''ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യം പോലും നമ്മളെ തേടി വരില്ല'' ഈ വാക്കുകള്‍ ഞാന്‍ കേട്ടത് അമ്മിണിയുടെ തേങ്ങി തേങ്ങിയുള്ള കരച്ചിലിനിടക്കാണ്. പക്ഷെ ഇതേ വരികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.  അത് ആടുജീവിതത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിന് ജയിലില്‍ അകപ്പെടാന്‍ വേണ്ടി നജീബും സുഹൃത്തും ആവതും ശ്രമിക്കുന്നതിനിടക്ക് നജീബില്‍ നിന്നും ഉതിര്‍ന്ന വാക്കുകളാണ്. അമ്മിണിയെ ഞാന്‍ ആദ്യമായി കാണുന്നത് എന്റെ കല്യാണം കഴിഞ്ഞ പിറ്റേ ദിവസമാണ്. അന്ന് ഭര്‍തൃവീട്ടിലെ അപരിചിതമായ അന്തരീക്ഷത്തില്‍  ജാള്യതയോടെ പരുങ്ങി പരുങ്ങി അടുക്കളപരിസരത്ത് നില്‍ക്കുമ്പോള്‍. മറ്റൊരു മണ്ണിലേക്ക് പറിച്ചുനട്ട വേരുകള്‍ ഉറക്കാത്ത ചെടിയെപോലെ പടിഞ്ഞാറേ കോലായിലെ തൂണില്‍ ഒരു കൈതാങ്ങി ചാരിനില്‍ക്കുകയായിരുന്നു.  ആരൊക്കെയോ അടുക്കളയിലേക്കും അവിടെ നിന്നും പാത്രങ്ങള്‍ എടുത്ത് അകത്തേക്കും പുറത്തേക്കുമെല്ലാം നടക്കുന്നു. തലേന്ന് കഴിഞ്ഞ കല്യാണസദ്യക്ക് ഉപയോഗിച്ച വലിയ വലിയ ചെമ്പുകളും പാത്രങ്ങളും എടുത്ത് പുറത്തേക്ക് നടക്കുന്ന തടിമാടന്മാരായ ആണുങ്ങളും അവരെ സഹായിക്കാനെന്നവണ്ണമുള്ള പെണ്ണുങ്ങളും അവര്‍ക്കിടയില്‍ നിന്നും രണ്ടുകണ്ണുകള്‍ എന്നെ ഇടക്കിടെ പാളി നോക്കുന്നുണ്ട്.  

അതിനിടക്ക് അടുക്കളയില്‍ നിന്നും അമ്മ ഉറക്കെ വിളിച്ചുപറഞ്ഞു, ''അമ്മിണിയേ നിന്റെ അഴിച്ചിട്ട മുടിയൊന്ന് കെട്ടിവെക്ക്. അല്ലെങ്കില്‍ ഭക്ഷണത്തിലൊക്കെ ആ മുടിയാവും.'' അത് കേട്ടപ്പോഴാണ് ഞാന്‍ അമ്മിണിയെ വീണ്ടും ശ്രദ്ധിക്കുന്നത്. അവള്‍ അടുക്കളയുടെ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നും അഴിച്ചിട്ട കറുത്ത നീണ്ട ചുരുണ്ടമുടി ചുരുട്ടിപിടിച്ച് പുറത്തിറങ്ങി കൊണ്ടയായി നെറുകയില്‍ കെട്ടിവെച്ചു.  വീണ്ടും എന്നെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി പാത്രം കഴുകലിന്റെ ബഹളങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാലും ഇടക്കിടെ പുതുപ്പെണ്ണിനെ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ട്. 

