പാഞ്ഞു പോയ ഓട്ടോയുടെ ഡ്രൈവര്‍സീറ്റിലൊരു പെണ്‍മുഖം. തേടിപ്പിടിച്ചു നേരില്‍ കണ്ടപ്പോള്‍ നന്നേ മെലിഞ്ഞൊരു സാധു. സംസാരിച്ചു തുടങ്ങിയപ്പോള്‍ ഉശിരുള്ളൊരു പെണ്‍പുലിയാണ് ഷീല. രോഗം വന്നാലും കടക്കെണിയില്‍ പെട്ടാലും ഭര്‍ത്താവ് ഉപേക്ഷിച്ചാലും ജീവിതം അവസാനിപ്പിക്കുന്നവര്‍ക്കിടയില്‍ പ്രകാശം പരത്തിയാണ് ഷീല ജീവിതം ഓടിക്കുന്നത്.. 

രാവിലെ എട്ടരയാവുമ്പോള്‍ ഫൈവ് ഫിങ്കേഴ്‌സ് എന്ന ഓട്ടോയില്‍  കോട്ടയത്തെ പുതുപ്പള്ളി ഇരവിനെല്ലൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെത്തുന്ന ഷീലയെപ്പറ്റി ഒപ്പമുള്ള ഡ്രൈവര്‍മാര്‍ക്കുപോലും ഒന്നുമറിഞ്ഞുകൂടാ. ഒരു ഓട്ടംകൂടുതല്‍ കിട്ടിയാല്‍ തന്നെമാത്രം ആശ്രയിച്ചു കഴിയുന്ന വലിയ കുടുംബത്തിന് അന്നം കണ്ടെത്താമെന്ന് ചിന്തയിലാണവള്‍. ജീവിതം നല്‍കിയ കനത്ത തിരിച്ചടികളെ പതറാതെ നേരിട്ട ഷീലയ്ക്ക് 24ം വയസ്സിലാണ് വിധിയുടെ ആദ്യ പ്രഹരമേറ്റത്. അത് സഹോദരി മിനിയുടെ ഭര്‍ത്താവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചപ്പോഴായിരുന്നു. രണ്ടരവയസ്സും രണ്ടു മാസവുമുള്ള കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച് മിനി വാവിട്ടു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഷീല നോക്കിനിന്നു.പിന്നാലെ  തിരിച്ചറിഞ്ഞു, ഭര്‍ത്താവിന്റെ മരണം മിനിയുടെ മനസ്സിന്റെ താളം തെറ്റിച്ചു എന്ന്. ആണ്‍മക്കളില്ലാത്ത വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ പിന്നെ ഷീലയുടെ ചുമലിലായി.

പത്താംക്ലാസ്സാണ്  ഷീലയുടെ വിദ്യാഭ്യാസം. ഷീല, മകന്‍, രോഗികളായ അച്ഛന്‍ സാമുവലും അമ്മ സാറാമ്മയും ചേച്ചിയും രണ്ടുമക്കളും- ഇത്രയും പേരെ പോറ്റേണ്ടത് ഷീലയുടെ ഭര്‍ത്താവിന്റെ ചുമതലയായി. വലിയൊരു ബാധ്യത ഏറ്റെടുക്കേണ്ട കാര്യം തനിക്കില്ലെന്ന് പറഞ്ഞ് അയാള്‍ കൈകഴുകി. ഷീലയ്ക്കും കുഞ്ഞിനും മാത്രമേ ചിലവിനു കൊടുക്കാന്‍ പറ്റൂ എന്നു പറഞ്ഞ് പടിയിറങ്ങിയ അയാള്‍ക്കു പിന്നാലെ ഇറങ്ങി ചെല്ലാന്‍ ഷീലയ്ക്കു മനസ്സു വന്നില്ല. രോഗികളായ മാതാപിതാക്കളും ചേച്ചിയും രണ്ടു കുഞ്ഞുങ്ങളും വാടകവീടിന്റെ ഉമ്മറത്ത് നിരാശ്രയരായി ഇരിക്കുന്ന കാഴ്ച ഷീലയെ പിന്നിലേക്കു വലിച്ചു. ആരുമില്ലാത്ത അവരെ ചേര്‍ത്തു പിടിച്ച് കരഞ്ഞ ഷീലയെ ഉപേക്ഷിച്ച്  ഭര്‍ത്താവ്  പടിയിറങ്ങുമ്പോള്‍ ഷീല  രണ്ടാമതും ഗര്‍ഭിണിയായിരുന്നു. 24ാം വയസ്സില്‍ ഒമ്പതുപേരുടെ ജീവിതത്തിന്റെ  തുഴ കൈയ്യലെടുത്ത് അവള്‍ പോരാട്ടത്തിന്റെ നടുക്കടലിലേക്കിറങ്ങി. കൂലിപ്പണിക്കും അടുക്കളപ്പണിക്കും പോയി. പ്രസവത്തിന്റെ തൊട്ടടുത്ത ദിവസം വരെ കഠിന ജോലികള്‍ ചെയ്ത്, ഒപ്പമുള്ളവരെ പോറ്റി.

ദുരിതദിനങ്ങളിലൊന്നില്‍ ഷീല സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി. പ്രസവംകഴിഞ്ഞ് 45ം ദിവസം ഷീല മണ്ണു ചുമക്കാന്‍ പോയി, പിന്നെ കൂലിപ്പണികള്‍ക്ക്. മരുന്നു മുടങ്ങാതെ കഴിക്കേണ്ട ചേച്ചി, വയോധികരായ മാതാപിതാക്കള്‍, അഞ്ചു കുരുന്നുകള്‍..വീട്ടുവാടക..ആവശ്യങ്ങള്‍ പെരുകിക്കൊണ്ടിരുന്നു, കഠിനമായി അദ്ധ്വാനിച്ചിട്ടും എവിടെയും എത്തപ്പെടാനാവാത്ത സ്ഥിതി.

