ണ്ടാഴ്ച മുമ്പാണ് അയ്മനത്തെ ഐക്കരശാലിപ്പാലത്തിലേക്ക്  ആ യാത്ര പോയത്. ദിവസം കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ് 17 ന്.മാസാവസാനമായപ്പോഴേക്കും,നാടായ നാടുകളിലെ പ്രളയജലമൊക്കെ പമ്പ കടന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവരെല്ലാം മടങ്ങിക്കഴിഞ്ഞു. എന്റെ മനസ്സിലേക്ക് ഐക്കരശാലിപ്പാലം വിളിക്കാതെ കയറിവന്നു. ഓണം എത്തി,അവിടെ വെള്ളമിറങ്ങിയോ ആവോ. പഠിക്കുന്ന കുട്ടികളൊക്കെ  സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടുണ്ടാവുമോ? അവരുടെ വീട്ടിലെ അവസ്ഥ എന്താവും,പട്ടിണിയാണോ..ചോദ്യങ്ങള്‍  അലട്ടി തുടങ്ങിയതോടെ ഒന്നുകൂടെ അവിടേക്കു പോകാന്‍ തീരുമാനിച്ചു.ഒപ്പം കൂട്ടിയതാവട്ടെ അന്നെന്റെ ഒപ്പം വന്ന ഫോട്ടോഗ്രാഫര്‍ രാഗേഷിനെത്തന്നെ. വിളിച്ചപ്പോഴേ രാഗേഷ് പറഞ്ഞു ''പോണതൊക്കെ കൊള്ളാം,വെള്ളോം വള്ളോം പറ്റില്ല കേട്ടോ..''പാതി കളിയായും പാതി കാര്യമായും അവന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.''ചേച്ചി അവരെ വിളിച്ച് ' സ്ഥിതി 'യെന്താണെന്ന് തിരക്കിക്കേ..''വെള്ളപ്പേടി ഒളിപ്പിച്ചുകൊണ്ട്  രാഗേഷിന്റെ മറുപടി.

അങ്ങനെ ഐക്കരശാലിക്കാരെ ഞാന്‍ വിളിച്ചു.
''വെള്ളം ഇറങ്ങിയതല്ല,  ഞങ്ങള്‍ ഇറക്കിയതാ, ഇവിടം വരെ ഒന്നു വന്നു കണ്ടിട്ട് എഴുതാമോ.എന്നാലേ ഞങ്ങടെ ദുരിതം  മനസ്സിലാകൂ'അന്നാട്ടുകാരന്‍ ബിജേഷ് ക്ഷണിച്ചു.
''വരുന്ന വഴിയിലൊക്കെ വെള്ളം പഴയതുപോലെയാണോ..?''ഞാന്‍ സംശയം മറച്ചുവച്ചില്ല.
'കഴിഞ്ഞ തവണ വന്നതിന്റെയത്ര റിസ്‌ക്കില്ല. എന്തായാലും നിങ്ങളെ ഞങ്ങളങ്ങനെ  അപകടത്തിനു വിട്ടു കൊടുക്കുമോ.ഞങ്ങടെ ദുരിതം എഴുതാന്‍ വന്നിട്ട്് നിങ്ങളെ വെള്ളത്തിനു കൊടുക്കുമോ മാഡം.. ''  ബിജേഷ് ധൈര്യം പകര്‍ന്നു.
''വെള്ളമൊന്നും കൃത്യനിര്‍വഹണത്തില്‍നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കുന്ന പ്രശ്നമല്ല ബിജേഷ്, രണ്ടാള്‍ പൊക്കത്തിലെ വെള്ളത്തില്‍ വള്ളത്തില്‍ക്കയറി മണിമണി പോലെ വന്നുമടങ്ങിയത് ്അന്നു കണ്ടതല്ലേ.''ഞാനിത്തിരി അഭിമാനത്തോടെ പറഞ്ഞു. തിരിഞ്ഞു നോക്കിയത് രാഗേഷിന്റെ മുഖത്തേക്കായിപ്പോയി. ചിരിയമര്‍ത്താന്‍ പാടുപെട്ട് അവന്‍ എന്നോടു ചോദിച്ചു,
''എങ്ങനെ മടങ്ങീന്നാ പറഞ്ഞത്, മണിമണിയായിട്ടോ..ചേച്ചി ശ്വാസം പിടിച്ച് വള്ളപ്പടിയില്‍ രണ്ടു കൈകൊണ്ടും ആഞ്ഞുപിടിച്ച് വള്ളം മുക്കിക്കളയുമെന്ന് പേടിച്ചിരിക്കയായിരുന്നു ഞാന്‍. ഒരു മണിമണി..''
ബ്യൂറോയിലുള്ളവരെല്ലാം കൂട്ടച്ചിരിയായി.

