സുൽത്താൻബത്തേരി: വനാന്തരഗ്രാമമായ പാമ്പുംകൊല്ലിയിൽ തുടർച്ചയായി രണ്ടാം ദിവസവും കടുവയിറങ്ങി വളർത്തുമൃഗത്തെ കൊന്നു. രാമചന്ദ്രന്റെ നാലു  വയസ്സുള്ള പോത്താണ് വ്യാഴാഴ്ച കടുവയുടെ ഇരയായത്.
 രാവിലെ 11 മണിയോടെയാണ് സമീപത്തെ വയലിൽ മേയാൻവിട്ട പോത്തിനെ കടുവ കൊന്നത്. ഒപ്പം മേയാൻവിട്ട കന്നുകാലികൾ ഒടുന്നത് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും കടുവ സമീപത്തെ കാട്ടിലേക്ക് ഓടിമറിഞ്ഞു. 
വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബുധനാഴ്ച പുലർച്ചെ പ്രദേശത്ത് കടുവയിറങ്ങി സമീപവാസിയായ കുഞ്ഞന്റെ മൂന്ന് ആടുകളെ കൊന്നിരുന്നു. 
 

ഭീതിയും ആശങ്കയും നിറഞ്ഞ ജീവിതം

വീടുകൾക്ക് സമീപവും കൃഷിയിടത്തിലുമെല്ലാം രാപകൽ വ്യത്യാസമില്ലാതെ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നതോടെ പാന്പുംകൊല്ലി, പുത്തൂർ നിവാസികൾ ഭീതിയിലായിരിക്കുകയാണ്. ഇവിടെ രണ്ട് ദിവസത്തിനുള്ളിൽ നാല് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.
 വൈദ്യുതി എത്തിയിട്ടില്ലാത്ത ഇവിടെ രാത്രി വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. വീടിന്റെ മുറ്റത്തുവരെ ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളിറങ്ങുന്നത് പതിവായിരുന്നെങ്കിലും കടുവയിറങ്ങുന്നത് ആദ്യമാണ്.
  ആദിവാസി മേഖലയായ ഇവിടെ ബഹുഭൂരിപക്ഷവും കന്നുകാലികളെ വളർത്തിയും മറ്റുമാണ് ഉപജീവനം നയിക്കുന്നത്. ഈ വളർത്തുമൃഗങ്ങളെ കടുവ പിടിക്കുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കർഷകർ. 
വന്യമൃഗങ്ങളിറങ്ങി നാശംവരുത്തുന്നതിലാണ് ഇവർ കൃഷികൾ ഉപേക്ഷിച്ച്, കന്നുകാലി വളർത്തലിലേക്ക് തിരിഞ്ഞത്. എന്നാലിപ്പോൾ ഇതും സാധ്യമല്ലാതായി മാറുകയാണ്. 
 നൂൽപ്പുഴ പഞ്ചായത്തിലെ വനാന്തരഗ്രാമങ്ങളാണ് പാമ്പുംകൊല്ലിയും പുത്തൂരും.  വൈദ്യുതിയോ നല്ല വഴിയോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഈ നാട്ടുകാരുടെ ജീവിതം.  ഇവരെ സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ട് വർഷങ്ങളായെങ്കിലും  കാടിറക്കാൻ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. 
ജനങ്ങളുടെ ജീവനുവരെ വന്യമൃഗങ്ങൾ ഭീഷണിയായി മാറിയ സാഹചര്യത്തിൽ, പുനരധിവാസം അടിയന്തരമായി നടപ്പാക്കുകയോ, വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.