രിക്കല്‍ ഏകാധിപതിയായി വാണിരിക്കാം, വെന്നിക്കൊടി പാറിച്ചിരിക്കാം..പക്ഷേ ഇടവേളക്ക് ശേഷമുള്ള പ്രിയപ്പെട്ട തൊഴിലിലേക്കുള്ള മടക്കം ഒരുപെണ്ണിനും എളുപ്പമല്ല. മടങ്ങും മുമ്പ് സ്വയമടയാളപ്പെടുത്തിയ അവളുയരങ്ങള്‍ തന്നെയാകും ആദ്യ വെല്ലുവിളി. ആദ്യം താരതമ്യം ചെയ്യുന്നത് ആ പഴയ അവളോട് തന്നെയാകും, അത് കാഴ്ചക്കാരും അവനവന്‍ തന്നെയും. അതുതന്നെയാണ് മഞ്ജുവിനും സംഭവിച്ചത്. 

തിരിച്ചുവരവില്‍ പഴയ മഞ്ജുവിനെയാണ് നാം തിരഞ്ഞത്. സ്വാഭാവികമായ ഡയലോഗ് ഡെലിവറി, സൂക്ഷ്മാഭിനയങ്ങള്‍,  കൃസൃതി നോട്ടങ്ങള്‍, ചിരി...ചുവന്ന പട്ടുസാരിയുടുത്ത് മുടിയഴിച്ചിട്ട് കുറുമ്പും കെറുവുമായി നില്‍ക്കുന്ന ഉണ്ണിമായയെയും അരയില്‍ അരിവാള്‍ തിരുകിയ ഭാനുവിനെയും കണ്ണെഴുതി പൊട്ടുതൊട്ട് വശ്യമായി ചിരിച്ചെത്തുന്ന ഭദ്രയെയും വീണ്ടുമാഗ്രഹിച്ചത് നമ്മള്‍ പ്രേക്ഷകരാണ്. 

നീണ്ട പതിനാലുവര്‍ഷങ്ങള്‍ അത്ര ചെറിയ കാലയളവൊന്നുമല്ല. അതിനിടയില്‍ അടിമുടി മാറ്റങ്ങളുണ്ടായതും പരിഷ്‌ക്കരിക്കപ്പെട്ടതും സിനിമയെന്ന വ്യവസായത്തിന് മാത്രമല്ല. മഞ്ജുവെന്ന വ്യക്തിക്ക് കൂടിയാണ്. മഞ്ജുവെന്ന അഭിനേത്രിയില്‍ നിന്ന് മഞ്ജുവെന്ന കുടുംബിനിയിലേക്കുള്ള ചുവടുമാറ്റത്തില്‍ തീര്‍ച്ചയായും മഞ്ജുവെന്ന വ്യക്തിയുടെ പ്രയോരിറ്റികളും മാറിയിരിക്കണം. ആ മാറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്, അതിനെ ത്യാഗമെന്ന പേരിട്ട് മഹത്വല്‍ക്കരിക്കാനും ശ്രമിക്കരുത്. പക്ഷേ ബഹുമാനിക്കണം, അത് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണമായിരുന്നു. 

പതിനാലുവര്‍ഷങ്ങളുടെ ഇടവേളയില്‍ സിനിമാ മാഗസിനുകളിലെ താരവിവാഹ ആല്‍ബങ്ങളിലെ തലയായി മാത്രം ഒതുങ്ങിയ മഞ്ജുവിനെ ആരാധനയോടെ നോക്കുമ്പോഴും ആ മാറ്റം നാം അറിഞ്ഞില്ല. ആ ചിന്തകളും മനസ്സും മാറിയതറിയാതെയുള്ള അല്ലെങ്കില്‍ ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കാതെയുളള ഒരു അധിക/അമിത പ്രതീക്ഷയായിരുന്നു അവരില്‍. ഓരോ കഥാപാത്രം കാണുമ്പോഴും ഞങ്ങളുടെ മഞ്ജു ആയിരുന്നെങ്കില്‍ എന്ന മട്ടിലുള്ള നിശ്വാസങ്ങളോടെയുളള കാത്തിരിപ്പിനൊടുവില്‍ അവര്‍ എത്തിയപ്പോള്‍ അവരുടെ തലയില്‍ വെച്ചുകൊടുത്തത് ആ ഭാണ്ഡക്കെട്ടാണ്.

വേണ്ടിയിരുന്നത് ഗ്രൂമിങ്ങാണ്. ഒരു സംവിധായകന്റെ കൈയിലെ കുഴച്ച കളിമണ്ണു മാത്രമാണ് അഭിനേതാവ്. അതിനെ വേണ്ടവിധത്തില്‍ പരുവപ്പെടുത്തിയടുക്കേണ്ടത്, അതിന് രൂപവും ചാരുതയും നല്‍കേണ്ടത് സംവിധായകനാണ്. ഇവിടെയാണ് അവരുടെ തന്നെ ഗുരുവായ ലോഹിതദാസിന്റയും പത്മരാജനെയും ഭരതനെയും പോലുള്ള സംവിധായകരുടെയും അഭാവം നിഴലിക്കുന്നത്. ഒന്നു പൊടിതട്ടിയെടുക്കേണ്ടതേ ഉള്ളൂ, ആ പ്രതിഭയെ..അതിനുമടിയുള്ളവരല്ല അവരും..

ഇത് മഞ്ജുവിന്റെ മാത്രം കാര്യമല്ല. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍(അത് ഏത് മേഖലയുമാകട്ടെ), അല്ലെങ്കില്‍ അങ്ങോട്ടുളള ചുവടിന് രണ്ടുകാല്പാടുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വിവാഹമോ, മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ കരിയര്‍ വിടേണ്ടി വരികയും മറ്റൊരുലോകം കെട്ടിപ്പടുക്കുകയും പിന്നീട് പോയിടത്തേക്ക് ഏറെക്കുറെ ഒരുപുതുമുഖമായിത്തന്നെ തിരിച്ചുവരികയും ചെയ്യേണ്ടിവരുന്നവളുടെക്കൂടി അനുഭവം.

Content Highlights: Manju Warrier, Aami Trailer, Kannezhuthi Pottum Thottu, Kanmadam, Aaram Thamburan