ചെറുത്തുനില്‍പ്പുകളുടെയും ഉപദ്രവിക്കപ്പെട്ടതിന്റെയും തുറന്നുപറച്ചിലുകളുമായി മി ടൂ കാമ്പെയ്ന്‍ സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. ഈ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുമോ. മി ടൂ ഹാഷ്ടാഗിന്റെ പശ്ചാത്തലത്തില്‍ പ്രിയ കിരണ്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

പ്രിയയുടെ കുറിപ്പ് വായിക്കാം.

സ്ത്രീ സമത്വത്തെപ്പറ്റി പറയുമ്പോള്‍ എത്രയോ പ്രാഥമികമായ പ്രശ്‌നങ്ങളില്‍ നിന്നും തുടങ്ങേണ്ടി വരുമെന്നതിനാല്‍, അതിനു മുതിരാതിരിക്കാറാണ് പതിവ്. പക്ഷെ ഇപ്പോള്‍ 'Me too' ക്കാലമല്ലേ, ഹാഷ് ടാഗുകളല്ലേ പറയാതിരിക്കാന്‍ എനിക്കാവതില്ലേ 'എന്നായി അവസ്ഥ .????

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വിന്‍സ്റ്റനെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ , ഹോളിവുഡ് നടിയായ അലിസാ മിലാനോ ആണ് , ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്തിട്ടുള്ള സ്ത്രീകളോട് 'me too' എന്ന ഹാഷ് ടാഗ് സ്റ്റാറ്റസിനടിയില്‍ അണി നിരക്കാന്‍ നിര്‍ദ്ദേശിച്ചത് .

ലോകമെങ്ങും 'മീ ടൂ 'അലമാലയുണ്ടാക്കുന്നു, അത്ഭുതമില്ല .. പക്ഷെ , ഇന്ത്യയില്‍ നിന്നും അതിലേക്കു ചേരുന്ന പതയും നുരയും കണ്ടപ്പോള്‍ ഓര്‍ത്തു അമേരിക്കയിലെയോ യൂറോപിയന്‍ രാജ്യങ്ങളിലെയോ പൊതുവെ പുരുഷന് തുല്യമായ അവകാശങ്ങളും ജീവിത സാഹചര്യങ്ങളും അനുഭവിക്കുന്ന സ്ത്രീ സമൂഹം അതിനപവാദമായി അവരുടെ ജീവിതത്തില്‍ സ്ത്രീത്വത്തിനു നേരെയുണ്ടായ ഏതാനും ദുരനുഭവങ്ങളെപ്പറ്റി തുറന്നു പറയുന്നത് പോലെ പറഞ്ഞു പോവാനുള്ളതേ നമുക്കുമുള്ളൂ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്ത്രീ വിരുദ്ധതയില്‍ പുതഞ്ഞു കിടക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് വരുന്നവര്‍ , അവരുടെ ദുരനുഭവങ്ങളെപ്പറ്റി പറയുന്നതിന് മന്ത് വന്നു ആകെ വീര്‍ത്തുന്തിയ കാലിലെ ഒന്ന് രണ്ടു ചൂടു കുരുവിനെപ്പറ്റി പറയുന്നത്ര പ്രസക്തിയല്ലേ ഉള്ളൂ ?????