ഞാനാണെങ്കില്‍ പുതിയ വീട്ടില്‍ എങ്ങിനെ പെരുമാറും എന്ന ചിന്തയില്‍ ഒരു പരിഭ്രമത്തോടെ നില്‍ക്കുകയാണ്. ഇടക്കൊക്കെ ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നുണ്ടായിരുന്നു. എന്നെ അടിമുടി അമ്മിണി ഇടക്കിടെ നോക്കികൊണ്ടിരുന്നു. എനിക്ക് അവളോടെങ്കിലും ഒന്ന് സംസാരിക്കണം എന്നുണ്ട്. ഞാന്‍ ഇവിടെ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ? പക്ഷെ എന്തുകൊണ്ടോ ഞങ്ങള്‍ക്കിടയില്‍ ദീര്‍ഘനേരം ഒരു കനത്തമൗനം തളംകെട്ടിനിന്നു. ഇത്രനേരം അവിടെ നിന്നിട്ടും ഒരു മനുഷ്യന്‍പോലും എന്നോട് മിണ്ടുന്നില്ല. എനിക്കാണെങ്കില്‍ സങ്കടവും കരച്ചിലുമൊക്കെ വരുന്നുണ്ട്. അവസാനം ഞാന്‍ ഗതികെട്ട് അമ്മിണിയോട് ചോദിച്ചു എന്താണ് പേര് എന്ന്. അതുകേട്ട മാത്രയില്‍ അവള്‍ സോപ്പു പുരണ്ട കൈ പൈപ്പിന്റെ ചുവട്ടില്‍ വച്ച് കഴുകി. ചുരിദാറില്‍ രണ്ട് കൈകളും തുടച്ച് എന്റെ മുന്നില്‍ വന്നുനിന്ന് അമ്മിണി എന്ന് പറഞ്ഞ് എന്റെ കഴുത്തിലുള്ള താലിപിടിച്ചുകൊണ്ട് ചോദിച്ചു, 'എത്ര പവനാണ് ?' എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് എന്റെ കൈകളിലെ വളയും മോതിരവും ഒക്കെ നോക്കി. തൊട്ടുതലോടി കുളിച്ചോ, ചുരിദാറൊക്കെ പാകമാണോ, എന്താ സിന്ദൂരം തൊടാത്തത് എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. നിഷ്‌കളങ്കമായ നാട്യങ്ങളില്ലാത്ത ഒരു പച്ചയായ പെണ്ണിന്റെ ആ വര്‍ത്തമാനം ഞാന്‍ അന്നേ ഇഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷെ എന്നെക്കാളും ഒന്നോ രണ്ടോ വയസ്സിന് മാത്രം മൂത്തതായിരുന്നു അമ്മിണി.

ഏകമകന്റെ ഭാര്യയായി ഭര്‍ത്തൃവീട്ടിലേക്ക് എത്തുന്ന ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടല്‍ സ്വാഭാവികമാണ്. ആ ഒറ്റപ്പെടലിനെ ഞാന്‍ അതിജീവിച്ചത് അമ്മിണിയില്‍ക്കൂടെയാണ്. രാവിലെ അവള്‍ വീട്ടില്‍നിന്ന് എത്താന്‍ എട്ടുമണിയാവും. നാലുമണിയോടെ തിരികെ പോകുന്നത് വരെ എന്റെ ജീവിതം അവളെ ചുറ്റിപ്പറ്റിയായിരുന്നു. ചില ദിവസങ്ങളില്‍ മനപ്പൂര്‍വ്വം കുളിക്കാതെയിരിക്കും. നീന്തല്‍ അറിയാത്തതുകൊണ്ട് ഒറ്റക്ക് കുളത്തിലേക്ക് കുളിക്കാന്‍ വിടാറില്ല. അന്നും ഇന്നും അങ്ങിനെയാണ്. കുളത്തിലേക്ക് അലക്കാന്‍ തുണികളുമായി പോകുന്ന അമ്മിണിയോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ കുളിയെ ഉപയോഗിക്കാറുണ്ട്.  