: ‘‘റോഡില്ലാത്തതിനാൽ മഴക്കാലത്തെ ദുരിതം കാണാൻ ഇവിടെ ആരുമില്ല... ആഴ്ചകളോളം എങ്ങോട്ടും പോകാൻകഴിയാതെ ഇവിടെ ഒറ്റപ്പെട്ടു... രോഗിയെ ആശുപത്രിയിൽ എത്തിക്കാനാവാതെ മരിച്ച സംഭവം വരെയുണ്ടായി. റോഡ് നന്നാക്കാനാവില്ലെങ്കിൽ ഞങ്ങളെ കൊന്നേക്ക്...’’ കുഞ്ഞോം കാട്ടിമൂല കോളനിയിലെ ബാലകൃഷ്ണന്റെ കണ്ഠമിടറി.
അവഗണനയുടെയും ആശങ്കകളുടെയും ഇടയിൽ ജീവിതം തള്ളിനീക്കുന്ന ഈ വനഗ്രാമത്തിന് പറയാനുള്ളത് തീരാദുരിതത്തിന്റെ കഥയാണ്. സർക്കാർ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തൊണ്ടർനാട് സമഗ്രവികസന പദ്ധതിയിലുൾപ്പെട്ട കോളനിയാണിത്. റോഡ് നിർമാണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്താൻ വർഷങ്ങളായി സർക്കാർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങിയിട്ടും പ്രയോജനമില്ലാതെ വിധിയെ പഴിച്ചുകഴിയുന്ന പത്ത് കുടുംബങ്ങളാണ് ഇവിടെയുള്ളത്.
പേര്യ ഇരുമനത്തൂർ - കോറോം റോഡിൽനിന്ന് വനത്തിലൂടെ ഒരു കിലോമീറ്റർ യാത്രചെയ്താൽ കാട്ടിമൂല കോളനിയിലെത്താം. ചെറിയ ഇടുങ്ങിയ മൺപാതയാണ് ഇവരുടെ ഏകാശ്രയം. നിബിഡവനത്തിനുള്ളിലെ ഈ ഗ്രാമം മാവോവാദി ഭീഷണിയുള്ള പ്രദേശം കൂടിയാണ്. അതുകൊണ്ടാണ് 2014-ൽ സർക്കാർ തൊണ്ടർനാട് സമഗ്രവികസന പദ്ധതിയിൽ ഈ പ്രദേശത്തെ ഉൾപ്പെടുത്തിയത്. കോളനിയിലേക്കുള്ള ഒരു കിലോമീറ്റർ റോഡ് അരിക് കെട്ടിയുയർത്തി ഗതാഗതയോഗ്യമാക്കാൻ പദ്ധതിപ്രകാരം 41 ലക്ഷം രൂപയാണ് നീക്കീവെച്ചത്. നടപടികൾ തുടങ്ങിയെങ്കിലും വനത്തിലൂടെയുള്ള ഈ റോഡ് നിർമാണത്തിന് വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചതോടെ മുടങ്ങി. പിന്നീട് വനാവകാശ നിയമപ്രകാരം അനുമതി ലഭിച്ചെങ്കിലും കാലതാമസംനേരിട്ടു. ഈ തുകയ്ക്ക് റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കരാറുകാരനും പുറംതിരിഞ്ഞതോടെ റോഡ് പണി തുടങ്ങാനായില്ല. തുടർന്ന് അധികൃതർ എസ്റ്റിമേറ്റ് പുതുക്കി ഇത് 54 ലക്ഷമാക്കി ഉയർത്തി അനുമതിക്കായി സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടെങ്കിലും ഇതുവരെയും നടപടികളുണ്ടായില്ല.
വീട് നിർമാണവും പ്രതിസന്ധിയിൽ
എട്ട് ആദിവാസി കുടുംബങ്ങളും രണ്ട് മറ്റുകുടുംബങ്ങളുമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. രണ്ട് മലകൾക്കിടയിലുള്ള ഈ പ്രദേശത്ത് മഴ തുടങ്ങിയാൽ വെള്ളപ്പൊക്കം പതിവാണ്. രണ്ട് പ്രളയത്തിലും വഴിയും കൃഷിയിടവും കാണാൻകഴിയാത്തരീതിയിൽ ആഴ്ചകളോളം വെള്ളം ഉയർന്നു. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് എല്ലാവരും വീടുകൾക്കുള്ളിൽതന്നെ കഴിഞ്ഞു. രോഗികളായവരെ കസേരയിലിരുത്തി രണ്ടുപേർചേർന്ന് ചുമന്നാണ് വാഹനസൗകര്യമുള്ള റോഡിലെത്തിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് മരിച്ചവരെയും ഇതേരീതിയിൽ കൊണ്ടുവരേണ്ടിവന്നതായി ഇവർ പറയുന്നു. വേനൽക്കാലത്തും സ്ഥിതി സമാനമാണ്. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഒരു വാഹനവും വരില്ല.