'ഓ, പെണ്‍കുട്ടിയാണോ' എന്ന ചോദ്യത്തിലേക്കല്ലാതെ ജനിച്ചു വീഴാനും , 'നീയൊരു പെണ്‍കുട്ടിയല്ലേ, എന്നിട്ടും.. 'എന്ന് കേള്‍ക്കാതെ വളര്‍ന്നു വലുതാവുനും മാത്രം മാനുഷിക പരിഗണന ലഭിച്ച സ്ത്രീകള്‍ എത്രയുണ്ട് നമുക്കിടയില്‍? 'ആര്‍ക്കെങ്കിലും പിടിച്ചു കൊടുക്കേണ്ട സമയമായി ' എന്ന് ചുറ്റുവട്ടത്തെ ചേച്ചിമാരെപ്പറ്റി വയസ്സായവര്‍ പറയുന്നത് , പശുവിനെപ്പറ്റിയാണെന്നു കുട്ടിക്കാലത്തു ഞാന്‍ എത്ര വട്ടം തെറ്റിദ്ധരിച്ചിട്ടുണ്ട് ! വിവാഹ ശേഷം ' അവള്‍ക്കു ഭാഗ്യമുണ്ട് , അവളെ ജോലിക്കു വിടുന്നുണ്ട് അവന്‍ 'എന്നൊക്കെയുള്ള ഇനിയും മനസ്സിലാകാത്ത വിലയിരുത്തലുകള്‍ എത്ര കേട്ടിട്ടുണ്ട്! 'ചെളി ' കണ്ടാല്‍ ചവുട്ടാന്‍ പുരുഷന് അനുമതി നല്‍കപ്പെട്ടിരിക്കുന്നൊരു സമൂഹത്തിലേക്ക് പിറന്നു വീഴുന്ന ഭാഗ്യം കെട്ട മറുവിഭാഗത്തിന് , പുരുഷവര്‍ഗത്തോട് അകലം പാലിച്ചു , ചളിയാവുന്നതില്‍ നിന്നും സ്വയം കാത്തു സൂക്ഷിച്ചു ജീവിക്കുകയല്ലാതെ എന്താണ് മാര്‍ഗം?

ഫെമിനിസ്റ്റ് , ഫെമിനിച്ചി എന്നൊക്കെ പദവികള്‍ കേള്‍പ്പിച്ചു ജീവിതം കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നതിലും എളുപ്പം അതാണെന്ന് തോന്നാം .. പക്ഷെ അല്ല , അപ്രകാരം ഉത്തമ പെണ്‍കുട്ടികളായി ഒതുങ്ങി ജീവിച്ചാലും പ്രശ്‌നങ്ങളുണ്ട്  അന്ന് വരെ ലോകമറിയാതെ കഴിഞ്ഞവള്‍, ഭാര്യയായാല്‍ വിവാഹം മജീഷ്യന്‍ മുതുകാടിന്റെ കാര്‍മികത്വത്തില്‍ കഴിഞ്ഞ പോലെ വേണം പിന്നീടങ്ങോട്ട് പെരുമാറാന്‍ ഒറ്റരാവ് ഇരുട്ടി വെളുക്കുമ്പോള്‍, മന്ത്രശക്തി കൊണ്ട് ഉത്തമ ഭാര്യയാവണം, മരുമകളാവണം, ബിരിയാണി വെക്കണം.... പിന്നെന്താണെന്നു വെച്ചാല്‍, നന്നായി നിന്നാല്‍, നല്ല മനസ്സുള്ള ഭര്‍ത്താവാണെങ്കില്‍, തുടര്‍ന്നും ജോലി ചെയ്യാനും, ഇടയ്ക്കു സ്വന്തം വീട്ടില്‍ പോവാനുമൊക്കെ 'സ്വാതന്ത്ര്യം' തന്നെന്നുമിരിക്കും! എന്താല്ലേ!

അങ്ങനെ ആരുടെയൊക്കെയോ ലോകത്തു പിടിച്ചു തൂങ്ങി, രണ്ടു മൂന്നു കുട്ടികളൊക്കയായി ജീവിച്ചു ഒരു മദ്ധ്യവയസ്സില്‍ എത്തുമ്പോഴെങ്കിലും, സ്ഥിതി മാറുമെന്ന് കരുതുന്നുണ്ടോ? പൊതുബോധങ്ങളില്‍ നിന്ന് വളര്‍ച്ച പ്രാപിക്കാനവസരം കിട്ടാതെ പോയതെന്ന് മാപ്പു കൊടുക്കാവുന്ന പണ്ടത്തെ ഗ്രാമം മാറി , അഭ്യസ്തവിദ്യരുടെ സദസ്സിലിരിക്കുമ്പോള്‍ എത്ര തവണ കേട്ടിരിക്കുന്നു മറ്റു ചില ക്ലിഷേ തമാശകള്‍ 'എയര്‍ ഇന്ത്യയില്‍ നാട്ടില്‍ പോവാറില്ല, കാരണം എയര്‍ഹോസ്റ്റസ്സുകളെല്ലാം 35 കഴിഞ്ഞ തള്ളകളാണ് ..!!' നിങ്ങളുടെ വീട്ടിലെല്ലാം 35 കഴിഞ്ഞ സ്ത്രീകളെ ദയാവധം ചെയ്യാറാണോ പതിവ്? എന്ന് ചോദിച്ചു ആ 'തമാശ'യുടെ മുനയൊടിക്കാം, പക്ഷെ അതിനു ചിരിച്ചവരില്‍ സ്ത്രീകളും ഉണ്ടെങ്കിലാണ് ശരിക്കും തോറ്റു പോവാറ് !

