ഴിഞ്ഞു പോയ ഒരു മഞ്ഞുകാലത്തും കണ്ണുതുറന്നത് രണ്ടു ആക്‌സമികമായ മരണവാര്‍ത്തകളിലേയ്ക്കായിരുന്നു. അത്ഭുപ്പെടുത്തിയ കലാവൈഭവം കൊണ്ടു അമ്പരിപ്പിച്ച രണ്ടു പേര്‍. കല്പനയും, കലാഭവന്‍ മണിയും! ഇപ്പോഴിതാ മറ്റൊരു വിയോഗവാര്‍ത്തകൂടി. ശ്രീദേവി !!!

എന്റെ ഓര്‍മ്മയിലെ ശ്രീദേവി നെറുകയില്‍ ചുരുള്‍ മുടി കെട്ടി വെച്ചു മാറില്‍ ഒരു പൂമാല ഇട്ടു. ഒന്നര മുണ്ട് തറ്റു ഉടുത്തു ഗോപി കുറി തൊട്ടുനില്‍കുന്ന ഒരു 4 വയസ്സുള്ള കുഞ്ഞാണ്. എന്റെ അച്ഛമ്മ ട്രങ്ക് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ.

ഒരു സിനിമാ കഥാപുസ്തകത്തിലെ ചിരിക്കുന്ന പുറംചട്ടയിലെ ഓമനത്തമുള്ള കുഞ്ഞ്. അന്നൊക്കെ കൊട്ടകകളില്‍ സിനിമ കാണാന്‍ പോകുമ്പോള്‍ ഒപ്പം സിനിമയുടെ പാട്ടുകളും, കഥയുടെ രത്‌നച്ചുരുക്കവും അടങ്ങുന്ന ചെറിയപുസ്തകം കിട്ടും. അച്ഛമ്മയുടെ കണ്ണുകളില്‍ വാത്സല്യമായിരുന്നു ആ കുഞ്ഞിനോട്. പിന്നീട് ആ കുരുന്നു വളര്‍ന്നു വലുതായിട്ടും ഒരു പക്ഷേ ആ വാത്സല്യമാവാം ഒരു വലിയ വിഭാഗം ജനങള്‍ക്ക് അവരോടു ഉണ്ടായിരുന്നത്.

എണ്‍പതുകളില്‍ പല വീടുകളെയും അലങ്കരിച്ചത് അവരുടെ രൂപമുള്ള ഏതാണ്ട് പൂര്‍ണ്ണകായ കലണ്ടറുകളായിരുന്നു. അത്തരം ഒരു കലണ്ടര്‍ സ്വന്തമായി കിട്ടാന്‍ സ്വകാര്യ സമ്പാദ്യമായി സൂക്ഷിച്ചിരുന്ന മയില്‍പ്പീലിയും, കശുവണ്ടിയും, മണമുള്ള റബറും കൊടുത്തിരുന്ന അനേകം കുട്ടികള്‍ ഉണ്ടായിരുന്നു, ഞാനടക്കം. ഒരുപക്ഷെ തമിഴ് സിനിമയും ഹിന്ദി സിനിമയും കണ്ടു തുടങ്ങിയത് ശ്രീദേവിയെ കാണാനാണ്. മൂന്നാംപിറയും മിസ്റ്റര്‍ ഇന്ത്യയും ശ്രീദേവി എന്ന പേരുകാരണം മാത്രം അങ്ങനെ തിയേറ്ററില്‍ പോയി കാണാന്‍ അവസരം കിട്ടിയ സിനിമകളാണ്.

അവരുടെ സമകാലീനരായിരുന്ന ഹേമമാലിനിയ്കും, ജയപ്രദയ്ക്കും, രേഖയ്ക്കുമൊന്നും പെട്ടെന്നു വഴങ്ങാത്ത ഹാസ്യം വളരെ അനായാസമായി ശ്രീ അഭിനയിച്ച് ഫലിപ്പിക്കുമായിരുന്നു. ഒരുപക്ഷെ നായകന് ഒരു ഓര്‍ണമ്ന്റ്‌റ് എന്ന നിലയില്‍ മാത്രം ഉള്ള ഉത്തരേന്ത്യന്‍ നായികമാരില്‍ നിന്നു വ്യത്യസ്തമായി നായിക ഹാസ്യം കൂടി കൈകാര്യം ചെയ്തു ഒരു വ്യക്തിയായി നിന്നത് ശ്രീയുടെ കഥാപാത്രങ്ങളില്‍ കൂടിയാവാം.

