കമ്പ്യൂട്ടറാണിപ്പോള്‍ റെക്കോഡിങ് മുറിയിലെ ചക്രവര്‍ത്തി. പാട്ട് ഉണ്ടാക്കുന്നതും വരികള്‍ മുറിക്കുന്നതും വിളക്കിച്ചേര്‍ക്കുന്നതും പശ്ചാത്തലസംഗീതം തട്ടിക്കൂട്ടുന്നതും ശ്രുതി ചേര്‍ക്കുന്നതും ശബ്ദഗാംഭീര്യം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം കമ്പ്യൂട്ടര്‍തന്നെ.
പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങി കീശയിലിടുക എന്ന സാമാന്യം 'കടുപ്പമേറിയ' ദൗത്യമേയുള്ളൂ സംഗീതസംവിധായകന്. അപവാദങ്ങള്‍ ഇല്ലെന്നല്ല; ചുരുക്കമാണ്.

ഡിജിറ്റല്‍ വിപ്ലവം പുലരുന്നതിനു പതിറ്റാണ്ടുകള്‍ മുന്‍പുതന്നെ മലയാളസിനിമയില്‍ ഒരു കമ്പ്യൂട്ടറിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നറിയാമോ? ഇരുപത്തിനാലു മണിക്കൂര്‍ ഇടതടവില്ലാതെ ജോലി ചെയ്ത് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ഒരു കമ്പ്യൂട്ടറിന്റെ പേര് ആര്‍. കുലശേഖരന്‍. എ.ആര്‍. റഹ്മാന്റെ മരിച്ചുപോയ പിതാവ് എന്ന പേരില്‍ മാത്രം പുതിയ തലമുറ അറിയുന്ന ആ മനുഷ്യന്റെ അസാമാന്യപ്രതിഭയും വിയര്‍പ്പുമുണ്ട് കാലാതിവര്‍ത്തിയായ നമ്മുടെ ചലച്ചിത്രഗാനങ്ങള്‍ക്കു പിന്നില്‍.

മലയാളസിനിമ കണ്ട എക്കാലത്തെയും കഴിവുറ്റ ഓര്‍ക്കസ്ട്രാ വിദഗ്ധനായിരുന്നു ആര്‍.കെ. ശേഖര്‍. സംഗീതത്തിന്റെരാജവീഥികളില്‍ ഒരിക്കലും ശേഖറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. അവിടെ വിളങ്ങിനിന്നത് ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും രാഘവനും ഒക്കെയാണ്. തിരക്കേറിയ രാജപാതയുടെ അരികുപറ്റി നടന്നുപോയ ശേഖറിനെ മലയാള സിനിമ മറന്നുകളഞ്ഞത് സ്വാഭാവികം. വൃത്തിയായി ശ്രുതി ചേര്‍ക്കാന്‍പോലുമറിയാത്ത സംഗീതസംവിധായകര്‍ ശേഖറിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ വൈദഗ്ധ്യത്തിന്റെ പിന്തുണയോടെ പ്രശസ്തിയിലേക്കും അംഗീകാരങ്ങളിലേക്കും നടന്നുപോയ ചരിത്രമുണ്ട്. പക്ഷേ, ശേഖര്‍ എന്നും അവരുടെ നിഴലില്‍ത്തന്നെയായിരുന്നു - പരിഭവലേശെമന്യേ.

'സ്വന്തം കഴിവുകളില്‍ ഒരിക്കലും അഹങ്കരിച്ചു കേട്ടിട്ടില്ല ശേഖര്‍. അമിത മോഹങ്ങളുണ്ടായിരുന്നില്ല അദ്ദേഹത്തിന്', ശേഖറുമൊത്ത് കുറെ നല്ല ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി പറയുന്നു.

