സുൽത്താൻബത്തേരി: വടക്കനാട് കൊമ്പനെ പിടികൂടുന്നതിന് രണ്ട് ദിവസമായി വിശ്രമമില്ലാതെ ജോലിചെയ്ത വനംവകുപ്പ് ജീവനക്കാരാണ് ചൊവ്വാഴ്ച പനമരത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താനുമെത്തിയത്. പനമരത്ത് ആനയിറങ്ങിയത് നോർത്ത് വയനാട് ഡിവിഷൻ പരിധിയിലാണെങ്കിലും വയനാട് വന്യജീവിസങ്കേതത്തിലെയും സൗത്ത് വയനാട് ഡിവിഷനിലെയും ജീവനക്കാർ സഹായത്തിനായി രാവിലെത്തന്നെ എത്തിയിരുന്നു. ഇതിലധികവും വടക്കനാട് കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുത്ത ജീവനക്കാരാണ്. അവധിയിലുള്ള ജീവനക്കാരുൾപ്പെടെയുള്ളവരാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് മൂന്ന് ദിവസമായി ജോലിചെയ്യുന്നത്. വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ വയനാട് വന്യജീവി സങ്കേതത്തിലെയും റാപ്പിഡ് റെസ്പോൺസ് ടീം ആൻഡ് എലിഫന്റ് സ്ക്വാഡിലെയും ജീവനക്കാരെ സഹായിക്കാൻ സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലെ ജീവനക്കാരും എത്തിയിരുന്നു.

വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, അസി. വൈൽഡ് ലൈഫ് വാർഡന്മാരായ വി. അജയഘോഷ്, പി. രതീശൻ, പി. സുനിൽ, രമ്യാ രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് വന്യജീവിസങ്കേതത്തിലെ നാല് റെയ്ഞ്ചുകളിൽ നിന്നുള്ള അമ്പതോളം ജീവനക്കാർ സഹായത്തിനായി പനമരത്തെത്തിയത്. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീം ആൻഡ് എലിഫന്റ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ കെ.എം. സെയ്തലവിയുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും മുത്തങ്ങ ആനപ്പന്തിയിലെ രണ്ട് കുങ്കിയാനകളും സ്ഥലത്തെത്തിയിരുന്നു.

വടക്കനാട് കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുത്ത കുങ്കിയാനകളായ നീലകണ്ഠനെയും സൂര്യയെയുമാണ് പനമരത്തും എത്തിച്ചത്. ചെതലയം റെയ്ഞ്ച് ഓഫീസർ വി. രതീശന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും സഹായത്തിനെത്തിയിരുന്നു. ഇവരെല്ലാം കഴിഞ്ഞ ദിവസത്തെ ദൗത്യത്തിൽ പങ്കെടുത്തവരാണ്.