ഗൂഡല്ലൂർ : നാട്ടുകാരിൽ ഭീതിയുണ്ടാക്കി വിഹരിക്കുന്ന കാട്ടാനകളെ കണ്ടെത്താനും കാട്ടിലേക്ക് തുരത്താനും തിരച്ചിൽ ഊർജിതമാക്കി കുങ്കിയാനകളും വനപാലകസേനയും. വെള്ളിയാഴ്ചയോടെ മുതുമല കടുവാസങ്കേതത്തിൽ നിന്നെത്തിയ ശ്രീനിവാസൻ, ബൊമ്മൻ, സുജിത്ത് എന്നീകുങ്കിയാനകളും മൂന്നു സംഘങ്ങളായി തിരിഞ്ഞ് 40 പേരടങ്ങുന്ന വനപാലകസംഘവുമാണ് രാപകലില്ലാതെ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഗൂഡല്ലൂർ ഡി.എഫ്.ഒ. കൊങ്കു ഓംകാർ, ഡിവിഷണൽ റെയ്ഞ്ചർ പി. ഗണേശൻ എന്നിവരുടെ മേൽനോട്ടത്തിലാണ് വനപാലകരുടെ ദൗത്യം.

നാടുകാണി, ദേവാല, ദേവാലഹട്ടി, മൺവയൽ, ബാലവയൽ, മരപ്പാലം, ആമൈക്കുളം, പുളിയംപാറ, മുണ്ടക്കുന്ന്, പൊന്നൂർ തുടങ്ങിയപ്രദേശങ്ങളിലാണ് ഒരു മാസമായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളെ തുരത്താൻ ഞായറാഴ്ച പുളിയംപാറ പ്രദേശത്താണ് കുങ്കിയാനകൾ ഉൾപ്പെടെ പരിശോധന നടത്തിയത്. കോഴിക്കൊല്ലി വനത്തിൽനിന്ന്‌ കണ്ടെത്തിയ കാട്ടാനകൾ ഈ ഭാഗത്തേക്കാണ് വന്നിരുന്നത്. ഇവയെ ഇവിടെനിന്ന്‌ തുരത്തി മൈസൂരു, മസിനഗുഡി എന്നിവിടങ്ങളിലെ കാടുകളിലേക്ക് ഓടിക്കാനാണ് ശ്രമം.