കൂട്ടും കെട്ടുമില്ലാതെ മനുഷ്യനില്ല. പ്രത്യേകിച്ച് പെണ്ണില്ല. അല്ലെങ്കില്‍ ഞാനില്ല. മനുഷ്യരെ കണ്ടും കേട്ടുമറിഞ്ഞും പോകുമ്പോള്‍ പഠിച്ച ആദ്യപാഠം പെണ്‍സൗഹൃദങ്ങളാണ് നല്ലത് എന്നായിരുന്നു. എന്റെ പെണ്‍കൂട്ട് കാലങ്ങള്‍ക്കകത്ത് ഏറ്റവും അടുത്ത സുഹൃത്ത് ആര് എന്നതിന് എക്കാലത്തും ഒരുത്തരമേ ഉള്ളൂ. ഫസീല, വില്ലൂന്നിയാലിലെ എന്റെ കൗമാര ജീവനകാലത്തെ അതിജീവനം അവളായിരുന്നു. 

അലിവ്; അതാണ് അവളുടെ സ്ഥായിയായ സ്വഭാവവും രീതിയും ശൈലിയും. ഏറ്റവും ശാന്തമായ ഒരു മനുഷ്യജീവി, സാധാരണമായ മുസ്ലീം സ്ത്രീ ജീവിതം. അവള്‍ തയ്‌ച്ചെടുക്കാനുള്ള ഉടുപ്പുകളെ കുറിച്ചും അടുക്കളെയെ കുറിച്ചും സംസാരിച്ചു. സ്ത്രീ എന്ന രീതിയില്‍ അച്ചടങ്ങിത്തീരുന്ന പെണ്മയെ കുറിച്ച് വ്യാകുലപ്പെട്ടു. ജീവിതത്തിന്റെ കഠിനതരമായ വഴികളിലൂടെ എപ്രകാരം ശാന്തമായി സഞ്ചരിക്കാമെന്ന് അവളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. കടുത്ത വിഷാദത്താലും സമ്മര്‍ദ്ദത്താലും ഉരുകിത്തീരുന്ന സമയങ്ങളില്‍ ചിലപ്പോഴെല്ലാം അവളില്‍ നിന്ന് ഇനിയും പഠിക്കാനുണ്ടല്ലോ എന്ന് വ്യാകുലപ്പെട്ട് ഞാന്‍ അവളുടെ അടുത്തേക്ക് പോകാറുണ്ട്. 

അണക്ക് ബിര്യാണി വേറോണവളെ? എന്ന ചോദ്യത്തിന്റെ ലാഘവത്വത്തില്‍ ഞാന്‍ പതുക്കെ അലിയാന്‍ തുടങ്ങും. കഥകളെക്കുറിച്ച് പുസ്തകം നോക്കിയല്ല ജീവിതം നോക്കിയാണ് അവള്‍ സംസാരിച്ചുകൊണ്ടിരുന്നത്. അത് ശരിയായിരുന്നു. നമ്മള്‍ ദുര്‍ബലരായിരിക്കുമ്പോള്‍ നല്ല ചൂടുചോറും മത്തിക്കറിയും മാന്തവറുത്തതും കയ്പ്പക്ക ഉപ്പേരിയും കഴിച്ച് ചൂടുവെള്ളവും കുടിച്ച് ഒരു പേഡ തിന്ന് ഫാനിന് ചോട്ടിലിരിക്കണം അല്ലെങ്കില്‍ ഐസ്‌ക്രീം കഴിക്കണം എന്ന രീതിയായിരുന്നു അത്. 

ഉടുപ്പുകള്‍, നിറങ്ങള്‍ എന്നിവ സ്വീകരിക്കുക എന്നതായിരുന്നു അടുത്ത സൂത്രം, മനോഹരമായ് പൂക്കള്‍ തുന്നിയ ലൈലാക്ക് ഉടുപ്പില്‍ വിഷാദങ്ങളും ജീവിതപ്രശ്‌നങ്ങളും അടങ്ങിപ്പോകുമായിരുന്നു. സ്ത്രീകള്‍ക്കായി ലോകം മാറ്റി വെച്ച സൂക്ഷ്മ നൈപുണികളൊക്കെയും സ്ത്രീയുടെ സങ്കടത്താണിയിലായിരിക്കും എന്നവളില്‍ നിന്ന് ഞാന്‍ പഠിച്ചു. സങ്കടപ്പെടുമ്പോള്‍ നന്നായി ഒരുങ്ങാനും ആഹ്ലാദിക്കുമ്പോള്‍ സാധാരണമായി നടക്കാനും പഠിച്ചു. 

മനോഹരമായി ഉടുപ്പുകള്‍ തുന്നുകയും മൈലാഞ്ചിയിടുകയും പാചകം ചെയ്യുകയും ചെയ്യുമ്പോള്‍ സത്രീ തന്നെത്തന്നെയും പുനര്‍നിര്‍മിക്കുന്നുവെന്നും അതില്‍ നിന്നാണ് പെണ്‍ലോകം എഴുതുകയോ വായിക്കുകയോ പ്രേമിക്കുകയോ പഠിക്കുകയോ ചെയ്യാത്ത സ്ത്രീകള്‍ക്കും സ്വത്വപ്രകാശത്തിന് ഇടംകൊടുക്കുന്നുവെന്നുമുള്ള ജീവിതപാഠം എനിക്ക് കിട്ടിയത് അവളില്‍ നിന്നാണ്. 

Cover
ഗൃഹലക്ഷ്മി 
വാങ്ങാം

നന്നായ് മനുഷ്യരോട് പെരുമാറുന്നത് എത്ര നല്ലതാണ്. പ്രകാശപൂര്‍ണമാണ് എന്ന് വഴക്കാളിയായ എന്നെ പഠിപ്പിച്ചതും അവളാണ്. ലളിതമായ ജീവിതം, അപാരമായ അലിവ് ഇതെല്ലാം മനുഷ്യര്‍ക്കുള്ളില്‍ ജന്തുസഹജമായ് തന്നെ ഉണ്ടാകുമെന്നും അതുതന്നെയാണ് ജീവിതത്തിന്റെ കാതല്‍ എന്നും അവളില്‍ നിന്നാണ് എനിക്ക് മനസ്സിലായത്. വയസ്സാകുമ്പോള്‍, ഉത്തരവാദിത്തങ്ങള്‍ ഒഴിയുമ്പോള്‍ എനിക്കും അവള്‍ക്കും ജീവിക്കാന്‍ ഒരു വീടുപണിയാന്‍ മകനോട് പറയണം. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

 

Content Highlights: Indu Menon writes about her friend Faseela