മാനന്തവാടി: മാവോവാദികൾക്കായി പോലീസും തണ്ടർബോൾട്ടും ആന്റി നക്സൽ സ്ക്വാഡുമൊക്കെ തിരച്ചിൽ ഊർജിതമാക്കുമ്പോഴും വയനാടൻ വനമേഖലകളിലും വനങ്ങളോടുചേർന്ന് ആദിവാസി കോളനികളിലും മാവോവാദി സാന്നിധ്യം സജീവമാണ്. തൊണ്ടർനാട് ചപ്പകോളനിയിലെ വെടിവെപ്പിനുശേഷം ബുധനാഴ്ചയാണ് വയനാട്ടിൽ പോലീസും മാവോവാദികളും നേർക്കുനേർ ഏറ്റുമുട്ടിയത്. ചപ്പകോളനിയിൽ വെടിയൊച്ച മുഴങ്ങി നാലു വർഷത്തിനുശേഷമാണ് വീണ്ടും മാവോവാദികളും പോലീസും നേർക്കുനേർ ഏറ്റുമുട്ടുന്നത്.
ജില്ലയിൽ മാവോവാദി സാന്നിധ്യം, നാൾവഴികൾ
2014 നവംബർ 18
തിരുനെല്ലിയിലെ ‘അഗ്രഹാരം’ റിസോർട്ടിൽ മാവോവാദികളെത്തി. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ സംഘം റിസോർട്ടിന്റെ ഗെയിം ഹോൾ, ഫ്രണ്ട് ഓഫീസ് എന്നിവയുടെ ഗ്ളാസുകൾ തകർത്തു. കന്നട,തമിഴ് ഭാഷകളിൽ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം അക്രമം അഴിച്ചുവിട്ടു റിസോർട്ടിന്റെ സുരക്ഷയ്ക്കായി തീർത്ത കമ്പിവേലി തകർത്താണ് മാവോവാദിസംഘം അകത്തെത്തിയത്. സി.പി.ഐ. മാവോയിസ്റ്റ് രൂപവത്കരണത്തിന്റെ പത്താംവാർഷികം ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഇവിടെ പതിച്ചാണ് സംഘം മടങ്ങിയത്.
2014 ഏപ്രിൽ 24
മട്ടിലയത്തെ പോലീസുകാരന്റെ വീട്ടിൽ മാവോവാദികൾ അതിക്രമിച്ചുകയറി. മാനന്തവാടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന പാലമൊട്ടംകുന്ന് പ്രമോദിന്റെ വീട്ടിലാണ് മാവോവാദി സംഘമെത്തിയത്. ഇദ്ദേഹത്തെയും അമ്മ ജാനകിയെയും ഭീഷണിപ്പെടുത്തിയ സംഘം പ്രമോദിന്റെ ബൈക്ക് കത്തിച്ചാണ് മടങ്ങിയത്. സംഘത്തിൽ രൂപേഷ് ഉൾപ്പെടെയുള്ള മാവോവാദി നേതാക്കൾ ഉണ്ടായിരുന്നതായി പിന്നീട് പോലീസ് സ്ഥിരീകരിച്ചു
2014 ഡിസംബർ ഏഴ്
തൊണ്ടർനാട് ചപ്പകോളനിയിൽ മാവോവാദികൾ പോലീസുമായി നേർക്കുനേർ ഏറ്റുമുട്ടി മാനന്തവാടി ഡിവൈ.എസ്.പി.യായിരുന്ന എ.ആർ. പ്രേംകുമാറിനും സംഘത്തിനും നേരെയാണ് മാവോവാദി സംഘം വെടിയുതിർത്തത്.
2014 ഡിസംബർ 22
മാവോവാദി സംഘം കുഞ്ഞോത്തെ വനം വകുപ്പിന്റെ ഔട്ട്പോസ്റ്റ് അടിച്ചുതകർത്തു. കെട്ടിടത്തിന്റെ ചില്ലുകൾ പൊട്ടിച്ച് മുറിക്കകത്ത് തീയിട്ടു.
