പെണ്ണിന് മൂക്കുത്തി എന്നുമൊരഴകാണ്. ഒറ്റക്കല്ല് മൂക്കുത്തിയുടെ സ്വര്‍ണത്തിളക്കത്തിലായാലും മിനുമിനുങ്ങുന്ന വെള്ളിത്തിളക്കത്തിലായാലും മൂക്കുത്തിയഴക് അവളുടെ സൗന്ദര്യത്തിന് പത്തരമാറ്റേകും.

പെണ്ണിന് മൂക്കുത്തിയോടുള്ള പ്രണയം ഇന്നോ ഇന്നലെയോ ഒന്നും തുടങ്ങിയതല്ല. ബൈബിളിലും ലളിതാസഹസ്രനാമത്തിലുമൊക്കെ മൂക്കുത്തിവിശേഷങ്ങളുണ്ട്. അബ്രഹാമിന്റെ പുത്രനായ ഇസഹാക്കിന്റെ ഭാവിവധുവിന് 'ഷാങ്' എന്നൊരു ആഭരണം നല്കിയതായി ഉല്‍പത്തിപുസ്തകത്തില്‍ പറയുന്നുണ്ട്. ഷാങ് ഹിബ്രുവില്‍ മൂക്കുത്തിയാണ്.

'നവചമ്പക പുഷ്പാഭാ നാസാദണ്ഡ വിരാജിത
താരാകാന്തി തിരസ്‌കാരി നാസാഭരണ ഭാസുരാ'
എന്ന് ലളിതാസഹസ്രനാമം. ഇപ്പോള്‍ വിരിഞ്ഞ ചെമ്പകപ്പൂവ് പോലെയുള്ള മൂക്കുള്ളവളും അതില്‍ നക്ഷത്രത്തിളക്കമുള്ള മൂക്കുത്തിയണിഞ്ഞ് പ്രകാശം ചൊരിയുന്നവളുമാണ് ദേവി എന്നര്‍ത്ഥം.

മൂക്കുത്തിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യമോര്‍ക്കുക കന്യാകുമാരിയെക്കുറിച്ചാണ്. മാണിക്യത്തില്‍ തീര്‍ത്ത മൂക്കുത്തിയണിഞ്ഞ കന്യാകുമാരി ദേവിയുടെ വിഗ്രഹത്തെക്കുറിച്ച്. അവിടെ പോയപ്പോഴൊക്കെ കണ്ണ്ചിമ്മാതെ നോക്കിനിന്നിട്ടുണ്ട് ആ മൂക്കുത്തിത്തിളക്കം. കടലിനഭിമുഖമായുള്ള ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവാതില്‍ അടച്ചിടാന്‍ കാരണം ഈ മൂക്കുത്തിയാണത്രേ. മൂക്കുത്തിത്തിളക്കം കണ്ട് കരയിലെ വിളക്കുമാടമാണെന്ന് തെറ്റിദ്ധരിച്ച് നാവികര്‍ പണ്ട് കപ്പലുകള്‍ അവിടേക്ക് അടുപ്പിക്കാന്‍ ശ്രമിച്ച് അപകടത്തിലായിട്ടുണ്ടെന്ന് എെതിഹ്യം. ഇപ്പോള്‍ ചില വിശേഷദിവസങ്ങളില്‍ മാത്രമേ കിഴക്കേ വാതില്‍ തുറക്കാറുള്ളു.

ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഒരു സ്‌കൂള്‍ അവധി ദിവസം മൂക്കുകുത്തി കമ്മലിട്ട് തന്ന വീട്ടുകാരോടുള്ള ഒന്നാം ക്ലാസ്സുകാരിയുടെ പരിഭവം മാറിയത് അമ്പലത്തില്‍ കണ്ട മുത്തശ്ശി പറഞ്ഞ് കന്യാകുമാരിദേവിയുടെ മൂക്കുത്തിയെക്കുറിച്ച് കേട്ടതോടെയാണ്. അന്നുതൊട്ടിന്നോളം ഏറ്റവും പ്രിയപ്പെട്ട ആഭരണവും മൂക്കുത്തി തന്നെ. 'മൂക്കു കുത്താന്‍ നീയെന്താ പാണ്ടിച്ചിയാ' എന്ന് കളിയാക്കിയ കൂട്ടുകാരനെ കുട കൊണ്ട് എറിഞ്ഞത് പാണ്ടിച്ചി എന്ന് വിളിച്ചതിനല്ല മൂക്കുത്തിയെ ആക്ഷേപിച്ചെന്ന് പറഞ്ഞായിരുന്നു.

