സുൽത്താൻബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. മുത്തങ്ങ റെയ്ഞ്ചിലെ പഴൂർ സ്റ്റേഷൻ പരിധിയിലുള്ള തോട്ടാമൂല അച്യുതൻകൊല്ലിയിലാണ് ഞായറാഴ്ച രാവിലെ ഉദ്ദേശം 13 വയസ്സുള്ള കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നിലത്തുവീണുകിടക്കുന്ന കൊമ്പന്റെ കഴുത്തിൽ വൈദ്യുത വേലിക്കമ്പി കുരുങ്ങിയ നിലയിലാണുണ്ടായിരുന്നത്.

വനാതിർത്തി പ്രദേശമായ ഇവിടെ മൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിന് വനംവകുപ്പ് വൈദ്യുത വേലിയും കിടങ്ങും സ്ഥാപിച്ചിട്ടുണ്ട്. ഈ വൈദ്യുത വേലി ആന കൊമ്പുകൊണ്ട് തകർത്ത് കാടിന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. കൊമ്പിലും കഴുത്തിലും കുരുങ്ങിയ വൈദ്യുത കമ്പിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കാതെ, തുടർച്ചായി ഷോക്കേറ്റതാവാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും വനംവകുപ്പിന്റെ വൈദ്യുത വേലിയിലേക്ക് അനധികൃതമായി മറ്റിടങ്ങളിൽനിന്ന് വൈദ്യുതി കണക്ഷൻ നൽകാനുള്ള സാഹചര്യം ഇല്ലെന്ന് വനപാലകർ പറഞ്ഞു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.

content highlights: wild elephant electric shock death