കാതെ നഹി കാതെ, ഹവാ ഹവായിയും അവരിലെ അഭിനേത്രിയിലെ അഴകളവിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും, ശ്രീ ആയതിനാല്‍ ആ രംഗങ്ങളില്‍ ഒരു ക്യൂട്ട്‌നെസ്സ് ആണ് കൂടുതലെന്ന് സാക്ഷ്യപ്പെടുത്തുന്ന സുഹൃത്തുക്കളും അനവധി. ഏതു കഥാപാത്രത്തിലേക്ക് പരകായപ്രവേശം ചെയ്താലും അതിലെല്ലാം ഒരു ശ്രീദേവി ടച്ച്. അതായിരുന്നു അവര്‍. അത് സദ്മയിലെ  രശ്മിയായാലും  ഒടുവിലായി പുറത്തു വന്ന momലെ അമ്മയായാലും.

ഒരു തരത്തില്‍ അവര്‍ നായികയായി ആദ്യമഭിനയിച്ച മൂണ്ട്രു മുടിച്ചില്‍ (1976) നിന്ന് MOM (2017) ലെത്തുമ്പോള്‍ അഭിനയത്തിലെ ഒരു പൂര്‍ണ്ണചക്രം പൂര്‍ത്തിയാക്കിയിരുന്നു അവരെന്നു പറയാം. ഒരേ ആശയത്തിന്റെ വ്യതസ്ത ആവിഷ്‌ക്കാരങ്ങളായ സിനിമകള്‍. അവര്‍ മടങ്ങുന്നത് മറ്റാര്‍ക്കും
അവതരിപ്പിക്കനാവാത്ത ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ചിട്ടാണ് എന്ന ക്ലീഷെ ശ്രീയുടെ കാര്യത്തില്‍ 100 % ശരിയാകുന്നത് അവരുടെ
പതിറ്റാണ്ടുകള്‍ നീളുന്ന അഭിനയസപര്യയുടെ വിജയം കൊണ്ടാണ്. എന്നാല്‍ മറ്റു പലരുടേയും കാര്യത്തിലെന്ന പോലെ ശ്രീദേവിയുടെ മരണവും മറ്റൊരു ചര്‍ച്ചയ്ക്കുള്ള വിഷയമായി ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കൊണ്ടാടുന്നു.

ശ്രീദേവിയുടെ അമിത സൗന്ദര്യ സംരക്ഷണത്തെ കുറ്റപ്പെടുത്തിയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത്, ഏറ്റവും പ്രൊഫഷണലായ ഒരു വ്യക്തി അവരുടേ ശരീരമാണ് അവരുടേ ടൂള്‍ എന്ന തിരിച്ചറിവില്‍ അത് അവരുടേ കര്‍മ്മമേഖല ആവശ്യപെടുന്ന രീതിയില്‍ നിലനിറുത്താന്‍ ശ്രമിച്ചുകൊണ്ടിരിന്നു.ഏതാണ്ട് എല്ലാ പ്രൊഫഷണല്‍ ഹോളിവുഡ് / ബോളിവുഡ് കലാകാരന്മാരും ഇതുചെയ്യുന്നുണ്ടല്ലോ. നമ്മള്‍ ഓര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍, It is there body and their choice. It is their body and their professional tool, so they are the ultimate decision maker. NOT US.

ഇവിടെ അതിനൊപ്പം പ്രസക്തമാകുന്നുണ്ട് സോനം കപൂറിന്റെ സെലിബ്രിറ്റി മുഖങ്ങള്‍ക്കു പിന്നിലെ കാണാകാഴ്ചകളെകുറിച്ചുള്ള വാക്കുകള്‍. അതില്‍ അവര്‍ വ്യക്തമായി പറയുന്നുണ്ട് പൊതുമധ്യത്തിലേക്ക് എത്തുന്നതിനായി ഓരോ സെലിബ്രിറ്റിയും, അവരുടെ ചുറ്റുമുള്ള ഒരു ആര്‍മിയും മണിക്കൂറുകള്‍ ചെലവഴിക്കുന്നുവെന്ന്. അവരുടെ പ്രൊഫഷന്‍ ആവശ്യപ്പെടുന്നത് അതാണ്. അതിന് കാരണക്കാരാകുന്നത് ആരാധകരെന്ന് അവകാശപ്പെടുന്ന നമ്മളും. ചിത്രങ്ങള്‍ സൂം ചെയ്ത് നടിയുടെ/നടന്റെ മുഖത്തെ ചുളിവുകള്‍, മാറിടത്തിന്റെ ഇടിവ്, കണ്ണിന് താഴെയുള്ള കറുപ്പ് ഇതെല്ലാം ആഘോഷമാക്കുന്നവര്‍.

ഇത്തരം കടന്നു കയറ്റങ്ങളെ മറികടന്നു രജനികാന്തിനെ പോലെയുള്ള അപൂര്‍വ്വം പേര്‍ക്കെ  സ്വന്തം ശരീരത്തെ അംഗീകരിച്ച്  പൊതു ജനസമക്ഷത്തില്‍ നില്കുന്നതിനുള്ള ധൈര്യമുണ്ടായിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം ആരാധകര്‍ ആവശ്യപ്പെടുന്ന 'flawless apprearance' എന്ന ചട്ടകൂടില്‍ തന്നെ കുടുങ്ങി കിടക്കുന്നു. അതിനായി പണവും സമയവും അവരെതന്നെയും സമര്‍പ്പിക്കുന്നു. അതിലെ ethics-നെതിരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തിരികെ നീളുന്നത് നമുക്കു നേരെയാണ്.

