കല്പറ്റ: ലക്കിടിയിലെ റിസോർട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങൾ മുന്നിൽകണ്ട് വയനാട്ടിൽ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ മാവോവാദികൾ എതുതരത്തിൽ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്. ബുധനാഴ്ച രാത്രിയുണ്ടായ പോലീസിന്റെ ശക്തമായ ആക്രമണത്തിൽ മാവോവാദികൾ പിൻവലിഞ്ഞിട്ടുണ്ടെങ്കിലും ഏതുനിമിഷവും അവരുടെ ഭാഗത്തുനിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. മാവോവാദി സംഘങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാൽ ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തമാണ്.
തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, മേപ്പാടി, പുല്പള്ളി, കേണിച്ചിറ, തൊണ്ടർനാട് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദി നേതാക്കളാണ് കൊല്ലപ്പെട്ടത്. നേതാക്കൾ നഷ്ടമായെങ്കിലും സംഘടനയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ മാവോവാദികൾ തീർച്ചയായും ആക്രമണത്തിന് മുതിരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്.
നിലമ്പൂർ ഏറ്റുമുട്ടലിന് പ്രതികാരം ചെയ്യുന്നതിനായി കേരളത്തിലെ പ്രധാന ശക്തികേന്ദ്രമായ വയനാട്ടിൽ മാവോവാദികൾ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. നിലമ്പൂർ ഏറ്റുമുട്ടലിന് തിരിച്ചടി നൽകുന്നതിനും വയനാട് കേന്ദ്രമായി പ്രവർത്തനം ശക്തമാക്കുന്നതിനുമായി രൂപവത്കരിച്ച വരാഹിണി ദളത്തിനായിരുന്നു ആക്രമണം നടത്തുന്നതിനുള്ള ചുമതല. ഏറ്റുമുട്ടലിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ മാവോവാദികൾ ജില്ലയിലെത്തിയെങ്കിലും പോലീസ് അതീവജാഗ്രത പുലർത്തിയതിനാൽ തിരിച്ചടിയ്ക്കാനായില്ല. പക്ഷെ, നാടുനീളെ പോലീസ് വലവിരിച്ചിട്ടും മാനന്തവാടിയിൽ നിന്ന് മാവോവാദി നേതാവ് ചന്ദ്രു ബസ് മാർഗം കൈതക്കൊല്ലിയിലും മാവോവാദി നേതാവ് ലത ബസ് മാർഗം തൃശ്ശിലേരിയിലും എത്തിയത് വിവാദമായിരുന്നു.
നിലമ്പൂരിൽ രണ്ട് നേതാക്കളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും തിരിച്ചടി നൽകാനാവാത്തതിൽ മാവോവാദികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. ഇതിനിടെ ജലീലിന്റെ രക്തസാക്ഷിത്വത്തിനും തിരിച്ചടിനൽകാനായില്ലെങ്കിൽ മാവോവാദികളുടെ ആത്മവീര്യത്തെ കെടുത്തുമെന്നതിനാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്.