വെണ്ണിയോട്: നാലുമാസമായി കുടിവെള്ളം മുട്ടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചു. കുടിവെള്ളമില്ലാതെ വന്നതോടെ രാവിലെ 10 മണിയോടെ വീട്ടമ്മമാർ സംഘടിച്ച് പ്രദേശത്തെ പൊതുടാപ്പിനുമുന്നിൽ ബക്കറ്റുകളുമായെത്തി കുത്തിയിരുന്നു.
പ്രളയത്തിനുശേഷം ജലനിധി പൈസ അടക്കുന്നില്ലെന്നുപറഞ്ഞ് കണക്‌ഷൻ കട്ടാക്കിയെന്നും പക്ഷേ, ഇതുവരെ ഒരുബില്ലും കിട്ടിയില്ലെന്നും പ്രദേശവാസിയായ പത്മിനി മനോഹരൻ പറഞ്ഞു. ‘‘വെള്ളമില്ലാതെ ആകെ എടങ്ങാറായി. തിരുമ്പാനും ചോറും കൂട്ടാനും വെക്കാനൊക്കെ ഒരു നിവൃത്തിയും ഇല്ലെന്ന് ’’ കുന്നത്ത് ബിയ്യാത്തുവും. അങ്ങനെ ഓരോരുത്തരായി അവരുടെ ആവലാതികളും പരാതികളും പറഞ്ഞു. പിന്നെ 11.30-ഓടെ നാട്ടുകാർ സംഘടിച്ചു. പരാതിപറഞ്ഞ് മടുത്തില്ലേ ഇനി പഞ്ചായത്തിലേക്കുചെന്ന് ഒരുതീരുമാനമുണ്ടാക്കാതെ മടങ്ങില്ലെന്ന പ്രഖ്യാപനവുമായി നേരെ വെണ്ണിയോട്ടെ പഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങി. നാലുദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും നടപടിയായില്ലെങ്കിൽ ടാങ്കറിൽ വെള്ളമെത്തിച്ചുനൽകാമെന്നും പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉറപ്പുനൽകിയതിനെത്തുടർന്ന് നാട്ടുകാർ പിരിഞ്ഞുപോയി.
കോട്ടത്തറ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽപ്പെടുന്ന കരിഞ്ഞകുന്ന് പ്രദേശത്തെ 70 കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. രണ്ടുമാസമായി ഒരു തുള്ളിവെള്ളംപോലും പൈപ്പുകളിൽ എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഭൂരിഭാഗം കുടുംബങ്ങളും വലിയപുഴ കുടിവെള്ളപദ്ധതിയെയാണ് ആശ്രയിക്കുന്നത്. പ്രളയശേഷം ഇവർക്ക് കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടാണ്. കുന്നിൻപ്രദേശമായ കരിഞ്ഞകുന്നിൽ വെള്ളം പമ്പുചെയ്താലും എത്താറില്ല. ചിലരുടെ വീടുകളിൽ കിണറുണ്ടെങ്കിലും വെള്ളമില്ല. പ്രളയാനന്തരം സന്നദ്ധസംഘടനകൾ രണ്ടുകുഴൽക്കിണർ കുന്നിനുമുകളിൽ കുത്തിയെങ്കിലും അതിലും വെള്ളം കിട്ടിയിട്ടില്ല. ഇതോടെ പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ലാതെ ദുരിതംപേറി ജീവിക്കുകയാണിവർ.

സ്കൂൾകുന്ന് ആദിവാസികോളനിക്കാർ വെള്ളം ശേഖരിക്കുന്നത് സമീപത്തെ അത്തിലൻ ആലിയുടെ കിണറിൽനിന്നാണ്. ഈകിണറിൽ രണ്ട് റിങ് വെള്ളം മാത്രമാണുള്ളത്. കുന്നിനുമുകളിലും താഴെയുമായി രണ്ട് പഞ്ചായത്ത് കിണറുണ്ട്. ഇവ യഥാസമയം ശുചീകരിക്കാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുകയാണ്.
‘‘ഞങ്ങാക്ക് കുടിബൊള്ളമില്ല. കുടിബൊള്ളമില്ലാത്തേം കൊണ്ട് ഞാക്ക് ബൊയങ്കര ബുദ്ധിമുട്ടാണ്. പാവങ്ങളാണ്, ബൈന്നേരം വരെ ഞങ്ങാൾ പണി എടുക്കുന്നുണ്ട്. ഞങ്ങ എവിടേന്ന് വേച്ചാ ഈ ബൊള്ളത്തിന് ഓടിനടക്കാ. അലക്കണ്ടെ, കുളിക്കണ്ടെ, എന്നിട്ട് ബാണ്ടെ ഞങ്ങൾക്ക് പണിക്ക് പോവാൻ’’
-സ്കൂൾകുന്ന് കോളനിയിലെ മഞ്ഞള