ചുറ്റും തുറന്നിരിക്കുന്ന കാമറക്കണ്ണുകള്‍ക്ക് മുമ്പില്‍, പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സി.സി. ടി.വികള്‍ക്ക് മുമ്പില്‍, നിയമപാലകര്‍ നോക്കിനില്‍ക്കേ, നിയമവും നീതിയും അറിയുന്ന പച്ചമനുഷ്യര്‍ കാണ്‍കേ ബിന്ദു അമ്മിണിയെന്ന ദളിത് സ്ത്രീ നിര്‍ദയം ആക്രമിക്കപ്പെട്ടിരിക്കുന്നു, അപമാനിക്കപ്പെട്ടിരിക്കുന്നു. ഇത് കണ്ട് അവള്‍ക്ക് അതു കിട്ടിയാല്‍ പോരാ ആസിഡായിരുന്നു ഒഴിക്കേണ്ടിരുന്നത് എന്ന ആരേയും ഭയക്കാതെ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം മനുഷ്യര്‍ പരസ്യമായി വിളിച്ചു പറയുന്നു. ഇതിന് എന്ത് ന്യായികരണമാണ് സമൂഹത്തിന് പറയാനുള്ളത്? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? അതിനുള്ള ഉത്തരം ഒന്നുമാത്രമാണ്.  ബിന്ദു അമ്മിണി ഒരു സ്ത്രീയാണ്. അതിലുപരി അവര്‍ ഒരു ദളിത് സ്ത്രീയാണ്. 

കണ്ടു നിന്നവര്‍ അരുത് എന്ന ഒരു വാക്കു പോലും പറയാതെ ഒരു നോട്ടം കൊണ്ടുപോലും എതിര്‍ക്കാതെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും മാനുഷിക വിരുദ്ധവുമായ പ്രവൃത്തി നോക്കി നിന്നു. ഒരു സ്ത്രീ പരസ്യമായി ആക്രമിക്കപ്പെട്ടിരിക്കുന്നു എന്നത് സൗകര്യപൂര്‍വം മറന്നു കൊണ്ട് മുഖത്ത് ഒഴിച്ചത് കളറുവെള്ളമായിരുന്നു എന്നും എന്തു കൊണ്ട് അവര്‍ക്ക് അപ്പോള്‍ നീറിയില്ല എന്നുമായി ചര്‍ച്ചകള്‍.

ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥകളെയെല്ലാം പരസ്യമായി വെല്ലുവിളിക്കുന്നതിന് തുല്യമാണ് ഈ അഭിപ്രായപ്രകടനങ്ങള്‍. ഇത് അങ്ങേറ്റം ഭയപ്പെടുത്തുന്നതാണ്. ബിന്ദു അമ്മിണിക്ക് ഒപ്പം എത്തിയ തൃപ്തി ദേശായിക്കു നേരെ എന്തു കൊണ്ട് ആക്രമണം ഉണ്ടായില്ല? എന്തു കൊണ്ട് അവരെ കൈയേറ്റം ചെയ്തില്ല എന്നതും പ്രസക്തമാണ്. അത് പോലീസ് സംരക്ഷണം ഉണ്ടായിരുന്നത് കൊണ്ട് മാത്രമല്ല. അതിന് ഉത്തരം ബിന്ദു അമ്മിണി ഒരു ദളിത് സ്ത്രീയാണ് എന്നതു കൂടിയാണ്. 

അവര്‍ ആക്രമിക്കപ്പെട്ട സ്ഥലവും സാഹചര്യവും അതിലേയ്ക്ക് നയിച്ച കാരണങ്ങളും എത്ര രൂക്ഷവുമായിക്കൊള്ളട്ടെ, അതിനുള്ള മറുപടി ഇതല്ല. ഇങ്ങനെയുമല്ല. എത്ര പ്രകോപനപരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും പൊതുസ്ഥലത്ത്‌ ഒരു സ്ത്രീയ്ക്ക് നല്‍കേണ്ട പരിഗണന അതിന്റെ എല്ലാ മാന്യതയോടും കൂടി നല്‍കേണ്ടതുണ്ട്.  മാത്രമല്ല ആക്രമിക്കപ്പെട്ടത് സ്ത്രീകളുടെ സ്വയം സംരക്ഷണത്തിന് വേണ്ടി ഉയര്‍ത്തിപ്പിടിച്ച ആയുധം ഉപയോഗിച്ചാണ്.

