സുൽത്താൻബത്തേരി: പ്രിയകൂട്ടുകാരിയെ മരണംകൊണ്ടുപോയതിന്റെ നോവുമോർമയുമായി, കണ്ണീരുറഞ്ഞ സ്‌കൂളിലേക്കെത്തുമ്പോൾ നെസ്‍ലയുടെ ഉള്ളിൽ സങ്കടത്തിന്റെ വേലിയേറ്റമായിരുന്നു. ഷഹ്‍ലയുടെ കൈപിടിച്ചുനടന്ന വരാന്തകളിലും ക്ലാസ് മുറികളിലുമെല്ലാം അവളുടെ ഓർമകൾ നൊമ്പരമായി തങ്ങിനിൽക്കുന്നു. അവസാനമായി അവളോടൊപ്പം ചേർന്നിരുന്ന ക്ലാസ് മുറി അടച്ചിട്ടിരിക്കുകയാണ്. ഒന്നിച്ചുള്ള യാത്രകൾ അവസാനിച്ചെന്ന് ഇനിയും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാനാവുന്നില്ല, ഷഹ്‍ലയുടെ കൂട്ടുകാരിയും സഹോദരിയുമായ നെസ്‍ല ഫാത്തിമയ്ക്ക്.

പുത്തൻകുന്നിലെ ഷഹ്‍ലയുടെ വീടിന്റെ സമീപത്തുതന്നെയാണ് പിതൃസഹോദരീപുത്രിയായ നെസ്‍ലയുടെ വീടും. നാലാം ക്ലാസുവരെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്ന ഇവരെ ഈ വർഷമാണ് സർവജന സ്‌കൂളിലേക്ക് മാറ്റിയത്. രണ്ടുപേരും ഒരേ ക്ലാസിൽ. നെസ്‍ലയും ഷഹ്‍ലയും അനുജത്തി അമീഗ ജെബിനും ഓട്ടോറിക്ഷയിലായിരുന്നു സ്‌കൂളിലേക്ക് പോയിവന്നിരുന്നത്. ഒന്നാംക്ലാസിൽ പഠിക്കുന്ന അമീഗയെ കൈപ്പഞ്ചേരിയിലെ ഗവ. എൽ.പി. സ്‌കൂളിൽ ആക്കിയിട്ടാണ് രണ്ടുപേരും സർവജനയിലെത്തിയിരുന്നത്.

ഇത്താത്ത കൂടെയില്ലാത്തതിനാൽ തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ പോകാതെ വാശിപിടിച്ചിരുന്ന അമീഗയെ യൂണിഫോം അണിയിച്ച് ഒരുക്കിനിർത്തിയപ്പോൾ കൊച്ചനുജൻ ആഹിലും യാത്രയാക്കാനായി വീട്ടുപടിക്കൽവരെ വന്നു. അമീഗയെയും കൂട്ടി മാതൃസഹോദരി ഫസ്‌ന ഫാത്തിമയും നെസ്‍ലയും ഉപ്പ സലീമുമാണ് സ്‌കൂളിലേക്ക് പുറപ്പെട്ടത്. അമീഗയെ കൈപ്പഞ്ചേരി സ്‌കൂളിലാക്കിയ ശേഷമാണ് നെസ്‍ല സർവജനയിലേക്കെത്തിയത്. ഊണിലും ഉറക്കത്തിലും നിഴലായി കൂടെയുണ്ടായിരുന്ന ഷഹ്‍ലയുടെ വിയോഗം തീർത്ത ശൂന്യതയിൽ സ്‌കൂളിലെത്തിയ നെസ്‍ലയ്ക്ക് സങ്കടം അടക്കാനായില്ല. കണ്ണീരിന്റെ കെട്ടുപൊട്ടിയൊഴുകി, തേങ്ങിക്കരഞ്ഞ അവളെ അധ്യാപകരും രക്ഷിതാക്കളും ആശ്വസിപ്പിക്കാൻ പാടുപെട്ടു. സ്‌കൂളിൽ അൽപ്പനേരം ചെലവഴിച്ച ശേഷം അവൾ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് തിരിച്ചുപോയി. ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ ഷഹ്‍ല ഷെറിൻ ക്ലാസ് മുറിയിൽനിന്ന്‌ പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്ന് നിർത്തിവച്ച യു.പി. വിഭാഗം ക്ലാസുകൾ 11-ദിവസങ്ങൾക്കു ശേഷം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്.

content highlights: Shehla Sherin sister and brother, Family, Wayanad Sarvajanaschool snake bite victim