കുളക്കടവില്‍ ഇരുന്ന് ഓരോ വസ്ത്രങ്ങളും സോപ്പ് തേച്ച് കല്ലില്‍വച്ചിരിക്കുമ്പോള്‍ അവള്‍ പറയുന്ന കഥകളില്‍ സ്വന്തം ആത്മകഥയും അയല്‍പക്കത്തെ പെണ്ണുങ്ങളുടെ കഥയുമുണ്ടാവും. രാഘവേട്ടന്റെ, വാഴക്കാരന്‍ കുഞ്ഞാലേട്ടന്റെ അങ്ങിനെ ഞങ്ങളെ ദേശത്തുള്ള ഒട്ടുമുക്കാല്‍ പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും ജീവിതകഥകള്‍ ഖനനം ചെയ്യുന്ന പണിയായിരിക്കും ആ സമയങ്ങളെല്ലാം.  ചിലപ്പോള്‍ അവളുടെ സ്വന്തം കഥകള്‍ക്കിടയിലൂടെ ഉരുണ്ടു വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ ഒരേങ്ങലായി ഇന്നും എന്റെ മനസ്സിലുണ്ട്.  ആ കഥകളൊക്കെയും കനത്ത എള്ളെണ്ണയുടെയും ചെമ്പരത്തിതാളിയുടെയും പച്ചപ്പാലിന്റെയും ലൈബോയ് സോപ്പിന്റെയും മണമില്ലാതെ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. അവളുമായി ആഴത്തിലുള്ള ഹൃദയബന്ധം ഞാന്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ടപ്പോഴും അവളുടെ കല്യാണത്തിന് ഞാന്‍ പോകാതിരുന്നില്ല. പ്രണയവിവാഹമായിരുന്നു അമ്മിണിയുടേത്. ഇരുണ്ട സുന്ദരിയായിരുന്ന അവള്‍ നീണ്ട കറുത്ത മുടി അഴിച്ചിട്ട് താളത്തില്‍ വരമ്പത്തുകൂടെ നടക്കുന്നത് പോകുന്നത് കാണാന്‍ നല്ല ചേലായിരുന്നു.  പോരാത്തതിന് നല്ല ശരീരഭംഗിയുമുണ്ടായിരുന്നു. ഞാന്‍ അവള്‍ പോകുന്നത് പടിപ്പുരയില്‍ ഇരുന്ന് നോക്കാറുണ്ട്. 

എന്നെപ്പോലെ തന്നെ അവളുടെ ചേല് വീക്ഷിക്കുന്ന കല്ലുവെട്ട് മെഷീന്‍ കൊണ്ടുനടക്കുന്ന അനിലും അത് ആസ്വദിച്ചിരുന്നു.  പിന്നീട് എപ്പോഴോ ആണ് ആ ബന്ധം വിവാഹത്തില്‍ കലാശിച്ചതായും അവള്‍ തികച്ചും സന്തോഷവുമായി അവനോടൊപ്പം ജീവിക്കുന്നതായും ആരൊക്കെയോ പറഞ്ഞു കേട്ടത്.  കോഴിക്കോട് ഭാഗത്തേക്കാണ് അവളെ കല്യാണം കഴിച്ചതെന്ന് മാത്രം എനിക്കറിയാം. കല്യാണം കഴിഞ്ഞതിനുശേഷം ഞാന്‍ അവളെ കണ്ടിരുന്നില്ല. പിന്നീട് ഞാന്‍ അവളെ കാണുന്നത് നമ്മളെല്ലാവരും പ്രളയത്തില്‍ മുങ്ങിപ്പോയ ഒരു കാലത്തായിരുന്നു.  ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള ഓട്ടത്തിനിടയില്‍ മുട്ടോളം വെള്ളത്തില്‍ കൂടെ നടന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ മുറ്റത്തെത്തുമ്പോള്‍ പരിചിതമായ ഒരു മുഖങ്ങളും ഞാന്‍ കണ്ടിരുന്നില്ല. തികച്ചും വ്യത്യസ്തമായ ഒരു ലോകത്ത് എത്തിയപോലെ. ഒരിക്കലും പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം എന്നെ കീഴ്‌പ്പെടുത്തി.  സഹജീവിയെ കഴിവിന്റെ പരമാവധി അവരുടെ ദുര്‍ഘടമായ അവസ്ഥയില്‍  സഹായിക്കുക എന്ന് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അവര്‍ക്ക് പകരം ഞാന്‍ ആണെങ്കിലോ ഈ അവസ്ഥയില്‍ എന്നുള്ള ചിന്തയായിരുന്നു എനിക്ക്. ആ അനുതാപതരംഗം എന്നില്‍ മാത്രമായിരുന്നില്ല ഈ ഭൂമിമലയാളത്തിലുള്ള ഓരോരുത്തരും അനുഭവിച്ചറിഞ്ഞ ഒന്നാണ്. 

