ഗൂഡല്ലൂർ : ദേവർഷോല ദേവൻ ഡിവിഷൻ ഒന്നിൽ തോട്ടം തൊഴിലാളിയെയും പശുക്കളെയും കൊന്ന കടുവ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മേഫീൽഡ് തേയിലത്തോട്ടത്തിൽ കണ്ടെത്തിയ കടുവയെ മയക്കുവെടിവെക്കാനായി വനംവകുപ്പ് ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കടുവ തേയിലത്തോട്ടത്തിലെ മറ്റൊരുഭാഗത്തേക്ക് മറഞ്ഞത്.

അധികൃതർ തേയിലത്തോട്ടത്തിൽ വെച്ച മാട്ടിറച്ചി കടുവ തിന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലത്തോട്ടത്തിന്റെ താഴ്ന്ന പ്രദേശത്ത് കടുവയുള്ളതായി സ്ഥിരീകരിച്ചത്. പടക്കം പൊട്ടിച്ചുംമറ്റും കടുവയെ പുറത്തു ചാടിച്ചെങ്കിലും മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ കടുവ രക്ഷപ്പെടുകയായിരുന്നു. ഇതോടെ കടുവയെ കണ്ടെത്താനായി വനംവകുപ്പ് പരിശോധന കർശനമാക്കി. കടുവയുടെ സാന്നിധ്യമുള്ള ദേവൻഡിവിഷൻ ഒന്നിലെ മേഫീൽഡിലും പരിസരങ്ങളിലുമായി വനപാലകരുടെ പ്രത്യേക ദൗത്യസേനയാണ് തിരച്ചിൽ നടത്തുന്നത്.

വയനാട്, സത്യമംഗലം കടുവസങ്കേതങ്ങളിൽനിന്നുള്ള വനപാലകർ, പരിശീലനം ലഭിച്ച ടൈഗർ ടേക്കേഴ്സ്, ഡോഗ്‌സ്ക്വാഡ്, ഗൂഡല്ലൂർ, മുതുമല എന്നിവിടങ്ങളിലെ വനപാലകർ സംഘത്തിലുള്ളത്.

കനത്തമഴ തിരച്ചലിനെ ബാധിക്കുന്നുണ്ട്. ഫോറസ്റ്റ് ഫീൽഡ് ഡയറക്ടർ ജെ. വെങ്കിടേഷ്, വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രവാസ്, ഡി.ആർ.ഒ. ബോസ്‌ലേ സച്ചിൻ തുഗ്‌റാം എന്നിവരുടെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥസംഘവും, ഡോ. അശോക്, ഡോ. സുകുമാർ, ഡോ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽവിഭാഗവും പോലീസ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്.

മയക്കുവെടിവെച്ച് കടുവയെ പിടികൂടി ഉൾവനത്തിലേക്ക് വിടാനാണ് തീരുമാനം. മൂന്നുദിവസത്തിനിടെ ഒരാളെയും മൂന്നു പശുക്കളെയുമാണ് കടുവ കൊന്നത്. തോട്ടംതൊഴിലാളിയായ കെ.വി. ചന്ദ്രനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.