ലോചിച്ചു നോക്കൂ, 
ഒറ്റയ്ക്ക് നമ്മുടെ നാട്ടില്‍ സിനിമ കാണാന്‍ പോകാന്‍ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട്? 
പൊതു ഇടങ്ങളില്‍ ആണ്‍ തുണ നിര്‍ബന്ധമായും വേണമെന്ന് തോന്നിപ്പിക്കും വിധം അരക്ഷിതാവസ്ഥ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ വിരളമായിരിക്കില്ലേ?  
മദ്യപാനികളുടെയോ അലോസരക്കാരുടെയോ എന്തിന്, നോട്ടങ്ങളോ സ്പര്‍ശങ്ങള്‍ കൊണ്ടോ പോലും നമ്മളെ അസ്വസ്ഥരാക്കുന്ന പുരുഷന്മാര്‍ ഇല്ലാത്ത ഒരു ഉത്സവപ്പറമ്പ് കാണണോ? 

ഉടന്‍ പുറപ്പെടാന്‍ വരട്ടെ.  
ഇനി ഒരു വര്‍ഷം കാത്തിരിക്കണം. 
ഈ വര്‍ഷത്തേത് ഇത് നിങ്ങള്‍ വായിക്കുമ്പോളേക്കും തീര്‍ന്നിരിക്കും.

പാലക്കാട് ജില്ലയില്‍ 'കൊടുന്തിരപ്പുള്ളി'അഗ്രഹാരമാണ് കേള്‍വി കേട്ട ഈ സ്ത്രീ സൗഹൃദ കലാഗ്രാമം. 
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരാത്രി ആഘോഷത്തിന് അരങ്ങാവുന്നത് ശ്രീ ആദികേശവ പെരുമാള്‍ ക്ഷേത്രവും, പൂര്‍ണ്ണ പുഷ്‌ക്കലാ സമേത ശ്രീ ഹരിഹരപുത്ര ക്ഷേത്രവും. 

പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി, ശിങ്കാരി മേളങ്ങളും, തായമ്പകയും, നാദസ്വരകച്ചേരിയും അരങ്ങു വാഴുന്ന,  രണ്ടു ദിവസം നീളുന്ന പരിപാടികള്‍ക്കായി ആസ്വാദകര്‍ ദൂരെ നാടുകളില്‍ നിന്ന് എത്തിച്ചേരുക പതിവാണ്. പേരു കേട്ട വാദ്യ കലാകാരന്മാര്‍ മത്സരിച്ചു കൊട്ടിക്കലാശിക്കുന്ന ഈ മണ്ണില്‍ താളത്തില്‍ അകമ്പടിയായി ചുവടു വെച്ച്, കൈകള്‍ വീശി, സ്വയം മറന്ന് നൃത്തം വെച്ച്, ആഹ്ലാദക്കൊടുമുടിയിലെത്തി, കാണികള്‍ക്കെല്ലാ അര്‍ത്ഥത്തിലും അത്ഭുതക്കാഴ്ച്ചയാവുകയാണ് മേളക്കമ്പക്കാരായ  ഗ്രാമത്തിലെ പെണ്‍പട. കൂട്ടായ്മയുടെ മഹനീയമായ ഒരു ദൃശ്യവിരുന്ന്.

kodunthirapilly

പ്രായഭേമില്ലാതെ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ മനസ്സും, അതില്‍ ഒരേ തുടിപ്പും മാത്രമാവുന്ന മണിക്കൂറുകള്‍. സ്ത്രീകളെ അടുക്കളയിലെ നിത്യജോലികളില്‍ നിത്യജോലികളില്‍ നിന്നുമാറി, ചെണ്ടക്കാരുടെ ചുറ്റിലും വട്ടം തീര്‍ത്ത്, എല്ലാം മറന്ന് രണ്ടു പകലുകളും രാത്രികളും അവർ ആഘോഷിക്കുന്നു. 

പെണ്‍കുഞ്ഞുങ്ങള്‍ക്ക്  ഇതിലും വലിയ ബാല്യകാല അനുഭവം കിട്ടാനില്ല. ചെറുപ്രായം മുതല്‍ ലിംഗനീതി ഉറപ്പിക്കാന്‍, ആത്മവിശ്വാസമുള്ള പൗരകളായി മാറാന്‍  ഈ ഗ്രാമസമൂഹം അവരെ പ്രാപ്തരാക്കും, തീര്‍ച്ച. തല നരച്ചവര്‍ പോലും ആവും വിധം ചുവടുവെച്ച് സാന്നിധ്യമറിയിക്കും. യാതൊരു സുരക്ഷാപ്രശ്‌നങ്ങളുമില്ലാതെയാണ് ഓരോ പൂജക്കാലവും കടന്നു പോകാറുള്ളത്. പോലീസ് ഇടപെടേണ്ട  സാഹചര്യങ്ങള്‍ ഇല്ല തന്നെ.

എല്ലാ വീടുകളിലും, ഈ ദിവസങ്ങളില്‍ ആര്‍ക്കും ആഹാരത്തിനായി കടന്നു ചെല്ലാം. കുടിവെള്ളം ഓരോ മുറ്റത്തും കുടങ്ങളില്‍ വെച്ചിരിക്കും. പൊതുജനങ്ങള്‍ക്ക്, തിരക്കു നിയന്ത്രിക്കാനായി ക്യൂ വ്യവസ്ഥയില്‍ ഭക്ഷണം നല്‍കാറുമുണ്ട്. അന്നദാനത്തിന്റെ മഹത്വത്തോടൊപ്പം കാണേണ്ട മറ്റൊന്നുണ്ട്.

Koduthirapully

ബൊമ്മക്കൊലു ഗ്രാമങ്ങളിലെ  ഓരോ വീടുകളിലും വെച്ച് നിത്യപൂജകള്‍ പതിവുള്ളതാണ്. എന്നാല്‍ നമ്മള്‍ പലര്‍ക്കും അറിയാത്ത ഈ ദേശത്തിന്റെ ഒരു പ്രത്യേകത, അഷ്ടമി, നവമി ദിവസങ്ങളില്‍, വാതില്‍ തുറന്നു കൊടുത്ത്, അതിഥികളെ അകത്തളത്ത് ഇരുത്തി ആദരവോടെ സല്‍ക്കരിക്കുന്ന അമ്മമാരെ നിങ്ങള്‍ക്കിവിടെ കാണാം. വിശ്വാസത്തോടെ അവരുടെ വീടുകള്‍ നമുക്കായി അവര്‍ സമര്‍പ്പിക്കും, വിശ്രമിക്കാന്‍. ഇത് യഥാര്‍ത്ഥത്തില്‍ പല മാനങ്ങളില്‍ നോക്കിക്കാണേണ്ട ഒരനുഭവമാണ്.

മേളപ്രേമികളായ സ്ത്രീകളുടെ നവരാത്രി. ഞാന്‍ പോയതും കണ്ടതും അറിഞ്ഞതുമാണ് മേല്പറഞ്ഞതെല്ലാം. എന്റെ തുടര്‍ച്ചയായ ആറാം വര്‍ഷത്തെ യാത്രയായിരുന്നു അത്. 

ഞാന്‍ പോകാന്‍ കാരണമെന്തെന്നോ? വീണ്ടും വീണ്ടും പോയി അനുഭവിക്കാന്‍ പലതുമുണ്ട് കൊടുന്തിരപ്പുള്ളിയില്‍...
അതേ, അതുകൊണ്ട് വീണ്ടും പോകും.

Content highlights: Koduthirapully 'Chenda Melam'