തമിഴ്‌നാട്ടുകാരന്‍ ശേഖര്‍ കഷ്ടിച്ച് ഇരുപതില്‍ ചില്വാനം ചിത്രങ്ങള്‍ക്കേ സ്വതന്ത്ര സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളൂ. മ്യൂസിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ചിത്രങ്ങളാകട്ടെ നൂറുകണക്കിനു വരും.

1964-ല്‍ ഉദയാചിത്രമായ പഴശ്ശിരാജയില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിക്കുന്നതുതന്നെ ദേവരാജന്‍ മാസ്റ്ററും കുഞ്ചാക്കോയും തമ്മിലുള്ള ചെറിയൊരു സൗന്ദര്യപ്പിണക്കത്തെത്തുടര്‍ന്നാണ്. പക്ഷേ, ആ ചിത്രത്തില്‍ വയലാര്‍ എഴുതി ശേഖറിന്റെ ഈണത്തില്‍ യേശുദാസ് പാടിയ ഒരു ഗാനം ഇന്നും നമ്മുടെ ഓര്‍മകളെ തഴുകുന്നു; 'ചൊട്ടമുതല്‍ ചുടലവരെ ചുമടുംതാങ്ങി...'

വേറെയുമുണ്ട് ഹിറ്റുകള്‍ ശേഖറിന്റെതായി. 'മുത്തേ വാവാവാ' (പഴശ്ശിരാജ), 'യാത്രക്കാരാ' (അയിഷ), 'മണിവര്‍ണനില്ലാത്ത വൃന്ദാവനം'(മിസ് മേരി), 'ഉഷസ്സോ സന്ധ്യയോ' (സുമംഗലി), 'താമരപ്പൂ നാണിച്ചു' (ടാക്‌സിക്കാര്‍), 'മനസ്സു മനസ്സിന്റെ കാതില്‍' (ചോറ്റാനിക്കര അമ്മ) എന്നിങ്ങനെ. മലയാളഗാനങ്ങളുടെ പശ്ചാത്തലസംഗീതം വിപ്ലവാത്മകമായി പരിഷ്‌കരിച്ചതും ശേഖര്‍ തന്നെ. 1972-ല്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ കോംബോ ഓര്‍ഗന്‍ എന്ന ഇലക്‌ട്രോണിക്‌സ് ഉപകരണം ശേഖര്‍ ആദ്യമായി അവതരിപ്പിക്കുന്നു. സിംഗപ്പൂരില്‍നിന്ന് ശേഖര്‍തന്നെ മദ്രാസില്‍ കൊണ്ടുവന്ന ഉപകരണമാണ്, പില്ക്കാലത്ത് ജനപ്രിയസംഗീതത്തിലെ അനിവാര്യതയായി മാറിയ കീ ബോര്‍ഡിന്റെ ആദിമരൂപം. ശേഖറിനെ പിന്തുടര്‍ന്ന് കെ.ജെ. ജോയിയും കോംബോ ഓര്‍ഗന്‍ പരീക്ഷിച്ചതോടെയാണ് നമ്മുടെ സിനിമാസംഗീതം ആധുനികതയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്.

ശേഖറിനെപ്പോലെ ഹിറ്റുകള്‍ ഏറെ സമ്മാനിച്ചിട്ടും സിനിമയുടെ മുഖ്യധാരയില്‍ തിളങ്ങാന്‍ ഭാഗ്യമുണ്ടാകാതെ പോയ സംഗീതസംവിധായകര്‍ വേറെയുമുണ്ട്. പലരും ഇടിച്ചുകയറാന്‍ വശമില്ലാത്തതിനാലോ, ഗ്രൂപ്പുകളുടെ ഭാഗമാകാന്‍ കഴിയാത്തതിനാലോ പുറമ്പോക്കില്‍ ചെന്നൊടുങ്ങിയവര്‍ - കെ.വി. ജോബ്, പി.എ. ചിദംബരനാഥ്, പുകഴേന്തി, എല്‍.പി.ആര്‍ വര്‍മ, വിദ്യാധരന്‍, രഘുകുമാര്‍, പ്രദീപ്‌സിങ്, ശരത് എന്നിങ്ങനെ.