2015 ജനുവരി 25
സായുധരായ ആറ്ുപേരടങ്ങുന്ന മുഖംമൂടിസംഘം തിരുനെല്ലി കെ.ടി.ഡി.സി. ഹോട്ടലിലെത്തി. ജീവനക്കാരെയും ഹോട്ടലിൽ താമസത്തിനെത്തിയവരെയും ഒന്നും ചെയ്തില്ല. ഏഴോളം കാറുകൾ ഹോട്ടലിനുപുറത്ത് നിർത്തിയിട്ടിരുന്നെങ്കിലും ഇവയ്ക്കൊന്നും ഒരു പോറൽ പോലുമേൽപ്പിച്ചില്ല. വിൻഡോ ഗ്ലാസ്, ടേബിൾ, കംപ്യൂട്ടർ, ക്രോക്കറി പാത്രങ്ങൾ എന്നിവ നശിപ്പിച്ചാണ് അന്ന് സംഘം മടങ്ങിയത്.
2015 ഡിസംബർ നാല്
ശ്രീലങ്കൻ അഭയാർഥികളുടെ പുനരധിവാസ കേന്ദ്രമായ കമ്പമല എസ്റ്റേറ്റിൽ മാവോവാദികളെത്തി. രാവിലെ ഒൻപത് മണിയോടെയാണ് രണ്ടു സ്ത്രീകളും നാലു പുരുഷൻമാരും ഉൾപ്പെടുന്ന സംഘമെത്തിയത്. ഇവർ തൊഴിലാളികളെ വിളിച്ചുകൂട്ടി ക്ലാസെടുക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. എസ്റ്റേറ്റിന്റെ സമീപപ്രദേശങ്ങളിൽ പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്.
2016ജൂൺ 17
തലപ്പുഴ ചിറക്കരയിലെത്തിയ മാവോവാദി സംഘം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് ലഘുലേഖകൾ നൽകി മടങ്ങി.
2017 ഓഗസ്റ്റ് നാല്
രക്തസാക്ഷികളുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ മാവോവാദികളുടെ പോസ്റ്ററുകൾ. മൂച്ചിക്കൽ രാമകൃഷ്ണന്റെ കടയുടെ ചുമരിനാണ് പോസ്റ്റർ പതിച്ചത്. ജൂലായ് 28- രക്തസാക്ഷി ദിനം, ജനങ്ങൾക്കു വേണ്ടി രക്തസാക്ഷിത്വം വഹിച്ച സ: കുപ്പുദേവരാജ്, സ: അജിത ഇവരുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുക എന്നാവശ്യപ്പെട്ടാണ് സി.പി.ഐ (മാവോയിസ്റ്റ് ) എന്ന പേരിൽ പോസ്റ്റർ പതിക്കുകയും ബാനർ സ്ഥാപിക്കുകയും ചെയ്തത്.
2018 ജൂലായ് 20
കള്ളാടി തൊള്ളായിരം എമറാൾഡ് എസ്റ്റേറ്റിലെത്തിയ മാവോവാദി സംഘം നിർമാണത്തൊഴിലാളികളെ തോക്കുചൂണ്ടി ബന്ദികളാക്കി. മൂന്നുതൊഴിലാളികളിൽ രണ്ടുപേരെയാണ് ബന്ദികളാക്കിയത്. ഒരാൾ ഓടിരക്ഷപ്പെട്ടു. മറ്റൊരാളെ രാത്രി പത്തോടെ വിട്ടയച്ചു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് തങ്ങളെ തടഞ്ഞു വച്ചതെന്ന് രക്ഷപ്പെട്ട മക്‌ബൂൽ, കാത്തിം എന്നീ തൊഴിലാളികൾ പറഞ്ഞിരുന്നു.
2018 സെപ്റ്റംബർ അഞ്ച്
ആയുധധാരികളായ മാവോവാദി സംഘം തവിഞ്ഞാൽ തലപ്പുഴ ചുങ്കം കാപ്പിക്കളത്തെത്തി. മുദ്രാവാക്യം വിളിച്ചവർ സർക്കാർ വിരുദ്ധ നോട്ടീസുകൾ വിതരണം ചെയ്തു. അരിയും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടു. സംഘത്തിൽ ഉൾപ്പെട്ട ഒരു സ്ത്രീ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാവിത്രിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
2018 സെപ്റ്റംബർ 26
വൈത്തിരിയ്ക്കടുത്ത് പൂക്കോട് മാവോവാദി സംഘമെത്തി. വെറ്ററിനറി സർവകലാശാലയിൽ പോസ്റ്ററുകളും കവാടത്തിൽ വ്യാജബോംബും സ്ഥാപിച്ചു.