എല്ലാ സാധനസാമഗ്രികളും തലച്ചുമടായി ഒരു കിലോമീറ്റർ ചുമക്കണം. ഇതുകാരണം പലരുടെയും വീടുപണികൾ തുടങ്ങിയിടത്തുതന്നെ നിന്നു. നാലുവർഷം മുമ്പ് നിർമാണം തുടങ്ങിയ പ്രദേശത്തെ അച്ചപ്പന്റെ വീട് തറയിലൊതുങ്ങി. വീട് നിർമാണത്തിനായി നൽകിയ തുകയിൽ ഭൂരിഭാഗവും ചെലവഴിച്ചത് ചുമട്ട് കൂലിയിനത്തിൽ. പിന്നെങ്ങനെ വീട് പൂർത്തീകരിക്കുമെന്ന് ഇദ്ദേഹം ചോദിക്കുന്നു. ചെറിയ കൂരവെച്ച് അതിലാണ് വർഷങ്ങളായി ഈ കുടുംബം താമസിക്കുന്നത്.
കൃഷിയാണ് പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗം. എന്നാൽ വന്യമൃഗശല്യം ഇവരെ വലയ്ക്കുന്നു.
ഇതിനൊപ്പം കാർഷികോത്പന്നങ്ങൾ ഒരു കിലോമീറ്റർ ചുമന്ന് വാഹനത്തിലെത്തിക്കണമെന്നതാണ് ഏറെ പ്രയാസകരം. അരക്കിലോമീറ്റർ അകലെ വനത്തിൽനിന്ന് പൈപ്പുപയോഗിച്ചാണ് കുടിവെള്ളം എത്തിക്കുന്നത്. പ്രദേശത്തുതന്നെ കിണറോ കുളമോ നിർമിക്കണമെന്ന ആവശ്യവും നടന്നില്ല. പ്രദേശത്തെ വിദ്യാർഥികൾ കുഞ്ഞോം ഗവ. ഹൈസ്കൂളിലാണ് പഠിക്കുന്നത്. ഗോത്രസാരഥി പദ്ധതിയുണ്ടെങ്കിലും രാവിലെയും വൈകീട്ടും രക്ഷിതാക്കൾതന്നെ കുട്ടികളെ ഒരു കിലോമീറ്റർ കാട്ടിലൂടെ നടത്തിച്ച് ടാറിങ് റോഡിലെത്തിക്കണം. പ്രദേശത്തേക്കുള്ള റോഡ് യാഥാർഥ്യമായാൽ ഇതിനെല്ലാം പരിഹാരമുണ്ടാകും. അല്ലെങ്കിൽ എവിടെയെങ്കിലും എല്ലാവരെയും പുനരധിവസിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
എങ്ങുമെത്താത്ത തൊണ്ടർനാട് സമഗ്ര വികസനപദ്ധതി
തൊണ്ടർനാട് പഞ്ചായത്തിലെ ചപ്പകോളനിയിലാണ് 2014-ൽ മാവോവാദികളും തണ്ടർബോൾട്ടും ഏറ്റുമുട്ടിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും പട്ടികവർഗ വികസനമന്ത്രി പി.കെ. ജയലക്ഷ്മിയും ഇവിടെയെത്തി. മാവോവാദി ഭീഷണിയുള്ള പഞ്ചായത്തിലെ 12 കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സർക്കാർ അഞ്ചുകോടി രൂപ പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനാണ് ഈ തുക അനുവദിച്ചത്.
റോഡ്, കുടിവെള്ളം, സ്വയംതൊഴിൽ തുടങ്ങിയ വിവിധ പദ്ധതികൾക്കായാണ് ഇത്. എന്നാൽ കാര്യക്ഷമമായല്ല പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം നിലനിൽക്കുന്നു. സർക്കാർ അനുവദിച്ച അഞ്ച് കോടിയിൽ 2,82,98,258 രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഒമ്പത് റോഡ് പ്രവൃത്തികളിൽ അഞ്ചെണ്ണം മാത്രമാണ് പൂർത്തിയായത്. കാട്ടിമൂല കോളനി റോഡിനെക്കൂടാതെ പന്നിപ്പാട്ട് കോളനി റോഡ്, കോമ്പാറ കോളനി റോഡ് എന്നിവയുടെ നിർമാണപ്രവർത്തനം തുടങ്ങിയിട്ടില്ല.
പദ്ധതി സർക്കാരിന്റെ പരിഗണനയിൽ
പട്ടികവർഗ വികസനവകുപ്പ് ഡയറക്ടറുമായി കുറച്ചുദിവസം മുമ്പും ബന്ധപ്പെട്ടിരുന്നു. കുഞ്ഞോം കാട്ടിമൂല കോളനിയിലേക്ക് റോഡ് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് എത്രയും വേഗം അംഗീകാരം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ട രേഖകളും നൽകി. സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മാർച്ച് 30-നുമുമ്പ് ടെൻഡർ നടപടികൾ ചെയ്ത് പ്രവൃത്തി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗീതാബാബു, പ്രസിഡന്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്