കല്പറ്റ: ദേശീയപാതയോരത്ത് മണ്ണിടിച്ചില്‍ തടയുന്നതിന്റെ മറവില്‍ ലക്കിടിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിക്ക് സംരക്ഷണഭിത്തി നിര്‍മിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

നിര്‍മാണത്തിന് സഹായം ചെയ്തുകൊടുത്ത കൊടുവള്ളി എന്‍.എച്ച്. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷമോജ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ എം.ടി. ബഷീര്‍ എന്നിവരെയാണ് പൊതുമരാമത്ത് വകുപ്പ് ജോയന്റ് സെക്രട്ടറി സാംബശിവറാവു സസ്‌പെന്‍ഡ് ചെയ്തത്.

ലക്കിടിയില്‍ വ്യവസായഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലായിരുന്നു നിര്‍മാണം. പുരയിടം സംരക്ഷിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംരക്ഷണഭിത്തി കെട്ടിയത്. ദേശീയപാതയോരത്തുനിന്ന് നീക്കുന്ന മണ്ണുപയോഗിച്ച് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്തുകയുംചെയ്തിട്ടുണ്ട്.

വ്യവസായഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് മണ്ണുകടത്തിയ സംഭവത്തില്‍ 2018-ല്‍ വൈത്തിരി പോലീസ് കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ സഹായം കാരണം സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിനു പി.ഡബ്ല്യു.ഡി. വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.