മൗലികതയുടെ തിളക്കം

നീലക്കുയില്‍ (1954) പുറത്തുവരുന്നതിനു അഞ്ചു വര്‍ഷം മുന്‍പുതന്നെ മൗലികതയുടെ തിളക്കം വെള്ളിനക്ഷത്രത്തിലൂടെ മലയാളികളെ അനുഭവിപ്പിച്ച സംഗീതസംവിധായകനാണ് ചിദംബരനാഥ്. ജനപ്രിയ ഹിന്ദിഗാനങ്ങളുടെ ഈണം അതേപടി പകര്‍ത്തുന്ന ശൈലിയോടായിരുന്നു അതുവരെ മലയാളസിനിമയ്ക്ക് ചായ്‌വ്. വെള്ളിനക്ഷത്രത്തിലും ആ പതിവ് പിന്തുടരാനായിരുന്നു സംവിധായകനും നിര്‍മാതാവിനും താത്പര്യമെങ്കിലും നവാഗതനായ ചിദംബരനാഥ് ഇടഞ്ഞു. വല്ലവന്റെയും ഈണം മോഷ്ടിക്കാന്‍ തന്നെ കിട്ടില്ല എന്നായിരുന്നു ചിദംബരനാഥിന്റെ നിലപാട.് ഒടുവില്‍ നിര്‍മാതാക്കളായ കുഞ്ചാക്കോയും കോശിയും വഴങ്ങുന്നു. സ്ഥിരം മോഷണവിദഗ്ധനായ സംഗീതസംവിധായകനു പകരം ചിദംബരനാഥ് ഇടയ്ക്കുവെച്ച് രംഗത്തു വരുന്നത് അങ്ങനെയാണ്. പിന്നീട് ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്കി.

ചെയ്ത പടങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും അവയിലെ പാട്ടുകള്‍ ഒട്ടുമുക്കാലും അനശ്വരമാക്കി എന്നതാണ് ചിദംബരനാഥിന്റെ നേട്ടം. പലതും മലയാളസിനിമാചരിത്രത്തിലേ തന്നെ നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്നവ. യേശുദാസ് പാടിയ 'കരയുന്നോ പുഴ ചിരിക്കുന്നോ' (മുറപ്പെണ്ണ്), 'പകല്‍ക്കിനാവിന്‍ സുന്ദരമാകും'(പകല്‍ക്കിനാവ്), 'മന്ദം മന്ദം നിദ്ര വന്നെന്‍' (ചെകുത്താന്റെ കോട്ട), ജാനകിയുടെ 'കേശാദിപാദം', 'നിദ്രതന്‍ നീരാഴി'(മുറപ്പെണ്ണ്), 'ഗുരുവായൂരുള്ളൊരു' (പകല്‍ക്കിനാവ്), യേശുദാസ്-ജാനകി ടീമിന്റെ പ്രശസ്തമായ 'കുങ്കുമപ്പൂവുകള്‍ പൂത്തു'(കായംകുളംകൊച്ചുണ്ണി) തുടങ്ങിയ ഗാനങ്ങള്‍ ചിദംബരനാഥിന്റെതാണ്. കുഞ്ഞാലിമരയ്ക്കാറിലെ 'ഒരു മുല്ലപ്പൂമാലയുമായ്' എന്ന ഗാനത്തിലൂടെ ജയചന്ദ്രനെ പിന്നണി ഗായകനായി അവതരിപ്പിച്ചതും ചിദംബരനാഥുതന്നെ.

