കല്പറ്റ: ജീവിതത്തിലെ പല സാഹചര്യങ്ങൾകാരണം ലൈംഗികത്തൊഴിലെടുക്കുന്നവരെ പുനരധിവസിപ്പിക്കാൻ പദ്ധതികളില്ല. 2020-21 വർഷത്തിൽ രാജ്യത്താകമാനംനടന്ന പോപ്പുലേഷൻ എസ്റ്റിമേഷൻ സർവേയിൽ ജില്ലയിൽ 1,545 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 1,198 പേർ റെഡ് ക്രോസ് സൊസൈറ്റി വയനാട് ബ്രാഞ്ച് വഴി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടപ്പിലാക്കുന്ന സുരക്ഷാ പ്രോജക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലയിൽ കാര്യമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.

ജീവിത സാഹചര്യങ്ങൾകൊണ്ട് ലൈംഗികത്തൊഴിലിൽ ഏർപ്പെടേണ്ടിവന്നവരാണ് പലരും. വളരെ ചുരുക്കംപേർ മാത്രമാണ് അധികവരുമാനത്തിനുള്ള മാർഗമെന്ന നിലയിൽ ലൈംഗികത്തൊഴിലിനെ കാണുന്നത്. പ്രോജക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ത്രീകൾക്ക് മറ്റു വരുമാനമാർഗമായാൽ ഈ ജോലി ഉപേക്ഷിക്കണമെന്നുണ്ട്. എന്നാൽ ഇവരെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികൾ കാര്യമായി ഉണ്ടായിട്ടില്ല. 2017-ൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ 100 പേർക്ക്‌ തയ്യൽ പരിശീലനം നൽകിയിരുന്നു.

ഇവർക്ക്‌ തയ്യൽ യൂണിറ്റ് അനുവദിക്കുന്നതിന് ജില്ലാപഞ്ചായത്ത് നേരത്തെ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ പദ്ധതി നടപ്പിലായിട്ടില്ല.

സർക്കാർ ഇടപെടലോടെ പുനരധിവാസപദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ലോക്ഡൗണിൽ സഹായമെത്തിയില്ല

കോവിഡ് ഏറ്റവുമാദ്യം സാമ്പത്തികമായി ബാധിച്ചത് ലൈംഗികത്തൊഴിലാളികളെയാണ്. ലോക്ഡൗൺ കാലത്ത് ഇവർക്കിടയിൽ കോവിഡ് പോസിറ്റീവായവർക്ക് മാത്രമാണ് റെഡ്ക്രോസും മറ്റുംവഴി മരുന്നടക്കമുള്ള സഹായങ്ങൾ ലഭിച്ചിരുന്നത്. മാത്രമല്ല, സർക്കാരും മറ്റും പൊതുവായി കൊടുത്ത സഹായങ്ങളൊഴിച്ചാൽ ഇവരെ കാര്യമായി ആരും പരിഗണിച്ചിട്ടില്ല. സ്ത്രീകളെ കൂടാതെ 30-40 ഓളം പുരുഷന്മാരും അധികവരുമാനത്തിനായി ജില്ലയിൽ ലൈംഗികത്തൊഴിലെടുക്കുന്നുണ്ട്.

എന്നാൽ ജില്ലയിൽ ഇവരെ പുരുഷ ലൈംഗികത്തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്വവർഗാനുരാഗികൾ എന്ന നിലയിലാണ് ഇവരെ തിരിച്ചറിയുന്നതെന്ന് സുരക്ഷ പ്രോജക്ടുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഒരുകാലത്ത് അങ്ങാടികളിലും തെരുവോരങ്ങളിലുമാണ് ലൈംഗികത്തൊഴിലാളികൾ കൂടുതലായി ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ ലൈംഗികത്തൊഴിലിനായി തെരുവോരങ്ങളിലെത്തുന്നവർ കുറവാണ്.

ജില്ലയിൽ വിനോദസഞ്ചാരമേഖലയിലുണ്ടായ വളർച്ച ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടാനും റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും കാരണമായിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു. വിനോദസഞ്ചാരമേഖലയെ കേന്ദ്രീകരിച്ച് ലൈംഗികത്തൊഴിൽ നടക്കാറുണ്ടെങ്കിലും വലിയ വർധനവുണ്ടായെന്ന് പറയാനാവില്ലെന്ന് സുരക്ഷ പ്രോജക്ട് പ്രവർത്തകർ പറയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ഇവർ നിർബന്ധിക്കപ്പെട്ടിരുന്നു.

എന്നാ‍ൽ പ്രോജക്ടുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രവർത്തനങ്ങൾവഴി ആരോഗ്യകാര്യങ്ങളിൽ ഇവർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് സുരക്ഷ പ്രൊജക്ട് മാനേജർ ജിബിൻ കെ. ഏലിയാസ് പറഞ്ഞു.