കാത്തിരുന്നതാണ് ഈ വിധി, പെണ്‍മക്കള്‍ ഉള്ള ഓരോ അമ്മമാരും കൊതിച്ചതാണ് ഈ വിധി, മനസാക്ഷിയുള്ളവരുടെയൊക്കെ പ്രാര്‍ത്ഥന കൂടിയാണ് ഈ വിധി. ജിഷയുടെ ഘാതകന്‍ അമീറുല്‍ ഇസ്ലാമിന് നീതിപീഠം വധശിക്ഷ വിധിച്ചപ്പോള്‍ അത് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി പെന്‍ക്യാമറ പോലും കൂടെകൊണ്ടുനടക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ഗതികേടിന് കാലം നല്‍കിയ മറുപടിയാവുകയാണ്. ഒപ്പം ഇരയാക്കപ്പെടുന്നവള്‍ക്ക് ഒരു ആശ്വാസവും.  

ഒന്നരവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമവിദ്യാര്‍ത്ഥിനി പെണ്‍കുട്ടി മനസാക്ഷിയുള്ളവരുടെയൊക്കെ മനസിലെ നോവായി മാറിയത്. അടച്ചുറപ്പില്ലാത്ത കൂരയില്‍ അവള്‍  ഏറ്റവും മൃഗീയമായ രീതിയില്‍ പിച്ചിചീന്തപ്പെട്ടപ്പോള്‍ അത് നിര്‍ഭയയ്ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ക്രൂരതയായി ദേശീയ തലത്തില്‍ പോലും വിലയിരുത്തപ്പെട്ടു.  പക്ഷേ എന്നിട്ടും, ഇന്ന് കോടതി വധശിക്ഷ വിധിയ്ക്കുന്ന നിമിഷം വരെയും അവള്‍ നേരിട്ടത് അവഗണനമാത്രമാണ്. ഒരു പക്ഷേ നമ്മുടെ നീതിന്യായ സംവിധാനം ആദ്യമായി അവളോട് ചെയ്ത നീതി ഈ വിധിമാത്രമാണെന്ന് പറയേണ്ടിവരും.

അവള്‍ സുരക്ഷയെപറ്റി ആശങ്കപ്പെട്ടതു മുതല്‍ തുടങ്ങി പോസ്റ്റുമോര്‍ട്ടം ടേബിളില്‍ പോലും നേരിട്ട അവഗണ, വിവാദമാക്കിയ മരണം, ഇരുട്ടില്‍ തപ്പിയ അന്വേഷണം, തിരഞ്ഞെടുപ്പ് ഗോദയില്‍  പോലും ആയുധമാക്കിയ നെറികേട്.. ഇതിനൊക്കെയാണ് കോടതി ഒറ്റ വിധിയിലൂടെ ആശ്വാസം നല്‍കിയത്.
 
വിധികേട്ട ശേഷം  പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു കൊലക്കയറില്‍ കുറഞ്ഞതിനൊന്നും ഞാന്‍ സമ്മതിയ്ക്കില്ലെന്ന്. അത് ആ അമ്മയുടെ മാത്രം വാശിയായിരുന്നില്ല. സ്വന്തം മകളെ വീട്ടില്‍ തനിച്ച് നിര്‍ത്തിപോകുമ്പോള്‍ ഉള്ളുപിടച്ചിരുന്ന ഓരോ അമ്മമാരുടെയും പ്രാര്‍ത്ഥനകൂടിയായിരുന്നു, വൈകീട്ട് ആറുമണികഴിഞ്ഞാല്‍ പൊതുനിരത്തുകളില്‍ പോലും ഇടറുന്ന കാലുകളോടെ നടക്കുന്ന സ്ത്രീകളുടെ ആവശ്യമായിരുന്നു. ജോലിസ്ഥലത്തും എന്തിന് സ്വന്തം വീട്ടില്‍  പോലും കണ്ണുകള്‍ കൊണ്ടുപോലും അപമാനിക്കപ്പെടുന്ന,നിശബ്ദയായി സഹിച്ചുവരുന്ന എത്രയോ പേരുടെ പ്രതീക്ഷയായിരുന്നു. എല്ലാവരിലും ആ പെണ്‍കുട്ടിയുണ്ട്. 

വധശിക്ഷയില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിച്ചില്ല. പക്ഷേ അപ്പോഴും ആശങ്കയായിരുന്നു മനസില്‍, റെയില്‍വേ ട്രാക്കില്‍ സൗമ്യയെ പിച്ചിചീന്തിയ ഗോവിന്ദചാമിയെ വെറും ഏഴുവര്‍ഷത്തെ ജയില്‍വാസത്തിന് അയച്ച നീതിപീഠം. അതും വെറും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി.  നിര്‍ഭയയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചയാള്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ച നീതിപീഠം. ആ നീതി പീഠത്തിലേക്ക് മറ്റൊരു പെണ്‍കുട്ടിയുടെ മാനവും ജീവനും വേദനകളും നീതിതേടിയെത്തുമ്പോള്‍ ചരിത്രം അറിയുന്ന ആര്‍ക്കും ആശങ്ക തോന്നുക സ്വഭാവികം.