ഗുരുവും മാര്‍ഗദര്‍ശിയുമായ കെ.വി. മഹാദേവന്റെ നിഴലില്‍ ഒതുങ്ങിക്കൂടാന്‍ സ്വയം തീരുമാനിച്ചതിനാലാണ് പുകഴേന്തി സ്വതന്ത്ര സംഗീതസംവിധായകനായി അധികം പേരെടുക്കാതെപോയത്. എങ്കിലും ഈണം പകര്‍ന്ന വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ അപൂര്‍വസുന്ദരമായ ഗാനങ്ങള്‍ സൃഷ്ടിച്ചുനല്കി പുകഴേന്തി. 'മധുരപ്രതീക്ഷതന്‍'(യേശുദാസ്-ജാനകി-ഭാഗ്യമുദ്ര), 'അപാരസുന്ദരനീലാകാശം'(യേശുദാസ്), 'ഗോപുരമുകളില്‍' (ജാനകി-വിത്തുകള്‍), 'നിന്റെ മിഴികള്‍ നീലമിഴികള്‍' (യേശുദാസ്), 'ലോകം മുഴുവന്‍' (ജാനകി-സ്‌നേഹദീപമേ മിഴിതുറക്കൂ), 'വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ'(ജയചന്ദ്രന്‍-മൂന്നു പൂക്കള്‍), 'ഗോപുരക്കിളിവാതിലില്‍'(യേശുദാസ്, വിലകുറഞ്ഞ മനുഷ്യന്‍)എന്നിവ ഓര്‍ക്കുക.

തിരുവനന്തപുരത്തുകാരനായ വേലപ്പന്‍ നായരെ 'പുകഴേന്തി' യാക്കി മാറ്റുന്നത് ഗുരുവായ സംഗീതസംവിധായകന്‍ എം. പി. ശിവമാണ്. മുതലാളിയായിരുന്നു പുകഴേന്തിയുടെ ആദ്യചിത്രം.

ഈണങ്ങളുടെ തമ്പുരാന്‍

പുകഴേന്തിയുടെയത്രപോലും ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടില്ല എല്‍.പി.ആര്‍. വര്‍മ. എങ്കിലും ശാസ്ത്രീയ രാഗാധിഷ്ഠിതമായ വര്‍മയുടെ സംഗീതസംവിധാനശൈലി അതിന്റെ ഓജസ്സും ആഢ്യത്വവുംകൊണ്ട് വേറിട്ട് നില്ക്കുന്നു. ഒള്ളതുമതിയില്‍ യേശുദാസ് പാടിയ 'അജ്ഞാതസഖീ ആത്മസഖീ' ഉദാഹരണം.

ആകെ ഏഴു ചിത്രങ്ങള്‍ക്കേ എല്‍.പി.ആര്‍. വര്‍മ ഈണം നല്കിയിട്ടുള്ളൂ. ഇവയില്‍ യേശുദാസ് പാടിയ 'പിതാവേ ഈ പാനപാത്രം തിരിച്ചെടുക്കേണമേ' (തൊട്ടാവാടി), ദാസ്-പി.ലീല ടീമിന്റെ 'അക്കരപ്പച്ചയിലെ' (സ്ഥാനാര്‍ഥി സാറാമ്മ), ജയചന്ദ്രന്റെ 'ഉപാസന' (തൊട്ടാവാടി), സി.ഒ. ആന്റോയുടെ 'വീടിന് പൊന്മണിവിളക്കു നീ' (കുടുംബിനി) എന്നിവയാണ് ഏറ്റവും ശ്രദ്ധേയം.

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ ജനിച്ച എല്‍.പി.ആര്‍. വര്‍മ സ്വാതിതിരുനാള്‍ അക്കാദമിയില്‍നിന്ന് ഗാനഭൂഷണം പാസായശേഷമാണ് സംഗീതസംവിധാനരംഗത്തെത്തുന്നത്. കേരള തിയേറ്റേഴ്‌സ്, കെ.പി.എ.സി. എന്നീ സമിതികളുടെ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. എല്‍.പി.ആര്‍. സ്വയം ഈണമിട്ടുപാടിയ 'പറന്നു പറന്നു പറന്നു ചെല്ലാന്‍' എന്ന ഗാനം ആലാപനത്തിലെ ഗാംഭീര്യമാര്‍ന്ന ഫോക് സ്​പര്‍ശത്താല്‍ വേറിട്ടു നില്ക്കുന്നു. 1960-ല്‍ പുറത്തിറക്കിയ സ്ത്രീഹൃദയമായിരുന്നു എല്‍.പി.ആര്‍. വര്‍മയുടെ ആദ്യചിത്രം.

