കല്പറ്റ: ‘എന്നെങ്കിലും നാട്ടിൽ പോവാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ അതുമില്ലാതായി. ഇനി എങ്ങോട്ടാണ് കുടുംബത്തെയും കൊണ്ടു പോവേണ്ടത്’-പട്ടിണിയുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ മുഹമ്മദ് ഇല്യാസ് എന്ന ചെറുപ്പക്കാരൻ ചോദിക്കുന്നു. മ്യാൻമറിൽനിന്ന് ലോകമെങ്ങുമായി ചിതറിപ്പോയ റോഹിംഗ്യൻ അഭയാർഥികളിലൊരാളാണ് ഇല്യാസ്. രണ്ടു വർഷം മുമ്പാണ് ഇല്യാസും കുടുംബവും വയനാട്ടിലെത്തിയത്. മുട്ടിൽ ആനപ്പാറവയലിലെ ക്വാർട്ടേഴ്സിലാണ് താമസം.

അഞ്ചു വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. തൂത്തുക്കുടിയിലും മറ്റുമായി കുറേക്കാലം അലഞ്ഞു. വയനാട് മുസ്‌ലിം ഓർഫനേജ് അധികൃതരാണ് ഇവരുടെ ദുരിത കഥയറിഞ്ഞ് ഇവിടേക്ക് കൊണ്ടുവന്നത്. അന്ന് 19 പേരുണ്ടായിരുന്നു. 

ഇവർ പോലീസിനെയോ ഓർഫനേജ് അധികൃതരെയോ അറിയിക്കാതെ ഇടയ്ക് തിരുവനന്തപുരത്തേക്ക് പോയി. ഇതോടെ ഡബ്ല്യു.എം.ഒ അധികൃതർക്കും സഹായിക്കാൻ പറ്റാതായി. അറിയിക്കാതെയാണ് പോയതെന്ന് സ്ഥാപനം പോലീസിനെ അറിയിച്ചു.

അന്നു പോയവരിൽ മടങ്ങിവന്ന 14 പേർ ഇപ്പോൾ വയനാടിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ജന്മനാടിനെക്കുറിച്ചോ ഉറ്റവരെക്കുറിച്ചോ ഒരു വിവരവുമില്ലാതെ, ജോലിക്ക് പോവാനാവാതെ പട്ടിണിയോട് പൊരുതുകയാണിവർ. 

നാടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുമ്പോൾ ഇല്യാസിന്റെ നെഞ്ചിടിപ്പ് പുറത്തുകേൾക്കാം. നാട്ടിലെ വീട് അഗ്നിക്കിരയായെന്നതാണ് അവസാനമായി കിട്ടിയ വിവരം. ഓഗസ്റ്റ് 25-ന് രാത്രി തന്റെ പ്രദേശമുൾപ്പെടെ ഇരുപത്തഞ്ചിടത്ത് ഒരുമിച്ച് അക്രമണം നടന്നതായി ഇല്യാസ് പറയുന്നു.

ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. പലരും കാട്ടിൽ അഭയം തേടി. കൊടും മഴയത്ത് ഗർഭിണിയായ തന്റെ സഹോദരിയുമൊത്താണ് കുടുംബം കാട്ടിൽ കഴിഞ്ഞത്. 27-ന് കാട്ടിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനടിയിൽ അവൾ പ്രസവിച്ചു. സെപ്റ്റംബർ നാലിനാണ്  വീടിന് തീയിട്ടത്.

പരിക്കേറ്റവർക്കൊന്നും ചികിത്സകിട്ടിയില്ല. ബാക്കിയുള്ളവർ കാട്ടിലൂടെ ബംഗ്ലാദേശ് അതിർത്തിയിലെത്തി. ചിലർ അതിർത്തി കടന്നു. ഇല്യാസിന് പിന്നീടൊന്നുമറിയില്ല.
പിതാവും മാതാവും ഉൾപ്പെടെയുള്ളവർ എങ്ങോട്ടുപോയെന്നും എങ്ങനെ ജീവിക്കുന്നുവെന്നും ഒരു തിട്ടവുമില്ല.

ഇന്ത്യ തിരിച്ചയക്കുമെന്ന ആശങ്കയിലാണ് വയനാട്ടിലെ അഭയാർഥികളെല്ലാമിപ്പോൾ. വയനാട്ടിൽ ജീവിക്കുന്നുണ്ടെങ്കിലും ഇവർക്കൊന്നും ജോലി ചെയ്യാനുള്ള അനുമതിയില്ല. ജോലിക്കായി പല തവണ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജോലി ചെയ്യാമെന്ന് യു.എൻ പറയുന്നുണ്ടെങ്കിലും സർക്കാർ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടുകാർ നല്കുന്ന സഹായം കൊണ്ടാണ് ഈ കുടുംബങ്ങൾ കഴിയുന്നത്.