പൊഴുതന: അമ്മാറയിൽ തകർന്ന ഒരു വീട് കാണാം. അമ്മാറ ചോല അസീസിന്റെ വീടാണത്. ദുരന്തം പെയ്തിറങ്ങിയ ഓഗസ്റ്റിലാണ് അസീസിനും വീട് നഷ്ടമായത്. വീടിനെക്കുറിച്ച് ചോദിച്ചപ്പോൾ അസീസ് പറഞ്ഞതിങ്ങനെ, ‘എനിക്കത് വീടായിരുന്നില്ല, ജീവിതമായിരുന്നു. എൻറെ 14 വർഷത്തെ അധ്വാനമായിരുന്നു.’

14 വർഷങ്ങൾക്കുമുമ്പ് തോട്ടം തൊഴിലാളിയായിരുന്നു അസീസ്. സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് അതായിരുന്നു അന്നു മുതലേ ഉള്ള സ്വപ്നം. തോട്ടംതൊഴിലിൽനിന്നുള്ള വരുമാനംകൊണ്ട് വീടെന്ന ലക്ഷ്യവും കുടുംബവും മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നായതോടെ സ്വപ്നം സഫലമാക്കാൻ അസീസ് ഗൾഫിലേക്ക് വിമാനം കയറി. കുടുംബം വാടകവീട്ടിൽ കഴിഞ്ഞു. വർഷങ്ങൾ നീണ്ട അധ്വാനത്തിലൂടെ എട്ടരലക്ഷം രൂപ നൽകിയാണ് അസീസ് അമ്മാറയിൽ 10 സെന്റ് സ്ഥലം വാങ്ങുന്നത്.

സ്വരൂപിച്ച സമ്പാദ്യംകൊണ്ട് സ്ഥലത്ത് വീട് പണിയും തുടങ്ങി. ഒരുവിധം വീടാക്കിമാറ്റാൻ രണ്ട് വർഷം വേണ്ടി വന്നു. ഏറെ പ്രതീക്ഷയോടെ 2016-ൽ താമസം തുടങ്ങി. അപ്പോഴും വീടിൻറെ തേപ്പ് ഉൾപ്പെടെ കുറച്ചു പണികൾ ബാക്കിയുണ്ടായിരുന്നു. കുറച്ച് പണികൾ ബാക്കിയുണ്ടെങ്കിലും വീടായല്ലോ എന്ന ആശ്വാസത്തിലാണ് അസീസ് വീണ്ടും ഗൾഫിലേക്ക് മടങ്ങിയത്. എന്നാൽ നിനച്ചിരിക്കാതെയെത്തിയ പ്രളയം ആ ആശ്വാസം കവർന്നു.

തകർന്ന വീടിനുചുറ്റും ഇപ്പോഴും മണ്ണടിഞ്ഞു കൂടിയിരിക്കുകയാണ്. വീട് ഇനി നന്നാക്കിയെടുക്കാനും പറ്റില്ല. ഇനി എല്ലാം ഒന്നു മുതൽ തുടങ്ങണം പക്ഷേ എങ്ങനെ, എപ്പോൾ ഇതാണ് ഇപ്പോൾ കുടുംബത്തെ അലട്ടുന്ന ചോദ്യം.

മരണത്തെ നേരിൽ കണ്ട രാത്രി

ഒാഗസ്റ്റ് ഒമ്പതിന് പുലർച്ചെ 12.30-നാണ് ഉരുൾപൊട്ടലിൽ അസീസിന്റെ വീട് തകരുന്നത്. അസീസിന്റെ ഭാര്യ ജഷീലയും മൂന്ന് മക്കളും ഭാര്യാ മാതാവ് സുബൈദയുമാണ് വീട്ടിലുണ്ടായിരുന്നത്. മഴകാരണം ഉറങ്ങിയിരുന്നില്ല. വീട്ടിനകത്തേക്ക് മണ്ണും വെള്ളവും ഒഴുകിയെത്തിയപ്പോഴാണ് ഉരുൾപൊട്ടിയതായി അറിയുന്നത്.

മക്കളെയും എടുത്ത് പുറത്തേക്ക് ഓടി. മരണത്തെ നേരിൽ കണ്ട നിമിഷമായിരുന്നു അതെന്ന് ഇവർ പറയുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയതല്ല. ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയതാണ്- ജഷീല പറഞ്ഞു. അയൽവാസികളായ സുനിൽ, മണി എന്നിവരാണ് രക്ഷയ്ക്കെത്തിയത്.

10 വയസ്സുകാരനായ മൂത്തമകൻ ഒഴുക്കിൽപ്പെട്ട് കൂട്ടം തെറ്റിപ്പോയി. എങ്ങനെയോ രക്ഷിച്ചു. അതൊന്നും ഓർമിക്കാൻകൂടി വയ്യെന്ന് ജഷീല. ഒരു വിധത്തിൽ രക്ഷപ്പെട്ട് അയൽവാസിയായ മണിയുടെ വീട്ടിൽ നിൽക്കുമ്പോൾ പുലർച്ചെ നാലുമണിയോ‌ടെ വീണ്ടും ഉരുൾപൊട്ടി. അതോടെ ആ പ്രദേശമാകെ തകർന്നു. മൂന്ന് മാസം പ്രായമുള്ള ഇളയകുഞ്ഞിന് സുഖമില്ലാതായതോടെ പിന്നീടുള്ള ദിവസങ്ങൾ ആശുപത്രിയിലും പൊഴുതന സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമായി കഴിഞ്ഞു. ഇപ്പോൾ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്.

വീടില്ല്ല, വരുമാനമില്ല, തൊഴിലും നഷ്ടമായി

ദുരന്തമുണ്ടായി രണ്ടാഴ്ചയ്ക്കുശേഷമാണ് അസീസ് ഗൾഫിൽ നിന്നെത്തിയത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി അസീസിന് തൊഴിലും നഷ്ടപ്പെട്ടിരുന്നു. നാട്ടിലെത്തി എന്തെങ്കിലും തൊഴിൽചെയ്ത് ജീവിക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ കിടപ്പാടംപോലും നഷ്ടമായ സ്ഥിതിക്ക് ഇനി എങ്ങനെ ജീവിതം തുടങ്ങുമെന്നറിയില്ലെന്ന് അസീസ് പറയുന്നു. തകർന്ന വീടുള്ളസ്ഥലത്ത് ഇനി വീട് പണിയാനാവില്ല.

തിരികെകിട്ടിയ ജീവിതം മാത്രമാണ് ഇപ്പോൾ കുടുംബത്തിൻറെ സമ്പാദ്യം. സ്ഥലം വാങ്ങിയാൽ വീടുവെച്ചുതരാമെന്ന് പല സന്നദ്ധസംഘടനകളും അറിയിച്ചതായി അസീസ് പറഞ്ഞു. ഇനിയൊരു അഞ്ച് സെന്റ് സ്ഥലം വാങ്ങാനുള്ള സമ്പാദ്യംപോലും കൈയ്യിലില്ല.