സുല്‍ത്താന്‍ബത്തേരി: താലൂക്ക് ആസ്പത്രിയില്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയ്ക്ക് മാറ്റമില്ല. ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുമാരില്ലാത്തതാണ് രോഗികളെയും ആസ്പത്രി അധികൃതരെയും ഒരുപോലെ വിഷമത്തിലാക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഗൈനക്കോളജി ഒ.പി.യില്‍ മണിക്കൂറുകളോളം പരിശോധന മുടങ്ങിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആകെയുള്ള ഒരു ഡോക്ടര്‍ രാവിലെ രോഗികളുടെ പരിശോധന ആരംഭിച്ചെങ്കിലും അടിയന്തരമായി ഒരു ശസ്ത്രക്രിയ നടത്തുന്നതിനായി പോകേണ്ടി വന്നു. 

രാവിലെ പോയ ഇവര്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ശസ്ത്രക്രിയ ഡ്യൂട്ടികഴിഞ്ഞ് രോഗികളെ പരിശോധിക്കാനെത്തിയത്. ഈ സമയമത്രയും ചികിത്സയ്ക്കായി കാത്തുനിന്ന രോഗികള്‍ വലഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ആസ്പത്രി സൂപ്രണ്ട് ഡോ. എം. മോഹന്‍രാജ് എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും വ്യാഴാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഒ.പി. ടിക്കറ്റ് നല്‍കിയവര്‍ക്കുള്ള പരിശോധന രാത്രിവരെ തുടര്‍ന്നു.

ഗൈനക്കോളജി തസ്തിക നാലുണ്ട്, സീറ്റില്‍ ഒരാളും

ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകളെ നിയമിക്കാതെ, ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികളെ വലയ്ക്കുന്ന അധികൃതര്‍ക്കെതിരെ പ്രതിഷേധമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷേ, ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ ജനപ്രതിനിധികളോ ആരോഗ്യവകുപ്പ് അധികൃതരോ കാര്യമായി താത്പര്യമെടുക്കുന്നില്ലെന്നതാണ് വാസ്തവം.

ഗൈനക്കോളജിയില്‍ ഒരു കണ്‍സള്‍ട്ടന്റ്, രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളാണ് ആസ്പത്രിയിലുള്ളത്. ഇതില്‍ ആകെയുള്ളത് ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാത്രമാണ്. കണ്‍സള്‍ട്ടന്റ് തസ്തിക കാലാകാലങ്ങളായി ഒഴിഞ്ഞു കിടക്കുന്നതാണ്. ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക അടുത്തിടെ അനുവദിച്ചതാണെങ്കിലും നിയമനം നടത്തിയിട്ടില്ല.

പത്രവാര്‍ത്തകളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധങ്ങളുടെ ഫലമായി താത്കാലികമായി  ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിച്ച് താത്കാലിക പരിഹാരം കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ തസ്തികയിലേക്ക് അനസ്‌തേഷ്യസ്റ്റിനെ നിയമിച്ചതോടെ ഈ താത്കാലിക ഡോക്ടറുടെ ജോലി പോയി. അതേസമയം പുതുതായി വന്ന അനസ്‌ത്യേഷ്യസ്റ്റ് ദീര്‍ഘകാലത്തേക്ക് അവധിയെടുത്ത് സ്ഥലംവിടുകയും ചെയ്തു.

രോഗികള്‍ക്ക് നിയന്ത്രണം

ശാരീരിക അവശതകള്‍ക്കിടെ പുലര്‍ച്ചെ മുതല്‍ കാത്തുകെട്ടിക്കിടന്നിട്ടും ഡോക്ടറെ കാണാനാവാതെ തിരിച്ചുപോകേണ്ടിവരുന്ന ഗര്‍ഭിണികളുടെ അവസ്ഥ ഏറെ വേദനാജനകമാണ്. 

ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് ആസ്പത്രിയില്‍ ഗൈനക്കോളജി ഒ.പി.യുള്ളൂ.  ഇതിനാല്‍ ഒ.പി.യുള്ള ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരും ആദിവാസികളും ഉള്‍പ്പെടെ 200നും 300നും ഇടയില്‍ കുറയാതെ രോഗികളാണ് ഓരോ ഒ.പി.യിലും എത്തുന്നത്. 

എന്നാല്‍ ഇത്രയും പേരെ ഒരു ഡോക്ടര്‍ക്ക് പരിശോധിച്ച് ചികിത്സ നല്‍കാന്‍ കഴിയാത്തതിനാല്‍ ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.