mookuthi

തമിഴ്‌നാട്ടുകാര്‍ക്കേ മൂക്കുത്തി ഇടാന്‍ പാടുള്ളോ എന്ന ആ സംശയം തീര്‍ക്കാന്‍ പുസ്തകങ്ങളെ കൂട്ടുപിടിച്ചപ്പോഴാണ് മനസ്സിലായത് മൂക്കുത്തിയിടാനുള്ള അവകാശത്തിന് സമരം വരെ നടന്ന നാടാണ് നമ്മുടെ കേരളമെന്ന്. 1860ലാണ് സംഭവം. അക്കാലത്ത് ഈഴവസമുദായത്തില്‍ പെട്ട സ്ത്രീകള്‍ക്ക് മൂക്കുത്തിയിടാന്‍ അവകാശമുണ്ടായിരുന്നില്ല. പക്ഷേ,ഈ ജാതിവിലക്കിനെ ചോദ്യം ചെയ്ത് പത്തനംതിട്ടയിലെ പന്തളത്ത് പെണ്ണൊരുത്തി മൂക്കുത്തിയിട്ട് നടന്നു. ഇത് കണ്ട ഉയര്‍ന്ന ജാതിക്കാരായ പ്രമാണിമാര്‍  അവളെ ഉപദ്രവിക്കുകയും മൂക്കുത്തി ഊരി വലിച്ചെറിയുകയും ചെയതു. ഇതോടെ ഈഴവസ്ത്രീകള്‍ സംഘടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധനികന്‍ പന്തളം ചന്തയിലെത്തി അവിടെയുള്ള സകല ഈഴവ സ്ത്രീകള്‍ക്കും മൂക്കുത്തി പണിയിച്ചു കൊടുത്തുവത്രെ. പണിക്കരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ ആ മൂക്കുത്തിസമരം ശുഭകരമായി പര്യവസാനിച്ചു.

ഇടതു മൂക്കിലോ വലതുമൂക്കിലോ എവിടെയാണ് മൂക്കുത്തിയുടെ ശരിയായ സ്ഥാനം എന്ന ചോദ്യത്തിന് ഉത്തരം രണ്ട് തരത്തിലാണ്. ദ്രാവിഡസംസ്‌കാരത്തില്‍ ഭൂമിദേവിയുടെ പ്രതീകമായ പാര്‍വതിയോടുള്ള ആദരവായാണ് മൂക്കുത്തിയെ കണക്കാക്കുന്നത്. ഇടതുവശത്തെ സ്ത്രീത്വത്തിന്റെ പ്രതീകമായും കരുതുന്നു. ആര്‍ത്തവം, പ്രസവം എന്നിവയില്‍ സങ്കീര്‍ണതകളുണ്ടാവാതിരിക്കാന്‍ മൂക്കിന്റെ ഇടതുവശത്ത് മൂക്കുത്തിയിടുന്നെന്നാണ് വിശ്വാസം!

mookuthi

ദക്ഷിണേന്ത്യയിലെ തമിഴ് വംശജര്‍ മൂക്കിനിരുവശവും മൂക്കുത്തി ധരിക്കുന്നവരാണ്. മരണശേഷം ഉദകക്രിയകള്‍ക്ക് വേണ്ടിവരുന്ന ചെലവ് ഈ മൂക്കുത്തികള്‍ വിറ്റുണ്ടാക്കാം എന്ന സാമ്പത്തികവശവും ഇതിനുണ്ടെന്ന് പറയപ്പെടുന്നു. മറ്റ് ആഭരണങ്ങള്‍ പോലെ മൂക്കുത്തി എളുപ്പത്തില്‍ ഊരിമാറ്റാറില്ലല്ലോ. രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും മൂക്കിനിരുവശവും സ്ത്രീകള്‍ മൂക്കൂത്തി ധരിക്കുന്നു. 'നത്തോരി' എന്നാണ് ഈ സമ്പ്രദായത്തിനു പേര്.

എട്ട് കല്ലുകളോട് കൂടിയ ത്രികോണാകൃതിയിലുള്ള മൂക്കുത്തിയായ 'ബേസരി'യോടാണ് തമിഴ്‌നാടിന് പ്രിയം. മാധുരി, ലാതക്ന്‍, ലാവൂങ് എന്നിവയാണ് രാജസ്ഥാനിലെ മൂക്കുത്തികള്‍. പഞ്ചാബികളുടെ മൂക്കുത്തി 'ശികാര്‍ പുരിനാദ്' എന്നറിയപ്പെടുന്നു. ബീഹാറുകാര്‍ക്ക് മൂക്കുത്തി എന്നാല്‍ 'ചൂച്ചി' ആണ്. മഹാരാഷ്ട്രയില്‍ മൂക്കുത്തിക്ക് പേര് 'ഗുച്ചേദാര്‍ നാദ്' എന്നും.