അല്ലിയാമ്പല്‍

ഒരൊറ്റ ഗാനംകൊണ്ട് മലയാളികളുടെ സംഗീതമനസ്സില്‍ ഇടംനേടിയ മ്യൂസിക് ഡയറക്ടറാണ് കൊച്ചിക്കാരന്‍ കെ.വി. ജോബ്. റോസി എന്ന ചിത്രത്തില്‍ ജോബ് ഈണം പകര്‍ന്ന 'അല്ലിയാമ്പല്‍ക്കടവില്‍' യേശുദാസിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉദയഭാനുവിന് പാടാന്‍ വെച്ച ഈ ഗാനം അദ്ദേഹത്തിന് അസുഖം പിടിപെട്ടതുമൂലം താരതമ്യേന പുതുമുഖമായ യേശുദാസിന്റെ ശബ്ദത്തില്‍ റെക്കോഡ് ചെയ്തതും പിന്നീട് മലയാളസിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായതും പ്രശസ്തമായ കഥ.
സുഹൃത്തും സംഗീതാധ്യാപകനുമായ ജോര്‍ജ് പള്ളത്താനയോടൊപ്പം ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിന് ഈണം പകര്‍ന്നുകൊണ്ടാണ് ജോബിന്റെ തുടക്കം. യേശുദാസും ലീലയും പാടിയ 'കിനാവിലെന്നും വന്നെന്നെ ഇക്കിളികൂട്ടും പെണ്ണേ' ഈ ചിത്രത്തിലായിരുന്നു. ജോബ് സ്വതന്ത്രമായി ഈണം പകര്‍ന്ന ഗാനങ്ങളില്‍ 'ഞാനുറങ്ങാന്‍ പോകും മുന്‍പായി' (തൊമ്മന്റെ മക്കള്‍, ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ബാബുരാജിന്റെ ക്രെഡിറ്റിലാണ്), 'കടലലറുന്നു കാറ്റലറുന്നു' (ബല്ലാത്ത പഹയന്‍), 'കണ്ണിലെന്താണ്' (റോസി) എന്നിവ ശ്രദ്ധേയം. സിനിമയിലെ നെറികെട്ട പന്തയത്തിന്റെ ഭാഗമായിരുന്നില്ല ഒരിക്കലും ജോബ്. ബല്ലാത്ത പഹയനുവേണ്ടി താന്‍ സൃഷ്ടിച്ച 'കടലലറുന്നു' എന്ന ഗാനത്തിന്റെ ഈണത്തിന് ഏഴു രാത്രികളിലെ 'കാടാറുമാസം' (സംഗീതം സലില്‍ ചൗധരി) എന്ന ഗാനവുമായി സാദൃശ്യമുണ്ടെന്ന ആരോപണമാണ് തന്നെ സിനിമയോട് നേരത്തേ വിടവാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ജോബ് മാസ്റ്റര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
സാമ്യം യാദൃച്ഛികമായിരുന്നുവെങ്കിലും ആരോപണങ്ങളും കുത്തുവാക്കുകളും താങ്ങാനുള്ള മനഃശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. 'സിനിമയുടെ വഴികള്‍ക്ക് ഒരിക്കലും യോജിക്കാത്ത സ്വഭാവമുള്ള ഒരു പാവം മനുഷ്യന്‍ എന്ന് യേശുദാസ് ജോബിനെ വിശേഷിപ്പിച്ചത് വെറുതേയാവില്ല. സിനിമ വിട്ടശേഷം ക്രിസ്തീയ ഭക്തിഗാനരംഗത്താണ് ജോബ് ശ്രദ്ധ പതിപ്പിച്ചത്.

