: നെൽക്കൃഷിയിൽ ആരേയും അമ്പരപ്പിക്കുന്ന വിജയഗാഥ പറയാനുണ്ട് ബാവലി തൊറന്പൂർ അടിയ കോളനിയിലെ പോലീസ് മല്ലൻ എന്ന മല്ലന്. പരമ്പരാഗതമായി മറ്റുള്ളവരുടെ പാടത്ത് പണിയെടുത്തിരുന്ന പൂർവികരുടെ പതിവ് തെറ്റിച്ച് സ്വന്തമായി കൃഷിയിറക്കാൻ തീരുമാനിച്ചിടത്ത് തുടങ്ങുന്നു മല്ലന്റെ ഹരിതവിപ്ലവം. കൃഷിയിൽ മാത്രമല്ല, സമൂഹജീവിതത്തിലും അതൊരു വിപ്ലവമാണ് ഈ നാട്ടിൽ.

മല്ലനെ പോലീസ് മല്ലനെന്നാണ് നാട്ടുകാർ വിളിക്കുന്നത്. അതിന് കാരണവമുണ്ട്. മികച്ച വോളിബോൾ കളിക്കാരനായിരുന്ന മല്ലന്റെ ശരീരപ്രകൃതം പോലീസുകാരുടേതുപോലെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് അവരാണ് മല്ലനെ ‘പോലീസുകാരനാക്കിയത്’.

ഒരു കാലത്ത് വോളിബോൾ കളിക്കളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മല്ലൻ. ജില്ലാ ടീമിലേക്കുവരെ താൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് മല്ലൻ പറയുന്നു. എന്നാൽ പ്രോത്സാഹനം നൽകാൻ ആരുമില്ലായിരുന്നു. അങ്ങനെ മികച്ചൊരു കായികപ്രതിഭയുടെ ഭാവി അവിടെ അസ്തമിച്ചു.

അടിയനൊരാൾ വിത്തിറക്കുന്നു

കളിയിലെ പ്രതീക്ഷ കൈവിട്ടതിൽ പിന്നീടാണ് മല്ലൻ കൃഷിയിലേക്ക് തിരിയുന്നത്. മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുന്നതിനേക്കാൾ സ്വന്തമായി കൃഷിയിറക്കണമെന്നായിരുന്നു ആഗ്രഹം. ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നായ അടിയ ഗോത്രത്തിൽനിന്ന് സ്വന്തമായി ഒരാൾ കൃഷിയിറക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ ചെറിയരീതിയിൽ കുറച്ച് പാടം പാട്ടത്തിനെടുത്ത് മല്ലൻ ഒരു വിപ്ലവത്തിന് തിരികൊളുത്തി. വർഷങ്ങൾ നീണ്ട, മണ്ണിനെയും കൃഷിയെയും മാത്രം പ്രണയിച്ചുകൊണ്ടുള്ള കഠിനാധ്വാനമായിരുന്നു പിന്നീട്. കതിരുവിളയുന്നതിനൊപ്പം അറച്ചുനിന്നൊരു പാരമ്പര്യത്തെ കളപോലെ എടുത്തുകളഞ്ഞു ഈ മനുഷ്യൻ.

ഇന്ന് ഏഴേക്കർ പാടം പാട്ടത്തിനെടുത്ത് മല്ലൻ നെൽക്കൃഷി ചെയ്യുന്നുണ്ട്. ഇതുകൂടാതെ രണ്ടേക്കറിൽ കപ്പയും അരയേക്കറിൽ ഇഞ്ചിയും അരയേക്കറിൽ ചേനയും കൃഷിയിറക്കി വിജയചരിത്രം കുറിക്കുകയാണ് മല്ലൻ. പത്തേക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്ന മല്ലന് സ്വന്തമായി ആകെയുള്ളത് അഞ്ച് സെന്റ് ഭൂമി മാത്രമാണ്. കൃഷിയിൽനിന്ന് ലഭിക്കുന്നത് മുഴുവൻ കൃഷിയിലേക്ക് തന്നെയിറക്കി അല്പംപോലും ലാഭമോഹമില്ലാതെ കൃഷിയെ സ്നേഹിക്കുകയാണ് ഇയാൾ. വൽച്ചൂരിയും ഗന്ധകശാലയുമാണ് നെൽപ്പാടത്ത് കൃഷിയിറക്കുന്ന ഇനങ്ങൾ.

ഉറങ്ങാതെ കാവൽ

വന്യമൃഗശല്യവും ജലക്ഷാമവുമാണ് പ്രദേശത്തെ കൃഷിക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മല്ലൻ പറയുന്നു. രാത്രിയിൽ ഉറങ്ങാറില്ല. ആനയും കാട്ടുപന്നിയും കൃഷിയിടത്തിലിറങ്ങാതിരിക്കാൻ കാവലിരിക്കുകയാണ് പതിവ്. മറ്റുള്ളവർ ചെയ്യുന്നതുപോലെ സ്വന്തമായി ഫെൻസിങ് സ്ഥാപിക്കാൻ സാന്പത്തികശേഷിയില്ല. അതിനാൽ മൃഗങ്ങളെ ഭയപ്പെടുത്താൻ സ്വന്തമായി കെണിപ്പടക്കം സ്ഥാപിച്ചു.

പാടത്തിന്റെ സമീപത്ത് നീർച്ചാലുകളോ മറ്റ് ജലസോതസ്സുകളോ ഇല്ല. നെൽപ്പാടത്ത് ഉണ്ടാകാറുള്ള സ്വാഭാവിക ജലസാന്നിധ്യവും മല്ലന്റെ പാടത്ത് കാണാനാകില്ല. ഡീസൽ മോട്ടോർ ഉപയോഗിച്ചാണ് പാടത്തേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. എന്നാൽ ഇതിനു വരുന്ന ഭീമമായ തുക താങ്ങാനാവാതെ ബുദ്ധിമുട്ടനുഭവിക്കുകയാണിപ്പോൾ. ആറുദിവസം കൂടുമ്പോൾ പാടം മുഴുവൻ നനയ്ക്കണം. രണ്ടര എച്ച്.പി.യുടെ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാവുന്ന മോട്ടോർ ഉണ്ടെങ്കിൽ ഇത്രയധികം ചെലവുണ്ടാകില്ലെന്നാണ് മല്ലൻ പറയുന്നത്.

ഈയാവശ്യവുമായി കതകുകൾ മാറി മാറി മുട്ടിയെങ്കിലും മല്ലനുമുന്നിൽ ഒന്നും തുറന്നുകിട്ടിയില്ല. ട്രൈബൽ വകുപ്പിൽ നിന്നെങ്കിലും സഹായം കിട്ടണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. എങ്കിലും പ്രതികൂല കാലാവസ്ഥയിൽപോലും ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിക്കും. ഒരു വർഷംപോലും കൃഷിയിറക്കുന്നത്‌ മുടക്കിയിട്ടില്ല. അതൊരു തപസ്സായി കൊണ്ടുനടക്കുന്നു മല്ലനെപ്പോഴും. വൈദ്യുതമോട്ടോർ ലഭിച്ചാൽ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയും അൻപത്തിരണ്ടുകാരനായ മല്ലനുണ്ട്.