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ അവിടെ അധിവസിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിവസ്ത്രവും മാക്‌സിയും എത്തിക്കണമെന്ന മെസ്സേജ് റിലീഫ് ക്യാമ്പിന്റെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ വന്നു. ആ മെസ്സേജിനെ പിന്തുടര്‍ന്ന് ഫോണ്‍ നമ്പര്‍ തപ്പിപിടിച്ചുമാണ് അവിടെ എത്തിയത്. മൂടികെട്ടിയ അന്തരീക്ഷത്തില്‍ ദുരിതാശ്വാസക്യാമ്പ്  പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള വഴികളിലെല്ലാം വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. വെള്ളത്തില്‍ കൂടെ ബോട്ട് പോകുന്നപോലെയാണ് ഞങ്ങള്‍ സഞ്ചരിച്ച വാഹനം എത്തിയത്. സ്‌കൂളിന്റെ മുറ്റത്ത് എത്തിയപ്പോള്‍ ക്ലാസ്സുകളില്‍ നിന്ന് ചില മുഖങ്ങള്‍ ഏന്തിവലിഞ്ഞ് ജനവാതിലില്‍കൂടിയും വാതിലില്‍ കൂടിയുമൊക്കെ നോക്കി. സാധനങ്ങളൊക്കെയും റിലീഫ് ക്യാമ്പിലെ പ്രവര്‍ത്തകര്‍ കൈപറ്റിയശേഷം ക്യാമ്പില്‍ താമസിക്കുന്നവരെ കാണാന്‍ അവര്‍ എന്നെ കൂട്ടികൊണ്ട് പോയി. കോരിച്ചൊരിയുന്ന മഴയില്‍ കാറ്റിനോടൊപ്പം പാറിവരുന്ന മഴശീതലുകള്‍ ഇടക്കൊക്കെ ശരീരത്തെയും വസ്ത്രത്തെയും നനച്ചു.അങ്ങിനെ നടന്ന് ഇരുട്ട് നിറഞ്ഞ ഒരു ക്ലാസ് മുറിയിലെത്തി. 

കുറെ സ്ത്രീകള്‍ നിലത്ത് പായ വിരിച്ചും അവിടവിടങ്ങളിലെ കുഞ്ഞു കുഞ്ഞ് ബഞ്ചുകളിലുമൊക്കെ ഇരിക്കുന്നുണ്ട്. ചില സ്ത്രീകളുടെ ഉടുത്ത വസ്ത്രങ്ങള്‍ നനഞ്ഞ് ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. സ്‌കൂള്‍ നില്‍ക്കുന്ന പ്രദേശത്ത് വൈദ്യുതിബന്ധം പൂര്‍ണ്ണമായി നിലച്ചതുകൊണ്ട് സ്‌കൂളില്‍ വെളിച്ചമില്ല. ആദ്യത്തെ ഏതാനും നിമിഷങ്ങള്‍ അപരിചിതത്വം നിറഞ്ഞതായിരുന്നുവെങ്കിലും ഒരഞ്ചുമിനിറ്റിന് ശേഷം ഞങ്ങളുടെ സംഭാഷണത്തില്‍ സ്വാഭാവികത കൈവന്നു. ആ ദുരിതാശ്വാസ ക്യാമ്പില്‍ അധിവസിക്കുന്നവരില്‍ ചിലരെല്ലാം പ്രളയത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. അതിന്റെ ദുഃഖം ഒരു മരവിപ്പ് പോലെ അവരില്‍ കാണപ്പെട്ടു. എന്നാല്‍ ചിലരൊക്കെയും ദാരിദ്ര്യം നിറഞ്ഞ ജീവിതത്തില്‍ പ്രളയം സ്‌കൂള്‍ ക്യാമ്പില്‍ എങ്കിലും എത്തിച്ച സന്തോഷത്തിലായിരുന്നു. ഇതിനിടയിലാണ്് ഏകദേശം അന്‍പത് വയസ്സുള്ള പര്‍ദ്ദ ധരിച്ച ഒരുമ്മ വന്ന് എനിക്ക് ഒരു അടിവസ്ത്രം മാറ്റാന്‍ തരുമോ നനഞ്ഞിട്ട് ഇരിക്കാന്‍ വയ്യ എന്ന് പറഞ്ഞത്. ഉടനെതന്നെ റിലീഫ് പ്രവര്‍ത്തകന്‍ അത് എത്തിച്ചുകൊടുത്തപ്പോള്‍ അവര്‍ വീണ്ടും എന്നോട് പറഞ്ഞു. 'ആണുങ്ങളുടെ അടിവസ്ത്രം കൂടി വേണം. എന്റെ ഭര്‍ത്താവിനാണ്. മൂപ്പരും എന്റെ അതേ അവസ്ഥയിലാണ്.' ഞാന്‍ എന്തൊരു പൊട്ടത്തിയാണ്.  ഈ ലോകത്ത് സ്ത്രീകള്‍ മാത്രമേ ദുരന്തത്തിന്റെ കഷ്ടപ്പാടുകള്‍ വഹിക്കുന്നുള്ളൂ എന്ന എന്റെ വിചാരത്തിനിട്ട് ഒരു കിഴുക്ക് കൊടുത്തു ഞാന്‍.  കൂടെയുള്ള സുഹൃത്തുക്കള്‍ ഫെമിനിസ്റ്റിന്റെ വര്‍ഗബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞുകൊണ്ട് കളിയാക്കുകയും ചെയ്തു.ലോകചരിത്രത്തിലുള്ള ഏത് ദുരന്തങ്ങളും എടുത്ത് പരിശോധിച്ചാലും സ്ത്രീകളാണ് അതിന്റെ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. പക്ഷെ അവരുടെ വികാരങ്ങളെയും ജീവിതത്തെയും ദുരന്തമുഖങ്ങളുടെ ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത് അന്നും ഇന്നും അങ്ങിനെയാണ് എന്ന് പറഞ്ഞ് ഞാന്‍ അവരോട് വാദിച്ചു.

പെട്ടെന്നാണ് അത് സംഭവിച്ചത് ഒരു വയസ്സുള്ള കുട്ടി അമ്മയുടെ ഒക്കത്തിരുന്ന് ആര്‍ത്ത് കരയുന്നു. ഇടയ്ക്കിടെ കുഞ്ഞ് വാശിപിടിച്ച് അമ്മയുടെ നെഞ്ചത്തും മുഖത്തും മാറിമാറി അടിക്കുന്നുമുണ്ട്. ആ സ്ത്രീയാണെങ്കിലോ ഞങ്ങളുടെ കൂട്ടത്തിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. കുട്ടി എത്രയൊക്കെ ശബ്ദമുണ്ടാക്കിയിട്ടും അവര്‍ ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ വെക്കുന്നില്ല.  അഴിഞ്ഞ് വീണ് കിടക്കുന്ന മുടിക്ക് അവന്‍ കുത്തിപ്പിടിച്ചപ്പോള്‍ ശകലമൊന്ന് ചെരിഞ്ഞു. അതുവരെ അവര്‍ മുഖം തരുന്നത് പോലുമില്ല. ചാരനിറമുള്ള ചുരിദാറിന്റെ ഭാഗങ്ങളില്‍ അവിടവിടെ പിന്നലിന്റെയും തുന്നികൂട്ടിയതിന്റെയും പാടുകള്‍ ആ ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തില്‍പ്പോലും കാണാമായിരുന്നു. 