നൂറു കണക്കിന് കുറ്റകൃത്യങ്ങള്‍ ദിനം പ്രതിയെന്ന വണ്ണം വരുന്ന ന്യൂസ്ചാനലുകള്‍ മാറുമ്പോള്‍ , തെളിയുന്ന മുഖങ്ങളില്‍ ഒരെണ്ണം സ്ത്രീയാണെങ്കില്‍ , സദസ്സിലെ ചിയര്‍ ബോയ്‌സിന് എന്തൊക്കെ പഴമൊഴിയറിയാം അത് സാധൂകരിക്കാന്‍  ' അല്ലെങ്കിലും പെണ്ണൊരുമ്പെട്ടാല്‍..'! 'അമ്മായി മീശ വെച്ചാല്‍ അമ്മാവനാവില്ല ..' !???? അമ്മാവനാവണമെന്നു ആര്‍ക്കണാഗ്രഹം സര്‍ ! മനുഷ്യനാണെന്നാണ് കരുതിയിരുന്നത്. ബ്രാക്കറ്റില്‍ രണ്ടാം തരം എന്നുള്ളത് അലിഖിതമായിരിക്കുന്നിടത്തോളം, അതങ്ങനെ അല്ലെന്നിരിക്കിലും, എതിരെ നീതി തേടാനും വകുപ്പൊന്നുമില്ലല്ലോ ! സമത്വ സുന്ദര കിനാശ്ശേരി !

പരസ്യമാവട്ടെ , സിനിമയാവട്ടെ , വെളുക്കാനുള്ള ക്രീം തേച്ചു പുരുഷന്റെ സൗന്ദര്യപ്രശംസയില്‍ ജീവിത ധന്യത തേടുന്ന , വട്ടത്തില്‍ റൊട്ടി ചുടുന്നതിനു കിട്ടുന്ന പ്രശംസയില്‍ പുളകിതയാവുന്ന, കുടിയും അടിയും തൊഴിയും സഹിക്കുന്ന സ്ത്രീയാണ് ഇന്നും അഭികാമ്യ. സൗന്ദര്യം തീര്‍ച്ചയായും നല്ലതു തന്നെ , പക്ഷെ സ്ത്രീയെന്നാല്‍ ശരീരവും സൗന്ദര്യവും മാത്രം എന്ന മട്ടില്‍ കാണുന്നതാണ് അപമാനകരം. അവളെ സ്വന്തം വീട്ടിലും അധികം ലാളിക്കണ്ട , നാളെ മറ്റൊരു വീട്ടില്‍ പോയി ജീവിക്കേണ്ടവളല്ലേ? കവിയൂര്‍ പൊന്നമ്മ മടിയില്‍ കിടത്തി മുടി തടവി കൊഞ്ചിക്കുന്നതായി, മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമല്ലാതെ ഉര്‍വ്വശിയെയും ശോഭനയെയും ഒന്നും ഞാനിതു വരെ കണ്ടിട്ടില്ലാത്തിനു ഇതാവണം കാരണം!

ജനനം മുതല്‍, ജീവിതം മൊത്തം തുല്യതയൊക്കെ ഏട്ടിലെ പശുവാണെങ്കിലും , പൊതു സദസ്സിലോ ചര്‍ച്ചയിലോ ഒക്കെയിരിക്കുമ്പോള്‍ , പെട്ടെന്നാണ് സ്ത്രീ സമത്വയായിരിക്കേണ്ടവളാണെന്നു ചിലര്‍ക്ക് ഓര്‍മ വരുക . ' ഓ ! റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെപ്പറ്റി അറിയില്ല? ന്യൂസ് ഒന്നും കാണില്ലല്ലോ, ആ സമയം വല്ല സീരിയലുമല്ലേ നോക്കൂ ..'  ചപ്പാത്തി വട്ടമൊപ്പിച്ചു പരത്തുമ്പോള്‍, പശ്ചാത്തലത്തില്‍ ഒരു ആളനക്കത്തിന് റോഹിന്‍ഗ്യന്‍ പ്രശ്‌നങ്ങളെക്കാള്‍ മനുഷ്യപ്പറ്റ് സീരിയലിലെ ശബ്ദങ്ങള്‍ക്കാണ് സര്‍?????? ! ആര് കേള്‍ക്കാന്‍ ആരോട് പറയാന്‍ ! ??????