സാരമില്ല,എനിക്കൊപ്പം  അന്ന്, രണ്ടാള്‍ താഴ്ചയിലെ വെള്ളത്തില്‍ അവനും പാടുപെട്ടതല്ലേ. കളിയാക്കിയത് ഞാന്‍  കാര്യമാക്കിയില്ല. അറിവില്ലാപൈതങ്ങള്‍ വല്ലതും പറഞ്ഞാല്‍ നമ്മള്‍ അറിവുള്ളവര്‍ അതു പോട്ടെന്നു വച്ചേക്കണം! വണ്ടി റെഡി. ഇത്തവണ സാരഥി മറ്റൊരാളാണ്. ആറടിപൊക്കവും അതിനൊത്ത തണ്ടും തടിയും ഉണ്ടായിട്ടും ആദ്യം തന്നെ കക്ഷി പറഞ്ഞു,നീന്താനും രക്ഷിക്കാനും ഞാനില്ല ,എന്നെ വെറുതെ വിട്ടേക്കണേ എന്ന്.. ഇനി ഒക്കെ വരുന്നിടത്തു വച്ചു കാണാം എന്ന ധൈര്യത്തില്‍ ഞങ്ങള്‍ യാത്രയാരംഭിച്ചു.

കഴിഞ്ഞ തവണയും ഐക്കരശാലിക്കാര്‍ പറഞ്ഞത്, പറയത്തക്ക വെള്ളമില്ല എന്നായിരുന്നു. അവര്‍ക്കത് കാലുനനയുന്ന വെള്ളംപോലേ ഉള്ളൂ. ഒരു വയസ്സാകുന്ന കുഞ്ഞിനെ വെള്ളത്തിലിറക്കി പേടിമാറ്റിയെടുക്കുന്ന പതിവാണവിടെ. വെള്ളം കാണുമ്പോഴേ കാലുനനയുന്ന കൂട്ടത്തിലാ ഞാന്‍. രാഗേഷാണെങ്കില്‍ എന്നെക്കാള്‍ കഷ്ടം. അയ്മനം കഴിഞ്ഞതും രാഗേഷ് ആഹ്ളാദത്തോടെ പറഞ്ഞു, 'ചേച്ചി ,നോക്കിക്കേ,കഴിഞ്ഞ തവണ ഇവിടെല്ലാം മുങ്ങി കടലുപോലെയല്ലാരുന്നോ, ഇപ്പോഴാ നാടു ശരിക്കു കാണാനായത്.''വെള്ളപ്പേടി വേണ്ടല്ലോ എന്ന ആശ്വാസം മുഖത്തുനിന്നു വായിച്ചെടുത്ത ഞാന്‍ പറഞ്ഞു,''അതിന് ഐക്കരശാലിപ്പാടത്ത് ,ബണ്ടു കെട്ടിയിട്ടിരിക്കയല്ലേ.വെള്ളം എങ്ങോട്ടു പോകാന്‍..അവിടെ ചെല്ലുമ്പോഴറിയാം'' ഇറങ്ങിപ്പോയ ധൈര്യത്തോടെ റോഡു ചേര്‍ന്നുള്ള ആറ്റിലേക്കു നോക്കി രാഗേഷ് ദീര്‍ഘശ്വാസം വിട്ടു. ചെല്ലുന്നിടത്തെ വെള്ളത്തിന്റെ സ്്ഥിതിഗതി അറിയാവുന്ന ഞാന്‍ അനങ്ങിയില്ല. ഇത്തിരി മുമ്പ് എല്ലാവരുടെയും മുമ്പില്‍ കളിയാക്കിയതല്ലേ, കുറച്ചുനേരം ടെന്‍ഷനടിക്കട്ടെ.

