സുൽത്താൻബത്തേരി : കാടിറങ്ങി, മതിൽ ചാടിക്കടന്ന് കാട്ടാന വീട്ടുവളപ്പിലെത്തി. വനംവകുപ്പ് വനാതിർത്തിയിലൊരുക്കിയ പ്രതിരോധങ്ങൾ തകർക്കാൻ സകല സൂത്രവിദ്യകളും പ്രയോഗിക്കുന്ന കാട്ടാനയ്ക്ക് മുന്നിൽ ഈ മതിലൊക്കെ നിസ്സാരം. കിടങ്ങ് ഇടിച്ചുനിരത്തിയും വൈദ്യുതിവേലികൾക്ക് മുകളിലേക്ക് മരം കുത്തിമറിച്ചിട്ടുമെല്ലാമാണ് കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നത്. കല്ലൂർ കമ്പക്കോടിയിലെ പറമ്പത്ത് അനിൽകുമാറിന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന മതിൽ ചാടിക്കടന്നെത്തിയത്.

വീടിന് മുന്നിലെ ഗെയ്‌റ്റിന്റെ വശത്തുള്ള മതിൽക്കെട്ടാണ് ആന ചാടിക്കടന്നത്. ഇതിനുശേഷം മറുവശത്തുള്ള മതിലും ചാടിക്കടന്നു. മതിൽക്കെട്ടിനുള്ളിൽക്കടന്ന്‌ വീടിന്റെ രണ്ട് വശത്തുമുണ്ടായിരുന്ന വാഴയും തെങ്ങുമെല്ലാം നശിപ്പിച്ചു. കാട്ടാനശല്യം രൂക്ഷമായ ഈ പ്രദേശത്ത്, ആനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണെങ്കിലും ആദ്യമായാണ് മതിൽ ചാടിക്കടന്ന് വീട്ടുവളപ്പിലെത്തുന്നത്. ഇതോടെ വീട്ടുകാരെല്ലാം വലിയ ഭീതിയിലാണ്. അനിൽകുമാറിന്റെ പുരയിടത്തിലെ തെങ്ങുകളെല്ലാം കുറഞ്ഞ കാലത്തിനുള്ളിൽ ആനകൾ നിലംപരിശാക്കി. ഇവിടെ കൃഷിയിറക്കിയാൽ വിളവെടുക്കാനൊന്നും കിട്ടാറില്ല. സമീപവാസിയായ ഓടവയൽ രാഘവന്റെ കൃഷിയിടത്തിലും വലിയ നാശമുണ്ടാക്കിയ ശേഷമാണ് ആന തിരികെ കാടുകയറിയത്.

നാട്ടിലാകെ മൃഗങ്ങൾ, പൊറുതിമുട്ടി നാട്ടുകാർ

കടുവ, ആന, പന്നി, മാൻ, കുരങ്ങ്... തുടങ്ങി കാട്ടിനുള്ളിലെ മൃഗങ്ങളെല്ലാമിപ്പോൾ നാട്ടിലാണ്. കമ്പക്കോടി പ്രദേശത്ത് രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗങ്ങളിറങ്ങി നാശംവിതച്ചും മനുഷ്യജീവന് ഭീഷണിയുയർത്തിയും വിഹരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് പ്രദേശത്തെ കൊന്നാമൂല സുരേന്ദ്രന്റെ പശുവിനെ കടുവ കൊന്നത്. ഞാറുനട്ട വയലുകളിലിപ്പോൾ മാനുകളും പന്നികളുമെല്ലാം കൂട്ടത്തോടെയെത്തി വിഹരിക്കുകയാണ്. ചില കർഷകർ വയലിന് ചുറ്റും വലകെട്ടി പ്രതിരോധിക്കാൻ നോക്കിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. കുരങ്ങുകളുടെ ശല്യംകാരണം ഒരു വിളപോലും നട്ടുവളർത്താനാവാത്ത അവസ്ഥയാണ്. കുരങ്ങുകൾ മുമ്പ് കാപ്പിച്ചെടിയിൽ വന്നിരുന്നാണ് കാപ്പിക്കുരു പറച്ചുതിന്നിരുന്നത്. ഇപ്പോൾ കാപ്പിച്ചെടിയുടെ കമ്പ് ഒടിച്ചുകൊണ്ടുപോയിട്ടാണ് കാപ്പിക്കുരു തിന്നുന്നത്. ആനയും പന്നിയുമൊന്നും കയറിയിറങ്ങാത്ത ഒരു തോട്ടംപോലും ഈ പ്രദേശത്തില്ല. വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ആനയുടെ കാൽപ്പാട്