സുൽത്താൻബത്തേരി: പാമ്പുകൾ വീട് കൈയടക്കിയതോടെ, വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ടിവന്ന ഒരു കുടുംബമുണ്ട് വയനാട്ടിൽ. ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക്‌ സമീപമുള്ള ഫെയർലാൻഡിലെ തയ്യിൽ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിന്റെ ശല്യത്തിൽ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. വീടിനുള്ളിലും പരിസരങ്ങളിലുമായി നിറയെ പാമ്പുകളാണ്. സ്ഥിരമായി പാമ്പിനെ കാണുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞു. പക്ഷെ പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല.

വിഷപ്പാമ്പുകൾ നിത്യസന്ദർശകർ

മൂർഖനും വെള്ളിക്കെട്ടനും ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളാണ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകർ. ഒരുദിവസംമാത്രം മൂന്ന് വെള്ളിക്കെട്ടനെവരെ ഈ വീട്ടിനുള്ളിൽനിന്നും പിടിച്ചിട്ടുണ്ട്. പക്ഷെ ഒന്നിനെപ്പോലും കൊന്നിട്ടില്ല. മുമ്പ് വല്ലപ്പോഴും സന്ദർശകരായി എത്തിയിരുന്ന പാമ്പുകൾ, നിരന്തരമെത്തി വീട്ടിനുള്ളിൽ സ്വൈരവിഹാരം തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടുതുടങ്ങിയത്. പാമ്പുകളെഭയന്ന് രാത്രിയിൽ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥ. കട്ടിലിൽ കിടന്ന് മുകളിലേക്ക് നോക്കിയാൽ പാമ്പ്, കുളിമുറിയിലും വീടിന്റെ ചുമരിലും ആസ്ബസ്‌റ്റോസ് ഷീറ്റുകൾക്കിടയിലും അടുക്കളയിലും മുറികൾക്കുള്ളിലുമെല്ലാം പാമ്പുകൾ. താമസം മാറുകയല്ലാതെ മറ്റ് നിവർത്തിയില്ലാതെയായി. പ്ലസ്ടു വിദ്യാർഥിയായ പവനും പ്ലസ് വൺ വിദ്യാർഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഭർത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തിൽ മരിച്ചതോടെയാണ് മക്കളുമായി ഈവിട്ടിൽ താമസിക്കാൻ ഭയം തുടങ്ങിയതെന്ന് സുനിത പറഞ്ഞു. മുമ്പ് ഭർത്താവുണ്ടായിരുന്നപ്പോൾ പാമ്പുകളെത്തിയാലും പ്രശ്നമുണ്ടായിരുന്നില്ല. അദ്ദേഹംതന്നെ പാമ്പുകളെ പിടിച്ച് കളയുമായിരുന്നു. 17 വർഷംമുമ്പാണ് ഫെയർലാൻഡിലെ ഈ നാല് സെന്റ് സ്ഥലവും വീടും വാങ്ങിയത്. എട്ടുവർഷംമുമ്പ് നിലവിലുണ്ടായിരുന്ന വീടിനോട് ചേർന്ന് കുറച്ച് ഭാഗം കൂട്ടിയെടുത്തിരുന്നു. ഇതിനുശേഷമാണ് വീട്ടിനുള്ളിൽ സ്ഥിരമായി പാമ്പുകളെ കണ്ടുതുടങ്ങിയത്.

snakes
സുനിതയുടെ വീട്ടിൽ നിന്ന് സമീപകാലത്ത് പിടികൂടിയ പാമ്പുകൾ

മറ്റുവീടുകളിൽ ശല്യമില്ല

മുമ്പിവിടെ ഒരു പുറ്റുണ്ടായിരുന്നെന്നും അത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പാമ്പ് ശല്യം കുറയുന്നതിനുള്ള പലപൊടിക്കൈകളും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ചിലരുടെ ഉപദേശപ്രകാരം വിവിധ ക്ഷേത്രങ്ങളിലായി വഴിപാടുകളെല്ലാം നടത്തി. ഒടുവിൽ വീടിന്റെ ഒരുഭാഗംത്തന്നെ പൊളിച്ചുകളഞ്ഞു. എന്നിട്ടും പാമ്പുശല്യത്തിന് കുറവുണ്ടായില്ല. വീടിന് മുന്നിലെ തോട്ടിലൂടെയാണ് പാമ്പുകൾ ഒഴികിവരുന്നതെന്ന് ചിലർ പറയുന്നു. പക്ഷെ തോടിന്റെ കരയിലുള്ള മറ്റു വീടുകളിലൊന്നും പാമ്പുശല്യമില്ലാതാനും. മൂന്നുമാസംമുമ്പ് ഇവർ വീടുപേക്ഷിച്ച് ഫെയർലാൻഡിലും മീനങ്ങാടിയിലുമുള്ള സഹോദരങ്ങളുടെ വീടുകളിലാണ് താമസിച്ചുവരുന്നത്.

കണ്ടുശീലിച്ചു, പേടിമാറി

രണ്ട് മക്കളും കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിലാണ്. കല്പറ്റയിലെ എസ്.പി. ഓഫീസിന് സമീപമുള്ള സഹോദരൻ വിനോദിന്റെ മെസ്സിലാണ് സുനിത ജോലിയെടുക്കുന്നത്. കുറേദിവസങ്ങൾക്കുശേഷം തിങ്കളാഴ്ച വീട്ടിലെത്തിയപ്പോഴും അകത്ത് മൂർഖൻ പാമ്പുണ്ടായിരുന്നു. മകൾ നന്ദനയാണ് പാമ്പിനെ പിടിച്ച് വീടിന് പുറത്തുകളഞ്ഞത്. സ്ഥിരമായി പാമ്പുകളെ പിടികൂടുന്നത്‌ കണ്ട് ശീലിച്ച, നന്ദന സ്വീകരണമുറിയിലെത്തിയ പാമ്പിന്റെ വാലിൽ പിടിച്ച്, തലഭാഗം കുപ്പിയിലാക്കിയെടുത്ത് പുറത്തെ തോട്ടിൽകൊണ്ടുവിട്ടു. നിലവിലുള്ളവീട് പൂർണമായി പൊളിച്ചുകളഞ്ഞ് പുതിയൊരുവീട് നിർമിച്ച് ഇവിടെ ത്തന്നെ താമസിക്കണമെന്നാണ് സുനിതയുടെ ആഗ്രഹം.

content highlights: snake house in wayanad