കഴിഞ്ഞതവണ വള്ളത്തില്‍ കറിയ സ്ഥലം കണ്ടതും രാഗേഷ് ഒച്ചവച്ചു, ദാ, നോക്കിക്കേ,ഈ വീടിന്റെ പകുതി വരെ വെള്ളമായിരുന്നില്ലേ, എല്ലാമിറങ്ങിയല്ലോ.. പാലത്തിലേക്കുള്ള വഴിയൊക്കെ തെളിഞ്ഞ് വെള്ളമേ കാണാനില്ലാത്ത റോഡ്. കാര്‍ നേരെ കുതിച്ചു. അന്നു വള്ളത്തില്‍ പോയിടത്തു കൂടെ രണ്ടാഴ്ചയ്ക്കുശേഷം കാറില്‍.. ''ചേച്ചി ശ്്മശാനം കണ്ടില്ലേ വെള്ളമെല്ലാമിറങ്ങി തലയുയര്‍ത്തി നില്‍ക്കുന്ന നില്‍പ്പുകണ്ടോ..'' അന്നു ജീവന്‍ കൈയില്‍ പിടിച്ച് വള്ളത്തിലിരിക്കുമ്പോള്‍ ശ്മശാനമെന്നു കണ്ടതും തലതിരിച്ചതും ഒരുമിച്ചായിരുന്നു. കെട്ടിടത്തിന്റെ പാതി ഉയരത്തില്‍ പൊങ്ങിയ വെള്ളം സലാം പറഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു. ഇക്കുറി ധൈര്യത്തോടെ ബോര്‍ഡൊക്കെ വായിച്ച് ഉല്ലാസത്തോടെയാണ് യാത്ര.ദൂരെ തലയെടുത്തുപിടിച്ച് ഐക്കരശാലിപ്പാലം.

കാര്‍ നിന്നതും ബിജോഷും പ്രദേശവാസികളും ഓടിയെത്തി.കാറില്‍നിന്നിറങ്ങിയതും ചീഞ്ഞളിഞ്ഞ ഗന്ധം.'നെല്‍ച്ചെടികള്‍ ചീയുന്നതിന്റെ വാടയാണ്..വാഴയും പച്ചക്കറികളും എല്ലാം വെള്ളം കയറി പഴുത്ത് ചീഞ്ഞളിഞ്ഞു. ഇതിനി കുറെനാള്‍ ഞങ്ങള്‍ അനുഭവിക്കണം .പ്രദേശവാസികള്‍ ഒന്നടങ്കം പറഞ്ഞു. പാടമായമായ പാടമെല്ലാം വാടിവീണ നെല്‍ച്ചെടികള്‍.ഇവിടുത്തെ കര്‍ഷകന്റെ മനസ്സുപോലെ വാടി തളര്‍ന്ന് ..'വെള്ളമെന്നാണിറങ്ങിയത്?'' ''ഇറങ്ങിയതല്ല,ഞങ്ങള്‍ ഇറക്കിവട്ടതാണ്. ബണ്ട് കുത്തിപ്പൊട്ടിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞതാണ്. ക്യാമ്പ് പിരിച്ചുവിട്ടതോടെ സ്‌കൂളില്‍ ക്ളാസ്സ് തുടങ്ങി. മക്കള്‍ക്ക് സ്‌കൂളില്‍ പോകേണ്ടേ,അതിന് വീട്ടില്‍ ചെന്നാലല്ലേ പറ്റൂ. അരയറ്റം വെള്ളത്തില്‍ മക്കളെങ്ങനെയിരുന്നു പഠിക്കും, ഉറങ്ങും? ആടൊക്കെ തട്ടിനുമീതെ രണ്ടാഴ്ചയോളം നിന്നു വലഞ്ഞു''  കേട്ടുനിന്ന് സുരേഷ് പറഞ്ഞു. മിണ്ടിയും പറഞ്ഞും അവര്‍ക്കൊപ്പം നടന്ന ഞങ്ങള്‍ വെളമിറങ്ങിയ അവരുടെ വീടിന്റെ പടിക്കലെത്തി. പാടത്തിനു നടുവിലെ വരമ്പിന്‍ ഓരത്തെ തൊട്ടുതൊട്ടുള്ള വീടുകള്‍.മുറ്റത്ത് ഇനിയും ഇറങ്ങാന്‍ മടിക്കുന്ന ചേറും ചെളിയും.പലരും വഴിയില്‍നിന്ന്  വീട്ടിലേക്കു കയറാന്‍ തടികൊണ്ട് പാലമിട്ടിരിക്കയാണ്.

