മാനന്തവാടി : തിരുനെല്ലി പഞ്ചായത്തിലെ ഗോത്രവിഭാഗത്തിലെ ഒരാൾക്ക് കോവിഡെന്ന് സംശയം. ഇതോടെ മുൻകരുതലിന്റെ ഭാഗമായി പഞ്ചായത്തിലെ അഞ്ചുവാർഡുകൾ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നാല്, അഞ്ച്, ഒമ്പത്, 10, 12 വാർഡുകളാണ് തിങ്കളാഴ്ച രാത്രി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കർണാടകയിൽനിന്ന് കാട്ടുവഴിയിലൂടെ നടന്നെത്തിയ ആൾക്കാണ് രോഗംബാധിച്ചതെന്നാണ് പറയപ്പെടുന്നത്. മുൻകരുതൽ ശക്തമാക്കിയെങ്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. തോല്പെട്ടിയിൽ ഒരാൾക്ക് രോഗംസ്ഥിരീകരിച്ചതായി തിങ്കളാഴ്ചമുതൽ പ്രചരിച്ചിരുന്നു.

കുരങ്ങുപനിക്കിടെ കോവിഡ്-19 സംശയവും വന്നതോടെ ആശങ്കയിലാണ് തിരുനെല്ലിയും പരിസരപ്രദേശങ്ങളും. കർണാടകയിൽനിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ചെത്തിയ രോഗിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി ഒരുദിവസം സ്വന്തം വീട്ടിൽക്കഴിഞ്ഞതായും തൊട്ടടുത്തദിവസമാണ് കോവിഡ് കെയർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയതെന്നും പറയപ്പെടുന്നുണ്ട‌്. എന്നാൽ, ഇതിനൊന്നും സ്ഥിരീകരണമില്ലാത്തതും ആശങ്കയുണ്ടാക്കുന്നുണ്ട്. ആദിവാസിവിഭാഗങ്ങൾക്കിടയിൽ സമ്പർക്കസാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഗോത്രവിഭാഗത്തിൽ രോഗബാധയുണ്ടായെന്ന സംശയം വലിയ ആശങ്കയ്ക്ക് കാരണമായത്. രോഗം ബാധിച്ചെന്നുപറയുന്ന ആൾക്ക് കൂടുതൽ സമ്പർക്കമുള്ളതായും കച്ചവടസ്ഥാപനങ്ങൾ, ഡ്രൈവർമാർ, ഒപ്പം യാത്രചെയ്തവർ തുടങ്ങിയവർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നതായും പറയപ്പെ‌ടുന്നു.

പോലീസ് പരിശോധന കർശനമാക്കി

കർണാടകയിൽനിന്നെത്തിയ ആൾക്ക് രോഗം സംശയിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലും കേരള-കർണാടക അതിർത്തിയിലും വനത്തിലും പോലീസ് പരിശോധന കർശനമാക്കി. കാടുകളിലെ ഇടവഴികളിലൂടെ വരുന്നവരുണ്ടെങ്കിൽ കണ്ടെത്താനായി വനംവകുപ്പുമായി ചേർന്നാണ് പരിശോധന. എക്സൈസുമായി ചേർന്നും പരിശോധനയുണ്ട്. ലോക്ഡൗൺ ഇളവ് വന്നതോടെ കർണാടകയിൽനിന്ന് നടന്നെത്തിയവരുടെ എണ്ണംകൂടിയിരുന്നു. തോല്പെട്ടി, ബാവലി ചെക്പോസ്റ്റ് വഴിയും വനത്തിലൂടെയുമാണ് ആളുകൾ വന്നിരുന്നത്. കർണാടകയിൽ പണിക്കുപോയവരാണ് നടന്നുവരുന്നവരിൽ ഏറെയും. ഇങ്ങനെ വരുന്നവരെ അതിർത്തിയിൽ തടഞ്ഞ് കോവിഡ് കെയർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, അധികൃതരുടെ കണ്ണുവെട്ടിച്ച് കാട്ടിലൂടെയും മറ്റും വരുന്നവർ സ്വന്തംവീടുകളിൽ എത്തുന്നത് തടയാനാണ് പരിശോധന കർശനമാക്കിയത്. കണ്ടെയ്ൻമെന്റ് സോണായ തിരുനെല്ലി പഞ്ചായത്തിലെ വാർഡുകളിൽ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിലേക്ക് അവശ്യസാധനങ്ങൾ എടുക്കാൻ പോകുന്ന വാഹനങ്ങൾ, ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ, മറ്റ് അത്യാവശ്യകാര്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ എന്നിവമാത്രമാണ് കടത്തിവിടുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവമാത്രമാണ് തുറക്കാൻ അനുവദിക്കുന്നത്.

നിർദേശം ലംഘിച്ചാൽ നടപടി

കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് ആപത്താണ്. നിയമാനുസരണമുള്ള പാസുകൾ സംഘടിപ്പിച്ച് സംസ്ഥാനാതിർത്തി ചെക് പോസ്റ്റുകൾവഴി മാത്രമേ വരാൻപാടുള്ളൂ. നിർദേശം ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. - ആർ. ഇളങ്കോ, ജില്ലാ പോലീസ് മേധാവി