mookuthi

ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ വൈവാഹിക ചിഹ്നമായിരുന്നു മൂക്കുത്തി. പല ഇന്ത്യന്‍ ഭാഷകളിലും ഇത് നഥ് എന്നറിയപ്പെട്ടു. മൂക്കൂത്തി നോക്കി സ്ത്രീകളുടെ സാമ്പത്തികസ്ഥിതി അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്ഞിമാര്‍, മന്ത്രി പത്‌നിമാര്‍ തുടങ്ങിയവരൊക്കെ മുത്തുകള്‍, പവിഴങ്ങള്‍, രത്‌നക്കല്ലുകള്‍ എന്നിവ പതിച്ച മൂക്കുത്തികള്‍ ധരിച്ചു. മറ്റുള്ള സ്ത്രീകളാകട്ടെ വെള്ളി കൊണ്ടുള്ള മൂക്കുത്തികളാണ് ധരിച്ചിരുന്നത്.15ാം നൂറ്റാണ്ടോടു കൂടിയാണ് മൂക്കുത്തി ജനപ്രിയമായത്.

ഒരു തരി പൊന്നില്‍ കല്ലുവച്ച പഴയ മൂക്കുത്തിക്കാലത്ത് നിന്ന് പെണ്ണിന്റെ മനസ്സ് ഒരുപാട് മുന്നോട്ട് പോയി. മൂക്കുത്തിയെ സ്വര്‍ണത്തിലോ വെള്ളിയിലോ തളച്ചിടാനാവില്ലെന്ന് കാലം തെളിയിച്ചു. ഒപ്പം മൂക്കുത്തിയിലെ ഫാഷനുകളും മാറി. ഇടക്കാലത്ത് മലയാളിപെണ്ണ് മറന്നുപോയ മൂക്കുത്തിപ്രേമം വീണ്ടുമോര്‍മിപ്പിച്ചത് ടെസ്സയാണ്. ചാര്‍ലിയുടെ ടെസ്സ. അവളണിഞ്ഞ ആ വലിയ മൂക്കുത്തി കുറച്ചൊന്നുമല്ല മോഹിപ്പിച്ചത്.

tessa

അതുവരെ സാനിയ മൂക്കൂത്തിയായ നോസ്‌റിംഗുകളില്‍ കുരുങ്ങിക്കിടന്ന മൂക്കുത്തിലോകം വലിയ ബ്ലാക്‌മെറ്റല്‍ മൂക്കുത്തികളിലേക്ക് മൂക്കുംകുത്തി വീണു എന്ന് തന്നെ പറയേണ്ടി വരും. ഇന്നിപ്പോ എവിടെനോക്കിയാലും മൂക്കുത്തിക്കാഴ്ച്ചകളാണ്. സാരിയ്ക്കും ദാവണിക്കുമൊപ്പം നാണംകുണുങ്ങി നിന്ന പഴയ മൂക്കുത്തിയല്ല ജീന്‍സിനും ത്രീഫോര്‍ത്തിനുമൊപ്പം ബോള്‍ഡ് ലുക്കില്‍ പെണ്ണിനെ സുന്ദരിയാക്കുന്ന പുതിയ മൂക്കുത്തി.

മാറുന്ന ട്രെന്‍ഡുകള്‍ക്കിടയില്‍ പുതിയ മൂക്കുത്തി പരീക്ഷണങ്ങള്‍ക്കായി കടകള്‍ തോറും കയറിയിറങ്ങുമ്പോഴും 'പെണ്ണേ,നിന്റെ മൂക്കുത്തിത്തിളക്കത്തില്‍ ഞാനെന്നെ മറക്കുന്നു' എന്ന പഴയ ഒരു പൈങ്കിളി ഡയലോഗ് അറിയാതെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കും. അങ്ങനെ ഓര്‍ത്താലും പറഞ്ഞാലും തീരാത്ത എത്രയെത്ര കഥകളാണ് ഓരോ മൂക്കുത്തിപ്പെണ്ണിനും പറയാനുണ്ടാവുക.

കടപ്പാട്: പുതിയ കുഞ്ഞിമൂക്കുത്തിയിട്ട് ഓഫീസില്‍ വന്ന പെണ്ണൊരുത്തിക്ക്. അവളുടെ മൂക്കുത്തിപ്പുരാണമാണ് പെട്ടന്ന് ഇത്രേം ഓര്‍മ്മകളിലേക്ക് എന്നെ പറഞ്ഞുവിട്ടത്! 

അവലംബം; നഗ്നനാരി (ഡെസ്മണ്‍ മോറിസ്), വിക്കീപീഡിയ.