കണ്ണീര്‍ മഴയത്ത് ഇവരൊരു ചിരിയുടെ കുട ചൂടി

ബണ്ടുപൊട്ടിച്ച് വെള്ളം വിട്ടപ്പോഴേക്കും നെല്ലെല്ലാം ചീഞ്ഞളിരുന്നു .വീട്ടിലെ ചെളിയെല്ലാം അടിച്ചുകഴുകി വൃത്തിയാക്കിയപ്പോഴേക്കും കാലെല്ലാം വളംകടിച്ച്് പൊട്ടി.കുഴഞ്ഞുമറിഞ്ഞ ചെളിക്കുഴമ്പ് നല്‍കിയ ചര്‍മരോഗങ്ങള്‍. കാലിലെയും കൈയ്യിലെയും ചൊറിഞ്ഞു പൊട്ടിയ പാടുകള്‍ കാണിച്ച് വയോധികയായ ഒരമ്മ പരിഭവം പറഞ്ഞു,''കുഞ്ഞേ മരുന്നുമില്ല,സഹായവുമില്ല.ആരും തിരിഞ്ഞു നോക്കിയിട്ടില്ല,ഇതുവരെ.ഒരു സാമൂഹ്യപ്രവര്‍ത്തകരും വന്നില്ല.ഈ തണുത്ത വെള്ളക്കെട്ടില്‍ കഴിഞ്ഞിട്ട് മിക്കവര്‍ക്കും ശ്വാസംമുട്ടലുണ്ട്.'' മുന്നില്‍ നിന്ന ആള്‍ക്കാരെ തട്ടിമാറ്റി ഒരു യുവതി മുന്നിലേക്കു വന്നു.എല്ലാവരുടെയും ഒച്ച പിന്നിലാക്കി അവര്‍ പൊട്ടിത്തെറിച്ചു.

Flood

''എലിപ്പനിയുടെ മരുന്ന് നാടെങ്ങും വിതരണം ചെയ്തു. ഐക്കരശാലിപ്പാലത്തില്‍ താമസിച്ച 60 വീട്ടുകാര്‍ക്കും എലിപ്പനിക്കു മരുന്നുമില്ല,യാതൊരു പ്തിരോധ മരുന്നും ഞങ്ങള്‍ക്കാരും തന്നിട്ടില്ല,ആനുകൂല്യങ്ങളുമില്ല. ക്യാമ്പില്‍ താമസിച്ചില്ലെന്നു പറഞ്ഞ് ഇനി സഹായധനവും നിഷേധിക്കുമോ,ആര്‍ക്കറിയാം. ഞങ്ങടെ വോട്ടുമാത്രം മതി എല്ലാവര്‍ക്കും.'' എനിക്കവരുടെ ചുറുചുറുക്കിഷ്ടമായി..പേരുകൂടിയൊന്നു പറഞ്ഞേരേ..ഞാന്‍ യുവതിയോടു പറഞ്ഞു.''ഓ,എന്റെ പേരാണോ, എഴുതിക്കോന്നേ,സജിമോന്‍ സണ്ണി.''

ഇത്തരം നൂറു പൊട്ടിത്തെറികള്‍ക്കു നടുവില്‍ രോഗികളുടെ അവശ ശബ്ദവുമുണ്ട്. കാന്‍സര്‍ രോഗിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഗൃഹനാഥനും രണ്ടുതവണ സ്ട്രോക്കു വന്ന് കഷ്ടിച്ചു രക്ഷപ്പെട്ട് കുടുംബനാഥനും സങ്കടക്കാഴ്ചകളാണ്. ദുരിതങ്ങളില്‍ ആരും ആരെക്കാളും പിന്നിലല്ല. പക്ഷേ അവരെല്ലാം നിരാശകളെ മറികടന്ന് അടുത്തവട്ടം കൃഷികളില്‍ മുഴുകിത്തുടങ്ങി. ട്രില്ലര്‍ കൊണ്ടുവന്ന് ചീഞ്ഞ നെല്‍ചെടികള്‍ ഇളക്കിക്കുഴ്ച്ചിടും പിന്നെ 'കന്നി 'വിതയ്ക്കും. ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം. മലവെള്ളം ചതിച്ച നെല്‍കൃഷി അടുത്ത മുളയ്ക്ക് വളം. പിന്നെ പ്രതീക്ഷയോടെ വിളവെടുപ്പിനുവേണ്ടിയുള്ള കാത്തിരിപ്പ്്.

മാനം തെളിഞ്ഞപ്പോള്‍ കൊച്ചുകുട്ടികള്‍ക്കു മാത്രം മുഖം തെളിഞ്ഞില്ല. കാരണം രണ്ടാഴ്ച പുസ്തകം തുറക്കാതെ കളിച്ചു തിമിര്‍ത്തു നടക്കാനായതിന്റെ ത്രില്ലിലായിരുന്നു അവര്‍. നാട്ടിലും വീട്ടിലും വെള്ളംകയറി പാലത്തില്‍ ചിലവിട്ട രണ്ടാഴ്ച അവര്‍ക്ക് ആഹ്ളാദകാലമായിരുന്നു. ഇഷ്ടംപോലെ കൂട്ടുകാര്‍. കളിക്കാന്‍ ഏറെ സമയം. ഹോംവര്‍ക്കിന്റെ പൊല്ലാപ്പില്ല!. ബണ്ടുകുത്തിപ്പൊട്ടിച്ചില്ലായിരുന്നെങ്കില്‍ എപ്പോഴും കളിച്ചോണ്ടിരിക്കാമെന്നായിരുന്നു കുഞ്ഞുമനസ്സുകളിലെ സ്വപ്നം..അടുത്ത പ്രളയകാലത്തെങ്കിലും തലചായ്ക്കാന്‍ ഒരു കമ്യൂണിറ്റി ഹാള്‍ സ്വപ്നം കാണുന്ന ഐക്കരശാലിക്കാരോട്് വിളിച്ചുപറയാന്‍ പക്ഷേ അന്നൊരു നല്ല വാര്‍ത്ത ഉണ്ടായിരുന്നു.

ക്യാമ്പുകളില്‍ കിടക്കാത്തവര്‍ക്കും ദുരിതാശ്വാസ സഹായം കിട്ടുമെന്ന വില്ലേജ് ഓഫീസറുടെ ഉറപ്പ്.ആഹ്ളാദത്തടെയാണ് അതവര്‍ വരവേറ്റത്. വിടപറയുമ്പോള്‍ അവര്‍ ഒന്നായി പറഞ്ഞു,'ഇനീം വരണേ,ഞങ്ങള്‍ക്കൊരു മെഡിക്കല്‍ ക്യാമ്പ് അത്യാവശ്യമാണ്...'കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് ഐക്കരപ്പാലത്തിലായിരുന്നു. പാലം ഇത്തവണ ശൂന്യമായിരുന്നു.മഴക്കെടുതിയെ പേടിച്ച് അഭയം തേടിയവരുടെയവരുടെ കലപിലകളില്ല,പാചകക്കാരുടെ നിര്‍ദ്ദേശങ്ങളില്ല, വിറകടുപ്പിന്റെ പുകയില്ല,വളര്‍ത്തുമൃഗങ്ങളുടെ വിശപ്പിന്റെ കരച്ചിലുമില്ല.412 ഏക്കര്‍ പാടശേഖരത്തിന്റെ നടുവിലെ ചെറു കുന്നിന്‍പുറത്ത്് അതവിടെ തലയുയര്‍ത്തി നിന്നു,200 പേരുടെ സംരക്ഷകന്‍.

Content Highlights: Journalist Jolly Adimathra writes about her flood reporting experience