തലപ്പുഴ: ജനമൈത്രി പോലീസിന്റെ കൈത്താങ്ങിൽ തലപ്പുഴ പൊയിലിൽ കമ്പിപ്പാലം ഉയർന്നു. കഴിഞ്ഞ മഴക്കാലത്ത് ഇവിടെയുള്ള മരപ്പാലം തകർന്നിരുന്നു. പിന്നീട് രണ്ട് കമുക് തടി ഉപയോഗിച്ച് പാലമുണ്ടാക്കിയാണ് പ്രദേശവാസികൾ യാത്ര ചെയ്തിരുന്നത്. ജില്ലാ പോലീസ് മേധാവി അനുവദിച്ച തുക ഉപയോഗിച്ചാണ് ജനമൈത്രി പോലീസ് കമ്പിപ്പാലം പണിതത്. കുറഞ്ഞ ചെലവിൽ മികച്ച രീതിയിലാണ് പാലം നിർമിച്ചത്. ഒരാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 10 കുടുംബങ്ങളാണ് പൊയിൽ കോളനിയിൽ താമസിക്കുന്നത്. ഇവരുടെ ഏക ആശ്രയമായിരുന്ന ഇവിടുത്തെ മരപ്പാലം എല്ലാ മഴക്കാലത്തും ഒലിച്ചു പോകുന്നത് പതിവാണ്. ഇനി മഴക്കാലത്തും സുഗമമായി യാത്ര ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ.