സുൽത്താൻബത്തേരി: സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റ ഷഹ്‍ല ഷെറിനെ ആശുപത്രിയിലെത്തിക്കാതെ ഒരു മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചെന്നുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്റ്റാഫ് കൗൺസിൽ. ആദ്യമായാണ് സ്കൂളിന്റെഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സംഭവത്തെക്കുറിച്ച് പ്രതികരണമുണ്ടാവുന്നത്.

സംഭവത്തെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ:

അഞ്ചാം ക്ലാസുകാർക്ക് ഏഴാം പീരിയഡ് (3.05) ഭാഷാ ക്ലാസ് ആയിരുന്നു. ഷഹ്‍ലയുൾപ്പെടെയുള്ള മലയാളം പഠിക്കുന്ന കുട്ടികൾ അഞ്ച് എ ക്ലാസിലാണിരുന്നത്. മലയാളം പഠിപ്പിച്ചിരുന്ന ബിൻസി ജോൺ കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പഠനപ്രവർത്തനം നടത്തിവരുകയായിരുന്നു. ഏകദേശം 3.25-ഓടെ കുട്ടികളുടെ ഇടയിൽ ശബ്ദംകേട്ട് അധ്യാപിക കാര്യം അന്വേഷിച്ചു. ക്ലാസ്സ് മുറിയുടെ ഭിത്തിയോടുചേർന്നുള്ള ദ്വാരത്തിൽ ഷഹ്‌ലയുടെ കാലുപോയി എന്നുപറഞ്ഞതോടെ, വെളിച്ചം കുറവായതിനാൽ കുട്ടിയെ ക്ലാസ്സിനു പുറത്തുകൊണ്ടുപോയി പരിശോധിച്ചു. ഈ സമയം, അതുവഴി വന്ന അധ്യാപിക ലീന കാര്യം അന്വേഷിച്ചു. കാല് കഴുകി വൃത്തിയാക്കി മുറിവ് പരിശോധിച്ചു. ഇടതുകാലിന്റെ ചെറുവിരലിനടുത്തായി എവിടെയോ ഉരഞ്ഞതുപോലുള്ള പോറലാണ് കണ്ടത്.

തുടർന്ന് ക്ലാസ് മുറിയിലെ ദ്വാരത്തിലേക്ക് മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് പരിശോധിച്ചെങ്കിലും ഒരു ജീവിയേയും കണ്ടില്ല. എന്തെങ്കിലും ജീവി കടിച്ചതാകാനുള്ള സാധ്യതയുള്ളതിനാൽ മുറിവിന് മുകൾഭാഗത്തായി തൂവാല കൊണ്ട് കെട്ടി. ചെറിയ വേദന മാത്രമേയുള്ളൂവെന്നാണ് കുട്ടിപറഞ്ഞതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. ഇതിനായി അധ്യാപകരായ ഷജിലിനെയും ഷൺമുഖനെയും വിളിക്കാൻ കുട്ടികളെ വിട്ടു. ഷൺമുഖൻ എത്തിയപ്പോഴേക്കും എട്ടാം പീരിയഡിന്റെ ബെല്ലടിച്ചു. ക്ലാസ്സ് ടീച്ചറായിരുന്ന മേരിക്കുട്ടി (3:35) വന്നപ്പോൾ അവരുടെ ഫോണിൽനിന്ന് രക്ഷിതാവിനെ അറിയിച്ചശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. രക്ഷിതാവിനോട് ഫോണിൽ സംസാരിച്ചത് ഷൺമുഖനാണ്.

താൻ ബത്തേരിയിൽ ഉണ്ടെന്നും ഉടൻ എത്താമെന്നും വന്നിട്ട് നോക്കാമെന്നുമാണ് രക്ഷിതാവ് അറിയിച്ചത്. ഇതിനിടെ തന്റെ കുടുംബം പുറത്ത് കാത്തുനിൽക്കുന്നതറിഞ്ഞ ലീന അവരുടെ അടുത്തേക്കുപോയി. അപ്പോഴേക്കും അവസാന പീരിയഡിൽ പി.ഇ.ടി.യ്ക്ക് പോകുന്നവരും പി.ഇ.ടി. കഴിഞ്ഞ് വന്നവരും അടുത്ത ക്ലാസ്സുകളിൽ ഉണ്ടായിരുന്ന കുട്ടികളും പാമ്പുകടിച്ചു എന്ന് പറഞ്ഞ് ഷഹലയുടെ ചുറ്റുംകൂടി. ഈ കുട്ടികളെയെല്ലാം ഷജിൽ അവിടെനിന്ന് മാറ്റി ക്ലാസ്സുകളിലേക്ക് കയറ്റി. എട്ടു മിനിറ്റുകൊണ്ട് രക്ഷിതാവ് സ്കൂളിലെത്തി. കുട്ടിയുടെ കാലിലെ മുറിവും തുടർന്ന് ക്ലാസ്സിലെ മാളവും പരിശോധിച്ചു.

വേഗത്തിൽ കുട്ടിയേയും എടുത്തുകൊണ്ട്, വന്ന വാഹനത്തിൽ അസംപ്ഷൻ ആശുപത്രിയിലേക്കെന്ന് അറിയിച്ച് വേഗത്തിൽ പോയി (3.45). അധ്യാപകരായ ഷൺമുഖൻ, ബിനു, മേരിക്കുട്ടി, ജിസ്സോ എന്നിവരും ആശുപത്രിയിലേക്ക് പോയി. അധ്യാപകർ എത്തിയപ്പോഴേക്കും അസംപ്ഷൻ ആശുപത്രിയിൽ ആന്റിവെനം ഇല്ലെന്നറിഞ്ഞ് ഷഹ്‍ലയെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങുകയായിരുന്നു. മേരിക്കുട്ടി തനിക്ക് പരിചയമുള്ള താലൂക്കാശുപത്രിയിലെ ഒരു ഡോക്ടറെ വിളിച്ച് ഷഹലയെ അങ്ങോട്ടേക്ക് കൊണ്ടുവരുന്ന കാര്യം അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിച്ച (4.09) കുട്ടിയെ പരിശോധിച്ച ശേഷം, പാമ്പുകടിയേറ്റ ലക്ഷണങ്ങളില്ലെന്നും രക്തപരിശോധനയ്ക്കും നിരീക്ഷണത്തിനുമായി അഡ്മിറ്റ് ചെയ്യുകയാണെന്നും ഡോക്ടർ അറിയിച്ചു. മുമ്പ് വിവരമറിയിച്ച ഡോക്ടറുമെത്തി കുട്ടിയെ പരിശോധിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ധാരാളം വെള്ളംകൊടുക്കാൻ ആവശ്യപ്പെട്ടു. 20 മിനിറ്റിനുശേഷം, ലഭിച്ച രക്തപരിശോധനാ ഫലത്തിൽ വിഷാംശം ഇല്ലെന്നും മറ്റൊരു പരിശോധനാഫലംകൂടി വന്നിട്ടേ എന്തെങ്കിലും ചികിത്സ തുടങ്ങാനാവുകയുള്ളൂവെന്നും ഡോക്ടർ അറിയിച്ചു. അതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഒന്നു മുതൽ 25 വരെ എണ്ണാൻ ഷഹ്‌ലയോട് പറഞ്ഞു. കുട്ടി 27 വരെ എണ്ണി. വീണ്ടും പരിശോധിക്കാനായി രക്തം എടുത്തു. ഏകദേശം 4.45 ആയപ്പോൾ ഒ.പി.യിലെ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടർ കുട്ടിയെ ആംഗ്യം കാണിച്ച് തന്റെ അടുത്തേക്കു വരാൻ ആവശ്യപ്പെട്ടു. കുട്ടി കിടക്കയിൽനിന്ന് എഴുന്നേറ്റ് അധ്യാപകരുടെ സഹായത്തോടെ ഡോക്ടറുടെ അടുത്തെത്തി. ഈ സമയത്ത് കുട്ടി മൂന്നു പ്രാവശ്യം ഛർദിച്ചു. കൺപോളകൾ അടഞ്ഞുപോകുന്നത് ശ്രദ്ധിച്ച ഡോക്ടർ എത്രയുംപെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിലെത്തിക്കാൻ ആവശ്യപ്പെട്ടു.

കുട്ടിയുടെ പിതാവ് ആന്റിവെനം കൊടുക്കാൻ ഡോക്ടറെ നിർബന്ധിച്ചെങ്കിലും ആശുപത്രിയിൽ മോണിറ്റർ സംവിധാനം ഇല്ലെന്നും ഓരോ മണിക്കൂറിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് മരുന്ന് ക്രമീകരിക്കണമെന്നും അതിനുള്ള സംവിധാനം ഇവിടെയില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്. ഈ അവസ്ഥയിൽ കുട്ടിയെ കോഴിക്കോട്ടെത്തിക്കാൻ കഴിയുമോ എന്ന്‌ ആശങ്കപ്പെട്ടപ്പോൾ ഒരു ഇഞ്ചക്ഷൻ നൽകാമെന്നും സുരക്ഷിതമായി കോഴിക്കോട്ടെത്താൻ അതു മതിയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. കോഴിക്കോട്ടേക്ക്‌ വിളിച്ച്‌ സജ്ജീകരണങ്ങൾ ചെയ്യാമെന്നും വയനാട്ടിൽ എവിടെയും കാണിക്കരുതെന്നും ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു. 5:10-ന് ഷഹ്‍ലയുമായി കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു.

ഷൺമുഖനും കുട്ടിയുടെ മാതാപിതാക്കളും സഹോദരിമാരും ആബുലൻസിലും വൈസ് പ്രിൻസിപ്പലും സുരേന്ദ്രനും ബിനുവും ഷജിലും മറ്റൊരു കാറിലുമായാണ് പോയത്. വൈത്തിരി കഴിഞ്ഞപ്പോൾ കുട്ടിക്ക്‌ ശ്വാസതടസ്സം അനുഭവപ്പെട്ടു. ആംബുലൻസ് ഡ്രൈവർ ബത്തേരി താലൂക്കാശുപത്രിയിലേക്ക് ഫോൺ വിളിച്ച് ചോദിച്ചപ്പോൾ വൈത്തിരി ഗവ. ആശുപത്രിയിൽ കാണിക്കാൻ ഡോക്ടർ നിർദേശം നൽകി. അവിടെ കാണിച്ചപ്പോൾ സൗകര്യമില്ലെന്നറിയിച്ചതിനാൽ ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകിയെങ്കിലും അരമണിക്കൂറിനുള്ളിൽ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.