കീഴ്‌ക്കോടതിയുടെ കൊലക്കയര്‍ എന്ന വിധികൊണ്ട് നാളെ മുതല്‍ രാജ്യത്ത് ഒരൊറ്റ പീഡനം പോലുമുണ്ടാകില്ലെന്ന വ്യാമോഹമൊന്നുമില്ല.  പക്ഷേ ഒന്നുണ്ട് ഒരു ആശ്വാസം, ജിഷയുടെ ആത്മാവിനൊ അവളുടെ കുടുംബത്തിനൊ മാത്രമല്ല. സാങ്കേതികത്വങ്ങളില്‍  തട്ടിത്തെറിച്ച് നീതികിട്ടാതെ പോയവള്‍ക്ക്,  നിസഹായതകൊണ്ട് നിശബ്ദമാക്കപ്പെടുന്നവള്‍ക്ക്, അങ്ങനെ ഒരുപാട് പേര്‍ക്ക് ആശ്വാസമാണ് ഈ വിധി. കുറഞ്ഞപക്ഷം നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം തോന്നാന്‍. അവസാന അത്താണി കണ്ണുമൂടികെട്ടിയ ആ നീതി ദേവതയാണെന്ന  വിശ്വാസത്തോടെ ജീവിക്കാന്‍ ഈ വിധി കാരണമാകും. 
 
നീതി പീഠനത്തിന് മാത്രമല്ല... മറ്റൊരാള്‍ക്ക് കൂടി നന്ദി പറയേണ്ടതുണ്ട്. എഡിജിപി സന്ധ്യയ്ക്ക്.  നിര്‍ഭയ കേസിന് സമാനമാണ് ഈ കേസെന്ന് കോടതി പറഞ്ഞപ്പോള്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പറഞ്ഞ് പരിഗണിച്ചപ്പോള്‍, സാക്ഷികളില്ലെന്ന പ്രതിഭാഗം വക്കീല്‍ ആളൂരിന്റെ വാദത്തെ തള്ളിക്കളഞ്ഞപ്പോള്‍ കയ്യടി കൊടുക്കേണ്ടത് എഡിജിപി സന്ധ്യയ്ക്ക് തന്നെയാണ്.  കാരണം അമീറുല്‍ ഇസ്ലാമിന്റെ കയ്യില്‍ വിലങ്ങിട്ടപ്പോള്‍ അയാളാണ് പ്രതിയെന്ന് വിശ്വസിക്കാന്‍ പോലും കൂട്ടാക്കാത്ത പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ കൂസാതെ നിന്നാണ് സന്ധ്യ അമീറുലിനെ കൊലക്കയറിലേക്ക് നയിച്ചത്. സന്ധ്യ വിധിയോട്  പ്രതികരിച്ചത്  അഭിമാനമുണ്ടെന്നാണ്. അതെ അഭിമാനമുണ്ട് നിങ്ങളെയോര്‍ത്തും. കാരണം മാധ്യമവിചാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും, രാഷ്ട്രീയനാടകങ്ങള്‍ക്കും ചെവികൊടുക്കാതെ സന്ധ്യയുടെ പോലീസ് നടത്തിയ കഠിനപ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ വിധി.

വിധി പെട്ടെന്ന് നടപ്പാക്കുകയാണ് വേണ്ടത്. അപ്പീലും, അതിലെ വിധിയും, ദയാഹര്‍ജ്ജികളും അങ്ങനെ അമീറിനെ കൊലക്കയറിലേക്ക് എത്തിയ്ക്കണമെങ്കില്‍ മുന്നിലുള്ള കടമ്പ സുദീര്‍ഘമാണ്. പ്രതിയ്ക്ക് ഇനിയും രക്ഷപ്പെടുമെന്ന് ആശ്വസിയ്ക്കാനുള്ള വഴികള്‍ നിരവധിയുണ്ട്. നിയമം നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. ജീവപര്യന്തവും അനുഭവിച്ച് പിന്നെയും കാത്തിരുന്ന് ശിക്ഷയേറ്റുവാങ്ങാന്‍ പ്രതിയൊ അത് കാണാന്‍ ഇരയുടെ പ്രിയപ്പെട്ടവരോ കാണുമെന്ന് എന്താണ് ഉറപ്പ്.  അതുകൊണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെങ്കിലും വിചാരണയും വിധിയും ശിക്ഷയും വേഗത്തിലാക്കണം. എന്തിന്റെ പേരിലാണെങ്കിലും ശിക്ഷ വൈകിയ്ക്കുന്ന ഓരോ നിമിഷവും ഇരകളോട് ചെയ്യുന്ന അനീതിയും, ക്രിമിനലുകള്‍ക്കുള്ള പ്രോത്സാഹനവും ആകും.  

മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വക്കീല്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും നീതിദേവത പിച്ചിചീന്തപ്പെട്ട ആ പാവം പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കട്ടെ... അതുവരെ കാത്തിരിക്കാം. പക്ഷേ മറ്റൊന്നുകൂടിയുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്തും, ഇന്നുമുള്ള അമീറിന്റെ മാറ്റം, ജയിലിന് പുറത്ത് വന്ന ഗോവിന്ദചാമിയുടെ മാറ്റം. മാനുഷിക പരിഗണയും, പൗരാവകാശങ്ങളുമൊക്കെയാം. പക്ഷേ ഇപ്പുറത്ത് നില്‍ക്കുന്ന ഇര ഇവയെല്ലാം നിഷേധിക്കപ്പെട്ടവളാണ്. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാണെന്ന തോന്നലുകള്‍  മറ്റൊരു ജിഷയും,സൗമ്യയും, നിര്‍ഭയയുമൊന്നും സൃഷ്ടിക്കപ്പെടാന്‍ കാരണമാകാതിരിക്കട്ടെ....