പുല്പള്ളി: ടൗണിൽ തെരുവുനായശല്യത്താൽ ജനം വലയുന്നു. വിവിധഭാഗങ്ങളിലായി തെരുവുനായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ബസ്സ്റ്റാൻഡിലും മറ്റ് പ്രധാന റോഡുകളിലും തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്നത് സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. വിദ്യാർഥികൾക്ക് നേരെ നായകൾ ആക്രമിക്കാൻ പാഞ്ഞെത്തുന്നത് പതിവായിരിക്കുകയാണിപ്പോൾ.
പല വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലും രാവിലെ ഉടമസ്ഥർ കട തുറക്കാനെത്തുന്പോൾ കാണുന്നത് നായ്ക്കളുടെ വിസർജ്യമാണ്. ഇവയെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. പോലീസ് സ്റ്റേഷൻ പരിസരമാണ് നായകൾ പ്രധാന താവളമാക്കിയിരിക്കുന്നത്. ആളുകൾക്ക് പരാതിനൽകാൻപോലും പോലീസ് സ്റ്റേഷനിലേക്ക് കയറാൻസാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം സ്റ്റേഷന് മുമ്പിലൂടെ നടന്നുപോയ യുവതിക്ക് നേരെ നായകൾ പാഞ്ഞെത്തിയിരുന്നു. കടിയേൽക്കാതെ ഓടിരക്ഷപ്പെടുകയാണുണ്ടായത്. പോലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപവും കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മെസ്സുമാണ് പ്രധാന താവളം. നാട്ടുകാർക്ക് സ്വൈര്യമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.