അഖിലേന്ത്യ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനും കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയുമായ ശ്രീനാഥ് പത്മനാഭനായിരുന്നു കമ്മീഷ്ണര്‍ ഓഫീസിന് മുന്നില്‍ വച്ച് ബിന്ദുവിന്റെ മുഖത്ത് മുളക് ലായനി സ്‌പ്രേ ചെയ്തത്. ഇതിന്റെ പേരില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റം മാത്രമാണ് ചുമത്തിരിക്കുന്നത്. നിലവില്‍ മറ്റൊരു വകുപ്പും ചുമത്തിയിട്ടില്ല. ഇതു പ്രകാരം ഉപദ്രവത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു കൊല്ലം മുതല്‍ 7 കൊല്ലം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്. അവര്‍ക്കെതിരെ ഉണ്ടായിരിക്കുന്ന ആക്രമണം ജീവന്‍ തന്നെ അപകടത്തിലാക്കുന്നതായിരുന്നു. 

പൊതുവിടത്തുവച്ച് ദളിത് സ്ത്രീക്കുനേരെ ആക്രമണം ഉണ്ടായിട്ടും ദളിത് അട്രോസിറ്റി ആക്ട് പ്രകാരം കേസ് എടുത്തിട്ടില്ല. ഇത് പ്രതിക്കു രക്ഷപ്പെടാന്‍ പഴുത് ഒരുക്കുന്നതാണ്. മാത്രമല്ല ആക്രമണത്തിന്റെ തീവ്രത കുറച്ചു കാണിക്കുന്നതുമാണ്. കായികമായി ഒരു തരത്തിലുമുള്ള പ്രകോപനവും ഉണ്ടാകാതിരുന്ന സാഹചര്യത്തിലായിരുന്നു ആക്രമണം എന്നതും കണക്കിലെടുക്കേണ്ടതുണ്ട്‌.

എന്റെ അല്ലെങ്കില്‍ ഞാനായിരിക്കുന്ന സമൂഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമെതിരെ ശബ്ദിച്ചാല്‍, അതിനെ എതിര്‍ത്താല്‍ എന്തു വില കൊടുത്തും അത് ഇല്ലാതാക്കുമെന്നും  പ്രതിരോധിക്കുമെന്നുമാണ് ഈ സംഭവം  സൂചിപ്പിക്കുന്നത്. അത് തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഏറ്റവും അപകടകരമായ മുഖമാണ്. ആ നിലപാടുകളെ ഭയക്കണം. ശക്തിയുക്തം എതിര്‍ക്കുകയും വേണം. ഉയരുന്ന എതിര്‍ശബ്ദത്തെ, പ്രതിരോധിക്കുന്ന സ്ത്രീശബ്ദത്തെ കായികമായും ലൈംഗികമായും കീഴ്‌പ്പെടുത്താമെന്ന ചിന്ത ഇത്രയും നവോത്ഥാനങ്ങള്‍ നടന്നിട്ടും മുന്‍കാലത്തെ പോലെ തന്നെ നിലനില്‍ക്കുന്നു എന്ന് ഇത് തെളിയിക്കുന്നു.  

1989-ലെ ദളിത് അട്രോസിറ്റി ആക്ട് 2015-ല്‍ കൂടുതല്‍ കാര്‍ക്കശ്യമാക്കിയതോടെ ജാതിപ്പേര് വിളിക്കുന്നത് പോലും കുറ്റകരമായി തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഒരു ദളിത് സ്ത്രീ പരസ്യമായി അപമാനിക്കപ്പെട്ടിരിക്കുന്നത്. അല്‍പ്പം ശബ്ദമുയര്‍ത്തി സംസാരിക്കുന്ന സ്ത്രീകള്‍ക്ക്, അനീതിക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക്,  വ്യവസ്ഥകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക്, വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്ക് ഏതു സമയത്തും എവിടെ വച്ചും ആക്രമണമോ അപമാനമോ നേരിടാം. അങ്ങനെ സംഭവിച്ചാല്‍ പിന്തുണയുമായി  ആരും വരില്ല എന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. സമ്പൂര്‍ണ്ണ സാക്ഷരതയും സ്ത്രീസംവരണവുമൊന്നുമല്ല, പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് കൊടുക്കുന്ന പ്രതിപക്ഷ ബഹുമാനം കൂടിയാണ് സംസ്‌ക്കാരമെന്ന് നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയണം. 

Content Highlights: opinion about against bindu ammini attack