കല്‍പറ്റ: ഒരിക്കലും തോരാത്ത വട്ടവടയിലെ അമ്മ ഭൂപതിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി.. രക്തസാക്ഷി അഭിമന്യുവിന്റെ സ്മരണകളുയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കു നടുവില്‍ മകന്റെ ശില്പം അമ്മയ്ക്കുമുന്നില്‍ വെളിവായി. അഭിമന്യുവിന്റെ നേര്‍പതിപ്പെന്നോണം, ശില്പത്തിന് മുന്നില്‍ അമ്മ മകനെ തേടി, അവന്റെ കവിളുകളില്‍ തലോടി, അതേ കണ്ണുകള്‍, അതേ ചിരി.. നാന്‍ പെറ്റ മകനേയെന്ന കരച്ചിലില്‍ ഒപ്പംനിന്നവര്‍ വീണ്ടുമുലഞ്ഞു.

മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ഓര്‍മകളില്‍ എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി നിര്‍മിച്ച ഓഫീസ് കെട്ടിടം അഭിമന്യു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അമ്മ ഭൂപതി. അച്ഛന്‍ മനോഹരനും സഹോദരന്‍ പരിജിത്തും ഒപ്പമുണ്ടായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും അച്ഛനുമമ്മയുമെന്ന് പറഞ്ഞാണ് ജില്ലാസെക്രട്ടറി ജോബിസണ്‍ ജെയിംസ് അഭിമന്യുവിന്റെ മാതാപിതാക്കളെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചത്.

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഓഫീസ് മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കര്‍ഷകരെയും തൊഴിലാളികളെയും വിദ്യാഭ്യാസത്തെയും കോര്‍പ്പറേറ്റ് വത്കരിക്കുന്ന കാലത്ത് പുതിയ ഉത്തരവാദിത്വങ്ങളേറ്റെടുത്ത് മുന്നോട്ടുപോകാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഉണ്ണിയപ്പവും കാട്ടുതേനും വിറ്റും കെട്ടിടംപണിയില്‍ പങ്കാളിയായും ആക്രിപെറുക്കി വിറ്റും തുടങ്ങി 57 വ്യത്യസ്ത കാമ്പയിനുകളിലൂടെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അഭിമന്യു സ്മാരക മന്ദിരത്തിനുള്ള തുക കണ്ടെത്തിയത്. കലാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന കോവിഡ് കാലത്ത് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മുന്നിട്ടിറങ്ങിയാണ് സ്മാരകമന്ദിരം പണിതത്. രാജ്യത്ത് ആദ്യമായാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയ്ക്കായി സ്വന്തമായി കെട്ടിടം പണിയുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്തു. ശില്പി ഉണ്ണി കാനായി ആണ് അഭിമന്യുവിന്റെ ശില്പമുണ്ടാക്കിയത്. ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ്, സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മുതിര്‍ന്ന നേതാവ് പി.എ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: SFI district committee  office opened in Wayanad