കല്പറ്റ : രാത്രി മീനങ്ങാടിയിലേക്ക് പോവാൻ പാലക്കാട്‌ സ്വദേശിക്ക് ചരക്കുവാഹനത്തിൽ ലിഫ്റ്റുനൽകിയശേഷം പണം ആവശ്യപ്പെട്ട് മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മുട്ടിൽ കുട്ടമംഗലം കൊട്ടാരം മുഹമ്മദ് ഷാഫി (32), തൃക്കൈപ്പറ്റ നെല്ലിമാളം പുളിക്കപ്പറമ്പിൽ സജിത്ത് (32), എടഗുനി മേലെപറമ്പിൽ ജംഷീർ (28) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാത്രി 11 മണിയോടെയാണ് പാലക്കാട് സ്വദേശി മീനങ്ങാടിയിലെ ഭാര്യവീട്ടിലേക്ക് പോകാനായി കല്പറ്റ കൈനാട്ടിയിൽ എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പാലക്കാടുനിന്ന് പുറപ്പെട്ട ഇദ്ദേഹം പല വാഹനങ്ങളിലായാണ് കല്പറ്റയിൽ എത്തിയത്.

മീനങ്ങാടിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ഒടുവിൽ ചരക്കുവാഹനം ഇദ്ദേഹത്തിന് ലിഫ്റ്റ് നൽകി. മുട്ടിൽ ബസ്‌സ്റ്റാൻഡ് കഴിഞ്ഞശേഷം വണ്ടിയിലുള്ളവർ പൊതിച്ചോറ് കഴിച്ചു. യാത്രക്കാരനും ചോറുനൽകി.

ഇതിനുശേഷം വണ്ടിയിലുള്ളവരുടെ സ്വഭാവം മാറി പണമാവശ്യപ്പെട്ട് മർദിക്കാൻ തുടങ്ങി. യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും പോക്കറ്റിലെ പണവും തട്ടിയെടുത്തു. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് കല്പറ്റ പോലീസിൽ വിവരമറിച്ചു.

പോലീസെത്തി ഇദ്ദേഹത്തിന് കൈനാട്ടി ഗവ.ആശുപത്രിയിൽ ചികിത്സ നൽകി. മർദനത്തിൽ ഇദ്ദേഹത്തിന്റെ ദേഹത്ത് ചതവുകൾ ഉണ്ടായതായി പോലീസ് പറഞ്ഞു. കേസെടുത്തശേഷം ഇദ്ദേഹത്തെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

നമ്പർ ഓർത്തത് വഴിത്തിരിവായി

പ്രശ്നങ്ങൾക്കിടയിലും ലിഫ്റ്റ് നൽകിയ വാഹനത്തിന്റെ നമ്പർ യാത്രക്കാരൻ ഓർത്തുവെച്ചതാണ് പ്രതികളിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. അന്വേഷണത്തിൽ വാഹനം മുട്ടിലിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ടതായി കണ്ടെത്തി. പോലീസിനെ കണ്ടതോടെ പ്രതികൾ വാഹനത്തിൽനിന്ന് ഇറങ്ങിയോടി.

പ്രതികൾ രക്ഷപ്പെട്ടതോടെ പിൻവാങ്ങിയ പോലീസ് മുട്ടിലിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം തുടർന്നു. ശനിയാഴ്ച പുലർച്ചെ പ്രതികൾ ടൗണിലേക്ക് വരുമ്പോഴാണ് പിടികൂടിയത്. എസ്.ഐ. കെ. മഹേഷ് കുമാർ, എ.എസ്.ഐ. എൻ. മണി, സിവിൽ പോലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, ബി. പ്രശാന്ത്, ഡ്രൈവർ കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അടിപിടി, മോഷണം തുടങ്ങിയ കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.