ഷീലയുടെ ഒറ്റയാള്‍ പോരാട്ടമറിഞ്ഞ് ചില സന്നദ്ധ സംഘടനകള്‍ എത്തി, അതിലൊരു കൂട്ടര്‍ മൂന്നു സെന്റു സ്ഥലം നല്‍കി. മറ്റൊരു കൂട്ടര്‍ അതിലൊരു കുഞ്ഞുവീടു വച്ചുകൊടുത്തു. വീട്ടുവാടകയില്‍ നിന്നു മോചനമായി. കുട്ടികള്‍ വളര്‍ന്നു, അഞ്ചുപേരെ സ്‌കൂളിലയക്കുന്നതിനുള്ള ചെലവുകള്‍,യൂണിഫോം,ഭക്ഷണം,അച്്ഛനമ്മമാരുടെ മരുന്ന്...

''ആയിടെ ഓട്ടോ ഓടിക്കാന്‍ പഠിച്ചുകൂടെയെന്ന് ഒരാള്‍ ചോദിച്ചു.മഴക്കാലത്ത് കൂലിപ്പണിയില്ലാതെ കഴിഞ്ഞുകൂടുന്ന സമയമാണ്. ഞാനങ്ങനെ വണ്ടി ഓടിക്കാന്‍ പഠിച്ചു, ലൈസന്‍സ് എടുത്തു. പക്ഷേ സ്ത്രീയല്ലേ വാടകവണ്ടിപോലും തരാത്ത അവസ്ഥ. കേട്ടറിഞ്ഞാണ് രാജമ്മചേച്ചി വന്നതും ഈ വണ്ടി വാങ്ങിത്തന്നതും'',ഷീല പറഞ്ഞു.

പാലക്കാട്ടുകാരി വിദേശമലയാളിയാണ് രാജമ്മ. ഷീലയുടെ പോരാട്ടകഥ കേട്ടറിഞ്ഞ്  ഒമ്പതു വര്‍ഷം മുമ്പ് അവരൊരു 2005 മോഡല്‍ സെക്കന്‍ഹാന്‍ഡ് ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു. അതുമായി നിരത്തിലിറങ്ങും മുമ്പ് ഷീല ഓട്ടോയ്ക്ക് പേരിട്ടു, ഫൈവ് ഫിങ്കേഴ്‌സ്..അഞ്ചു മക്കളും ഒരുപോലെ.

ഷീലയുടെ മകന്‍ ടോം ബികോം പാസ്സായി ജോലിക്കു ശ്രമിക്കുന്നു. ഇരട്ടക്കുട്ടികള്‍ ജയിംസും ആനും പ്ലസ്ടുവിനും. സഹോദരിയുടെ മകന്‍ റിജോ ബിഎയ്ക്കും മകള്‍ റീന പ്‌ളസ്‌വണ്ണിനും പഠിക്കുന്നു. പത്തുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. തകര്‍ന്നു പോകുമായിരുന്ന കുടുംബത്തെ ഒറ്റക്കെട്ടായി ചേര്‍ത്തുപിടിച്ച് ആഞ്ഞു തുഴഞ്ഞ ഷീല  41ാം വയസ്സില്‍ തന്റെ ജീവിതത്തെ നോക്കി  പറയുന്നു, മരിക്കാന്‍ എളുപ്പമാണ്,ജീവിക്കാനാണ് പാട്..

രണ്ടു മുറി വീട്ടിലെ ശ്വാസം മുട്ടിക്കുന്ന ഇത്തിരി വട്ടത്തില്‍ അഞ്ചു കുട്ടികള്‍ പഠിച്ചു വളരുകയാണ്. വീടിന്റെ ജനാലകളും കതകുകളും ദ്രവിച്ചു. വണ്ടിയോടിച്ചു കിട്ടുന്ന തുകയില്‍ എട്ടു വയറുകള്‍ പുലരണം, അതിനു പുറമേയുള്ള ആവശ്യങ്ങള്‍ കണ്ടില്ലെന്നു വയ്ക്കുകയാണവര്‍.  

2005 മോഡല്‍ ഓട്ടോയെ  അദ്ധ്വാനത്തിന്റെയും പ്രായത്തിന്റെയും അവശതകള്‍ ബാധിച്ചു തുടങ്ങി. ഇടയ്ക്കിടെ വര്‍ക്ക്‌ഷോപ്പില്‍ കിടക്കേണ്ടിവരുന്നു. എട്ടുപേരുടെ അന്നദാതാവിനെ തലോടി ഷീല സ്‌നേഹത്തോടെ പറഞ്ഞു, കഷ്ടപ്പാടുകള്‍ക്കിടയില്‍ വലിയ ആശ്വാസമായത് ഇതാണ്, ഒത്തിരി ഓടിയതല്ലേ, പുതിയൊരു വണ്ടി കിട്ടിയാല്‍ സ്‌കൂള്‍ ഓട്ടം പിടിക്കാമായിരുന്നു, ഒരു സ്ഥിരം വരുമാനം ആയേനേ- ഷീല പറയുന്നു.

ഷീലയുടെ ഫോൺ നമ്പർ-9846934425

Content Highlights: women life