2018 നവംബർ 23
തൊണ്ടർനാട് മട്ടിലയം കോളനിയിൽ മാവോവാദി സാന്നിധ്യം. പന്നിപാട് കോളനിയിലെ 70 പിന്നിട്ട കേളുവിനെക്കണ്ട് പോലീസുകാരനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി മാവോവാദികൾ മടങ്ങി. വനത്തിനുള്ളിലെ ജലസ്രോതസ്സിൽനിന്ന് പൈപ്പിട്ടാണ് കേളു വീട്ടിലേക്കാവശ്യമായ വെള്ളം ശേഖരിച്ചിരുന്നത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പരിശോധിക്കാൻ വനത്തിൽ പോയപ്പോഴാണ് കേളു മാവോവാദി സംഘത്തെ കണ്ടത്.
2018 ഡിസംബർ 15
തലപ്പുഴ 44- ൽ അഞ്ചംഗ മാവോവാദി സംഘമെത്തി. ലഘുലേഖകൾ വിതരണം ചെയ്ത സംഘം പോസ്റ്റർ പ്രചാരണവും പ്രകടനവും നടത്തി മടങ്ങി . തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജിവനക്കാരൻ പി.എം. അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് മാവോവാദി സംഘമെത്തിയത്. ’അനിൽകുമാറിന്റെ മരണം ആത്മഹത്യയല്ല! കൊലപാതകമാണ്!’ , വാസുവിനെ വിചാരണം ചെയ്ത് ശിക്ഷിക്കുക, സഹകരണ ബാങ്കും സി.പി.എമ്മും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകം, എല്ലാ അധികാരവും കർഷകർക്ക് ലഭ്യമാവുന്ന സായുധകാർഷിക വിപ്ളവപാതയിൽ അണിനിരക്കുക, സി.പി.എം വർഗവഞ്ചകരെ തിരിച്ചറിയുക, യഥാർഥ മാവോയിസ്റ്റ് ബദലിനായി പൊരുതുക എന്നിങ്ങനെയെഴുതിയ പോസ്റ്ററുകൾ പതിച്ചും സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിൽ ലഘുലേഖകളും വിതരണം ചെയ്തുമാണ് അന്ന് സംഘം മടങ്ങിയത്.
2018 ഡിസംബർ 22
തൊണ്ടർനട് പന്നിപ്പാട് കോളനിയിലെത്തിയത് മാവോവാദികളെന്ന് പോലീസ് സ്ഥിരീകരിച്ചു. അഞ്ചു പേരടങ്ങുന്ന സംഘത്തിൽ മാവോവാദി നേതാക്കളായ ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരെ തിരിച്ചറിഞ്ഞു. തൊണ്ടർനാട് പോലീസ് യു.എ.പി.എ. കേസ് രജിസ്റ്റ്ർ ചെയ്തു.
2018 ഡിസംബർ 26
പേര്യയിൽ സായുധരായ മാവോവാദി സംഘമെത്തി. അയനിക്കലിലെ പി.എസ്. ഫിലിപ്പിന്റെ കടയിലാണ് എത്തിയത്. പോസ്റ്ററുകൾ പതിച്ചു, ലഘുലേഖകൾ വിതരണം ചെയ്തു. അരിയും മറ്റും സാധനങ്ങളും വാങ്ങി മടങ്ങി.
2019 മാർച്ച് രണ്ട്
പൊഴുതന സേട്ടുക്കുന്നിൽ മാവോവാദി സാന്നിധ്യം. വനത്തോട് ചേർന്ന ഉരുൾപൊട്ടിയ സ്ഥലത്ത് നാല് പുരുഷന്മാരടങ്ങുന്ന സംഘത്തെയാണ് പ്രദേശവാസിയായ കൊടക്കാടൻ മൊയ്തീൻ കണ്ടത്. പ്രദേശവാസിയായ അലവിയുടെ വീട്ടിൽനിന്ന് ഫ്ലാസ്കിൽ കട്ടൻചായ വാങ്ങിയാണ് സംഘം മടങ്ങിയത്.
content highlights: wayanad maoist, lakkidi maoist encounter,cp jaleel