30 കഴിഞ്ഞ മലയാളി നായികമാരെ അംഗീകരിക്കാന്‍ നമുക്ക് ഇപ്പോഴും മടിയാണ്. മഞ്ജു വാര്യര്‍, മീന, ആശ ശരത്ത് തുടങ്ങിയ നായികമാര്‍ മൊത്തം നായികാ പ്രാതിനിധ്യത്തില്‍എത്ര കുറഞ്ഞ ശതമാനമാണ് എന്ന് ഓര്‍ക്കണം. പ്രിയാ വാര്യരും, അനുപമയും വൈറല്‍ ആകുന്നതു നമ്മുടേ സമൂഹത്തിന്റെ നായികാ സങ്കല്‍പ്പത്തോടുള്ള പ്രത്യേക അഭിനിവേശം കൊണ്ട് തന്നെയാണ്. ഐശ്വര്യറായിക്ക് പോലും പ്രസവശേഷം ശരീരത്തിന്റെ സ്വാഭാവിക പരിണാമത്തിന്റെ പേരില്‍ പരിഹാസവര്‍ഷം കേള്‍ക്കേണ്ടി വന്നത് ഇതേ ആരാധകരില്‍ നിന്നാണ്. അതേ സമൂഹം തന്നെ ഇന്ന് ശ്രീദേവിയെ അവരുടെ സൗന്ദര്യക്രമത്തിന്റെ പേരില്‍ അപലപിക്കുന്നു. 

ശ്രീദേവി ഒരു ഓര്‍മ്മയാകുമ്പോഴും...നല്ലൊരു ശതമാനം പ്രേക്ഷക സമൂഹവും ഓര്‍ത്തെടുക്കുന്നന്നത് അവരുടെ അഴകളവുകളല്ല. നിഷ്‌കളങ്കമായി ചിരിക്കുന്ന ആ മുഖമാണ്...ആ നിറഞ്ഞ ചിരിയ്ക്ക് മുന്നില്‍ പ്രണാമം. 

ഒറ്റപ്പെട്ടു പോയവള്‍:

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒറ്റപ്പെടലിനെ കുറിച്ചും ഡിപ്രഷനെകുറിച്ചും ദീപിക പദുകോണ്‍ വെളിപ്പെടുത്തിയ സന്ദര്‍ഭത്തില്‍ സിനിമ മേഖലയില്‍ പ്രവൃത്തിച്ചിരുന്ന ഒരു വ്യക്തി ശ്രീദേവിയെ കുറിച്ചു ഓര്‍ത്തെടുത്ത ഒരു ഓര്‍മ പങ്കുവെക്കട്ടെ.

വളരെ ചെറുപ്പത്തില്‍ സിനിമയില്‍ വന്നു വര്‍ഷങ്ങളോളം ഹോട്ടല്‍ മുറികളില്‍മാത്രം താമസിച്ചു ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി. അവള്‍ക്ക് സ്വന്തമായി കൂടുതല്‍ മുറികളുള്ള ഒരു വീട് വാങ്ങാന്‍ പേടിയായിരുന്നുവത്രേ. സ്വന്തമായി ഒന്നു ബാങ്കില്‍ പോകാനറിയാത്ത, തന്റെ വരുമാനം എത്രയെന്നറിയാത്ത എന്തിനോ ഒരിക്കല്‍ എന്തോ ഒരു കാരണത്താല്‍ അടുത്തു സഹായത്തിനു ആരും ഇല്ലാതിരുന്ന ഒരു സമയത്തു സഹായി വരുന്നത് വരെ സ്വന്തമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പോലും പേടിച്ചിരുന്ന പെണ്‍കുട്ടി. ആള്‍ക്കുട്ടത്തില്‍ തനിയെയായി പോയവള്‍. അതിനാലാവാം അവള്‍ ഒരമ്മയായപ്പോള്‍ രണ്ടു പെണ്മക്കളെയും കൂടുതല്‍ ചേര്‍ത്തു പിടിച്ചത്. ആ ചേര്‍ത്തു പിടിക്കലിലും ഒരു നിഷ്‌കളങ്കതയുണ്ടായിരുന്നു. അവരുടെ ജീവിതം
തന്നെയുണ്ട്. 


ലേഖിക: നിയമത്തിലും ക്രിമിനോനോളജിയിലും ബിരുദാനന്തരബിരുതം. ഇപ്പോള്‍ UK Manchesteril താമസിക്കുന്നു. അനൂകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും എഴുതാറുണ്ട്,