പുറമ്പോക്കില്‍

പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും സിനിമയുടെ 'ക്രീമിലെയറില്‍' ഒരിക്കലും കണ്ണൂര്‍ രാജന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വന്‍കിട ബാനറുകളുടെ ഭാഗമാകാന്‍ കഴിയാത്തതാണ് ഒരു കാരണം. വയലാര്‍-ദേവരാജന്‍, പി.ഭാസ്‌കരന്‍-ബാബുരാജ്, ശ്രീകുമാരന്‍തമ്പി-ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍തമ്പി-അര്‍ജുനന്‍ എന്നിങ്ങനെ ഹിറ്റ് കൂട്ടുകെട്ടുകളുടെ കാലമായിരുന്നു അത്.

ഈ സഖ്യങ്ങളെ ഒഴിച്ചുനിര്‍ത്തി പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ നിര്‍മാതാക്കള്‍ മടികാട്ടിയത് സ്വാഭാവികം. എങ്കിലും അപൂര്‍വമായി ലഭിച്ച അവസരങ്ങള്‍ രാജന്‍ പാഴാക്കിയില്ല. പല്ലവിയില്‍ പരത്തുള്ളി രവീന്ദ്രന്‍ എഴുതിയ 'ദേവീക്ഷേത്രനടയില്‍' (ഗായകന്‍-യേശുദാസ്) ഉദാഹരണം. അഭിനന്ദനത്തില്‍ ശ്രീകുമാരന്‍തമ്പി രചിച്ച 'എന്തിനെന്നെ വിളിച്ചു നീ വീണ്ടും' കണ്ണൂര്‍ രാജന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് - നമ്മുടെ സിനിമയില്‍ കേട്ട അതീവഹൃദ്യമായ ഗസലുകളിലൊന്ന്. അവസാനകാലത്ത് ഈണം പകര്‍ന്ന കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തില്‍പ്പോലുമുണ്ടായിരുന്നു മനോഹരഗാനങ്ങള്‍.

പ്രിയദര്‍ശന്റെ ചിത്രം കണ്ണൂര്‍ രാജന് വലിയൊരു ബ്രെയ്ക്ക് ആവേണ്ടതായിരുന്നു. 'ദൂരെക്കിഴക്കുദിച്ചു' , 'പാടം പൂത്ത കാലം' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടിലുണ്ട്. നിര്‍ഭാഗ്യവശാല്‍ കണ്ണൂര്‍ രാജന്റെ വഞ്ചി എന്നും തിരുനക്കരെതന്നെയായിരുന്നു.
അര്‍ഹിച്ച അംഗീകാരം നേടാതെതന്നെ ഈ പ്രതിഭാസമ്പന്നനായ സംഗീതസംവിധായകന്‍ വിടവാങ്ങി - സിനിമയോടും ലോകത്തോടുതന്നെയും.

ഇന്നും രംഗത്തുണ്ടെങ്കിലും വിദ്യാധരന്റെ കഴിവുകള്‍ പൂര്‍ണമായി മലയാളസിനിമ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയം. വീണപൂവില്‍ ശ്രീകുമാരന്‍തമ്പി എഴുതി യേശുദാസ് ശബ്ദം നല്കിയ 'നഷ്ടസ്വര്‍ഗങ്ങളേ' ആണ് വിദ്യാധരന്റെ മാസ്റ്റര്‍പീസ്. എങ്കിലും ഏറ്റവുമധികം ഹിറ്റായത് എന്റെ ഗ്രാമത്തിലെ 'കല്പാന്തകാലത്തോളം' തന്നെ. രണ്ടും നമ്മുടെ സിനിമാഗാനങ്ങളുടെ സുവര്‍ണകാലം ഓര്‍മപ്പെടുത്തുന്ന ഗാനങ്ങള്‍.