ദിനംപ്രതി വാട്‌സ് ആപ്പിലും മറ്റും വരുന്ന സ്ത്രീവിരുദ്ധ തമാശകളെപ്പറ്റി പിന്നെ പറയണ്ട.. 'അതെന്താ വാട്‌സ് ആപ്പില്ലേ ?' ഉണ്ട് , ചിരിച്ചു ചിരിച്ചു പലപ്പോഴും കണ്ണ് നിറഞ്ഞു പോവുന്നതിനാല്‍ uninstall ചെയ്യാമെന്ന് വിചാരിക്കുകയാണ് ! 'ഒരു തമാശ പറഞ്ഞാലും സ്ത്രീ വിരുദ്ധതയാകുമോ? 'എന്നാണോ ? അങ്ങനെ തമാശകള്‍ പറഞ്ഞും ശീലിപ്പിച്ചും വിരുദ്ധതകളുടെ അതിരില്‍ ബാക്കി നില്‍ക്കുന്ന ദുര്‍ബലമായ കമ്പുകളും നില തെറ്റി വീഴുമ്പോളത്തെ ഒരാശങ്ക!??

ഇത് കൊണ്ടുള്ള നഷ്ടങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമല്ലെന്നതാണ് ഒരാശ്വാസം . ശരീരം മാത്രമാണ് സ്ത്രീയെന്നു വിലയിരുത്തുന്ന ഒരു പുരുഷന് നഷ്ടപ്പെടുന്നത് , ബുദ്ധിയും വിവേകവുമുള്ള സ്ത്രീസമൂഹത്തിന്റെ ചങ്ങാത്തമാണ്. അത് മൂലം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്തമായൊരു വീക്ഷണകോണാണ്. അത്തരം ഒരു സമൂഹം നഷ്ടപ്പെടുത്തുന്നത് , സാമ്പത്തികവും സാമൂഹികവും ആയി ജനസഖ്യയുടെ പകുതിയോളം പേര്‍ കൂടി ചേര്‍ന്ന് കൈവരിക്കേണ്ട സുരക്ഷയും ഭദ്രതയുമാണ് !??

ഈ സമുദ്രത്തിലേക്കിറക്കിയാല്‍, എവിടെ നില കിട്ടാനാണ് എന്നോര്‍ത്താണ് , എന്റെ 'മീ റ്റൂ ' ഹാഷ് ടാഗ്ഗിന്റെ കൊതുമ്പുവള്ളം ഞാന്‍ ഉള്ളില്‍ തന്നെ തളച്ചിട്ടിരിക്കുന്നത്. ടാഗോര്‍ ഗീതാഞ്ജലിയില്‍ പറയും പോലെ , 'ഞങ്ങളുടെ ദുഃഖങ്ങള്‍ വലിയവയാണ്, ഞങ്ങളുടെ അപമാനം രഹസ്യമായതും ഘനമേറിയതുമാണ് ..' അതറിയുന്നവരും , മനസ്സിലാക്കുന്നവരും ആയവരും ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിലെന്നു എനിക്കറിയാം .. 

അവരെടുക്കട്ടെ മാറ്റത്തിലേക്കു ഒരു ചുവട് 'never again '. ലിംഗഭേദാടിസ്ഥാനത്തില്‍ രണ്ടാംതരം പൗരന്മാര്‍ സമൂഹത്തില്‍ ഉണ്ടാകുന്നതിനു ഇനി കൂട്ട് നില്‍ക്കില്ലെന്ന ഉറപ്പ് എവിടെ നിന്നെങ്കിലുമൊക്കെ കിട്ടി തുടങ്ങുമ്പോളല്ലേ ഈ വിപ്ലവത്തിന് ഇവിടെ അര്‍ഥം ഉണ്ടാവുന്നുള്ളു! അന്നേ ഉള്ളൂ ബാലാമണി ഹാഷ്ടാഗുകളുടെ പ്രാര്‍ഥനകളുമായി, ഇനി സ്ത്രീ സമത്വത്തിന്റെ നടയിലേക്ക് ..!??