എന്റെ കണ്ണുകള്‍ ആ കണ്ണുകളെ ഉടക്കിയപ്പോള്‍ വേഗം അവര്‍ കണ്ണുകളെ പിന്‍വലിച്ച് തിരിഞ്ഞ് നിന്ന് കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ആ കണ്ണുകളാണോ ആ കുട്ടിയുടെ വാശിപിടിച്ച കരച്ചിലാണോ എന്നെ അവര്‍ക്കരികിലേക്ക് എത്തിച്ചത്. ഞാന്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന അവരുടെ കുട്ടിയെ സമാധാനിപ്പിക്കാനെന്നവണ്ണം അവരുടെ മുന്നില്‍ ചെന്ന് മുഖത്തേക്ക് നോക്കി. ഒരു ഞെട്ടലോടെയാണ് ഞാന്‍ അമ്മിണിയെ അവിടെ കണ്ടത്. അവളുടെ കണ്ണില്‍നിന്ന് മലവെള്ള പാച്ചില്‍പോലെ കണ്ണീര്‍ കുത്തിയൊഴുകുന്നു. എന്തുപറയണം എന്നറിയാതെ ഞാന്‍ വാക്കുകള്‍ക്കായി പരതി. ഞാന്‍ അവളോട് പറഞ്ഞു. 'പ്രളയം വരുമ്പോള്‍ ഏതൊരാളും ഇത്തരം അവസ്ഥയിലൂടെ കടന്ന് പോവും. ഇവിടെ താമസിക്കുന്ന അധികപേരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്.  പ്രളയം വന്നപ്പോള്‍ പലര്‍ക്കും പലതും നഷ്ടമായി.  എന്നാലും ജീവന്‍ തിരിച്ചുകിട്ടിയില്ലേ. ഒരുപക്ഷെ ഞാന്‍ പോലും വെള്ളം വീട്ടില്‍ കേറിയാല്‍ ഇവിടെവന്ന് താമസിക്കേണ്ടിവരും.' 

അപ്പോഴാണ് ദുരിതാശ്വാസ പ്രവര്‍ത്തകരില്‍ ഒരാള്‍ ഓടിവന്ന് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്. സത്യത്തില്‍ അമ്മിണി പ്രളയബാധിത പ്രദേശത്ത് നിന്നല്ല റിലീഫ് ക്യാമ്പില്‍ എത്തിയത് എന്ന് അവര്‍ പറഞ്ഞു. ഈ ദുരിതപെയ്ത്തില്‍ ഒരു കൂരയുടെ തണലിന് വേണ്ടി സ്‌കൂള്‍ വരാന്തയില്‍ അഭയം പ്രാപിച്ചതാണ്. ഇതുകേട്ടതിന് ശേഷം ഞാന്‍ അമ്മിണിയെയും കുട്ടിയെയും കൂട്ടി ആരുമില്ലാത്ത ക്ലാസ്സ്‌റൂമില്‍ പോയിരുന്നു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനായി ഒരു ബിസ്‌ക്കറ്റിന്റെ പാക്കറ്റും കൈയില്‍വെച്ച് കൊടുത്തു. പ്രണയവിവാഹം ആയതുകൊണ്ട് അവന്റെ വീട്ടുകാര്‍ അവളെ അടുപ്പിച്ചിരുന്നില്ല.  വീട്ടില്‍ പറയാന്‍ മാത്രം സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ അവന് ഭാഗം കിട്ടിയ നാലുസെന്റ് സ്ഥലത്ത് ഒരു ഷീറ്റ് കൊണ്ടുണ്ടാക്കിയ ഷെഡ് വെച്ചാണ് താമസം. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ നെഞ്ചുവേദന വന്ന് ഭര്‍ത്താവിന് പണിക്ക്് പോകാന്‍ കഴിയാതെയായി. അടുത്തുള്ള വീട്ടില്‍ ജോലിചെയ്ത് അവിടുന്ന് കിട്ടുന്ന ഭക്ഷണം കൊണ്ടാണ് വീട് പുലര്‍ന്നിരുന്നത്. ഇതിനിടയില്‍ രണ്ടാമത്തെ കുട്ടിയും പിറന്നു. 