മലയാളിത്തം തുളുമ്പുന്ന ഈണങ്ങളാണ് വിദ്യാധരന്റെ സവിശേഷത. പുള്ളുവന്‍പാട്ട്, കൊയ്ത്തുപാട്ട്, തോറ്റംപാട്ട് തുടങ്ങിയ നമ്മുടെ നാടന്‍കലാരൂപങ്ങളില്‍നിന്നും ഏറെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് വിദ്യാധരന്‍. ഓര്‍ക്കസ്‌ട്രേഷനിലും അഭിനന്ദനാര്‍ഹമായ ഔചിത്യം പുലര്‍ത്തുന്നു അദ്ദേഹം. 'ചന്ദനം മണക്കുന്ന പുന്തോട്ടം' (ചിത്രം അച്ചുവേട്ടന്റെ വീട്) കേട്ടുനോക്കുക.

കൈക്കുടന്ന നിറയെ

കോഴിക്കോടിന്റെ സമ്പന്നമായ ഹിന്ദുസ്ഥാനി സംഗീതപൈതൃകത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് സിനിമയില്‍ കടന്നുവന്ന രഘുകുമാറിന്റെ കാര്യവും വിഭിന്നമല്ല. നിര്‍മാതാവായാണ് രംഗത്തു വരുന്നതെങ്കിലും രഘുവിന്റെ മനസ്സുനിറയെ സംഗീതമായിരുന്നു.
താന്‍കൂടി നിര്‍മാണ പങ്കാളിയായ ധീര എന്ന ചിത്രത്തിലൂടെ രഘു സംഗീതസംവിധായകനായി അരങ്ങേറുന്നു. 'മൃദുലേ ഇതാ' (ജയചന്ദ്രന്‍), 'മെല്ലെ നീ മെല്ലെ വരൂ' (സതീഷ്ബാബു, ജാനകി) എന്നീ ഗാനങ്ങള്‍ ധീരയിലേതാണ്.

സിതാറും തബലയും ഭംഗിയായി കൈകാര്യം ചെയ്യുന്ന രഘു ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍, ആര്യന്‍, കാണാക്കിനാവ് തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തമായ ഈണങ്ങള്‍ സമ്മാനിച്ചു. എങ്കിലും മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍', 'കൈക്കുടന്ന നിറയെ' (യേശുദാസ്, ജാനകി) എന്നിവ രഘുവിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളായി നിലനില്ക്കുന്നു. മായാമയൂരം സാമ്പത്തികമായി പരാജയപ്പെട്ടതിനാലാവാം പിന്നീട് പറയത്തക്ക അവസരങ്ങളൊന്നും രഘുകുമാറിനെ തേടിയെത്താതിരുന്നത്.

മുത്ത് എന്ന ചിത്രത്തില്‍ രാധാവിശ്വനാഥ് പാടിയ 'വിമൂകശോകസ്മൃതികളുയര്‍ത്തി' എന്ന ഗാനത്തിലൂടെയാണ് സംഗീത സംവിധായകന്‍ പ്രദീപ്‌സിങ് (യഥാര്‍ഥ പേര് പ്രതാപ്‌സിങ്) മലയാളികള്‍ക്ക് സുപരിചിതനായത്. അതിനു വര്‍ഷങ്ങള്‍ക്കുമുന്‍പേ മുള്‍ക്കിരീടത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു പ്രദീപ്. ഈ ചിത്രത്തിലെ 'കുളികഴിഞ്ഞു കോടി മാറ്റിയ' ജാനകിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.
സിനിമയുടെ തിരക്കിലും ബഹളത്തിലും നിന്ന് ബോധപൂര്‍വം ഒഴിഞ്ഞുനിന്നത് സ്വന്തം ജോലിയോട് പ്രതിബദ്ധതയുള്ളതിനാലായിരുന്നുവെന്ന് ഇരിങ്ങാലക്കുട സ്വദേശി പ്രദീപ്‌സിങ് പറയും. സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലാണെങ്കിലും വീണ്ടും സംഗീതരംഗത്ത് സജീവമാകാന്‍ മോഹമുണ്ട് സിങ്ങിന്.

