar 3

ഫലം അറിയാനായി ഞാന്‍ കാത്തിരുന്നു. പിള്ളേര്‍ തകര്‍ക്കുന്നുണ്ട്. ഓരോ സ്ഥലത്തു നിന്നും പിടിച്ചു വലിച്ചാലേ തിരിച്ചു പോരുന്നുള്ളു, വലിയ സന്തോഷത്തിലാണ്. ഉള്ളിലെ പുലര്‍കാലനദിയെ ഞാനുംതിളങ്ങാന്‍ അഴിച്ചുവിട്ടു.

രാത്രി.. ! തലമുറകളായി ഞങ്ങള്‍ കുടുംബക്കാര്‍ മനസ്സ് തുറക്കുന്ന സമയം. ഉറക്കാന്‍ കിടത്തിയ ഇളയവന്റെ നെടുവീര്‍പ്പിട്ടുള്ള ചോദ്യം: 'എല്ലാം നല്ലതായിരുന്നു. പക്ഷെ എന്നാണ് നമ്മള്‍ നമ്മുടെ വീട്ടില്‍ പോവുന്നെ? 'നമ്മുടെ വീടോ? അപ്പൊ ഇത്? ഞാന്‍ തകര്‍ന്നു പോയി..? 'ഇത് ഹോളി ഡേ അല്ലേ.. പക്ഷെ രാത്രി ആയാല്‍ നമ്മുടെ വീടു കുറെ ഓര്‍മ വരും, ഇനി എത്ര ദിവസമുണ്ട് പോവാന്‍? പരുക്കനായ മൂത്തവന്റെ നൊസ്റ്റാള്‍ജിയ!??

priya kirankumar 5വീടിനടുത്ത വേലിപ്പടര്‍പ്പിലെ ബെറികള്‍ അടുത്ത വീട്ടിലെ കുട്ടികള്‍ പറച്ചിരിക്കുമോ, ചെല്ലുമ്പോളേക്കും തണുപ്പായിട്ടുണ്ടാവുമോ? രണ്ടുപേരുടെയും ചര്‍ച്ചകള്‍.. ഇവരുടെ ഉള്ളിലും ഞാന്‍ കാണാത്ത ഓരോ സിക്‌സ് പാക്ക് രേവതിമാര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നോ?

സന്തോഷമായി മക്കളേ, സന്തോഷമായി..  ആനന്ദധാര ഞാന്‍ പാടുപെട്ട് നിയന്ത്രിച്ചു ..നമ്മുടെ സ്ഥലമെത്തി എന്നു കരുതി ഇറക്കിവച്ചിരുന്ന ഭാണ്ഡങ്ങളെല്ലാം മനസ്സ് ആ നിമിഷം വീണ്ടും കെട്ടിമുറുക്കി തുടങ്ങി. 

മോഹനോടുള്ള തുറന്ന സമീപനമാണ് ഈ തിരിച്ചുവരവിലെ എന്റെ റിയലിസ്റ്റിക് മൂവ് !  കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി, നിങ്ങള്‍ക്ക് ഒരു അവസരം ഇപ്പോള്‍ ഞാന്‍ തന്നെ തീരൂ, മോഹന്‍!

ഇളംവെയിലുള്ള രാവിലെകളില്‍ പുറത്തിരുന്നു കാപ്പി കുടിക്കുമ്പോള്‍, ബെറികള്‍ നിറഞ്ഞവഴിയിലൂടെ നടക്കാന്‍ പോവുമ്പോള്‍, ബ്രെക്‌സിറ്റ് ഉണ്ടാക്കിയ പ്രശ്‌നങ്ങളെ പറ്റി അടുത്ത വീട്ടിലെ അപ്പൂപ്പന്‍ വാചാലനാകുന്നത് ശ്രദ്ധിക്കുമ്പോളെല്ലാം ഞാന്‍ മോഹനെ അടുത്തറിയാന്‍ ശ്രമിക്കുകയാണ്.. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കുമോ? ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കുമോ?