അസുഖം ഭേദമായ സമയത്ത് തെരുപ്പിച്ച പ്രതീക്ഷകളുമായി ആകെയുണ്ടായിരുന്ന കല്ലുവെട്ട് മെഷീന്‍ വിറ്റ് ഭര്‍ത്താവ് സൗദിയിലേക്ക് പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഭര്‍ത്താവിന് ശമ്പളം കിട്ടിയിട്ടില്ല. മാത്രമല്ല ഒരു ത്വക്ക്‌രോഗം വന്ന് ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം. കേട്ടപ്പോള്‍ ഭയങ്കരമായ സങ്കടം വന്നെങ്കിലും ഞാന്‍ അവളോട് ചോദിച്ചു 'നീ അവിടുന്ന് എങ്ങിനെയാണ് ഇവിടെ എത്തിയത്' എന്ന്. കാറ്റും മഴയും ശക്തിയോടെ വന്ന് പതിക്കുമ്പോള്‍ ഷീറ്റിന്റെ പല ഭാഗങ്ങളും താഴ്ന്ന് പോകും. രാത്രി എപ്പോ വേണമെങ്കിലും തകരാനാകുന്ന മേല്‍ക്കൂരയെ നോക്കി ഞാനു മക്കളും ഉറങ്ങാതെ കിടക്കും. അതിനിടയിലാണ് ഒരുദിവസം പെരുമ്പാമ്പ് ഇഴഞ്ഞ് വന്ന് പായക്കടിയില്‍ ഒളിച്ചുകിടന്നത്. അന്ന് രാത്രി പുറത്താണെങ്കില്‍ ഇടിയും കനത്ത മഴയും പെരുമ്പാമ്പിനെ കണ്ടതും ഞാന്‍ കുട്ടികളെ എടുത്ത് അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. പിറ്റേ ദിവസമാണ് ഞാന്‍ അറിഞ്ഞത് സ്‌കൂളുകളില്‍ ഗവണ്‍മെന്റ് താമസസൗകര്യവും ഭക്ഷണവും കൊടുക്കുന്നുണ്ടെന്ന്. പ്രളയം ബാധിക്കാത്ത മേഖലയില്‍ നിന്നും വരുന്ന എന്നെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും അകറ്റിയിരുന്നു. പ്രളയം ബാധിച്ചവര്‍ക്ക് കിട്ടാനുള്ള 10000 രൂപ കരസ്ഥമാക്കാനാണ് ഞാന്‍ ക്യാമ്പില്‍ വന്നത് എന്ന് പറഞ്ഞ് പലരും കുറ്റപ്പെടുത്തി. ഞാന്‍ എന്റെ രണ്ടുകുട്ടികളെയും കൊണ്ട് ഈ സ്‌കൂളിന്റെ മുന്നില്‍ ഇന്നലെ രാത്രി മുതല്‍ കിടക്കുകയാണ്.' അവള്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ 10000 രൂപക്കല്ല ഞാനിവിടെ വന്നതെന്ന് പറഞ്ഞ് അവള്‍ എന്റെ കൈപിടിച്ച് കരഞ്ഞു. സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യം ചോദിച്ചപ്പോള്‍ അമ്മയും അച്ഛനും മരിച്ചതിനുശേഷം ഏട്ടന്റെ ഭാര്യ വീട്ടിലേക്ക് കയറാന്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു മറുപടി. എങ്ങനെയും ഇതിനുള്ളില്‍ കയറിപ്പറ്റുക എന്നുമാത്രമായിരുന്നു എന്റെ ലക്ഷ്യം. ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ ഒന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്റെ കുട്ടികള്‍ക്ക് വയറുനിറച്ച് ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മാത്രമാണ് ഞാന്‍ കരുതുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരുടെ കാലുപിടിച്ചാണ് ഞാനിവിടെ ഇരിക്കുന്നത്. അവളുടെ കൈ വിടുവിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങി. അമ്മിണിയുടെ സങ്കടകടല്‍ മനസ്സില്‍ ആര്‍ത്തിരമ്പുകയാണ്. പ്രളയത്തിന്റെ ഒഴുക്കില്‍ അത് ശക്തമായികൊണ്ടിരുന്നു.  എന്തുപറയണം എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായതയോടെ ആ കോരിചൊരിയുന്ന മഴയില്‍ ഞാന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിനടന്നു. ഏതോ കുട്ടികള്‍ ഒഴുക്കിവിട്ട കടലാസ് തോണി ഒഴുക്കിനെതിരെ നീങ്ങാനാവാതെ ചെടികള്‍ക്കിടയില്‍ താങ്ങിനായി ഓരം ചേര്‍ന്നിരുന്നു. ഒരു വലിയ മലവെള്ളപ്പാച്ചിലില്‍ ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം ആ കടലാസ് തോണിയെ പൂര്‍ണ്ണമായി മുക്കി ഒഴുകി കടന്നുപോയി. അതില്‍ ഒരു തുള്ളി കണ്ണിര്‍.. അമ്മിണിക്ക് വേണ്ടി എന്റേത് മാത്രമായുണ്ടായിരുന്നു.

Content Highlights: my post