പാട്ടുകാരനാവാന്‍ ആഗ്രഹിച്ച് ഒടുവില്‍ ക്ഷണക്കത്തിലൂടെ സംഗീതസംവിധായകനായിത്തീര്‍ന്ന ശരത് പശ്ചാത്തല സംഗീതവും കര്‍ണാടകസംഗീതവും വിദഗ്ധമായി ചലച്ചിത്രഗാനങ്ങളില്‍ സന്നിവേശിപ്പിച്ച സംഗീതസംവിധായകനാണ്. 1990 നുശേഷം രംഗത്തെത്തിയ സംഗീതസംവിധായകരുടെ തലമുറയില്‍ അനുകരണത്തിന്റെ വഴി തിരഞ്ഞെടുക്കാത്ത അപൂര്‍വം പേരിലൊരാള്‍.

ഒറ്റയാള്‍ പട്ടാളം, പവിത്രം തുടങ്ങിയ ചിത്രങ്ങളില്‍ ശരത്തിന്റെ പ്രതിഭയുടെ തിളക്കമുണ്ട്. 'മായമഞ്ചലില്‍', 'ശ്രീരാഗമോ', 'താളമയഞ്ഞു' തുടങ്ങിയ ഗാനങ്ങളിലും. പക്ഷേ, മറ്റു പല ജീനിയസുകളെയുമെന്നപോലെ ശരത്തിനെയും സൗകര്യപൂര്‍വം അവഗണിക്കുകയായിരുന്നു മലയാളസിനിമ. പഴയ അനശ്വരഗാനങ്ങള്‍ പുത്തന്‍ കുപ്പിയിലാക്കി വില്പനയ്ക്കു വെക്കുന്നവര്‍ക്കാണല്ലോ ഇപ്പോള്‍ ഡിമാന്റ്. ഈ ആള്‍ക്കൂട്ടത്തില്‍നിന്നും അന്നും ഇന്നും അകന്നുനില്ക്കുന്ന ശരത് ശരിക്കും ഒരു ഏകാന്തപഥികന്‍. റിയാലിറ്റി ഷോയുടെ ജഡ്ജി എന്ന നിലയിലാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തി.

മലയാളസിനിമാഗാനങ്ങളുടെ ചരിത്രം ദേവരാജന്മാരുടെയും ബാബുരാജുമാരുടെയും മാത്രമല്ല അത്രയും പ്രശസ്തരല്ലാത്ത ഇവരുടെകൂടി ചരിത്രമാണെന്നറിയുക. കണ്ണീരിന്റെയും കിനാവിന്റെയും ചരിത്രം.

കോടമ്പാക്കത്തെ തെരുവുകളിലൂടെ അവസരങ്ങള്‍ തേടി തളര്‍ന്ന് ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചുപോയവരുണ്ട് ഇക്കൂട്ടത്തില്‍. അവരില്‍ പലരും ഓര്‍മയായിരിക്കാം. എങ്കിലും അവര്‍ ഹൃദയം പകര്‍ന്നുനല്കിയ ഈണങ്ങള്‍ മലയാളികളുടെ സ്വകാര്യനിമിഷങ്ങളെ ഇന്നും ധന്യമാക്കുന്നു.

ഒരര്‍ഥത്തില്‍ അതുതന്നെയല്ലേ അവര്‍ക്കുള്ള ഏറ്റവും മഹത്തായ അംഗീകാരവും?

(ഹൃദയഗീതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം